top of page

ചിന്താവൈകല്യവും വിഷാദവും,'എൻമകജെ' നോവലിലെ നീലകണ്ഠൻ എന്ന കഥാപാത്രത്തെ ആസ്‌പദമാക്കിയുള്ള മനഃശാസ്ത്രപഠനം

  • Mar 16
  • 5 min read

Updated: 2 days ago

ഷിന്റ ജി. നെല്ലായി
ഡോ. ജാൻസി കെ.എ.

എൻമകജെ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ നീലകണ്ഠൻ എന്ന വ്യക്തിക്കു ആരൻ ടി ബെക്ക് ആവിഷ്‌കരിച്ച ജ്ഞാനാത്മകപെരുമാറ്റവാദ പ്രകാരം വിഷാദം ഉണ്ടെന്നും അയാളുടെ ചിന്തകളിൽ ലോകം, ഭാവി, സ്വയം എന്നിവയെക്കുറിച്ച് നിഷേധാത്മക മനോഭാവം ഉണ്ടെന്നും മനഃശാസ്ത്രത്തിന്റെ  വിപുലമായ സാധ്യതകൾ ഉപയോഗിച്ച് കണ്ടെത്തുന്നു.

താക്കോൽ വാക്കുകൾ-

വിഷാദം, ജ്ഞാനാത്മകപെരുമാറ്റവാദം, കോഗ്നിറ്റീവ് ട്രയാഡ്, നീലകണ്ഠൻ

ആമുഖം

കലാസൃഷ്ടിയിലെ കഥാപാത്ര രൂപീകരണത്തിലെ വൈദഗ്ദ്ധ്യമാണ്  എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വശം.  കഥാപാത്രത്തിന്റെ പ്രാധാന്യം നിർണ്ണയിക്കുന്നത് കഥയിൽ ആ വ്യക്തിയുടെ സാന്നിധ്യം സന്ദർഭോചിതമായി കൊണ്ടുവരുമ്പോൾ മാത്രമാണ്. കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിനുമുമ്പ് മനുഷ്യമനസ്സിനെ നയിക്കുന്ന വികാരങ്ങളെയും ഘടകങ്ങളെയും കുറിച്ച് എഴുത്തുകാരൻ നന്നേ ചിന്തിച്ചിരിക്കും. അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ എന്ന നോവലിലെ കഥാപാത്രങ്ങൾക്ക് തങ്ങളുടേതായ വ്യക്തിത്വവും  മാനസികതലങ്ങളും സ്വഭാവരീതികളുമുണ്ട്. മനഃശാസ്ത്രത്തിന്റെ വെളിച്ചത്തിൽ അപഗ്രഥനം ചെയ്ത് വ്യക്തമാക്കേണ്ട കഥാപാത്രങ്ങൾ എൻമകജെ എന്ന നോവലിലുണ്ട്. മനഃശാസ്ത്രത്തിന്റെ നൂതനമായ ഉപലബ്ധികൾ കഥാപാത്ര പഠനത്തിന് കൂടുതൽ വെളിച്ചം വീശുമെന്ന ബോധ്യത്തിൽ നിന്നാണ് എൻമകജെ എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ നീലകണ്ഠൻ എന്ന വ്യക്തിയുടെ വിഷാദാവസ്ഥയെക്കുറിച്ച്  ജ്ഞാനാത്മകപെരുമാറ്റവാദത്തിന്റെ ( കോഗ്നിറ്റീവ് ബിഹേവിയറൽ തിയറി)സഹായത്തോടെ മനഃശാസ്ത്ര പഠനത്തിന് ലക്ഷ്യമിടുന്നത്.

