പാരിസ്ഥിതിക ദർശനം ബാല സാഹിത്യത്തിൽ :രവി കൊല്ലംവിളയുടെ സ്നേഹപ്പൂമരത്തെ അടിസ്ഥാനമാക്കിയുള്ള പഠനം.
- 2 hours ago
- 3 min read
ശ്രീജിത്ത്. എസ്. പി.
പ്രബന്ധ സംഗ്രഹം (Abstract)ഇളം മനസ്സുകളിലേക്ക് പ്രവഹിക്കുന്ന ആർദ്രമായ ചിന്തകൾക്ക് നമ്മുടെ കുഞ്ഞുങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും.രവി കൊല്ലംവിളയുടെ സ്നേഹപൂമരം എന്ന ബാലകവിതാസമാഹാരം കുട്ടികളുടെ മനസ്സിൽ പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവും പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനുള്ള നൈതിക ബോധവും വളർത്തുന്ന ഒരു ശ്രദ്ധേയമായ ഒരു ബാല സാഹിത്യകൃതിയാണ്. സ്നേഹപൂമരം ലളിതവും സംഗീതാത്മകവുമായ കവിതകളിലൂടെ പ്രകൃതിയോടുള്ള ആത്മബന്ധം, ജീവജാലങ്ങളോടുള്ള കരുതൽ, ജലവും വനവും മണ്ണും പരിരക്ഷിക്കേണ്ടതിന്റെ സന്ദേശങ്ങൾ എന്നിവ ഏറ്റവും ആകർഷകമായ രീതിയിൽ ഈ കൃതിയിൽ പ്രതിപാദിക്കുന്നു. പരിസ്ഥിതി സാഹിത്യപരവും ഇക്കോക്രിട്ടിക്കല്‍ ദർശനപരവുമായ വിശകലനവും ആണ് ഈ പ്രബന്ധത്തിൽ ഉൾപെടുത്തിയിരിക്കുന്നത്.കൂടാതെ ലോക ബാലസാഹിത്യത്തിൽ പരിസ്ഥിതി ദർശനവുമായി ബന്ധപ്പെട്ട പ്രധാന ആശയങ്ങളും ഈ പഠനത്തിൽ പരാമർശ വിഷയമാകുന്നുണ്ട്.നമ്മുടെ ബാല മനസ്സുകളിൽ ലളിതവും മധുരം തുളുമ്പുന്നതുമായ വാക്കുകൾ കവിതകളായി അനുഭവവേദ്യങ്ങളായിമാറുമ്പോൾ ഒരിക്കലും മറക്കാനാവാത്ത പരിസ്ഥിതി ബോധത്തിന്റെ നിലാവ്നമ്മുടെ മനസ്സുകളിൽ ഉദിക്കുന്നു. നാം ജീവിക്കുന്ന കാലം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഹൃദയ ബന്ധം നഷ്ടമായി കൊണ്ടിരിക്കുന്ന കാലം ആണ്. ആ ബന്ധത്തെ സുസ്ഥിരമായി നിലനിർത്താൻ ഭൂമിയോട് ഇണങ്ങി ജീവിക്കുവാനുള്ള ഒരു നൈതിക ബോധം മാനവ രാശി ആർജിക്കേണ്ടതായിട്ടുണ്ട്. ബാല്യകാലത്ത് തന്നെ ആ മനോഭാവം നമ്മുടെ കുഞ്ഞുങ്ങളിൽ വളർത്തിയെടുക്കുന്നതിന് സർഗാത്മക രചനകൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും.താക്കോൽ വാക്കുകൾ സ്നേഹപൂമരം, ബാലസാഹിത്യം, പരിസ്ഥിതി ദർശനം, ഇക്കോക്രിട്ടിസിസം,പാരിസ്ഥിതീക നൈതികബോധം
ആമുഖം
