top of page

കേരളീയ തീരദേശജീവിതം -പ്രാദേശികപാരമ്പര്യവാദങ്ങളും അധിനിവേശവും

  • Mar 16
  • 6 min read

Updated: 2 days ago

ഡോ. ജോര്‍ജ്ജ് അലോഷ്യസ്

പ്രബന്ധസംഗ്രഹം

തീരദേശത്ത് കുടിയേറ്റസ്വഭാവം നിലനില്‍ക്കുന്നതിനാല്‍ തദ്ദേശീയമായ ചില അധികാര കേന്ദ്രങ്ങള്‍ വളര്‍ന്നുവന്നിട്ടുണ്ട്. പ്രാദേശിക-പാരമ്പര്യവാദങ്ങള്‍ ഇതിനെ പിന്‍പറ്റി രൂപപ്പെട്ടു. അതോടൊപ്പം വൈദേശികാധിനിവേശവും ഉണ്ടായി. വ്യാപാരത്തിനായി എത്തിയ വൈദേശികര്‍ തീരദേശജീവിതത്തിന്റെ സാമൂഹിക-സാംസ്കാരിക പരിസ്ഥിതിയില്‍ ഉള്‍ച്ചേര്‍ന്നു. ഇങ്ങനെ തദ്ദേശീയവും വൈദേശികവുമായ ജീവിതക്രമം രൂപപ്പെട്ടു.

താക്കോല്‍വാക്കുകള്‍

പ്രാദേശികവാദം/പാരമ്പര്യവാദം, അപ്രഖ്യാപിത നിയമങ്ങള്‍, പ്രാദേശിക നീതിപീഠങ്ങള്‍, കടല്‍ക്കോടതികള്‍, കുടിയേറ്റജനത, വൈദേശിക സ്വാധീനം, ആംഗ്ലോ-ഇന്ത്യന്‍ ജനത, പദ്രോവാദോ, സ്രാപ്പീലിക്കുത്തക.

കേരള ജനസംഖ്യയുടെ 3.3 ശതമാനത്തിലധികം ആളുകള്‍ മത്സ്യബന്ധനം തൊഴിലാ ക്കിയവരാണ്. ഇരുന്നൂറിലധികം മത്സ്യഗ്രാമങ്ങളും ചെറുതും വലുതുമായ വിപണന കേന്ദ്രങ്ങളും (ഹാര്‍ബര്‍) കേരളത്തിലുണ്ട്. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയില്‍ തീരദേശ മേഖല നിര്‍ണായക ശക്തിയാണ്. ജീവിതരീതി, തൊഴില്‍, മതം, ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, മൂല്യങ്ങള്‍, ഭാഷ എന്നിവ കൊണ്ട് വ്യത്യസ്തമായ ഭൂമികയാണു തീരദേശം. തീരദേശത്ത് വ്യത്യസ്തമായ സാമൂഹിക ക്രമം നിലനില്‍ക്കുന്നുണ്ട്. മത്സ്യബന്ധനത്തിന് നിയതമായ സ്ഥലം നിര്‍ണ്ണയിക്കാന്‍ കഴിയാത്തതിനാല്‍ കുടിയേറ്റ സ്വഭാവമുണ്ട്. ഈ കുടിയേറ്റ സ്വഭാവത്തില്‍ നിന്നാണ് പ്രദേശിക പാരമ്പര്യവാദങ്ങള്‍ ശക്തമായത്. കേരളത്തിന്റെ തീരദേശം കേന്ദ്രീകരിച്ചാണ് വൈദേശിക ശക്തികള്‍ വ്യാപാരത്തിനായി എത്തിയത്. കാല ക്രമേണ വൈദേശിക സംസ്കാരം തീരദേശത്ത് രൂപപ്പെട്ടു. സാമൂഹിക ജീവിതത്തില്‍ വൈദേശി കാഭിമുഖ്യവും സാംസ്കാരിക സമന്വയവും ഉണ്ടായിട്ടുണ്ട്. 