പഠനത്തിന്റെ പ്രസക്തി 

 ആധുനിക ശാസ്ത്ര വിജ്ഞാനത്തെ ഉൾക്കൊള്ളാവുന്ന വിധത്തിൽ ഇന്ന് ഭാഷ വളർന്ന് വികസിച്ചിരിക്കുന്നു.വിവിധ വൈജ്ഞാനിക മേഖലകൾ മലയാള സാഹിത്യത്തിനു പുതിയ മാനങ്ങൾ നൽകുമ്പോൾ ആ ശാസ്ത്രശാഖയുടെ സഹായത്തോടെ സാഹിത്യത്തെ അപഗ്രഥിച്ചു പഠിക്കുക എന്നുള്ളത് പ്രാധാന്യമേറിയ വസ്തുതയാണ്.അതിനാൽ മനഃശാസ്സ്ത്ര പഠനത്തിന് പ്രസക്തിയുണ്ട്.

വിഷാദം 

വ്യക്തിയുടെ ശാരീരിക മാനസിക പ്രക്രിയകളിൽ വ്യതിയാനം സൃഷ്ടിക്കാൻ കഴിവുള്ള മനോവൈകല്യമാണ് വിഷാദം.(patrik McKeon 18)വിഷാദം മനുഷ്യപ്രകൃതിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വിശകലനം ചെയ്യാൻ മനഃശാസ്ത്രത്തിൽ കൃത്യമായ മാർഗങ്ങൾ ഉണ്ട്. ഒരിക്കൽ ആസ്വദിച്ച് ചെയ്തിരുന്ന പല പ്രവർത്തികളും പ്രതികൂല ജീവിതസാഹചര്യങ്ങളുണ്ടാകുമ്പോൾ വ്യക്തിക്ക് ആസ്വദിക്കാൻ കഴിയണമെന്നില്ല. വ്യക്തിയിൽ കുറ്റബോധം, നിരാശ,വിലയില്ലായ്മ, ആത്മാനിന്ദ, മന്ദത, ആത്മഹത്യാ പ്രവണത എന്നിവയെല്ലാം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ അയാളെ വിഷാദത്തിലേയ്ക്ക് നയിക്കുന്നു. സമൂഹത്തിൽ നിന്നും പിൻവലിഞ്ഞു പ്രവൃത്തികളിൽ താല്പര്യം ഇല്ലാതാക്കുന്നു വിഷാദം( Sarson 270)

ജ്ഞാനാത്മക പെരുമാറ്റവാദം 

പൊരുത്തപ്പെടാൻ യോഗ്യമല്ലാത്തതോ യുക്തിരഹിതമായതോ ആയ അറിവുകൾ, വികലമായ ചിന്തകൾ, അടിസ്ഥാന വിശ്വാസങ്ങൾ,വിധിന്യായങ്ങൾ എന്നിവ വ്യക്തിയുടെ മനസ്സിൽ രൂപമെടുക്കുന്നതിലൂടെ വിഷാദമുണ്ടാകുമെന്ന് ജ്ഞാനാത്മകപെരുമാറ്റവാദം (കോഗ്നിറ്റീവ് ബിഹേവിയർ തിയറി) പറയുന്നു (Beck 955).ഈ സിദ്ധാന്തപ്രകാരം വിഷാദരോഗികൾ തങ്ങളെ തന്നെയും പരിസ്ഥിതിയെയും ഭാവിയെയും നിഷേധാത്മക(നെഗറ്റീവ്) ചിന്താഗതികളിലൂടെയാണ് വീക്ഷിക്കുന്നത്.സ്വയം, ലോകം, ഭാവി എന്നിങ്ങനെ എല്ലാം നെഗറ്റീവ് ധാരണകൾക്ക് കാരണമാകുന്നു എല്ലാം അല്ലെങ്കിൽ ഒന്നുമില്ല എന്ന ചിന്ത അത്തരം വ്യക്തികളിൽ ഉണ്ടാകുന്നു.ഏറ്റവും മോശമായ ഫലം പ്രതീക്ഷിക്കുക,പരിമിതമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നെഗറ്റീവ് നിഗമനങ്ങളിൽ എത്തിച്ചേരുക, ജീവിതത്തിന്റെ എല്ലാ വശങ്ങളിലും നിഷേധാത്മകമായതു മാത്രം ചിന്തിക്കുക, നല്ല വശങ്ങളെ (പോസിറ്റീവ് ) ഒഴിവാക്കുക, നല്ല അനുഭവങ്ങൾ, നേട്ടങ്ങൾ അല്ലെങ്കിൽ ഗുണങ്ങളെ കുറച്ചു കാണുകയും  മോശം വീക്ഷണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക, വ്യക്തമായ തെളിവുകൾ ഇല്ലാതെ മറ്റുള്ളവർ എന്താണ് തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതെന്ന് അറിയാമെന്നു ഭാവിക്കുക,അവർ തങ്ങളെ മോശമായി വിലയിരുത്തുന്നുവെന്നു  കരുതുക, സംഭവങ്ങളുടെ അമിത ഉത്തരവാദിത്വം ഏറ്റെടുക്കുക. താൻ ജീവിക്കാൻ യോഗ്യനല്ല എന്ന ചിന്തയുണ്ടാക്കുക തുടങ്ങി ധാരാളം നിഷേധാത്മക സ്വഭാവം ( കോഗ്നിറ്റീവ് സ്കീമ) (Clark and Beck 786)വ്യക്തി ചിന്തകളിലൂടെ വളർത്തിയെടുക്കുന്നു.

