top of page

സമകാലിക മലയാളനോവല്‍ ആഖ്യാനത്തിന്റെവ്യത്യസ്ത തലങ്ങള്‍

  • 2 hours ago
  • 6 min read
സ്വാതികൃഷ്ണ ആര്‍.

 

ആമുഖം

          സാഹിത്യം സമൂഹത്തിന്റെ പ്രതിബിംബവും വിമര്‍ശനോപകരണവും എന്ന നിലയിൽ പ്രവര്‍ത്തിക്കുന്ന ഒരു സാംസ്കാരികമാധ്യമമാണ്. സാമൂഹികവും സാംസ്കാരികവുമായ അനവധി ഘടകങ്ങളെ എഴുത്തിലൂടെ വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമകാലിക മലയാള നോവലിസ്റ്റുകള്‍ സൃഷ്ടിപ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നത്. പ്രത്യേകിച്ച് സാമ്പത്തിക അസമത്വങ്ങള്‍, സാമൂഹികഘടനകൾ, ലിംഗപരമായ തിരിച്ചറിവുകൾ, അധികാരബന്ധങ്ങള്‍ എന്നിവയെ ആവിഷ്ക്കരിക്കുന്നതിൽ സമകാലിക നോവലുകള്‍ക്ക് നിര്‍ണ്ണായകമായ പങ്കുവഹിക്കാനായിട്ടുണ്ട്.

          വായനാനിരക്കിലെ വര്‍ധന, വായനശാലകളുടെ വ്യാപനം, അതിലൂടെ സൃഷ്ടിക്കപ്പെട്ട ചര്‍ച്ചകളും വിമര്‍ശനങ്ങളും, പത്രം, റേഡിയോ, ചലച്ചിത്രമേഖല തുടങ്ങിയ ആശയവിനിമയ മാധ്യമങ്ങളുമായുള്ള ഇടപെടലുകള്‍ എന്നിവ മലയാളനോവൽ സാഹിത്യത്തിന് സാമൂഹികവും സാംസ്കാരികവുമായ വിപുലമായ സ്വാധീനം നേടിക്കൊടുത്തു. ഇതിന്‍റെ ഫലമായി മലയാളനോവല്‍ സാഹിത്യം ഒരു ജനപ്രിയ സാഹിത്യരൂപമായി വികസിച്ചു. ഈ പശ്ചാത്തലത്തില്‍ സമകാലിക മലയാളനോവൽ രചനകളെ മുന്‍നിര്‍ത്തി അവയിൽ പ്രതിഫലിക്കുന്ന പുതിയ ആഖ്യാനരീതികള്‍, ഭാഷാപ്രയോഗങ്ങൾ, പ്രാദേശികതയുടെ സാന്നിധ്യം, സ്ത്രീ അനുഭവങ്ങളുടെ അവതരണം, ജനപ്രിയതയുടെ ഘടകങ്ങൾ തുടങ്ങിയവയെ വിമര്‍ശനാത്മകമായി പഠിക്കുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം. സമകാലിക മലയാളനോവലുകള്‍ കൈവരിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന ആഖ്യാനതലങ്ങളെ തിരിച്ചറിയുന്നതിനും അവയുടെ സാമൂഹിക സാംസ്കാരിക പ്രാധാന്യം വിലയിരുത്തുന്നതിനുമാണ് ഈ പഠനം ശ്രമിക്കുന്നത്.

താക്കോല്‍ വാക്കുകൾ

          സമകാലികനോവല്‍, ഭാഷ, പ്രാദേശികത, സ്ത്രീ ആവിഷ്കാരം, ജനപ്രിയത

          1990 കളുടെ തുടക്കത്തോടെ മലയാള നോവല്‍രചനയിൽ ആധുനികാനന്തര (post modern) സവിശേഷമായ ഒരു ഭാവുകത്വത്തിനു രൂപം നല്‍കുകയുണ്ടായി. ആധുനികതയില്‍ വരേണ്യമായിരുന്ന സംഗീതം, സാഹിത്യം, ദൃശ്യാഖ്യാനങ്ങൾ തുടങ്ങിയ കലാരൂപങ്ങളും പത്രം മുതല്‍ ഇന്‍റര്‍നെറ്റ് വരെയുള്ള ആശയവിനിമയ മാധ്യമങ്ങളും സമകാലിക എഴുത്തിൽ പുതുതായി ഉള്‍ക്കൊള്ളപ്പെടുന്ന പ്രവണത കാണാം. രാഷ്ട്രം, മതം, പ്രാദേശികത എന്നിവ ഉള്‍പ്പെടെ ആധുനികത മുന്നോട്ടുവച്ചിരുന്ന ബൃഹദാഖ്യാനങ്ങളെ ചോദ്യം ചെയ്യുകയും അവയെ ജനപ്രിയവല്‍ക്കരണത്തിന്‍റെ വ്യത്യസ്ത വഴികളിലൂടെ പുനര്‍വായനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നതാണ് സമകാലിക മലയാളനോവലുകളുടെ സവിശേഷത.

          ഇത്തരത്തില്‍ ഉയര്‍ന്ന കല ജനപ്രിയ സംസ്കാരം എന്ന ദ്വന്ദ്വം ലഘൂകരിച്ചുകൊണ്ട്, വിവിധ സാംസ്കാരിക രൂപങ്ങളെയും മാധ്യമങ്ങളെയും സംയോജിപ്പിക്കുന്ന ആഖ്യാനരീതികൾ സമകാലിക മലയാളനോവലുകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നു. ഇതിലൂടെ ആധുനികാനന്തരത മുന്നോട്ടുവയ്ക്കുന്ന ബഹുസ്വരത, വൈവിധ്യം, വിഘടനം, പരിഹാസബോധം തുടങ്ങിയ ഘടകങ്ങള്‍ മലയാളനോവൽ ആഖ്യാനത്തിന് പുതിയ ദിശകൾ നല്‍കുന്നതായി കാണാം.