പ്രാദേശികവാദം/പാരമ്പര്യവാദം

തീരപ്രദേശങ്ങളില്‍ ഭൂരിപക്ഷസമുദായത്തിന് അലിഖിതമായ അധികാരമുണ്ട്. കുടിയേറിയവരോട് അപ്രഖ്യാപിതവിലക്കുകള്‍ സാമൂഹ്യജീവിതത്തില്‍ സൂക്ഷിക്കുന്നവരുമുണ്ട്. ആദ്യകാലങ്ങളില്‍ ഇങ്ങനെയുള്ള വേര്‍തിരിവു രൂക്ഷമായിരുന്നു. ഭാഷ, ദേശം, ജാതി, മതം ഇവയൊക്കെ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരേ മതത്തില്‍പെട്ടവര്‍ പോലും ജാതീയമായ വേര്‍തിരിവു പ്രകടിപ്പിച്ചിരുന്നു. യാതൊരുവിധ ബന്ധുത്വസ്വീകരണത്തിനും തയ്യാറായിരുന്നില്ല. പ്രദേശഭേദ മനുസരിച്ചു ചില സംജ്ഞകളും ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. കൊല്ലം തീരദേശത്തു തമിഴ്നാട്ടില്‍ നിന്നു കുടിയേറിയവരെ 'തെക്കേക്കൂട്ടം' എന്നാണു വിളിച്ചിരുന്നത്. ഇവര്‍ കാലക്രമേണ നാട്ടുകാരായി മാറിയെങ്കിലും പ്രാദേശികമായി നല്‍കിയ ഈ പേരിലാണ് ഇപ്പോഴും അറിയപ്പെടുന്നത്. പാരമ്പര്യമായി അവിടെ ജീവിച്ചിരുന്നവരെ വടക്കേക്കൂട്ടം എന്നറിയപ്പെടുന്നു. തെക്കേക്കൂട്ടത്തിന് 'അഞ്ഞൂറ്റിയൊന്നുകാര്‍' എന്നും വടക്കേക്കൂട്ടത്തിന് 'എഴുന്നൂറ്റിയൊന്നുകാര്‍' എന്നുമുള്ള വ്യത്യസ്ത സംജ്ഞകള്‍കൂടിയുണ്ട്. കൊല്ലം തീരദേശത്ത് 'മൂതാക്കര' ഭാഗങ്ങളിലേക്ക് കുടിയേറിയ തമിഴ് ജനതയാണ് ഇങ്ങനെയൊരു സാമൂഹ്യവിലക്കു നേരിട്ടുജീവിക്കുന്നത്. വീടുകളിലെ നിത്യസംഭാഷ ണങ്ങളില്‍ തമിഴ് ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. കുടുംബത്തിനു പുറത്തുള്ളവരോടു സംസാരിക്കുമ്പോള്‍ തമിഴ് കലര്‍ന്ന മലയാളം ഉപയോഗിക്കും. ടി.വി.ചാനല്‍ പരിപാടികളിലും മറ്റു വിനോദപരിപാടികളിലും തമിഴ്ഭാഷയോടുള്ള താത്പര്യം പ്രകടമാണ്. ഇവരെ വിവാഹം ചെയ്യുന്നതിനോ മറ്റു രീതിയിലുള്ള ബന്ധുത്വം സ്വീകരിക്കുന്നതിനോ വിലക്ക് ഉണ്ടായിരുന്നു. പുരോഗമനപ്രസ്ഥാനങ്ങള്‍, സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങള്‍ എന്നിവയുടെ വളര്‍ച്ചയോടെ ഈ വിലക്കുകള്‍ ഏറെക്കുറെയില്ലാതെയായി. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഈ വേര്‍തിരിവു തിരികെ വരുന്നതുകാണാം.

ബ്രിട്ടീഷ് ഭരണകാലത്തു നടന്ന കുടിയേറ്റത്തിന്‍റെ ഭാഗമായാണ് 'തൊണ്ണൂറാംകൂട്ടം' കൊല്ലം തങ്കശ്ശേരിയില്‍ രൂപപ്പെട്ടത്. 1902-ല്‍ മാന്നാര്‍, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ നിന്നു മരപ്പണി, കല്‍പ്പണി എന്നിവയില്‍ വൈദഗ്ധ്യമുള്ളവരെ തങ്കശ്ശേരി ഭാഗങ്ങളിലേക്കു കൊണ്ടു വന്നിരുന്നു. ബ്രിട്ടീഷ് ഭവനങ്ങളിലും ഓഫീസുകളിലും തൊഴില്‍ ചെയ്യാനായി കൊണ്ടുവന്ന ഇവര്‍ പിന്നീടു പ്രാദേശികമായി തൊഴില്‍ ചെയ്തു തുടങ്ങി. ഇവരെയാണു തൊണ്ണൂറാംകൂട്ടം എന്ന പേരില്‍ അറിയപ്പെട്ടത്.

മത്സ്യത്തൊഴിലാളികള്‍ മത്സ്യലഭ്യതയുള്ള പ്രദേശം തേടി അലയുന്നവരാണ്. ഇങ്ങനെ യുള്ള സന്ദര്‍ഭങ്ങളില്‍, സ്വദേശം വിട്ടു മറ്റു തീരദേശങ്ങളെ മത്സ്യം വില്‍ക്കുന്നതിനായും വിശ്രമത്തിനായും ആശ്രയിക്കേണ്ടിവരും. ആധുനിക ഗതാഗതസൗകര്യങ്ങളുള്ള സ്ഥലത്തു കരമാര്‍ഗമുള്ള യാത്രാസൗകര്യം ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ധാരാളമാണ്. മീന്‍ലഭ്യതയുള്ള സ്ഥലങ്ങളില്‍ തന്നെ വള്ളങ്ങള്‍ കരയ്ക്ക് അടുപ്പിച്ചതിനുശേഷം സുരക്ഷിതമായ ഏതെങ്കിലും കരകളില്‍ കെട്ടിയിടുകയും റോഡുഗതാഗതം വഴി ജില്ലകള്‍ താണ്ടി വീട്ടിലെത്തുകയും ചെയ്യുന്നവരുണ്ട്. പ്രത്യേകിച്ചു മതപരവും പ്രാദേശികവുമായി തീരദേശങ്ങള്‍ നിശ്ചയിച്ച അവധി ദിവസങ്ങള്‍ കണക്കാക്കി വീട്ടില്‍പോകുന്ന രീതിയാണുള്ളത്. ഇങ്ങനെ മറ്റു കരകളെ ആശ്രയിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ പ്രദേശികമായ ചില ചൂഷണങ്ങള്‍ നേരിടേണ്ടിവരും. മത്സ്യവില്പന സമയത്തു പ്രാദേശിക വള്ളങ്ങള്‍ നല്‍കുന്ന കമ്മീഷന്‍ തുകയെക്കാള്‍ അധിക തുക ലേലക്കാരന്‍ ഇവരില്‍ നിന്ന് ഈടാക്കുന്ന രീതി പൊതുവെ എല്ലാ പ്രദേശങ്ങളിലുമുണ്ട്. ലേലക്കാരന്‍റെ പ്രാദേശിക ബന്ധം ഉപയോഗിച്ചു ചില സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ പ്രതിഫലമായിട്ടാണ് അധിക തുക ഈടാക്കുന്നത്. ദേശം വിട്ടുവരുന്നവര്‍ക്കു ലേലക്കാരന്റെ പ്രാദേശികബന്ധം ആവശ്യമായതിനാല്‍ ഗതികേടുകൊണ്ട് അനുസരിക്കേണ്ടിവരുന്നു.