നാം ജീവിക്കുന്ന ലോകം പാരിസ്ഥിതികമായ ഒട്ടനവധി വെല്ലുവിളികൾ നിറഞ്ഞതാണ്.ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ആഗോള താപനം വനനശീകരണം, ജലമലിനീകരണം,വായു മലിനീകരണം,മണ്ണ് മലിനീകരണം, ജൈവവൈവിധ്യക്ഷയം ഇവയൊക്കെ നാം നേരിടുന്ന വലിയ വെല്ലുവിളികളാണ്. ഈ സാഹചര്യത്തിൽ പരിസ്ഥിതി ബോധം കുട്ടികളിൽ ചെറുപ്പം മുതൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. സാഹിത്യം, പ്രത്യേകിച്ച് ബാലസാഹിത്യം പ്രകൃതിയോടുള്ള സ്നേഹവും ഉത്തരവാദിത്വബോധവും രൂപപ്പെടുത്തുന്ന ഒരു ശക്തമായ വഴിയാണ്.രവി കൊല്ലംവിളയുടെ സ്നേഹപൂമരം മനോഹരമായ കാവ്യ ചിത്രങ്ങളായി പ്രകൃതിയുടെ സൗന്ദര്യവും സമന്വയവും പകർന്നു തരുന്നു. ഈ ഗവേഷണം ഈ സമാഹാരത്തിലെ കവിതകൾ പരിശോധിച്ചുകൊണ്ട്, ലോക ബാലസാഹിത്യപരിസ്ഥിതി ദർശനവും മലയാള ഗവേഷണങ്ങളിലെ സമീപനങ്ങളും സംബന്ധിച്ച് സമഗ്രമായ അവലോകനം നൽകുന്നു.
സിദ്ധാന്തപര പശ്ചാത്തലംപരിസ്ഥിതി സാഹിത്യ വിമർശനം (Eco criticism): സാഹിത്യത്തിലൂടെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വിലയിരുത്തുന്ന ഒരു സമീപനം ആണ് ഇത്. പ്രകൃതിയെ ഉപയോഗിക്കപ്പെടാനുള്ള ഒരു വസ്തുവായി മാത്രം കാണാതെ, അതിനെ ഒരു സഹജീവിയായി കാണുന്ന സമീപനമാണ് ഇക്കോക്രിട്ടിസിസത്തിന്റെ പ്രധാന ആശയം. ഈ പഠനത്തിൽ ഈ സിദ്ധാന്തം ബാലകവിതകളിലെ പ്രകൃതിദർശനം വിശകലനം ചെയ്യാനാണ് ഉപയോഗിച്ചിട്ടുള്ളത്.
സ്നേഹപൂമരം - കവിതകളിലെ പ്രകൃതിദർശനം
3.1 പ്രകൃതിയുടെ സജീവമായ പ്രതിനിധാനംസ്നേഹപൂമരത്തിലെ ഓരോ കവിതയിലും നമുക്ക് കാണാം.പ്രകൃതിയെ മനുഷ്യ ജീവിതത്തിന്റെ സജീവ പങ്കാളിയായി ഈ കവിതകൾ അവതരിപ്പിക്കുന്നു. വൃക്ഷങ്ങളും പുഴകളും മഴത്തുള്ളികളും പക്ഷികളും മാനവ ബന്ധത്തിലൂടെ നോക്കി കാണുന്നു. ഇത് കുട്ടികളെ പ്രകൃതിയെ നിരീക്ഷിക്കുവാനും പ്രകൃതിയോട് സ്നേഹവും ആദരവും വളർത്തുന്ന ഒരു മനോഭാവത്തിലേക്ക്അവരെ എത്തിക്കുവാനുമുള്ള സമീപനമാണ് ഈ രചനകളിൽ കാണുന്നത്.
3.2 മഴയും ജലവും പുഴയും ജീവിതത്തിന്റെ ആർദ്ര ചിത്രങ്ങളാണ്. ഈ പുഴ ഒഴുകുമ്പോൾ ജീവിതം തളിർക്കുന്നു. ഈ പുഴ വരളുമ്പോൾ സ്വപ്നവും തകരുന്നു എന്ന വരികൾ കാലത്തിന്റെ ചുവരെഴുത്തായി നമുക്ക് മുന്നിൽ തെളിയുന്നു.ഈ പുഴ ‘മണ്ണിൽ സ്വർണം തീർക്കും ശിൽപ്പി’ എന്ന് കവിത നമ്മെ ഓർമ്മിപ്പിക്കുന്നു.