ഈ ചിന്തകൾ വ്യക്തിയിൽ ആഴത്തിൽ പതിയാൻ കാരണം അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ദുരന്തപൂർണമായ അനുഭവങ്ങൾ കൊണ്ടാണ്.ബാല്യത്തിലെ അമ്മ/ അച്ഛൻ നഷ്ടപ്പെടുക, കൂട്ടുകാർ ഒറ്റപ്പെടുത്തുക, വേർപിരിയൽ അനുഭവിക്കുക തുടങ്ങീ നിരവധി കാരണങ്ങൾ കൊണ്ട് ഈ നിഷേധ ചിന്തകൾ വ്യക്തിയിൽ രൂപപ്പെടാം എന്ന് ആരൻ ബെക്ക് സൂചിപ്പിക്കുന്നു. ആദ്യകാല ജീവിതത്തിലെ ആഘാതം നിഷേധാത്മക അടിസ്ഥാന വിശ്വാസങ്ങൾ സൃഷ്ടിക്കുന്നു.ഈ അടിസ്ഥാന വിശ്വാസങ്ങൾ പിന്നീട് ഒരു നിഷേധാത്മക അനുഭവം ജീവിതത്തിലുണ്ടാകുമ്പോൾ സജീവമാവുകയും അതൊരു നെഗറ്റീവ് സ്കീമയെ സജീവമാക്കുകയും ചെയ്യുന്നു.  അത് ഒരു വ്യക്തിയുടെ ആന്തരിക അനുഭവത്തെ വികലമാക്കുകയും നിരാശയിലേക്കും ശക്തിയില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു..  അനുഭവങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ സ്കീമകൾ കാരണമാകുന്നു.

ജ്ഞാനാത്മക ത്രയം ( കോഗ്നിറ്റീവ് ട്രയാർഡ്)

 വിഷാദരോഗികൾ ലോകത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്ന് വിവരിക്കുന്നതിന് കോഗ്നിറ്റീവ് ട്രയാഡ് എന്ന ആശയം ബെക്ക് വികസിപ്പിച്ചു. സ്വയം,ലോകം, ഭാവി എന്നിവയെക്കുറിച്ചുള്ള ചിന്തയെ ആണ് ത്രയം എന്ന് സൂചിപ്പിക്കുന്നത്. (Beck, Rush, Shaw, and Emery 15)വിഷാദരോഗികൾക്ക് തന്നോടും ലോകത്തോടും ഭാവിയോടും നിഷേധാത്മക വീക്ഷണങ്ങളാണുള്ളത്.അങ്ങനെ നിരാശാജനകമായ വ്യക്തി നിരാശാജനകമായ ഭാവിയുള്ള വ്യർത്ഥമായ ഒരു ലോകത്തിൽ ജീവിക്കുന്നുവെന്ന ചിന്ത.