അപ്രഖ്യാപിത നിയമങ്ങള്‍ : തൃശ്ശൂരിലെ ചാവക്കാട് തീരപ്രദേശങ്ങളിലുള്ള മത്സ്യത്തൊഴിലാളികളില്‍ ഭൂരിഭാഗവും തിരുവനന്തപുരം ജില്ലയില്‍ നിന്നും തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ളവരാണ്. തദ്ദേശീയരായ മീന്‍പിടുത്തക്കാര്‍ കുറവാണ്. അന്യജില്ലക്കാരായ മത്സ്യ ത്തൊഴിലാളികള്‍ക്കു സെപ്തംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ മാത്രമേ കടലില്‍ പോകാനനുവാദമുള്ളു. സീസണ്‍കാലയളവായ ജൂണ്‍ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ മീന്‍പിടുത്തം തദ്ദേശീയര്‍ക്കു മാത്രമുള്ളതാണ്. അന്യദേശക്കാര്‍ പ്രസ്തുതമാസങ്ങളില്‍ സ്വന്തം നാട്ടിലേക്കുപോവുകയും അവിടെ തൊഴിലിലേര്‍പ്പെടുകയുമാണു ചെയ്യുന്നത്. സീസണിലുള്ള മീന്‍ പിടുത്തരീതിയാണ് പൊതുവെ തദ്ദേശീയര്‍ക്കറിയാവുന്നത്. മറ്റു മാസങ്ങളിലെ മീന്‍പിടുത്തം ഉള്‍ക്കടലിനെ കേന്ദ്രീകരിച്ചായതിനാല്‍ തദ്ദേശീയര്‍ പോകാറില്ല. തെക്കന്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ അതിസാഹസികരായതിനാല്‍ ഏതു കാലാവസ്ഥയിലും എത്ര ദൂരത്തും കടലില്‍ പോകും.


പ്രാദേശിക നീതിപീഠങ്ങള്‍ : ആദ്യകാലങ്ങളില്‍ തീരദേശനീതിന്യായവ്യവസ്ഥ ഏറെക്കുറെ മതാതിഷ്ഠിതമായിരുന്നു. മതപുരോഹിതന്‍മാരും മതാധികാരികളുമാണ് കോടതികളായി വര്‍ത്തിച്ചിരുന്നത്. എല്ലാ മതങ്ങളിലും ഈ രീതി തന്നെയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, സാമ്പത്തികപ്രശ്നങ്ങള്‍, പൊതുസമൂഹത്തെ ബാധിക്കുന്നപ്രശ്നങ്ങള്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലുമുള്ള പ്രശ്നങ്ങള്‍ക്കു മേല്‍പ്പറഞ്ഞ അധികാര സ്ഥാനങ്ങള്‍ പരിഹാരം കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള നിയമസംരക്ഷണ മാര്‍ഗ്ഗങ്ങളിലേക്കു പോകാതെതന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടലുകളും നടക്കാറുണ്ട്. ഭൂരിപക്ഷസന്ദര്‍ഭങ്ങളിലും ഇരുകൂട്ടര്‍ക്കും സമ്മതമായ പ്രശ്നപരിഹാരം കണ്ടെത്തിയിരുന്നു. ജനാധിപത്യബോധമുള്ള തീരുമാനങ്ങള്‍ ഉണ്ടാകുന്നതുകൊണ്ടുതന്നെ ഈ അധികാരവ്യവസ്ഥയ്ക്കു വലിയ പിന്തുണയുണ്ടായിരുന്നു.


കടല്‍ക്കോടതികള്‍ : കണ്ണൂര്‍, കാസര്‍കോഡ് തീരപ്രദേശങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന നീതിന്യായ സംവിധാനമാണു കടല്‍ക്കോടതി. കടലില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, കരയില്‍ വള്ളക്കാര്‍ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്കു പരിഹാരം കാണുന്നതിനായി രൂപം കൊണ്ട താണിത്. ചെറിയ പ്രശ്നങ്ങള്‍ വലിയ സാമൂഹ്യപ്രശ്നങ്ങളായി മാറാതിരിക്കാനാണ് ഇത്തരം വ്യവസ്ഥകള്‍ ശ്രമിക്കുന്നത്. തീരദേശത്തുണ്ടാകുന്ന പ്രശ്നങ്ങളുടെ പൊതുസ്വഭാവം മനസ്സിലാക്കുന്നതിനു സര്‍ക്കാര്‍ നീതിപീഠങ്ങള്‍ക്കു കഴിയണമെന്നില്ല. മാത്രവുമല്ല, കേസുകളുമായി മുന്നോട്ടുപോയാല്‍ നിരവധി തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടും. കടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കടല്‍ക്കോടതി പരിഹരിക്കുന്നത് ഇരുകൂട്ടര്‍ക്കും സമ്മതമാണ്. പ്രശ്നങ്ങള്‍ രൂക്ഷമാകാതെ പരിഹരിക്കപ്പെടുന്നുവെന്നതിനാല്‍ ഈ നീതിവ്യവസ്ഥയ്ക്കു മേല്‍പ്പറഞ്ഞ ജില്ലകളില്‍ വലിയ സ്വീകാര്യതയാണ്. പ്രശ്നപരിഹാരം നിര്‍ണയിക്കുന്നതു തങ്ങളുടെ ഇടയിലുള്ള ആളുകളായ തിനാല്‍, പ്രശ്നങ്ങളുടെ ലഘു- ഗുരുത്വങ്ങള്‍ക്കനുസരണം പരിഹാരമാര്‍ഗ്ഗങ്ങളുണ്ടാകുമെന്നു തീരദേശജനത വിശ്വസിക്കുന്നു. ഈ കടല്‍ക്കോടതികള്‍ തന്നെയാണു സ്വയം സഹായ സംഘങ്ങളായി പ്രവര്‍ത്തിക്കുന്നത്. സംഘങ്ങളുടെ പ്രവര്‍ത്തനച്ചെലവു വഹിക്കുന്നതു മത്സ്യത്തൊഴിലാളികള്‍ തന്നെയാണ്.


