കരുണയിലെ ആത്മീയത ഒരു പഠനം
- GCW MALAYALAM
- Jun 15
- 4 min read
ഡോ.സജ്ന എസ്സ് .

പ്രബന്ധ സംഗ്രഹം
മനോ ഇന്ദ്രിയങ്ങളുടെ വ്യാപാരങ്ങള്‍ക്ക് അധീനമാകുന്ന മനുഷ്യമനസ്സിന്റെ നൈമിഷിക ചപലത കാവ്യാരംഭത്തില്‍ കവിതയില്‍ കാണുന്നു. ഭൌതിക സുഖത്തിനായി താന്‍ തിരഞ്ഞ നായകനില്‍ നിന്നു തന്നെ ആത്മീയതയുടെ വെളിച്ചം നായികയ്ക്ക് ലഭ്യമാകുന്നു എന്നത് ഈ കാവ്യത്തിന് കൂടുതല്‍ ദാര്‍ശനിക ഭംഗി നല്കുന്നു. ശോകത്തന്റെ സ്ഥായീഭാവമായ കരുണ ഒരു വിലാപകാവ്യമായല്ല മറിച്ച് ഗുരുശിഷ്യ രൂപത്തിലുള്ള ആത്മോപദേശം ആസ്വാദകര്‍ക്ക് നല്കുന്നതായാണ് അനുഭവപ്പെടുന്നത്. മോക്ഷത്തിന്റെ അടിസ്ഥാനം ഭൌതിക സുഖത്യാഗമോ ലൌകിക ജീവിതാസ്വാദനമോ അല്ലായെന്നും മാനുഷികമായ കരുണയാണ് മോക്ഷത്തിന്റെ അടിസ്ഥാനതത്വ ങ്ങളിലൊന്നെന്നും കരുണയിലൂടെ മനസ്സിലാക്കാം. തൃഷ്ണയാണ് സര്‍വ്വദുഃഖങ്ങളുടെയും കാരണം എന്ന ബുദ്ധമതദര്‍ശനത്തിന്റെ അടിസ്ഥാനതത്വത്തെ പൂര്‍ണമായും അംഗീകരിക്കുകയും ശരിവെയ്ക്കുകയും ചെയ്യുന്ന കാവ്യമാണ് കുമാരനാശാന്റെ കരുണ. 'കരുണ' എന്ന മഹത്തായ മാനുഷിക ഗുണത്തിലൂടെ മറ്റൊരാളുടെ മോക്ഷപ്രാപ്തിക്ക് എങ്ങനെ കാരണഭൂതരാകാം എന്നും കവി നമുക്ക് കാവ്യത്തിലൂടെ വ്യക്തമാക്കുന്നു. മനുഷ്യര്‍ക്ക് എന്തിനോടുമുള്ള തൃഷ്ണ സ്വാഭാവികമാണ്. എന്നാല്‍ ഇതിന്റെ ഫലം ദുഃഖം മാത്രമാണെന്നും തൃഷ്ണയെ ഏതുവിധേനയും നിയന്ത്രിച്ചു നിര്‍ത്തിയാല്‍ സംതൃപ്തിയും സമാധാനവും ലഭിക്കുമെന്നും കാവ്യം വ്യക്തമാക്കുന്നു.
താക്കോല്‍ വാക്കുകള്‍
കരുണ, ആത്മീയത, തൃഷ്ണ, ബുദ്ധധര്‍മ്മം , മോക്ഷം
കരുണ
മഹാകവി കുമാരനാശാന്‍ മലയാളസാഹിത്യം വിശ്വപ്രസിദ്ധിയാര്‍ജ്ജി ക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ച മഹാകവിയായിരുന്നു. കുമാരനാശാന്‍ തിരുവനന്തപുരം കായിക്കരയിലാണ് ജനിച്ചത്. കുമാരു എന്നായിരുന്നു ആദ്യകാലനാമം. അധ്യാപകനായി ജോലിചെയ്തശേഷം കുമാരു കുമാരനാശാന്‍ എന്ന് അറിയപ്പെട്ടു. സംസ്കൃതഭാഷയില്‍ പാണ്ഡിത്യം നേടിയിട്ടുള്ള കുമാരനാശാന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു. ബാംഗ്ലൂര്‍, മദ്രാസ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് - ബംഗാളി സാഹിത്യത്തിലും ബുദ്ധദര്‍ശനത്തിലും അവഗാഹം ഉണ്ടായിരുന്നു. 1922-ല്‍ സാഹിത്യസേവനങ്ങള്‍ക്കുള്ള അംഗീകാരമായി വെയില്‍സ് രാജകുമാരന്‍ പട്ടും വളയും സമ്മാനിച്ചു. 1924-ല്‍ അദ്ദേഹം നിര്യാതനായി. 'വീണപൂവ്' എന്ന കൃതിയിലൂടെയാണ് കുമാരനാശാന്‍ കവി എന്ന നിലയില്‍ കൂടുതല്‍ പ്രശസ്തിയാര്‍ജിച്ചത്.