          രാഷ്ട്രം, ദേശീയത, പ്രാദേശികത, ഭാഷാഖ്യാനം, മിത്ത്, ദളിത്, സ്ത്രീ, മതം, തൊഴില്‍, ആനുകാലിക സംഭവങ്ങള്‍, പരിസ്ഥിതി, കുറ്റാന്വേഷണം, പ്രണയം, ചരിത്രം, ജനപ്രിയത തുടങ്ങി നിരവധിയായ മാനങ്ങള്‍ ഇന്ന് നോവൽ രചനയെ സ്വാധീനിക്കുന്നു. കുന്ദലതയില്‍ നിന്നും ഇന്ദുലേഖയില്‍ നിന്നും ഇന്ന് ഏറെ ദൂരം മുന്നിലെത്തി വായനക്കാരെ ഓരോ അധ്യായത്തിലെന്നപോലെ കൂട്ടിക്കൊണ്ടുപോകാന്‍ കഴിയുന്നവയാണ് സമകാലിക മലയാള നോവലുകള്‍.

          ജീവിതവിജയങ്ങളും പാചകവിദ്യകളും യാത്ര അനുഭവങ്ങളും സാഹിത്യരംഗം ഉപയോഗിക്കാന്‍ തുടങ്ങി. പുതിയ ആവിഷ്കാരങ്ങളും സര്‍ഗാത്മകതകളും മാറ്റങ്ങള്‍ക്കനുസൃതമായി ഭാഷയിലും ശൈലിയിലും വിഷയരൂപീകരണത്തിലും അവതരണരീതികളിലും മാറ്റം വരുത്തി. എഴുത്തിന്‍റെയും വായനയുടെയും തലങ്ങളിൽ ആധുനികതയുടെ ഏകതാനപ്രവണതകളും സങ്കീര്‍ണ്ണ പ്രസ്ഥാനങ്ങളും മാറി. ചരിത്രത്തിന്റെ ആവിഷ്ക്കാരങ്ങള്‍, മിത്തുകൾ, കുറ്റാന്വേഷണതലങ്ങൾ, പ്രണയത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ, സൈബർ ഇടങ്ങൾ എന്നിവയൊക്കെ ആഖ്യാനത്തിന്റെ പുതിയ ഭാവങ്ങളായി അവതരിപ്പിക്കപ്പെട്ടു.

          മാറുന്ന മാധ്യമ, സാങ്കേതിക, സാംസ്കാരിക അവസ്ഥയില്‍ നിന്നുകൊണ്ട് കലയിലൂടെ പുതിയ കാലത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിയാനും സമൂഹത്തിന്റെ അനീതികളെയും വേര്‍തിരിക്കലുകളെയും തുറന്നുപറയാനും വിമര്‍ശനാത്മക കാഴ്ചപ്പാടുകൾ കൊണ്ടുവരാനും അതിലൂടെ രാഷ്ട്രീയ-സാമൂഹിക-മത-സാംസ്കാരിക-പ്രാദേശിക കാര്യങ്ങള്‍ ജനങ്ങളിലേക്ക് ആഴത്തില്‍ സ്പര്‍ശിക്കാനും കഴിയുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന ഒന്നായി നോവല്‍സാഹിത്യം. വിവര്‍ത്തനകൃതികളുടെ വരവും യഥേഷ്ടമായതിനാൽ ഭാഷയ്ക്കും ദേശത്തിനും അതിര്‍വരമ്പുകൾ ഇല്ലാതായി. സാമൂഹികവും സാംസ്കാരികവുമായ ആശയങ്ങളുടെ കൈമാറ്റം കൂടിയാണ് ഇന്ന് വര്‍ത്തമാനകാല മലയാളനോവലിലൂടെ സാക്ഷ്യം നിര്‍വഹിക്കുന്നത്. മിക്ക കൃതികളും ദൃശ്യമാധ്യമതലങ്ങളിലേക്കൂകൂടി കടന്നുവരുന്നത് ജനപ്രിയതയുടെ വ്യാപ്തികൊണ്ടുകൂടിയാണ്. ഉമ്മാച്ചുവും അഗ്നിസാക്ഷിയും ബാല്യകാലസഖിയും കടന്ന് റൂത്തിന്‍റെ ലോകവും വിലയാത്ത് ബുദ്ധയും ആടുജീവിതവുമൊക്കെ ബിഗ് സ്ക്രീനിൽ എത്തിയത് ഈ സ്വീകാര്യത കൊണ്ടുകൂടിയാണ്.

          കാലങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ബാല്യകാലസഖി വര്‍ഷങ്ങള്‍ക്കിപ്പുറം റീമേക്ക് ചെയ്ത് വീണ്ടും ജനങ്ങളിലേക്കെത്തിക്കുക എന്നത് എഴുത്തിന്റെ അനശ്വരതയെയാണ് എടുത്തുകാണിക്കുന്നത്. ദേശീയ അവാര്‍ഡ് വേദിയിലേക്ക് എത്തിയ ബെന്യാമിന്റെ ആടുജീവിതം നിസ്സഹായനായ ഒരു മനുഷ്യജീവിതത്തിന്റെ തുറന്നുപറച്ചിലുകളിലൂടെ വായനാലോകത്തെ സ്വാധീനിച്ച മഹത്തരമായ ഒരു കൃതിയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്.