കുടിയേറ്റജനത

തീരദേശജനതയില്‍ വലിയൊരു ഭാഗം കുടിയേറ്റ ഗണത്തില്‍ ഉള്‍പ്പെടുന്നു. മത്സ്യബന്ധനത്തിന്റെ സ്വഭാവമാണ് ഇതിനു കാരണം. മത്സ്യം തേടിയുള്ള യാത്രയില്‍ കേരളത്തിന്റെ തെക്കുനിന്നു വടക്കു ഭാഗത്തേക്കു വലിയതോതില്‍ കുടിയേറ്റമുണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങള്‍ കടന്നു കുടിയേറ്റമുണ്ടായെങ്കിലും ഇവിടെ പ്രതിപാദിക്കുന്നതു കേരളത്തിനകത്തു നടന്ന കുടിയേറ്റങ്ങളാണ്. തെക്കന്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റജനതയുള്ളത്. ഇതില്‍ ഭൂരിഭാഗവും തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുവരുന്നവരാണ്. ചില ഉദാഹരണങ്ങള്‍ താഴെ വിവരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലുള്ള 'മരിയനാട്' ഭാഗത്തു പൂര്‍ണമായും കുടിയേറ്റ ജനത മാത്രമാണുള്ളത്. ഈ പ്രദേശം 'ആളില്ലാത്തറ' എന്നാണു മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ വിജനമായ പ്രദേശമായിരുന്നു. ആദ്യകാല ബിഷപ്പായ പീറ്റര്‍ ബര്‍ണാഡ് തിരുമേനി വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇവിടേയ്ക്കു ആളുകളെ കൊണ്ടുവരികയും നാല്പതു കോളനികള്‍ സ്ഥാപിക്കുകയും ചെയ്തു. ഇന്നു ജീവിച്ചിരിക്കുന്ന ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ചെറുപ്രായത്തില്‍ മാതാപിതാക്കളോടൊപ്പം കുടിയേറിയതാണ്. ഈ കുടിയേറ്റത്തോടെ 'ആളില്ലാത്തറ' ജനവാസ കേന്ദ്രമായി മാറുകയും പിന്നീടു  'മരിയനാട് കോളനി' എന്ന് അറിയപ്പെടുകയും ചെയ്തു. വളരെ വേഗം സമ്പല്‍സമൃദ്ധപ്രദേശമായി ഇവിടം മാറി. സ്കൂളുകള്‍, പള്ളികള്‍, ലൈബ്രറി, കളിസ്ഥലം, ബാങ്ക്, നിരവധി ബഹുനില കെട്ടിടങ്ങള്‍ എന്നിവയുടെ വരവോടെ മരിയനാട് കോളനിയിലെ കോളനി ശബ്ദം ഒഴിവാകുകയും 'മരിയനാട്' എന്നറിയ പ്പെടുകയും ചെയ്തു. വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നു കുടിയേറിയതിനാല്‍ ആദ്യകാലങ്ങളില്‍ സംസ്കാരവൈവിധ്യം പ്രകടമായിരുന്നു. പിന്നീടു സംസ്കാരസമന്വയത്തിലേക്കു മാറി. തമിഴ്‌വംശജരുടെ കുടിയേറ്റമായിരുന്നതിനാല്‍ സംഭാഷണത്തില്‍ ധാരാളം തമിഴ്പദങ്ങളുണ്ട്. ചിലപ്പോള്‍ സംഭാഷണം പൂര്‍ണ്ണമായും തമിഴായിരിക്കും.

കൊല്ലം ജില്ലയിലുള്ള മൂതാക്കര തമിഴ്കുടിയേറ്റ ജനതയുടെ സാന്നിദ്ധ്യം കൂടുതലുള്ള പ്രദേശമാണ്. ഇവിടെയുള്ള ജനങ്ങളില്‍ ഭൂരിഭാഗവും തമിഴ് ഭാഷാസ്വത്വവും സംസ്കാരവും പുലര്‍ത്തുന്നു. തമിഴ്നാടിനെ അനുസ്മരിപ്പിക്കുന്ന ജീവിതരീതിയാണ് ഈ പ്രദേശത്തുള്ളത്. കുടുംബങ്ങളിലും ഉറ്റസൗഹൃദവലയങ്ങളിലും പലപ്പോഴും തമിഴ്ഭാഷ മാത്രമേ ഉപയോഗിക്കു. അതുപോലെ ടി.വി ചാനലുകള്‍, സിനിമകള്‍, വിനോദപരിപാടികള്‍ എന്നിവയിലെല്ലാം തമിഴ്ഭാഷയോടുള്ള ബന്ധം പ്രകടമാണ്. വേഷവിധാനങ്ങള്‍, ആഭരണങ്ങള്‍, പൊതുപരിപാടികള്‍, ആഘോഷപരിപാടികള്‍ തുടങ്ങിയവയില്‍ തമിഴ്സംസ്കാരത്തിന്റെ സാന്നിദ്ധ്യമുണ്ട്. മൂതാക്കരപ്രദേശത്തു സ്ഥിതി ചെയ്യുന്ന സെന്‍റ് പീറ്റര്‍ ദേവാലയത്തില്‍ തമിഴ്ഭാഷയിലുള്ള പൂജാകര്‍മ്മങ്ങള്‍ എല്ലാ ദിവസവുമുണ്ട്.