കരുണ എന്നത് ബുദ്ധദര്‍ശനത്തിന്റെ സ്വാധീനം വ്യക്തമാക്കുന്ന മനോഹര കാവ്യമാണ്. ഇതിലെ നായിക വാസവദത്തയും നായകന്‍ ഉപഗുപ്തനുമാണ്. നായികയായ വാസവദത്തയെത്തേടി നിരവധി ധനികരും സുന്ദരന്‍മാരും പ്രശസ്തിയാര്‍ജിച്ചവരും എത്തുമായിരുന്നു. അവളുടെ സൌന്ദര്യചാരുത വിളിച്ചോതുന്ന വരികള്‍ അഭൌമമായ സൌന്ദര്യസങ്കല്പത്തെ ആസ്വാദകര്‍ക്ക് നല്‍കുന്നു. ഉത്തരമഥുരാപുരിയുടെ വിസ്തൃതമായ രാജവീഥിയില്‍ ആകാശസ്പര്‍ശിയായ വെണ്‍മണിമാളികയ്ക്കകത്ത് അരികിലായുള്ള ഉദ്യാനത്തില്‍ പട്ടുതൊങ്ങല്‍ പോലെ സമൃദ്ധമായ പൂങ്കുലകളോടുകൂടിയ പൊന്നശോകമാകുന്ന കുടയുടെ കീഴില്‍ മൃദുലമായ ശിലാസനത്തിന്റെ ചരിഞ്ഞ പാര്‍ശ്വത്തില്‍ പുഷ്പാലംകൃതവും സുഗന്ധപൂരികവുമായ മെത്തയില്‍ കസവുതിളങ്ങുന്ന പട്ടുവസ്ത്രം അളകങ്ങള്‍ക്കല്പം മുകളില്‍ ഒരു വശത്തേക്ക് നീക്കിയും പ്രകാശം ചൊരിയുന്ന കല്ലുകൊണ്ടുള്ള കര്‍ണ്ണാഭരണം ധരിച്ചും കാമദേവന്‍ പട്ടംകെട്ടിയ രാജ്ഞിയെപ്പോലെ ആരുടെയും മനസ്സിനെ മോഹിപ്പിക്കുംവിധം സൌന്ദര്യമുള്ള വാസവദത്ത ഇരിക്കുന്നതായി കവി ചിത്രീകരിക്കുന്നു.
ഈ കാവ്യത്തിലെ നായികയായ വാസവദത്ത ധനതൃഷ്ണയും ലൈംഗികതൃഷ്ണയും നിറഞ്ഞ മാദകസൌന്ദര്യത്തിനുടമയാണ്. ധനത്തിനോടുള്ള വാസവദത്തയുടെ ആര്‍ത്തിയും സൌന്ദര്യത്തെക്കുറിച്ചുള്ള അഹംബോധവും കവി കാവ്യത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ശ്രീബുദ്ധന്റെ ശിഷ്യനായ ഉപഗുപ്തനെന്ന സുന്ദരനായ സന്യാസിയെ വാസവദത്ത കാണുന്നത് സന്യാസിവേഷംകെട്ടിയ കാമദേവനായാണ്. അതുകൊണ്ടു തന്നെ അവള്‍ക്ക് ഏതുവിധേനയും ഉപഗുപ്തനുമായി രമിക്കണം എന്ന ആഗ്രഹം തീവ്രമാണ്. അവള്‍ തന്റെ സഖിയെ അയച്ചിട്ട് ഉപഗുപ്തനെ തന്റെ സമീപം എത്തിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സമയമായില്ല എന്ന മറുപടിയാണ് ഉപഗുപ്തന്‍ നല്‍കിയത്. തന്റെ അഭ്യര്‍ത്ഥന നിരസിച്ച ഉപഗുപ്തനോടുള്ള നീരസം വാക്കുകളിലൂടെ തോഴിയോട് വാസവദത്ത വ്യക്തമാക്കുന്നു.