          ഭിന്നവ്യവഹാരങ്ങളുടെ സമന്വയമെന്ന നിലയിലും ജ്ഞാനമണ്ഡലങ്ങളുടെ സംലയനമെന്ന നിലയിലും ചരിത്രവല്‍ക്കരണത്തിന്റെ പാഠരൂപങ്ങളെന്ന നിലയിലുമൊക്കെ കാണാവുന്ന ആധുനികാനന്തര സാഹിത്യപ്രവണതകള്‍ വര്‍ത്തമാനകാല നോവൽ പ്രകടിപ്പിക്കുന്നു. നോവല്‍ എന്നത് ആഖ്യാനത്തെക്കുറിച്ചുതന്നെയുള്ള ആഖ്യാനമായി മാറുന്നു. വിവിധങ്ങളായ പ്രത്യേയശാസ്ത്രങ്ങളും രീതിശാസ്ത്രങ്ങളും സമന്വയിപ്പിക്കുന്ന ഭാഷണവിശേഷണങ്ങളായി നോവലിന്റെ ആഖ്യാനം മുന്നോട്ടുപോകുന്നു. ചരിത്രം, പ്രതിനിധാനം, കര്‍തൃത്വം, പ്രത്യയശാസ്ത്രം തുടങ്ങിയ സങ്കല്പനങ്ങളെ അത് നിരന്തരം പ്രശ്നവല്‍ക്കരിക്കുന്നു. വ്യത്യസ്തവും പ്രാദേശികവുമായ പല കാര്യങ്ങളും അത് പുനഃസൃഷ്ടിച്ച് വായനക്കാരിലേക്ക് എത്തിക്കുന്നു.

          സ്ഥലം, കാലം, പ്രകൃതി എന്നിവയ്ക്കൊപ്പം ചരിത്രം, ഭാഷ, ശാസ്ത്രം, തത്വചിന്ത, കല, രാഷ്ട്രീയം, മതം, സാങ്കേതികത എന്നിങ്ങനെ സംസ്കാരത്തിന്റെ ആര്‍ജ്ജിതമണ്ഡലങ്ങൾ മനുഷ്യന്റെ ബുദ്ധിയിലും ഭാവനയിലും ഏല്‍പ്പിക്കുന്ന ആഘാതങ്ങളുടെ പ്രശ്നവല്‍ക്കരണമെന്ന നിലയിലാണ് ആധുനികാനന്തര നോവല്‍ അതിന്റെ രാഷ്ട്രീയം രൂപപ്പെടുത്തുന്നത് (ഷാജി ജേക്കബ്, ആധുനികാനന്തര മലയാളനോവൽ, പുറം 10).

          ആധുനികാനന്തര നോവലിന്റെ ആഖ്യാനസ്വഭാവങ്ങളായി പൊതുവിൽ ചൂണ്ടിക്കാണിക്കപ്പെടുന്ന ഭാഷ, രൂപഘടനയിലെ പരീക്ഷണം, പരമ്പരാഗത ആഖ്യാനഘടനകളുടെ പൊളിച്ചെഴുത്ത്, കര്‍തൃത്വങ്ങളുടെ പ്രശ്നവല്‍ക്കരണം, കീഴാളതകളുടെയും പാര്‍ശ്വധാരകളുടെയും ചെറുതുകളുടെയും പാഠവല്‍ക്കരണവും ചരിത്രവല്‍ക്കരണവും കഥാപാത്ര സങ്കല്പങ്ങളിലെ ഉടച്ചുവാര്‍ക്കലുകൾ വീക്ഷണകോണിലെ പരീക്ഷണാത്മകത, സ്ഥലകാലങ്ങളുടെ കുഴമറിച്ചില്‍, കഥയില്‍നിന്നു ഭിന്നമായ ചരിത്രത്തിന്റെ നിര്‍മ്മിതി, ശരീരത്തിന്റെ സൂക്ഷ്മരാഷ്ട്രീയം, യഥാര്‍ത്ഥ്യത്തെ റദ്ദാക്കുന്ന വ്യാജചിഹ്നങ്ങളുടെ (Simulation) സന്നിവേശം, വരേണ്യജനപ്രിയ സംസ്കാരങ്ങളുടെ കലര്‍പ്പ്, ഇതര ആഖ്യാനപാഠങ്ങളുടെയും ഗണങ്ങളുടെയും കൂടിക്കലരല്‍ എന്നിവയൊക്കെ മലയാളനോവല്‍സാഹിത്യത്തിൽ പ്രകടമായവയാണ്.

          പ്രമേയം, ഭാഷ, ആഖ്യാനം, സാമൂഹികത, പ്രാദേശികത തുടങ്ങി ദളിതിസം, ഫെമിനിസം, കമ്മ്യൂണിസം തുടങ്ങിയ നിരവധിയായ 'ഇസ'ങ്ങളുടെയും അടിസ്ഥാനത്തില്‍ മലയാളനോവലുകള്‍ എല്ലായ്പ്പോഴും തരംതിരിക്കലുകള്‍ നേരിട്ടിരുന്നു. പാരിസ്ഥിതികവാദവും ദളിത് എഴുത്തുകളും സ്ത്രീ ആവിഷ്കാരങ്ങളുടെ വ്യത്യസ്ത തലങ്ങളും വര്‍ത്തമാനകാല നോവലിനെ ക്ലാസിഫിക്കേഷന്‍ ചെയ്യുന്നു. വള്ളുവനാടന്‍ ഭാഷയിലെ എം.ടി. എഴുത്തുകളും വീട്ടില്‍ സംസാരിക്കുന്ന രീതിയിലെ സ്വതസിദ്ധമായ ശൈലി ഉള്‍ക്കൊണ്ട ബഷീറിന്റെ രചനകളും ഒരുകാലത്ത് വായിച്ചവര്‍ ഇന്ന് കണ്ണൂരിന്റെ ഭാഷാപ്രയോഗത്തിലെ വിവിധങ്ങളായ വ്യാഖ്യാനങ്ങള്‍ തേടി രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' തിരഞ്ഞെടുത്തു വായിക്കുന്നു. ഫേസ്ബുക്കില്‍ കുറിച്ചിടുന്ന സര്‍ഗ്ഗാത്മകതയ്ക്കും വായനക്കാര്‍ കൂടെയുണ്ടെന്നതിന്റെ തെളിവായി കല്യാണിയെ കണ്ടെത്താം.