തെക്കന്‍ കേരളത്തിലെ തമിഴ് കുടിയേറ്റം കൊല്ലം ജില്ലയോടെ അവസാനിക്കുന്നതായും മുനമ്പം, തൃശ്ശൂര്‍ ഭാഗങ്ങളില്‍ നിന്നു പുനരാരംഭിക്കുന്നതായും കാണാം. മുനമ്പം ഭാഗങ്ങളില്‍ വളരെ കുറച്ചു മാത്രമേ ജനാധിവാസമുള്ളു. തൃശ്ശൂര്‍ ഭാഗങ്ങളിലേക്കാണു പിന്നീട് അധിവാസം കൂടുതലായി കണ്ടുവരുന്നത്. ചാവക്കാടു പ്രദേശങ്ങളില്‍ ഏകദേശം ഒന്‍പതുമാസത്തോളം മത്സ്യബന്ധനം നടത്തുന്നതു തമിഴ്‌വംശജരോ തിരുവനന്തപുരത്തുനിന്നു കുടിയേറിയവരോ ആണ്. സീസണ്‍ മാസങ്ങളായ ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ തദ്ദേശീയര്‍ മാത്രമേ കടലില്‍ പോകുകയുള്ളു. ഈ സമയങ്ങളില്‍, കുടിയേറ്റവിഭാഗക്കാര്‍ തങ്ങളുടെ സ്വദേശങ്ങളിലെ തൊഴിലിടങ്ങളിലേക്കു പേകേണ്ടിവരും.

കൊച്ചി കേന്ദ്രമാക്കിയുള്ള കുടിയേറ്റം പ്രധാനമായും തുറമുഖത്തെ അടിസ്ഥാന മാക്കിയുള്ളതാണ്. മുന്‍കാലങ്ങളില്‍ കൊച്ചിയിലേക്കു മറ്റു പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ എത്തിയിരുന്നു. പ്രധാനമായും മലപ്പുറം ജില്ലയില്‍ നിന്നുള്ള മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരാ യിരുന്നു. ബഹുഭൂരിപക്ഷം കുടിയേറ്റക്കാരും അനഭ്യസ്ഥവിദ്യരായിരുന്നു. ഈ കുടിയേറ്റത്തിന്റെ പിന്‍തലമുറക്കാരാണ് ഫോര്‍ട്ട് കൊച്ചിയില്‍ ഇന്നു കാണുന്ന മുസ്ലീം വിഭാഗങ്ങള്‍.

കാസര്‍കോഡ്, മരക്കാപ്പിലെ മത്സ്യത്തൊഴിലാളികളില്‍ 'വാലന്മാര്‍' എന്ന വിഭാഗം എറണാകുളത്തു നിന്നു കുടിയേറിയവരാണ്. പുഴയില്‍ നിന്നു മത്സ്യം പിടിക്കാന്‍ പ്രത്യേക കഴിവുള്ള ഈ വിഭാഗം കടലും പുഴയും ചേര്‍ന്ന ഭാഗങ്ങളിലാണു പ്രധാനമായും ഉപജീവനം നടത്തിയിരുന്നത്. വലിയമുതല്‍മുടക്കില്ലാതെ മത്സ്യബന്ധനം നടത്തുന്നവരാണു വാലവിഭാഗ ത്തിലെ മത്സ്യത്തൊഴിലാളികള്‍. 'വാലന്‍മാരുടെ മീന്‍' എന്ന വിളിപ്പേരും ഇവരുടെ മത്സ്യത്തി നുണ്ട്. ഇവര്‍ മത്സ്യവിപണനം ചെയ്യുന്നത് അതിരാവിലെയാണ്. ഇതര മത്സ്യത്തൊഴിലാളികള്‍ എത്തുന്നതിനു മുമ്പു തന്നെ തങ്ങളുടെ മത്സ്യവിപണനം പൂര്‍ത്തിയാക്കും. അതുകൊണ്ടു തന്നെ ഇവരുടെ സമ്പത്തിനെക്കുറിച്ചു മറ്റുള്ളവര്‍ക്ക് അറിവുണ്ടായിരുന്നില്ല. വളരെവേഗം ധനികരായി മാറിയ മത്സ്യത്തൊഴിലാളി വിഭാഗമാണിവര്‍. ജീവിതരീതിയിലും സംസ്കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു. നീലേശ്വരത്തെ 'ആലുങ്കല്‍ ഭദ്രകാളീക്ഷേത്രം' ഇവരുടെ അധികാരപരിധിയിലാണ്. ഉത്സവത്തിന്റെ ഭാഗമായി വലിയ ആഘോഷപരിപാടികള്‍ ഈ ക്ഷേത്രത്തില്‍ നടത്തുന്നുണ്ട്.

ആദ്യകാലം മുതലെ കേരളത്തിലെ തീരദേശങ്ങളില്‍ കുടിയേറ്റം സാര്‍വ്വത്രികമായിരുന്നു. ഇതിന്‍റെ നിരവധി സംസ്കാരിക അവശേഷിപ്പുകള്‍ ഇന്നും പ്രകടമായി നിലനില്‍ക്കുന്നുണ്ട്. മലയോരജനതയ്ക്കു സമാനമായ കുടിയേറ്റം തീരദേശങ്ങളിലുമുണ്ടായിട്ടുണ്ട്.