3.3 വനവും മരങ്ങളും
വൃക്ഷങ്ങളും മനുഷ്യപങ്കാളികളായി ചിത്രീകരിക്കുന്ന സാഹിത്യ ശൈലിയാണ് ഈ സമാഹാരത്തിൽ പൊതുവേ കാണപ്പെടുന്നത്. നമുക്കായ് തണൽ ചില്ല തീർക്കും തരുക്കൾ എന്ന പോലെ ഉള്ള വിശേഷണങ്ങൾ പ്രകൃതിയുടെ മൂല്യത്തെ ഉയർത്തുന്നു.
3.4 ജീവജാലങ്ങളോടുള്ള സഹവർത്തിത്വംകുഞ്ഞിക്കിളികൾ, പാമ്പുകൾ, പൂക്കൾ, മൃഗങ്ങൾ എന്നിവയെ മനുഷ്യജീവിതത്തിന്റെ സമമായ ഭാഗങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. ഇതിലൂടെ ബാലമനസ്സിൽ ജീവജാലങ്ങളോടുള്ള കരുതലും പരസ്പര ബാധ്യതയും ഹൃദ്യമായി നിർവചിക്കുന്നു
4.പ്രകൃതി — ജീവന്റെ ആധാരംസമാഹാരത്തിലെ “പുഴ”, “കാട്”, “വയൽ”, “മണിമുത്ത്” തുടങ്ങിയ കവിതകളിൽ പ്രകൃതിയെ ജീവന്റെ അടിസ്ഥാനമായി അവതരിപ്പിക്കുന്നു.“പുഴ” എന്ന കവിതയിൽ പുഴയുടെ ഒഴുക്ക് ജീവിതത്തിന്റെ പ്രതീകമായി കാണുന്നു. പുഴ വറ്റുമ്പോൾ സ്വപ്നങ്ങളും വറ്റിപ്പോകുമെന്ന് കവി സൂചിപ്പിക്കുന്നു. ഇതിലൂടെ ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കിക്കുന്നു.“കാട്” എന്ന കവിതയിൽ കാടിനെ ജീവന്റെ ആവാസ വ്യവസ്ഥയായി ചിത്രീകരിക്കുന്നു. കാടില്ലാതെ ജീവൻ നിലനിൽക്കില്ലെന്ന സന്ദേശം ഇവിടെ ശക്തമായി പ്രതിഫലിക്കുന്നു.“വയൽ” എന്ന കവിത കാർഷികസംസ്കാരത്തെയും ആഹാരസുരക്ഷയെയും പ്രതിനിധീകരിക്കുന്നു. പ്രകൃതിയുമായുള്ള മനുഷ്യന്റെ ആശ്രയ ബന്ധം ഈ കവിതകളിലൂടെ വ്യക്തമാണ്.സഹജീവിതവും സഹാനുഭൂതിയുംഈ സമാഹാരത്തിലെ കവിതകൾ മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള സഹജീവിതബന്ധത്തെ ഊന്നിപ്പറയുന്നു. “കുഞ്ഞിക്കിളി” പോലുള്ള കവിതകളിൽ പക്ഷികളുടെ വാസസ്ഥലം നഷ്ടപ്പെടുന്നതിലൂടെ പരിസ്ഥിതിക്ക് ഉണ്ടാകുന്ന വലിയ നാശത്തെ നമ്മെ ഓർമിപ്പിക്കുന്നു.“പൂക്കൾ” എന്ന കവിതയിൽ പൂക്കൾ ഭൂമിയുടെ പുഞ്ചിരിയായി ചിത്രീകരിക്കുന്നു. പൂക്കളും ചെറു ജീവികളും പക്ഷികളും മനുഷ്യനും ഒരേ പരിസ്ഥിതി വ്യവസ്ഥയിലെ ഘടകങ്ങളാണെന്ന ബോധം കുട്ടികളിൽ വളർത്തുന്നു.ഇവയിലൂടെ പ്രകൃതിയോട് കരുണയും ഉത്തരവാദിത്വവും വളരുന്നു.പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്“സ്നേഹപ്പൂമരം” എന്ന കവിതയിൽ മരങ്ങൾ ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന ദോഷഫലങ്ങൾ സൂചിപ്പിക്കുന്നു. മരങ്ങൾ നശിച്ചാൽ മനുഷ്യനും നശിക്കുമെന്ന സന്ദേശം ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നു.