          ഖസാക്കിലും മയ്യഴിയിലും ഒ.വി.വിജയനും എം.മുകുന്ദനും ആളുകളെ പിടിച്ചിരുത്തിയപോലെ ഇന്നിന്റെ എഴുത്തുകാരും നവമാധ്യമങ്ങളിൽ മാത്രം പുതുതലമുറ ഒതുങ്ങിപ്പോകാതെ വായനയിലേക്ക് എത്തിക്കാനായി ശ്രമിക്കുകയും അതിനായ് നവമാധ്യമങ്ങളെ തന്നെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. നവമാധ്യമങ്ങളിലെ പല കൂട്ടായ്മകളും ഗ്രൂപ്പുകളും വായനയ്ക്കും എഴുത്തിനും പുതു ഇടങ്ങള്‍ തുറന്നിടുന്നു.

          നിരന്തരം മാറ്റങ്ങള്‍ സംഭവിക്കുകയും ഘടനാപരമായ പുനഃസംഘടനത്തിനു വിധേയമാവുകയും ചുറ്റുപാടുകളെ പരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന സാമൂഹികസ്ഥാനം എന്ന നിലയില്‍ 'പ്രദേശത്തെ' അല്ലെങ്കില്‍ 'പ്രാദേശികതയെ'  മലയാളനോവല്‍ അടയാളപ്പെടുത്തുന്നു. സമകാലികനോവല്‍ രചയിതാക്കൾ തങ്ങളുടെ കൃതികളുടെ രചനയില്‍ പരിസരത്തിന്റെ പരിചിതഘടകങ്ങളെ കാര്യമായി ഉള്‍ച്ചേര്‍ക്കുന്നതിന് സവിശേഷമായ പരിഗണന നല്‍കുന്നു. അവിടെ പഴമയും പരിസരവും പ്രകൃതിയും വിശ്വാസങ്ങളും മിത്തും പാരമ്പര്യവും കൂടിച്ചേരുന്നു. ഒപ്പം ഭാഷാപരമായ വ്യത്യസ്തതകള്‍ വ്യക്തവും സ്പഷ്ടവുമായി ആവിഷ്ക്കരിക്കുന്നു.

          ജാതിയും സ്വത്വവും ആവിഷ്ക്കരിക്കുന്ന വിനോയ് തോമസിന്റെ 'കരിക്കൊട്ട കരിയും' കുട്ടനാടിന്റെ കഥപറച്ചിലുകാരനായി മാറുന്ന എസ്. ഹരീഷിന്‍റെ മീശയും ചരിത്രത്തിന്റെയും ആഖ്യാനത്തിന്റെയും വ്യത്യസ്തമായ ആവിഷ്ക്കാരം കൊണ്ട് സമൃദ്ധമാണ്. മലയാളനോവലിലെ ആധുനികാനന്തര ഭാവുകത്വത്തിന്റെ ശ്രദ്ധേയമായ കൃതികളാണിവ. തക്ഷന്‍കുന്ന് പ്രദേശത്തിന്റെ പ്രാദേശികചരിത്രവും ജീവിതവുമാണ് യു.കെ.കുമാരിന്റെ 'തക്ഷന്‍കുന്ന് സ്വരൂപം' എന്ന നോവലിന്‍റെ ഇതിവൃത്തം. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിലാണ് തക്ഷന്‍കുന്നിന്റെ പ്രാദേശികചരിത്രം ആഖ്യാനം ചെയ്യപ്പെടുന്നത്. പ്രാദേശികതയുടെ ചരിത്രപാഠങ്ങളില്‍ സ്ത്രീ ആവിഷ്കാരത്തിന്‍റെ വ്യത്യസ്തതകൾ കൊണ്ടുവന്ന നോവലാണ് ലിസിയുടെ 'വിലാപ്പുറങ്ങള്‍'. വിലാപ്പുറങ്ങള്‍ മലയാളനോവലിന്റെ മനോഹരമായ വഴിത്തിരിവാണ്. മറിയ എന്ന പ്രധാന കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെ തൃശ്ശൂർ പട്ടണത്തിന്റെ ആഘോഷവും ആരവങ്ങളും ജീവിതങ്ങളും നോവലിൽ ഉള്‍പ്പെടുന്നു. മറിയ എന്ന സ്ത്രീയുടെ ജീവിതം നാടിനെയും നാട്ടുകാരെയും എപ്രകാരം സ്വാധീനിക്കുന്നു എന്ന് ശക്തമായ കഥാപാത്രത്തിലൂടെ ആവിഷ്ക്കരിക്കുന്നു. 'ആലാഹയുടെ പെണ്‍മക്കൾ', 'തിയ്യൂർ രേഖകൾ', 'ഫ്രാന്‍സിസ് ഇട്ടിക്കോര' തുടങ്ങിയ നോവലുകള്‍ പ്രാദേശികതയുടെ രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയവയാണ്.

          ആദ്യകാല എഴുത്തുകളില്‍ നിന്ന് വ്യത്യസ്തമായി തങ്ങളുടേതായ നിലപാടുകളും ആശയങ്ങളും തുറന്നെഴുതാന്‍ ഇന്നത്തെ എഴുത്തുകാര്‍ക്ക് കഴിയുന്നു. അതിലൂടെ മികച്ച കഥാപാത്രങ്ങളും ഉണ്ടാകുന്നു. സ്ത്രീ ആവിഷ്ക്കാരത്തിലെ വ്യത്യസ്തത വര്‍ത്തമാനകാല മലയാളനോവലില്‍ പ്രധാനമാണ്. സ്ത്രീ എഴുത്തുകള്‍ കുറ്റാന്വേഷണവും അതിജീവനവും പ്രമേയമാക്കുന്നു. കുടുംബബന്ധങ്ങളും സ്വാഭിപ്രായസ്വാതന്ത്ര്യവും നിലപാടുകളും തുറന്നെഴുതുന്നു. ലൈംഗികതാല്പര്യങ്ങളും ശരീരചോദനകളും എഴുത്തിൽ പ്രതിഫലിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായി മാറാതെ പുത്തന്‍ ഉണര്‍വിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായി മിക്ക സ്ത്രീ കഥാപാത്രങ്ങളെയും വായിച്ചെടുക്കാം.