വൈദേശിക സ്വാധീനം : കേരളത്തില്‍ എത്തിയ എല്ലാ വൈദേശികരുടെയും സഞ്ചാര മാര്‍ഗ്ഗം കടലായിരുന്നു. കേരളത്തെക്കുറിച്ച് ആദ്യമെഴുതിയ പെരിപ്ലസിന്റെ (എ.ഡി.80) കര്‍ത്താവു മുതല്‍ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും വരെ കേരളത്തിലെത്തിയതു കടല്‍ വഴിയായിരുന്നു. കച്ചവടത്തിനായി എത്തിയ വൈദേശികര്‍ക്കു തീരപ്രദേശങ്ങളില്‍ തൊഴില്‍ശാലകളും കോട്ടകളും താമസസൗകര്യത്തിനായി വീടുകളും നിര്‍മ്മിച്ചു. ഇതിനെത്തുടര്‍ന്നു വൈദേശികസംസ്കാരം തീരപ്രദേശങ്ങളില്‍ പടര്‍ന്നുകയറി. ഉദാഹരണത്തിനായി വൈദേശികര്‍ നിര്‍മ്മിച്ച ചില കോട്ടകെട്ടിടങ്ങള്‍ താഴെ സൂചിപ്പിക്കുന്നു.


പോര്‍ച്ച്ഗീസ് നിര്‍മ്മാണം : സെന്‍റ് ആഞ്ചലോസ് കോട്ട, ചാലിയം കോട്ട, തങ്കശ്ശേരി സെന്റ് തോമസ് കോട്ട (ഡച്ചുകാര്‍ പിന്നീട് കീഴടക്കി ഡച്ച്കോട്ട എന്ന് അറിയപ്പെട്ടു) പള്ളിപ്പുറം കോട്ട.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പിനി : 1895 ല്‍ അഞ്ചുതെങ്ങ് കോട്ട, 1705 ല്‍ തങ്കശ്ശേരി കോട്ട.

മേല്‍പ്പറഞ്ഞതു കൂടാതെ നിരവധി കോട്ടകളും പണിശാലകളും ബംഗ്ലാവുകളും തീരദേശങ്ങളില്‍ വൈദേശികര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവയുടെ അവശേഷിപ്പുകള്‍ പല സ്ഥലങ്ങളിലും കാണാം. കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിലേക്കു പ്രവേശിക്കുന്ന കവാടത്തിനു 'കാവല്‍' എന്നാണ് ഇന്നും അറിയപ്പെടുന്നത്. കമാനകൃതിയിലുള്ള ഈ കവാടത്തിനു മുന്നില്‍ കാവല്‍ക്കാര്‍ അധിനിവേശകാലത്തുണ്ടായിരുന്നു. 'കാവല്‍ജംഗ്ഷന്‍' എന്നാണ് ഈ സ്ഥലത്തെ ഇന്നും വിളിക്കുന്നത്. അതുപോലെതന്നെ ബ്രിട്ടീഷുകാരുടെ കച്ചേരി നിന്നിരുന്ന സ്ഥലം ഇപ്പോഴും തങ്കശ്ശേരിയില്‍ കാണാം. അക്കാലത്ത് ഉപ്പു സൂക്ഷിച്ചിരുന്ന സ്ഥലത്താണ് ഇന്ന് 'ഗാന്ധിസേവാ ലൈബ്രറി' നിലനില്‍ക്കുന്നത്. ഇങ്ങനെ ഓരോ പ്രദേശങ്ങളിലും വൈദേശികാധിനിവേശത്തിന്റെ സ്മാരകങ്ങള്‍ പലതരത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. വൈദേശികബന്ധം പലതരത്തിലാണു കേരളത്തിലെ തീരപ്രദേശങ്ങളെ സ്വാധീനിച്ചത്. ചില ഉദാഹരണങ്ങള്‍ താഴെ ചൂണ്ടിക്കാട്ടുന്നു.

ആംഗ്ലോ-ഇന്ത്യന്‍ ജനത : വൈദേശികരുമായുള്ള സങ്കലിത സാമൂഹ്യജീവിതത്തിന്റെ നേര്‍കാഴ്ചയാണ് ആംഗ്ലോ-ഇന്ത്യന്‍ എന്ന വിഭാഗം. തീരദേശത്തെ സ്ത്രീകളില്‍ ചിലരെ വിവാഹം ചെയ്തും മറ്റു ചിലരെ ലൈംഗികമായി ഉപയോഗിച്ചും രൂപപ്പെട്ട പരമ്പരയാണിത്. വൈദേശിക സ്ത്രീകളില്‍ തദ്ദേശീയ പുരുഷന്‍മാരുമായുള്ള ബന്ധംവഴി രൂപപെട്ട മിശ്രവിഭാഗം വിരളമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ ഇങ്ങനെയുള്ളു. ഇതില്‍ നിന്നുതന്നെ, വൈദേശികരുടെ ലൈംഗിക താത്പര്യങ്ങള്‍ക്കു വിധേയരാകേണ്ടിവന്ന നിസ്വരായ ജനവിഭാഗത്തിന്റെ പരമ്പരയായി ഇവരെ കണക്കാക്കാം. നിയമാനുസൃത വിവാഹജീവിതം നയിച്ച വൈദേശികരുമുണ്ടായിരുന്നു. സാമ്പത്തിക പ്രലോഭനത്താല്‍ വൈദേശികരുമായി ചേര്‍ന്നു കുടുംബജീവിതം ആരംഭിച്ച വരുടെ എണ്ണവും കുറവല്ല.