തന്റെ ഇച്ഛാഭംഗം അവളെ വല്ലാതെ അസ്വസ്ഥയാക്കി. തനിക്ക് വേണ്ടത് പണമോ പ്രശസ്തിയോ അല്ല എന്നും ഉപഗുപ്തന്റെ പ്രണയം മാത്രമാണെന്നും വാസവദത്ത പറയുന്നു. തനിക്ക് കാമിക്കാനാണെങ്കില്‍ അനേകം കാമുകന്‍മാര്‍ ഉണ്ടെന്നും അവരെല്ലാം തന്റെ പാദങ്ങളില്‍ കനകാഭിഷേകം ചെയ്താല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ താന്‍ മടിക്കുമെന്നുമെല്ലാം വാസവദത്ത വിശ്വസിക്കുന്നു. ഭൂമിയിലെ രംഭയാണ് ഈ കാവ്യത്തിലെ വാസവദത്ത എന്നു പേരുള്ള ഗണികാംഗന.
ബുദ്ധധര്‍മ്മം നാടെങ്ങും നിറഞ്ഞുനില്‍ക്കുന്ന സമയമാണ് ഈ കാവ്യസന്ദര്‍ഭം. കാമതൃഷ്ണയുടെ പ്രതീകമായാണ് വാസവദത്തയെ കവി അവതരിപ്പിച്ചിരിക്കുന്നത്. അവളുടെ ധനത്തോടും കാമത്തോടുമുള്ള തൃഷ്ണ ഒടുവില്‍ അവളെയെത്തിക്കുന്നത് നരകയാതനയിലേക്കാണ് എന്ന് കാണാം. തന്റെ സൌന്ദര്യംകൊണ്ട് ആരെയും വശത്താക്കാം താന്‍ ആഗ്രഹിക്കുന്നത് എന്തും തേടിയെടുക്കാം എന്നെല്ലാം വാസവദത്ത വിശ്വസിക്കുന്നുണ്ട്. ബാഹ്യമായ സ്ത്രീ സൌന്ദര്യവും അതില്‍ അകൃഷ്ടരാകുന്ന പുരുഷന്‍മാരും യഥാര്‍ത്ഥത്തില്‍ പരമമായ സത്യത്തെയോ സന്തോഷത്തെയോ അറിയുന്നില്ല എന്നും മറിച്ച് ഭൌതികമായ ബന്ധനങ്ങളില്‍പ്പെട്ട് ഉഴലുകയാണെന്നും കാവ്യം വ്യക്തമാക്കുന്നു. നിര്‍ധനനായിട്ടും തനിക്ക് ഉപഗുപ്തനോടുള്ളത് പറഞ്ഞറിയിക്കാനാകാത്ത പ്രണയമാണെന്നും വാസവദത്ത വ്യക്തമാക്കുന്നു. പണമോ യശസ്സോ ഒന്നുമല്ല തനിക്കിപ്പോള്‍ വേണ്ടതെന്നും ഉപഗുപ്തനെ കാമിക്കണം എന്ന ഒരൊറ്റ ആഗ്രഹം മാത്രമേയുള്ളുവെന്നും വാസവദത്ത പറയുന്നു.
വാസവദത്തയുടെ ഈ ദുരാഗ്രഹം എന്നത് അതികഠിനമായ മനുഷ്യന്റെ തൃഷ്ണയുടെ ഫലമാണ്. ഈ ആസക്തികൊണ്ട് തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയെ തന്റെ അടുത്ത് എങ്ങനെയെങ്കിലും എത്തിക്കണമെന്ന ആവശ്യം വാസവദത്ത ഉന്നയിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ ഉപഗുപ്തന്‍ തന്നെ തേടിവരും എന്ന് അവള്‍ വിശ്വസിച്ചു. തന്നെ വേണ്ടാത്തയാള്‍ ഈ ലോകത്തിനും വേണ്ട എന്നുപോലും അവള്‍ ചിന്തിക്കുന്നു.