          ഒരു സ്ത്രീ ആരാച്ചാരായി വരുന്ന ഭാവന മലയാളനോവല്‍സാഹിത്യത്തിലെ പുത്തൻ ചിന്തകള്‍ക്കും പ്രവണതകള്‍ക്കും വഴിത്തിരിവാകുന്നതുകൂടിയാണ്. മുന്‍ ഭര്‍ത്താവിന്റെ വിവാഹത്തിന് എത്തിച്ചേരുന്ന സ്ത്രീയെയാണ് കെ.ആര്‍.മീരയുടെ ഖബറില്‍ ആവിഷ്ക്കരിക്കുന്നത്. വ്യത്യസ്തമായ ആഖ്യാനരീതികളാണ് ലളിതമായ വാക്കുകളിലൂടെയും തീക്ഷ്ണമായ അനുഭവങ്ങളിലൂടെയും എഴുതി പ്രതിഫലിപ്പിക്കാൻ മീര ശ്രമിച്ചത്. ആരാച്ചാരിലൂടെയും സൂര്യനെ അണിഞ്ഞ സ്ത്രീയുടെയും ആവിഷ്ക്കാരത്തിന്റെ വ്യത്യസ്ത തലങ്ങളാണ് മീര വായനക്കാരിലേക്ക് എത്തിച്ചത്.

          ആഖ്യാനത്തില്‍ കടന്നുവരുന്ന കഥാപാത്രങ്ങളെത്തേടി, ദേശങ്ങള്‍ തേടി, ചരിത്രം തേടി അലയാന്‍ വിധിക്കപ്പെടുകയാണ് വായനക്കാര്‍. ഒരു മികച്ച നോവല്‍ മനോഹരമായൊരു നുണയാണെന്നും നോവലിന്റെ വിജയം ഭാവനയുടെ വിജയമാണെന്നുമുള്ള ബെന്യാമിന്റെ വാക്കുകളെ പലപ്പോഴും വായനക്കാര്‍ മറന്നുപോകുന്നു.  അജയ് പി. മങ്ങാടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവല്‍ ഇത്തരത്തിൽ ഒരു ചിന്ത പകരുന്നതാണ്. സ്നേഹത്തിന്റെ വൈചിത്ര്യങ്ങളെയും ചങ്ങാത്തത്തിന്റെ ആകുലതകളെയും തന്റെ വീട്ടിലേക്ക് ചേര്‍ത്ത് അതിഥികള്‍ക്കായി ഒരു തണല്‍മരമൊരുക്കുകയാണ് സൂസന്നയും അവളുടെ ഗ്രന്ഥപ്പുരയും. മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങൾ എന്ന നോവലിൽ ഹെലികോപ്റ്റർ അപകടത്തില്‍ ജയൻ മരിച്ചതറിഞ്ഞ് വലിയവായില്‍ നിലവിളിക്കുന്ന രായിക്കുട്ടനെ കാണാം. പിന്നീട് അക്കാലത്ത് പറഞ്ഞുപരത്തിയ ചില കഥകളിലെയും പോലെ ജയന്‍ അമേരിക്കയിൽ ജീവിച്ചിരിക്കുന്നു എന്ന കാര്യവും എഴുത്തില്‍ കടന്നുവരുന്നു. ഒരു കാലഘട്ടത്തിനെയും അന്നത്തെ സ്പന്ദനങ്ങളെയും വായനക്കാരൻ തിരിച്ചറിയുന്നതിനു വേണ്ടിയാണ് എഴുത്തുകാരൻ ഇത് നോവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

          മലയാളനോവല്‍ പല വഴികളിലായി വളരുകയും വികസിക്കുകയും ചെയ്ത ഒന്നാണ്. നൂതനമായ പല കാര്യങ്ങളിലേക്കും ആഖ്യാനരീതികളിലേക്കും രീതിശാസ്ത്രപരമായും ഭാഷാപരമായുമൊക്കെ വ്യത്യസ്ത മാനങ്ങൾ കണ്ടെത്താൻ വര്‍ത്തമാനകാല കൃതികള്‍ക്ക് കഴിയുന്നുണ്ട്. നിരന്തര പരിണാമത്തിന്റെയും പരീക്ഷണത്തിന്റെയും വഴികളിലൂടെയാണ് നോവല്‍ ഇന്ന് മുന്നേറുന്നത്. അത് പ്രമേയസ്വീകരണത്തിലോ ശൈലിയിലോ മാത്രമല്ല ആവിഷ്ക്കരിക്കുന്ന ഇടത്തിന്റെ കാര്യത്തിലും പ്രകടമാണ്.

          ടി.ഡി.രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാള്‍ദേവനായകി' എന്ന നോവല്‍ ഒരു നാടിന്‍റെ പ്രാദേശികതയും ചരിത്രവും മിത്തും എല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ഒരു ദേശത്തിന്റെ ചരിത്രത്തെയും ദേശീയതയെയും ഉയര്‍ത്തിക്കാട്ടുവാന്‍ എഴുത്തുകാരനു കഴിഞ്ഞു. അദ്ദേഹത്തിന്റെ 'ആല്‍ഫ' എന്ന ആദ്യ നോവലിന്റെ ആഖ്യാനത്തിലെ വ്യത്യസ്തത കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. അതുവരെ കടന്നുവന്ന വഴികളില്‍ നിന്നു വ്യത്യസ്തത കണ്ടെത്താനാണ് ടി.ഡി. തന്‍റെ എഴുത്തിലൂടെയും തന്റെ അത്ഭുതദ്വീപിലൂടെയും ശ്രമിച്ചിരുന്നത്. ആഫ്രിക്കയുടെ മിത്തും മതവും ഗോത്രസംസ്കൃതിയും രാഷ്ട്രീയവും ചിന്താലോകവും വംശീയതയും ചേര്‍ന്ന പുതുനോവലുകളിലെ ലീലാപരത എന്ന ലക്ഷണത്തിന്‍റെ അടയാളമുള്ള നോവലാണ് 'മാമാ ആഫ്രിക്ക'. നോവലിനകത്തെ നോവല്‍ എന്ന് അതിനെ വിശേഷിപ്പിക്കാം. ആദ്യഘട്ടത്തില്‍ നിന്നും ആഖ്യാനത്തിൽ എത്രത്തോളം വ്യത്യസ്തതകള്‍ കണ്ടെത്താൻ കഴിയുന്നു എന്നതാണ് സമകാലിക നോവലിന്റെ വളര്‍ച്ചയ്ക്കും ജനപ്രിയതയ്ക്കും കാരണം.