വൈദേശിക സ്വാധീനത്തിന്റെ ഭാഗമായി അവരുടെ സംസ്കാരവും തീരദേശങ്ങളില്‍ പ്രബലമായി. ആംഗ്ലോ-ഇന്ത്യന്‍ എന്നറിയപ്പെടുന്ന ഈ മിശ്രവിഭാഗക്കാരുടെ വീടുകളിലെ വ്യവഹാര ഭാഷ ഇംഗ്ലീഷായിരുന്നു. ആംഗ്ലോ-ഇന്ത്യന്‍ പരമ്പരയില്‍പ്പെട്ടവരില്‍ മലയാളഭാഷ അറിയാത്തവരുമുണ്ട്. ഇവര്‍ സാധാരണക്കാരുമായി യാതൊരുവിധ ഇടപെടലുകളും നടത്തിയിരുന്നില്ല. പല ദേശങ്ങളിലും പല പേരുകളിലാണ് ഇവരെ തദേശീയര്‍ വിളിച്ചത്. കൊല്ലം തീരദേശങ്ങളില്‍ സ്ത്രീകളെ 'മിസികള്‍' എന്നും പുരുഷന്‍മാരെ 'സായിപ്പ്' എന്നുമാണു വിളിച്ചത്. ഇപ്പോള്‍ വീടുകളില്‍ മാത്രം ഇംഗ്ലീഷ് സംസാരിച്ചും സാധാരണ ജനങ്ങളുമായി അടുത്തു ഇടപഴകിയുമാണു ജീവിക്കുന്നത്. വലിയ പ്രതാപത്തില്‍ ജീവിച്ച ആംഗ്ലോ-ഇന്ത്യന്‍ പരമ്പര യില്‍പ്പെട്ടവര്‍ ഇപ്പോള്‍ സാധാരണക്കാരെ പോലെ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.

കൊല്ലം പ്രദേശത്തെ കൂടാതെ കൊച്ചിയിലും ആംഗ്ലോ-ഇന്ത്യന്‍ ജനതയുണ്ട്. "നഗര ത്തിലെ ലക്ഷണമൊത്ത ആംഗ്ലോ-ഇന്ത്യക്കാര്‍ ഡാഡി, മമ്മി എന്നു വിളിക്കും. അപ്പൂപ്പനേയും അമ്മൂമ്മയേയും പപ്പാഞ്ഞി, മമ്മാഞ്ഞി എന്നും ചേട്ടനെ 'ബൂ' എന്നുമാണി വിളിക്കുന്നത്" (മാത്യൂസ് പി.എഫ്. 47). "ഇംഗ്ലീഷ് പറയാത്ത ആംഗ്ലോ-ഇന്ത്യക്കാരെ 'ചാളപറങ്കികള്‍' എന്നാണ് വിളിച്ചിരുന്നത്. ഇത് ആക്ഷേപരൂപത്തിലാണ് പ്രയോഗിച്ചത്. വീട്ടിലെ മുതിര്‍ന്ന ആണുങ്ങളെ 'അച്ച'യെന്നും സ്ത്രീകളെ ചൂച്ചിയെന്നുമാണ് വിളിച്ചിരുന്നത്. തുണിയും കാവായയും ചൂച്ചിമാര്‍ ധരിക്കുന്നു. ചുവന്നകള്ളികളുള്ള ഞൊറിഞ്ഞുടുക്കുന്ന മുണ്ടാണ് പ്രധാന തുണി. ഈ മുണ്ടിനെ തേവരക്കൈലിയെന്നും വിളിക്കാറുണ്ട്. ചെറിയ കോളര്‍, കയ്യ്, ബട്ടണ്‍ ഉള്ള കാവായയോടൊപ്പം കഴുത്തില്‍ വെന്തിഞ്ഞ എന്നും കൊന്തീഞ്ഞ എന്നും പേരുള്ള മുത്തു മാലയുമണിഞ്ഞ് തലമുടി വാരിക്കെട്ടി കൊണ്ട് സൂചിയും കുത്തിയാല്‍ ചൂച്ചിയുടെ വേഷമായി. പള്ളിപറമ്പുകളില്‍ ആള്‍രൂപങ്ങളും കാശിരൂപങ്ങളും വിറ്റിരുന്ന ഇവര്‍ തലമുറയറ്റുപോയി. പോര്‍ച്ചുഗീസുകാര്‍ പണിയെടുക്കാന്‍ ഇന്തോനേഷ്യയില്‍ നിന്ന് കൊണ്ടുവന്നവരാണ് ഇവരുടെ പൂര്‍വ്വികര്‍" (മാത്യൂസ് പി.എഫ്. 46).


പദ്രോവാദോ : തെക്കന്‍ കേരളത്തിലെ തീരപ്രദേശങ്ങളില്‍  പോര്‍ച്ചുഗീസ് അധിനിവേശ സാമൂഹ്യക്രമത്തിന്റെ ഭാഗമായി നിലവില്‍ വന്ന ഭരണസംവിധാനമാണിത്. നാലുനൂറ്റാണ്ടിലേറെ യായി നിലനിന്നിരുന്ന പോര്‍ച്ചുഗീസ് - ക്രിസ്ത്യന്‍സഭാസംവിധാനം തെക്കന്‍ കേരളത്തിലെ സാമൂഹ്യജീവിതത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കി. ക്രിസ്ത്യന്‍ സഭാതലവനായ പോപ്പും പോര്‍ച്ചുഗല്‍ രാജാവും ചേര്‍ന്ന് ഉണ്ടാക്കിയ ഭരണക്രമമാണിത്. ഈ ധാരണ പ്രകാരം ക്രൈസ്തവ വിശ്വാസികളില്‍ നിന്നു ചുങ്കം പിരിക്കുന്നതിനു പോര്‍ച്ചുഗീസുകാര്‍ക്കും അധികാരമുണ്ടായിരുന്നു. കൂടാതെ വിശ്വാസപരമായകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള അധികാരവുമുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ സാമൂഹികമായ വിലക്ക് ഏര്‍പ്പെടുത്താനും ഈ ഉടമ്പടി സഹായിച്ചു. കൊച്ചി പെദ്രോവാദോ രൂപതയുടെ ഭരണമായിരുന്നു കേരളത്തിലുടനീളം ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ഇന്ത്യയില്‍ പദ്രോവാദോ കരാര്‍ നിലനില്‍ക്കുന്ന സ്ഥലത്തു രാജാധികാരത്തിനതീതമായി ചുങ്കം പിരിക്കാന്‍ ഈ ഉടമ്പടി പ്രകാരം അധികാരം നല്‍കി. വരുമാനത്തിന്റെ ഒരു ഭാഗമാണു വിശ്വാസികളില്‍ നിന്നു ചുങ്കമായി വാങ്ങിയിരുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ടു ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനിന്നിരുന്ന മാമോദീസാ, വിവാഹം തുടങ്ങിയ കൂദാശകളില്‍ നിന്നുപോലും പണം ഈടാക്കിയിരുന്നു. ആഘോഷദിവസങ്ങളിലുണ്ടായിരുന്ന നേര്‍ച്ചപ്പിരിവും കുത്തകയുടെ ഭാഗമാണ്.