മരം ഇവിടെ ഒരു പ്രതീകമാണ് — അത് സംരക്ഷണത്തിന്റെ സുരക്ഷയുടെ സഹ ജീവനത്തിന്റെ അടയാളമാണ്. കാട് ഇല്ലാതായാൽ മഴ കുറയും, ജീവൻ അപകടത്തിലാകും എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ കാട് എന്ന കവിത സഹായകമാണ്.നമ്മുടെ നാടിനെ ഊട്ടി വളർത്തിയ പൊന്നോമന വയൽ എവിടെ പോയെന്ന ചോദ്യവും കുഞ്ഞികിളിയുടെ കുഞ്ഞി ചില്ലകൾ എവിടെ പോയെന്ന ചോദ്യവും നമുക്ക് മുന്നിൽ വലിയ നൊമ്പരമായി നിലകൊള്ളുന്നു.ഇത് ഭീതിജനകമായ രീതിയിലല്ല; മറിച്ച് ഉത്തരവാദിത്വബോധം ഉണർത്തുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.മാതൃത്വവും ഭൂമിയും“അമ്മ” എന്ന കവിതയിൽ മനോഹരമായി സമ്മേളിച്ചിരിക്കുന്നു. ഭൂമി നമ്മെ പോറ്റുന്ന മാതാവാണ് എന്ന ആശയം ഇവിടെ പ്രത്യക്ഷമാണ്.മാതൃത്വത്തിന്റെ പ്രതീകം ഉപയോഗിച്ച് ഭൂമിയെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണെന്ന നൈതികബോധം വളർത്തുന്നു. ‘എല്ലാരുമുള്ളപ്പോൾ എന്തു ഹർഷമെന്നും ഞാൻ മാത്രമാകുമ്പോൾ എന്തു ദുഃഖമെന്നും’ ചോദിക്കുന്ന വരികൾ പ്രകൃതിയുടെ സമഗ്രത യെ ഉൾകൊള്ളാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നു.ഇത് പാരിസ്ഥിതിക നൈതികതയുടെ അടിസ്ഥാനഘടകമാണ്.ദേശസ്നേഹവും പരിസ്ഥിതിയും“നാട്ടിൻപുറം”, “കൽപ്പവൃക്ഷം”, “കോട്ട” എന്നീ കവിതകളിൽ ദേശസ്നേഹവും പ്രകൃതിസംരക്ഷണവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.നാട്ടിന്റെ സമൃദ്ധി പ്രകൃതിയുടെ സമൃദ്ധിയോട് ചേർന്നുനിൽക്കുന്നതാണെന്ന സന്ദേശം ഇവിടെ പ്രതിഫലിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുന്നത് ദേശസ്നേഹത്തിന്റെ ഭാഗമാണെന്ന ആശയം കുട്ടികളുടെ മനസ്സിൽ വിതയ്ക്കുന്നു.ഭാഷയും ശൈലിയുംസമാഹാരത്തിലെ ഭാഷ ലളിതവും സംഗീതാത്മകവുമാണ്. കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലാണ് ആശയങ്ങൾ അവതരിപ്പിക്കുന്നത്. പ്രതീകാത്മകതയിലൂടെ ഇത്തരം പ്രതീകങ്ങൾ കുട്ടികളുടെ മനസ്സിൽ ദീർഘകാല സ്വാധീനം ചെലുത്തുന്നു.
കണ്ടെത്തലുകൾ
●സമാഹാരം പ്രകൃതിയെ സജീവമായ ഒരു നൈതിക ശക്തിയായി അവതരിപ്പിക്കുന്നു.പരിസ്ഥിതി സംരക്ഷണം കുട്ടികളുടെ കടമയാണെന്ന ബോധം വളർത്തുന്നു.സഹജീവിതത്തിന്റെ ആശയം ശക്തമായി പ്രതിഫലിക്കുന്നു.ദേശസ്നേഹവും പ്രകൃതിസ്നേഹവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു.
കണ്ടെത്തലുകൾ.