          ഇന്ത്യന്‍ അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി എഴുതിയ നോവലാണ് ഇ.സന്തോഷ്കുമാറിന്റെ 'അന്ധകാരനഴി'. സമൂഹത്തില്‍ അധികാരഭീകരത പ്രവര്‍ത്തിച്ചിരുന്ന രീതി വ്യക്തമാക്കുകയാണ് ഈ നോവല്‍. സമസ്തമേഖലകളിലും വ്യാപിച്ചുകിടക്കുന്ന അധികാരത്തിന്റെ കാണാച്ചരടുകളെയും യാഥാര്‍ത്ഥ്യത്തെയും കാണാനുള്ള ഉള്‍ക്കണ്ണ് നോവൽ വായനക്കാര്‍ക്ക് നല്‍കുന്നുണ്ട്. ദ്രാവിഡജീവിതത്തിന്റെ അടരുകളെ ആവിഷ്ക്കരിക്കുന്ന മനോജ് കുറൂരിന്റെ നോവലാണ് 'നിലം പുത്തു മലര്‍ന്ന നാൾ'. പോരിലും പടയിലും പെണ്ണിന്റെ പങ്കാളിത്തത്തെക്കുറിച്ചും രാജ്യതന്ത്രത്തിന്റെ ഇരകളായി മാറുന്ന സ്ത്രീ ജീവിതത്തെക്കുറിച്ചും വിശദമാക്കാന്‍ ഈ നോവലിനു കഴിയുന്നു. മണ്‍മറഞ്ഞ ദ്രാവിഡപദങ്ങളുടെ ഒറ്റ ശേഖരം എന്ന് അടയാളപ്പെടുത്തുന്ന ഈ നോവലിലൂടെ ഭാഷാപരമായ വേര്‍തിരിവ് വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു.

          അന്‍പതോളം വര്‍ഷം മുമ്പ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്ല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീര്‍ണ്ണമായ ജീവിതസന്ധികളാണ് 'കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ യില്‍ പ്രതിപാദിക്കുന്നത്. ഒരാഖ്യായികയെ ഏറ്റവും സമകാലികമായ ജീവിതാഖ്യാനമായി നിബന്ധിക്കുന്നതില്‍ നോവലിന്റെ ഘടനയും ആഖ്യാതാവിന്‍റെ ഇടപെടലുകളും വലിയ പങ്ക് വഹിക്കുന്നുണ്ട്. നവമാധ്യമങ്ങളുടെ സാധ്യത ആരോഗ്യകരമായി ഉപയോഗിച്ച നോവലാണ് ആര്‍.രാജശ്രീയുടെ കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത. പേരിന്റെ കൗതുകത്തിൽ തുടങ്ങി അവസാന വാക്യംവരെയും ഇടമുറിയാതെ കൊണ്ടുപോകുന്ന രസച്ചരടാണ് ഈ  നോവലിന്. രണ്ട് ദേശങ്ങളും രണ്ട് ഭാഷകളും രണ്ട് ലിംഗവ്യവസ്ഥകളും രണ്ട് സംസ്കാരങ്ങളും തമ്മിലുള്ള ഇടപെടലിന്റെ ആവിഷ്ക്കാരമായി നോവൽ വികസിക്കുന്നു.

          ഖദീജ മുംതാസിന്റെ 'ബര്‍സ' എന്ന നോവല്‍ സബിത എന്ന സ്ത്രീ കഥാപാത്രത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഡോക്ടര്‍മാരായ സബിതയും റഷീദും പുണ്യനഗരിയായ മക്കയിലേക്ക് എത്തുന്നതു മുതല്‍ക്കാണ് നോവൽ ആരംഭിക്കുന്നത്. ഇസ്ലാം മതത്തിനെ ഒരു നവ ഇസ്ലാമിന്റെ കണ്ണിലൂടെ കാണുവാനാണ് സബിത ശ്രമിക്കുന്നത്, ബര്‍സ, ഇസ്ലാമില്‍ ഒരു സ്ത്രീക്കു സഞ്ചരിക്കാവുന്ന ദൂരത്തിന് അതിരുകളില്ലെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ബര്‍സ ഇസ്ലാമിന്റെ സ്ത്രീപക്ഷവായനയല്ല, സ്ത്രീവാദത്തിന്റെ ഇസ്ലാമിക വായനകൂടിയാണ്.