ഇത്രയും സൌന്ദര്യമുള്ള തന്റെ അഭ്യര്‍ത്ഥന നിരസിച്ചതിലൂടെ അവള്‍ക്ക് സ്വയം മതിപ്പ് നഷ്ടപ്പെടുന്നതായും തന്റെ ആടയാഭരണങ്ങളുടെ ഭാരം കുറയുന്നതായും തന്റെ നൃത്തസംഗീതാദി നിപുണത ഉപഗുപ്തന്‍ ആസ്വദിക്കാത്തിടത്തോളം അതെല്ലാം വ്യര്‍ത്ഥമാണെന്നും വാസവദത്ത വിശ്വസിക്കുന്നു. ഇതിലൂടെ തന്റെ കഴിവും സൌന്ദര്യവുമെല്ലാം കേവലം ഒരു പുരുഷനില്‍ നിക്ഷിപ്തമാണെന്ന് വിശ്വസിക്കുന്ന ദുര്‍ബലയായ സ്ത്രീയെയും കാണാം. തന്റെ ഉപഗുപ്തനെ തന്നില്‍ നിന്ന് അകറ്റുന്നത് ബുദ്ധനാകാം. അതുകൊണ്ടുതന്നെ ബുദ്ധനെ ദുഷ്ടന്‍ എന്ന് പരിഭവത്തോടെയും തെല്ലൊന്ന് ദേഷ്യത്തോടെയും വാസവദത്ത പറയുന്നുണ്ട്. തന്റെ മാദകസൌന്ദര്യം താല്‍പര്യമില്ലാത്ത ഒരു പുരുഷനും ഭൂമിയില്‍ ഇല്ല എന്നതായിരുന്നു അവളുടെ വിശ്വാസം.
മറ്റുള്ള പുരുഷന്‍മാര്‍ക്ക് പണത്തിനുവേണ്ടി തന്റെ ശരീരം വില്ക്കുന്നതിനെക്കാള്‍ എത്രയോ മഹത്തരമാണ് ഒരു പുരുഷനെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നത് എന്ന് അവള്‍ വിശ്വസിച്ചിരുന്നു. സഹജമായ തേജസും പൌരുഷവുമാണ് വാസവദത്തക്ക് ഉപഗുപ്തനില്‍ തോന്നിയ ആകര്‍ഷണവും. ഒന്നാം ഭാഗത്ത് വാസവദത്തയുടെ സൌന്ദര്യവും പ്രണയവും വര്‍ണിക്കുന്നതോടൊപ്പം ഗണികാസ്ത്രീ എന്ന നിലയില്‍ തന്റെ ദിനചര്യയില്‍പ്പെട്ട കാര്യങ്ങള്‍ എന്നപോലെ മറ്റുള്ള കാമുകന്‍മാര്‍ക്കൊപ്പം അവള്‍ പതിവുപോലെ രമിച്ചിരുന്നതായി കാവ്യം വ്യക്തമാക്കുന്നു. അതായത് ധനമോഹിയല്ല താനെന്നും ഉപഗുപ്തനെ പ്രാപിക്കുകയാണ് ലക്ഷ്യമെന്നും ഒന്നാം ഭാഗത്ത് വ്യക്തമാക്കുന്നുണ്ടെങ്കിലും ഒന്നാം ഭാഗം അവസാനിക്കുന്നത് അവള്‍ മറ്റൊരു പുരുഷനോടൊപ്പം ശയിക്കുവാന്‍ പോയതായാണ്.