സ്നേഹപൂമരം എന്ന സമാഹാരത്തിലെ കവിതകൾ പ്രകൃതിയോട് ഉള്ള സ്‌നേഹവും കരുതലും ലളിതവും ശക്തവും വ്യക്തവും ആയ ഭാഷയിൽ ഉയർത്തുന്നു.പരിസ്ഥിതി സന്ദേശങ്ങൾ ഉപദേശാത്മകമല്ലാതെ ശരിയായ അനുഭവപരമായ ചിത്രീകരണത്തിലൂടെ കുട്ടികളിലേക്ക് എത്തിക്കാൻ ഈ സമാഹാരത്തിലെ കവിതകൾ മികവ് പുലർത്തുന്നു കുട്ടികളിലേക്ക് ഒരു ദർശനത്തെ സന്നിവേശിപ്പിക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇവിടെ ഈ കൃതിയിൽ നിർവഹിച്ചിരിക്കുന്നത്.ആഗോളാടിസ്ഥാനത്തിൽ തന്നെ ബാലസാഹിത്യം ചർച്ച ചെയ്യുന്ന പ്രധാന മേഖലയായി പരിസ്ഥിതിയെ കുറിച്ചുള്ള ചിന്തകൾ മാറി കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.ലോക ബാലസാഹിത്യത്തിലുണ്ടാകുന്ന സമാന ആശയങ്ങളുമായി ഈ കൃതിയുടെ ദർശനം ഏറെയും പൊരുത്തപ്പെട്ടിരിക്കുന്നു.മലയാള ബാലസാഹിത്യ ഗവേഷണങ്ങളും ഈ ദർശനത്തെ അനുവർത്തിക്കുന്നതിൽ ഏറെ മുന്നിലാണ്.
ഉപസംഹാരം
സ്നേഹപൂമരം എന്ന ബാലകവിതാസമാഹാരം ബാലമനസ്സിൽ പ്രകൃതിസ്നേഹവും പരിസ്ഥിതി ബോധവുംമാനവിക നൈതിക ബോധവും വളർത്തുന്ന ശക്തമായ സാഹിത്യകൃതിയാണ്. ഈ കൃതിയിലെ കവിതകൾ പ്രകൃതിയെ ഏറെ സവിശേഷതകളുള്ള സഹജീവിയായി പരിഗണിച്ചു കൊണ്ട് കുട്ടികൾക്ക് ഉത്തരവാദിത്വബോധവും നിരീക്ഷണബോധവുംസർഗാത്മക ചിന്തയും പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനും പ്രകൃതിയുടെ വൈവിധ്യങ്ങളെ അതിന്റെ സമസ്ത ചാരുതയോടെ ഉൾകൊള്ളാനുള്ള മനോഭാവം സൃഷ്ടിക്കു വാനും പര്യാപ്തമാണ്. ഭൂമിയെ 'അമ്മ'യായി കാണാനും പ്രകൃതിയിലെ ഓരോ ചലനത്തെയും സ്നേഹത്തോടെ വീക്ഷിക്കാനും പ്രേരിപ്പിക്കുന്ന 'സ്നേഹപ്പൂമരം', വർത്തമാനകാല ബാലസാഹിത്യത്തിലെ ഒരു മികച്ച കൃതിയാണ്. സർഗ്ഗാത്മക വരൾച്ച നേരിടുന്ന പരിസ്ഥിതി രചനകൾക്കിടയിൽ, മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം ഊട്ടിയുറപ്പിക്കാൻ ഇത്തരം രചനകൾ അത്യന്താപേക്ഷിതമാണെന്ന് ഈ പഠനം സമർത്ഥിക്കുന്നു.റഫറൻസുകൾ.
● കൊല്ലംവിള, രവി. സ്നേഹപൂമരം. 2024.ശ്രീകുമാർ. എൻ, പൂമര ചോട്ടിലെ സ്നേഹത്തണൽ.
● Garrard, Greg. Ecocriticism. Routledge.Glotfelty, Cheryll. The Ecocriticism Reader. University of Georgia Press.
● Vasudevan, Laila.b Nature in Children’s Literature. Kerala Literary Studies Journal.
● Menon, Geetha. Ethics and Children’s Poetry. Balasahitya Research Quarterly.
ശ്രീജിത്ത്. എസ്. പി.
റിസർച്ച് സ്കോളർ,എൻ. എസ്. എസ്. കോളേജ്,
നിലമേൽ.കേരള യൂണിവേഴ്സിറ്റി.


Comments