പദ്രോവാദോ ഉടമ്പടി തീരദേശത്തെ വിദ്യാഭ്യാസപ്രക്രിയയെ ദോഷകരമായിട്ടാണ് ബാധിച്ചത്. പദ്രോവാദോ അധികാര പ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ നടത്തുവാനുള്ള അധികാരം തങ്ങളുടേതാണെന്നു വാദിക്കുകയും സര്‍ക്കാര്‍ സഹായങ്ങളില്‍ നിന്ന് ഈ പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു. കേരളത്തിലെ ഇതരദേശങ്ങള്‍ വിദ്യാഭ്യാസാഭിവൃദ്ധി നേടിയ പ്പോള്‍ തീരദേശം ഒഴിവാക്കപ്പെട്ടു. പുരോഗമനാശയങ്ങളിലേക്കു പോകാതിരിക്കാന്‍ തിട്ടൂരമിറ ക്കുകയും ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കു പോകാതിരിക്കാന്‍ പ്രചാരവേലകള്‍ നിരന്തരം നടത്തുകയും ചെയ്തു. ചുരുക്കത്തില്‍ തീരദേശത്തെ വിദ്യാഭ്യാസപരമായി തകര്‍ത്ത തില്‍ ഈ സംവിധാനം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.


സ്രാപ്പീലിക്കുത്തക : പദ്രോവാദോ സംവിധാനത്തിന്റെ ഭാഗമായി ഈടാക്കിയ ചുങ്കമാണിത്. കടലില്‍ നിന്നു കിട്ടുന്ന ഏറ്റവും വിലപിടിച്ച വസ്തു ചുങ്കമായി എടുത്തിരുന്നു. ഇതിന്റെ ഭാഗമായി, കടലില്‍ പണിക്കു പോകുന്നവര്‍ക്ക് ലഭിക്കുന്ന സ്രാവിന്റെ വിലപിടിപ്പുള്ള ചിറകു ചുങ്കമായി നല്‍കണമെന്നു വ്യവസ്ഥ ചെയ്തു. ഇതു കൃത്യമായി പിരിച്ചെടുക്കുന്നതിനു കുത്തക സംവിധാനമുണ്ടായിരുന്നു. ഇങ്ങനെ സ്രാവിന്റെ ചിറകു കുത്തകയായി ഈടാക്കിയതിനാല്‍ സ്രാപ്പീലികുത്തക എന്നറിയപ്പെട്ടു.

പ്രാദേശികവാദങ്ങളുടേയും വൈദേശികാധിനിവേശത്തിന്റെയും സ്മാരകങ്ങള്‍ ഇന്നും തീരദേശത്തുണ്ട്; ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നു മാത്രം. കാലാന്തരത്തില്‍ ഇവയ്ക്ക് ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ലോകത്തിലാകമാനമുണ്ടായ പുരോഗമനാശയങ്ങളുടെ വളര്‍ച്ച തീരദേശ ജീവിത ത്തിലും വ്യത്യാസം ഉണ്ടാക്കിയിട്ടുണ്ട്. ഇതര സാമൂഹികാവസ്ഥയില്‍ നിന്ന് തീരദേശത്തെ വേര്‍തിരിക്കുന്നത് മേല്‍പ്പറഞ്ഞ ഘടകങ്ങളുടെ ചേരുവയാണ്. ഈ ഘടകങ്ങള്‍ തന്നെയാണ് തീരദേശത്തിന്റെ തനിമയ്ക്കും സ്വത്വജൈവികതയ്ക്കും അടിസ്ഥാനം.

ഗ്രന്ഥസൂചി

1.ആന്‍ഡ്രൂസ് എ. എണ്ണിയാല്‍ തീരാത്ത നൊമ്പരങ്ങള്‍. എ. ആന്‍ഡ്രൂസ്, 2006.

2...  കടല്‍മുത്ത്. ഡി.സി. ബുക്സ്, 1990.

3....  അറേബ്യന്‍ സമുദ്രത്തിന്റെ ഹൃദയത്തുടിപ്പുകള്‍. എ.ആന്‍ഡ്രൂസ്, 2017.

4.മാത്യു, ഏര്‍ത്തയില്‍. കേരളത്തിലെ മത്സ്യത്തൊഴിലാളി പ്രസ്ഥാനം. ഡി.സി. ബുക്സ്, 2002.

5.മാത്യൂസ് പി.എഫ്. തീരജീവിതത്തിന് ഒരു ഒപ്പീസ്. ഡി.സി.ബുക്സ്, 2018.

6.വില്‍ഫ്രഡ്. തീരം തേടി. എവര്‍ഗ്രീന്‍ ബുക്സ്, 2019.

ഡോ. ജോര്‍ജ്ജ് അലോഷ്യസ്

അസോസിയേറ്റ് പ്രൊഫസര്‍

മലയാള വിഭാഗം

ബേബിജോണ്‍ മോമ്മോറിയല്‍ 

ഗവ. കോളേജ്, ചവറ, കൊല്ലം.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്




സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page