ബുദ്ധദര്‍ശനം
ഒന്നാം ഭാഗത്താകെയും മനുഷ്യന്റെ സൌന്ദര്യവും പണവും തൃഷ്ണയും അവയുടെ ആവശ്യകതയും ശരീരേച്ഛകള്‍ക്കനുസൃതമായ മാനുഷിക ജീവിതവുമാണ് കവി വരച്ചുകാട്ടുന്നത്. എന്നാല്‍ രണ്ടാം ഭാഗം തുടങ്ങുന്നതുതന്നെ സൌന്ദര്യവും ധനവും തൃഷ്ണയും മനുഷ്യന് ഒരിക്കലും ശാശ്വതമായ സന്തോഷവും സമാധാനവും നല്‍കുന്നില്ല എന്നുള്ള സന്ദേശത്തോടെയാണ്. അതായത് ആദ്യഭാഗത്ത് അത്രയേറെ ആടയാഭരണ വിഭൂഷിതയായ അംഗലാവണ്യമുള്ള യുവതിയില്‍നിന്നും കാക്കകള്‍ കൊത്തിവലിക്കാന്‍ തുടങ്ങുന്ന വെറും മാംസപിണ്ഡങ്ങളാണ് മനുഷ്യര്‍ എന്ന മഹത്തായ കാഴ്ചപ്പാടിലേക്ക് മനുഷ്യരെ കൂട്ടിക്കൊണ്ടുപോകുന്നു. വാസവദത്ത അത്രയേറെ സ്നേഹിച്ചിരുന്ന ശരീരംകൊണ്ട് ജീവിതമാര്‍ഗ്ഗം തേടിയിരുന്ന അവള്‍ക്ക് ഇന്ന് വന്നുചേര്‍ന്ന അവസ്ഥ അവളുടെ അടക്കാനാകാത്ത തൃഷ്ണകൊണ്ടാണ് എന്ന് കവി സൂചിപ്പിക്കുന്നു. മനുഷ്യനെ ആഴമേറിയ ദുഃഖത്തിലേക്ക് തള്ളിവിടാനുതകുന്നതാണ് തൃഷ്ണ. ഭസ്മമായിമാറിയ മനുഷ്യശരീരങ്ങളും ശ്മശാനവും കാക്കയും കഴുകനും കൊത്തിവലിക്കുന്ന മാംസ പിണ്ഡങ്ങളും മനുഷ്യന്റെ തൃഷ്ണയെ സ്വയമില്ലാതാക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. അംബരചുംബിയായ വെണ്‍മാടത്തിലിരുന്ന് ജീവിതമാസ്വദിക്കുന്ന വാസവദത്തയില്‍ നിന്നും അംഗവിച്ഛേദനം ചെയ്യപ്പെട്ട നിലയിലുള്ളവളായും തുടര്‍ന്ന് കത്തിയമര്‍ന്ന ചിതകള്‍ ഉള്‍പ്പെട്ട കുഴിമാടത്തിനരികെയുള്ള നായികയായും മാറുന്ന വാദവദത്ത ഉള്‍പ്പെടെയുള്ള കാവ്യഭാവന നമ്മെ ശൃംഗാരരസത്തില്‍നിന്നും കരുണരസത്തിലേക്കും പ്രണയഭാവത്തില്‍ നിന്നും കരുണഭാവത്തിലേക്കുമാണ് കൊണ്ടുപോകുന്നത്. കരുണ എന്ന വാക്ക് അന്വര്‍ത്ഥമാകുന്നത് ഉപഗുപ്തന്‍ വാസവദത്തയെ കാണാനും അവളെ ആശ്വസിപ്പിക്കാനും എത്തുന്നതിലൂടെയാണ്. എത്ര മോശമായ വഴികളിലൂടെ സഞ്ചരിച്ചാലും തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തുന്നവര്‍ക്ക് മോക്ഷത്തിന് അര്‍ഹതയുണ്ട് എന്ന സന്ദേശമാണ് കരുണ. സൌന്ദര്യമൂര്‍ത്തിമദ് രൂപിയായിരുന്ന സ്ത്രീ തന്നെ പല തവണ കാമിക്കാനായി വിളിച്ചെങ്കിലും സമയമായില്ല എന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു ഉപഗുപ്തന്‍. തന്റെ തെറ്റുകൊണ്ട് അവയവങ്ങള്‍ വിച്ഛേദിക്കപ്പെട്ട് വെറും മാംസപിണ്ഡങ്ങളായി അവസാന ശ്വാസത്തിനായി ശ്മശാനത്ത് കിടക്കുമ്പോള്‍ കരുണയാല്‍ ഉപഗുപ്തന്‍ അവിടെ എത്തുകയും മോക്ഷത്തിനായി അവളെ ഉപദേശിക്കുകയും ചെയ്യുന്നു.