          മലയാളനോവലിനെ കുറ്റാന്വേഷണതലത്തിലേക്ക് ചിന്തിപ്പിക്കുകയും വ്യത്യസ്തമായ ആഖ്യാനം നല്‍കി വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്ന നോവലിസ്റ്റാണ് ശ്രീപാര്‍വതി. പോയട്രികില്ലര്‍, വയലറ്റുപൂക്കളുടെ മരണം, മിസ്റ്റിക് മൗണ്ടന്‍, ലില്ലിബര്‍ണാഡ് തുടങ്ങിയ നിരവധി കൃതികള്‍ കുറ്റാന്വേഷണത്തിന്റെ വ്യത്യസ്ത ഘടനകൾ വായനക്കാര്‍ക്ക് കാട്ടിക്കൊടുക്കുന്നു. ഒരു സീരിയര്‍ കില്ലറെ അവതരിപ്പിക്കുകയും അതില്‍ പ്രശസ്തരുടെ കവിതകള്‍ ബിംബങ്ങളായി നല്‍കുകയും ഒടുക്കം കേസ് വ്യത്യസ്ത വഴിയിലൂടെ പോയി കണ്ടെത്തുന്നതുമാണ് ശ്രീപാര്‍വതി എന്ന എഴുത്തുകാരിയുടെ പൊയട്രിക് കില്ലറിൽ പറയുന്നത്. വര്‍ത്തമാനകാലത്തിലെ നിരവധി സംഭവവികാസങ്ങൾ ശ്രീപാര്‍വതി എന്ന എഴുത്തുകാരിയുടെ കൃതികള്‍ക്ക് പശ്ചാത്തലമായി വായിക്കാവുന്നതാണ്. സാങ്കേതികമായും ഭാവനാത്മകമായുമൊക്കെ മലയാളനോവല്‍ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുന്നത് ഇത്തരം എഴുത്തുകളിലൂടെ കാണാന്‍ കഴിയും.

          പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയില്‍ നിന്നു കേരളത്തിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ അലക്സിലൂടെയാണ് അഖില്‍ പി. ധര്‍മ്മജന്റെ ഓജോബോര്‍ഡ് എന്ന നോവല്‍ കടന്നുപോകുന്നത്. അലക്സ് വാടകയ്ക്കു താമസിക്കുന്ന വീടിന് ദുര്‍മരണങ്ങളുടെ ഭൂതകാലം ഉണ്ട്. മരണങ്ങളെക്കുറിച്ച് കാലങ്ങള്‍ക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താനുള്ള ശ്രമമാണ് 'ഓജോ ബോര്‍ഡി'ലൂടെ നടത്തുന്നത്. ഷെര്‍ലക് ഹോംസ് കഥകളുടെയും ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുളയുമൊക്കെ വായനക്കാരെ ശക്തമായി സ്വാധീനിച്ചവയാണ്. അത്തരത്തില്‍ കഥാപാത്രങ്ങള്‍ക്ക് ആഴവും പരപ്പും നല്‍കാനാണ് ഇന്നിന്റെ എഴുത്തുകാര്‍ ശ്രമിക്കുന്നത്. അഖില്‍ പി.ധര്‍മ്മജന്റെ തന്നെ റാം C/o ആനന്ദി എന്ന നോവല്‍ ഒരു സിനിമാറ്റിക് രീതിയാണ് എഴുത്തില്‍ പിന്‍തുടരുന്നത്. കൂടുതല്‍ വായനക്കാരെ പുസ്തകങ്ങളുടെ ലോകത്തേക്ക് എത്തിക്കാനാണ് ഇതിലൂടെ എഴുത്തുകാരന്‍ ശ്രമിച്ചത്. മലയാളിയുടെ വായനയിലെ മാറുന്ന അഭിരുചികളും കാഴ്ചപ്പാടുകളും ഈ പുസ്തകത്തിന്‍റെ റെക്കോഡ് വില്‍പ്പനയിലൂടെ തെളിഞ്ഞവയാണ്.

          ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരവും മധുരവേട്ടയും പോലുള്ള കൃതികളും ബെസ്റ്റ് സെല്ലറുകളുടെ പട്ടികയിലുള്ളവയാണ്. വായനക്കാര്‍ ഏറെ തിരഞ്ഞെടുക്കുന്ന ഇത്തരം കൃതികളിലും പ്രണയവും ശരീരത്തിന്റെ തുറന്നുപറച്ചിലുകളും കണ്ടെത്താനാണ് കഴിയുന്നത്.

          ദൃശ്യമാധ്യമങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഒരു കാലഘട്ടത്തിനെ വായനയിലേക്ക് എത്തിക്കുവാൻ ഇന്നത്തെ എഴുത്തുകാര്‍ക്കും കൃതികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. വിപണിമൂല്യത്തിനും വാണിജ്യ താല്പര്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന സാഹിത്യം എന്നു പറയുമ്പോഴും ഒരു തലമുറയെ വായനയിലേക്ക് തിരികെ കൊണ്ടെത്തിക്കുവാന്‍ ഇത്തരം ചില കൃതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വായനശാലകളിലും പുസ്തകോത്സവങ്ങളിലുമെല്ലാം തന്നെ വായനക്കാര്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്നത് നോവലുകളെയാണ്. അതിനാല്‍ത്തന്നെ മാറുന്ന സംസ്കാരവും ദേശവും ഭാഷയും എല്ലാം ഇത്തരത്തിലുള്ള എഴുത്തുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സെല്‍ഫ് മോട്ടിവേഷനുകളായും മറ്റും ഇറങ്ങുന്ന നോവലുകൾ വിപണികൾ കീഴടക്കുന്നതും വളരെ വേഗമാണ്. നിമ്ന വിജയ് യുടെ 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' എന്ന പുസ്തകം ഇത്തരത്തിൽ ചെറുപ്പക്കാരുടെ മാനസികതലം മനസ്സിലാക്കിയിട്ടുള്ളതാണ്. തുടര്‍ന്നുവന്ന 'നനയുവാന്‍ ഞാൻ കടലാകുന്നു' എന്ന കൃതിയും പുതുവായനക്കാരെ സ്വാധീനിച്ചവയാണ്. മനുഷ്യബന്ധങ്ങളിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍, ഇന്നത്തെ ചിന്താരീതികൾ തുടങ്ങിയവയെല്ലാം നോവല്‍സാഹിത്യത്തിനെ ഏറെ സ്വാധീനിക്കുന്നുണ്ട് എന്നതിന്റെ തെളിവുകളാണ് ഈ നോവലുകള്‍.

          നിരവധിയായ മാറ്റങ്ങള്‍ക്കാണ് മലയാളനോവൽ സാഹിത്യം സാക്ഷ്യംവഹിക്കുന്നത്. അവ പുതുതലമുറയെയും അവരുടെ വായനാശീലത്തെപ്പോലും സ്വാധീനിക്കുന്നു. മാറുന്ന അഭിരുചികളും കാഴ്ചപ്പാടുകളും ശൈലീപ്രയോഗങ്ങളും ഇന്ന് സാഹിത്യത്തിൽ സമ്പന്നമാണ്. എഴുത്തിലും ആവിഷ്ക്കാരത്തിലും പുത്തന്‍ പരീക്ഷണങ്ങൾ നടത്താന്‍ ആധുനികാനന്തര മലയാളനോവല്‍ സാഹിത്യത്തിനു കഴിയുന്നുണ്ട്. നോവല്‍ഘടനയെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകള്‍ക്കപ്പുറം ആണ്‍-പെണ്‍ വേര്‍തിരിവുകളെ അതിജീവിക്കുന്ന തരത്തിലുള്ള നവീനവും സ്വതന്ത്രവുമായ ആഖ്യാനത്തിന്റെ സാധ്യതകളാണ് സമകാലിക മലയാളനോവലുകളില്‍ കാണാൻ കഴിയുന്നത്. അനുഭവലോകങ്ങളെ നിര്‍ഭയം മറനീക്കി അവതരിപ്പിക്കുന്ന ആഖ്യാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഭാഷാപ്രയോഗത്തിലും വായ്മൊഴിയുടെ സാധ്യതകളെ വിദ്ഗദ്ധമായി പ്രയോജനപ്പെടുത്തുന്നതായി കാണാം. ചരിത്രവും സംസ്കാരവും സാമൂഹികമാറ്റങ്ങളും കൃതികളില്‍ പ്രകടമാണ്. നവീന സമ്പ്രദായത്തിലെ പരീക്ഷണങ്ങളും പുത്തന്‍ സാധ്യതകളും എഴുത്തില്‍ വ്യക്തമായി പ്രതിഫലിപ്പിക്കുവാനും വായനക്കാരിലേക്ക് ആഴത്തില്‍ സ്വാധീനിക്കുവാനും ആധുനികാനന്തര മലയാളനോവൽ സാഹിത്യത്തിനു കഴിയുന്നുണ്ട് എന്ന് അനുമാനിക്കാം.

സഹായകഗ്രന്ഥങ്ങള്‍

1.       ജോര്‍ജ്ജ് ഇരുമ്പയം ഡോ., മലയാളനോവല്‍ പത്തൊന്‍പതാം നൂറ്റാണ്ടിൽ, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, ഒക്ടോബർ 2012.

2.       ഹരീഷ് എസ്., മീശ, ഡി.സി.ബുക്സ്, കോട്ടയം, 2018

3.       ജോബിന്‍ ചാമക്കാല ഡോ., നോവലും പ്രാദേശികതയും, ആത്മ ബുക്സ്, കോഴിക്കോട്, നവംബര്‍ 2022.

4.       രോഷ്നി സ്വപ്ന പി.ഡോ., മലയാളസാഹിത്യം ഗവേഷണ ജേണല്‍, സാഹിത്യ ഫാക്കല്‍റ്റി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല, മലപ്പുറം, ജൂണ്‍ 2022.

5.       ഷാജി ജേക്കബ്, ആധുനികാനന്തര മലയാലനോവല്‍ വിപണി - കല - പ്രത്യയശാസ്ത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, ജൂലൈ 2018.

6.       ശിവദാസ് കെ.കെ., മലയാളനോവല്‍ രണ്ടായിരത്തിനുശേഷം, പാപ്പിറസ് ബുക്സ്, കോട്ടയം, ജൂണ്‍ 2014.

സ്വാതികൃഷ്ണ ആര്‍.

ഗവേഷക, മലയാളവിഭാഗം,

യൂണിവേഴ്സിറ്റി കോളേജ്,

തിരുവനന്തപുരം       

         

 
 
 

Related Posts

ജ്ഞാനപ്പാനയുടെ ഹിന്ദി വിവർത്തനം - ഡിജിറ്റൽ പ്രസാധനത്തിന്റെ വെളിച്ചത്തിൽ ഒരു വിമർശനാത്മകപഠനം

ഡോ. ഐശ്വര്യ പി. അസിസ്റ്റന്റ് പ്രൊഫസർ, ഭാഷാശാസ്ത്രസ്കൂൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല     പ്രബന്ധസംഗ്രഹം വിവർത്തനകൃതികളും ഇ-പബ്ലിഷിംഗുമായി ബന്ധപ്പെട്ട് വരുന്ന സങ്കീർണതകളെയും വെല്ലുവിളികളെയും മലയാളഭ

 
 
 
ക്വീർ സമൂഹവും മലയാള സിനിമയും

ശ്രീലക്ഷ്മി എസ് പ്രബന്ധ സംഗ്രഹം          മുഖ്യധാരയിൽ നിന്ന് ഒരുകാലത്ത് സമൂഹം അകറ്റി നിർത്തിയിരുന്ന വിഭാഗമാണ് ക്വീർ. ചേർത്ത് പിടിക്കലുകളുടെ പുതിയ കാലത്ത് സാഹിത്യത്തിലും കലയിലും അവർക്ക് അനുകൂലമായ നിലപാട

 
 
 
ഗോത്രഭാഷയുടെ സാമൂഹികഭാഷാസ്വഭാവം: മലവേട്ടുവഗോത്രത്തെ ആസ്പദമാക്കിയുള്ള പഠനം

കാവ്യ കണ്ണൻ    പ്രബന്ധ സംഗ്രഹം             സമൂഹവും ഭാഷയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഭാഷയുടെ സഹായത്താൽ സമൂഹത്തെയും സംസ്കാരത്തെയും പഠിക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ ഭാഷയ്ക്കും സമൂഹത്തിനും തമ്മിലുള്ള

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. എം. രാമചന്ദ്രൻ പിള്ള

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page