തൃഷ്ണയില്‍നിന്നും അതിന്റെ ഫലത്തില്‍നിന്നും മനസ്സുകൊണ്ട് ഒരാളെ പിടിച്ചുകയറ്റുക എന്നതാണ് ഈ കാവ്യം വ്യക്തമാക്കുന്നത്. മാംസപിണ്ഡത്തെക്കണ്ട് ഇത് വാസവദത്തയല്ലേയെന്ന് പരിചാരികയോട് ഉപഗുപ്തന്‍ ചോദിക്കുമ്പോള്‍ ആ മാംസപിണ്ഡം അനങ്ങുന്നുണ്ട്. ഞരക്കം പുറപ്പെടുവിക്കുന്നുണ്ട്. അവളില്‍ ഒരു ചെറുചൈതന്യമുളവാക്കാന്‍ ഈ അവസ്ഥയിലും ഉപഗുപ്തനു സാധിച്ചിട്ടുണ്ട്. ഛേദിക്കപ്പെട്ട അവയവങ്ങളോട് കൂടിയ വാസവദത്തയോടാണ് ഉപഗുപ്തന്‍ കരുണ കാണിച്ചത്. അതുവരെയും നൃത്തമാടിയ പാദങ്ങളും വീണമീട്ടിയ തഴമ്പുകളുള്ള മിനുസ മുള്ള നഖങ്ങളും എല്ലാം ചിന്നഭിന്നമായിരിക്കുന്നു. ഈ രംഗത്തോടെ രണ്ടാം ഭാഗവും അവസാനിക്കുന്നു. മൂന്നാം ഭാഗത്തില്‍ ഉപഗുപ്തന്‍ അവളോട് ഏറെ കരുണയോടെ സംസാരിക്കുന്നു. നിന്റെ പ്രണയം ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. നിന്റെ പ്രണയം നിന്റെ ഗുണമായി കാണുന്നു. നിന്റെ ശോഭനമായ കാലങ്ങളില്‍ ഞാന്‍ നിനക്ക് പ്രാപ്യനായിരുന്നില്ല. എന്നെയോര്‍ത്ത് നീ ദുഃഖിക്കരുത്. നിന്റെ ഈ വിപത്തിലും നിന്‍റൊപ്പമുള്ള നിന്റെ പരിചാരിക നിന്റെ ഭാഗ്യമാണെന്നും അവളെ ഓര്‍മിപ്പിക്കുന്നു.
ഇത്രയധികം ദുഃഖവും ദുരന്തവും വാസവദത്തക്ക് സംഭവിച്ചിട്ടും അതെല്ലാം ഒരു ഭാഗ്യമായി അഥവാ അനുഗ്രഹമായി മാത്രം കാണണമെന്ന് ഉപഗുപ്തന്‍ ഉപദേശിക്കുന്നു. ഭൌതികമായ സൌന്ദര്യം, ധനം ആഢംബരം എല്ലാം വ്യര്‍ത്ഥമാണ് എന്ന് തിരിച്ചറിയാന്‍ നിനക്ക് സാധിച്ചല്ലോയെന്നും സത്യം തിരിച്ചറിഞ്ഞ നിനക്ക് തീര്‍ച്ചയായും ഇനി ശാന്തിലഭിക്കും എന്നും ഉപഗുപ്തന്‍ പറയുന്നു. ജീവിതയാത്രയില്‍ പാപം ചെയ്യാത്തവര്‍ ആരുമുണ്ടാകില്ലായെന്നും എല്ലാ ദുഃഖങ്ങളും അവസാനിക്കാന്‍ ഒരു നിമിഷം മതിയെന്നും ഉപഗുപ്തന്‍ ഉപദേശിക്കുന്നു. ഭോഗങ്ങള്‍ അനുഭവിച്ചതിന്റെ യാതന നിന്നെത്തേടിവന്നു വെന്നും നീ ഇനി പൂര്‍ണ്ണമായും മോക്ഷത്തിന് അര്‍ഹയാണെന്നും ഉപഗുപ്തന്‍ പറയുന്നു. ഉപഗുപ്തന്‍ കാണാതിരിക്കാന്‍ പരിചാരിക തുണികൊണ്ടു മറച്ച അവയവങ്ങള്‍ അവള്‍ വീണ്ടും കണ്ടു. ആദ്യം ഉപഗുപ്തന്‍ കാണാതെ മറച്ചുവെച്ച അവയവം നിര്‍മമതയോടെ അപ്പോള്‍ നോക്കിക്കാണാന്‍ വാസവദത്തക്ക് കഴിയുന്നു. തന്റെ കരുണയിലൂടെ കവി വാസവദത്തയെ പവിത്രീകരിക്കുന്നതായി നമുക്ക് കാണാം. മധുരയിലെ അതിസുന്ദരി യായ വാസവദത്തയുടെ ചിതാഭസ്മത്തില്‍ ഉപഗുപ്തന്‍ നോക്കിനില്‍ക്കുകയും ആ ചാരത്തിലേക്ക് ഒരു കണ്ണുനീര്‍തുള്ളി അടര്‍ന്നുവീഴുകയും ചെയ്യുന്നു. ആ കണ്ണുനീരാണ് വാസവദത്തക്ക് നിര്‍വ്വാണം നല്‍കാന്‍ കാരണമായ 'കരുണ' എന്ന് കവി സ്ഥാപി ക്കുന്നു.
ഉപസംഹാരം
ബുദ്ധദര്‍ശനത്തില്‍ അധിഷ്ഠിതമായ തത്വമാണ് 'തൃഷ്ണയെ ത്യജിക്കുക' എന്നത്. ഈ തൃഷ്ണയാണ് മനുഷ്യന്റെ എല്ലാ ദുഃഖത്തിനും കാരണമെന്നും ബുദ്ധദര്‍ശനം പറയുന്നുണ്ട്. അതുകൊണ്ട് ബുദ്ധദര്‍ശനത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും ജീവിതത്തില്‍ അവ പിന്തുടരാന്‍ സാധിക്കുകയും ചെയ്താല്‍ ജീവിതവിജയം സുനിശ്ചിതം എന്ന സന്ദേശംകൂടി ഈ കാവ്യത്തില്‍നിന്നും നമുക്ക് ബോധ്യമാകും.
ബുദ്ധദര്‍ശനത്തിന്റെ മനോഹരമായ സന്ദേശമാണ് കരുണ എന്ന് വിലയിരുത്താം. എല്ലാ ദുഃഖങ്ങളുടെയും മൂലകാരണമായി ബുദ്ധന്‍ പറയുന്നത് തൃഷ്ണയെ യാണ്. മനുഷ്യസഹജമായ തൃഷ്ണയെ നിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി കവി നമ്മെ ബോധ്യപ്പെടുത്തുന്നു. ബുദ്ധദര്‍ശനത്തിന്റെ ഏറ്റവും വലിയ മാനുഷികഗുണങ്ങളിലൊന്നായ 'കരുണ' എന്ന സ്വഭാവസവിശേഷതകൊണ്ട് മോക്ഷ പ്രാപ്തിക്ക്പോലും കാരണഭൂതമാകാന്‍ കഴിയും എന്ന ഉത്തമസന്ദേശത്തോടെയാണ് കാവ്യം അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ ആത്മീതയുടെ പരമമായ തലം കരുണ എന്ന കാവ്യത്തില്‍ പ്രതിഫലിക്കുന്നു.
ഗ്രന്ഥസൂചി
2. കരുണ, സായാഹ്ന ഫൌണ്ടേഷന്‍, തിരുവനന്തപുരം, 2013, പുറം. 8.
3. കരുണ - കുമാരനാശാന്‍, ബഞ്ചമിന്‍, മാളുബന്‍ പബ്ലിക്കേഷന്‍, തിരുവനന്തപുരം, 2001
ഡോ.സജ്ന എസ്സ്.
Associate Professor
Department of Sanskrit
UniversityCollege Thiruvananthapuram





Comments