എൻമകജെ

 അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ എന്ന പാരിസ്ഥിതിക നോവലിലെ നീലകണ്ഠൻ എന്ന കഥാപാത്രം ജ്ഞാനാത്മക പെരുമാറ്റസിദ്ധാന്ത പ്രകാരം വിഷാദരോഗിയാണ്. അയാളുടെ ചിന്തകൾ നിഷേധാത്മകവും ഭാവി നിരാശജനകവുമാണ്. നീലകണ്ഠൻ എന്ന കഥാപാത്രത്തെ പരിശോധിക്കുമ്പോൾ അയാൾക്ക്‌ സ്വയം, ഭാവി, ലോകം എന്നിവയെക്കുറിച്ച് ഒരു പ്രതീക്ഷയും ഇല്ല. അതുകൊണ്ടാണ് അയാൾ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നത്.അയാളുടെ സംഭാഷണങ്ങൾ മുഴുവൻ അയാളുടെ ജീവിതത്തോടുള്ള വിപരീത നിലപാട് വ്യക്തമാക്കുന്നതാണ്.ഈ നോവലിൽ പുരുഷൻ ( നീലകണ്ഠൻ )തന്റെ കഥ പറയുന്നത് ഗുഹയോടാണ്. പുരുഷൻ നിരാശ കൊണ്ടു സ്വന്തം പേര് പോലും ഉപേക്ഷിച്ചവനാണ്. ഉപേക്ഷിച്ച നീലകണ്ഠൻ എന്ന പേര് നാലുവട്ടം അയാൾ പറഞ്ഞു ഉറപ്പിച്ചു ഓർമ്മയിൽ സ്ഥാനപ്പട്ട സംഭവങ്ങളെ പെറുക്കി കൂട്ടുന്ന നീലകണ്ഠന്റെ ഭൂതകാലം ഇരുളടഞ്ഞതാണ്. ഇല്ലത്ത് കുട്ടികൾ കാടുകാട്ടി നടക്കുമ്പോൾ നീലകണ്ഠൻ മാത്രം പ്രകൃതിയോട് ചേർന്നു നിന്നു.കാര്യസ്ഥനോട് പണിക്കാരായ ചെറുമർ വന്നു സങ്കടം പറഞ്ഞു കരയുന്നത് കേട്ടു.പുസ്തകം തുറന്നു വയ്ക്കുമ്പോൾ ഉടുതുണിയില്ലാത്ത ചെറുമക്കുട്ടികളുടെ എല്ലിൻകൂട് ശരീരങ്ങൾ അയാളുടെ കൊച്ചു മനസ്സിൽ നിന്നു. തലയ്ക്ക് നൊസ്സ് ഉള്ള കുട്ടിയാണ് എന്നും വളരുമ്പോൾ നേരായിക്കോളുമെന്നു മുത്തശ്ശിമാർ പറഞ്ഞു.നാലാം ക്ലാസിൽ മൂന്നു തവണയും തോറ്റപ്പോൾ തലയിൽ കൈ വെച്ച് പരിതപിച്ച് ഇനി നേരാവില്ലെന്നും ജന്മദോഷമെന്നും ഏവരും വിധിയെഴുതി.ബാല്യത്തിലെ അമ്മ മരിച്ചുപോയ കുട്ടിക്കു  പിതാവിന്റെ സ്നേഹ വാത്സല്യങ്ങൾ അന്യമായിരുന്നു.അമ്പലങ്ങളിൽ നിന്ന് അമ്പലങ്ങളിലേക്ക് പൂജാദ്രവ്യങ്ങളുമായി സഞ്ചരിച്ച അച്ഛനെ അപൂർവ്വമായെ കണ്ടിട്ടുള്ളൂ. കാണുമ്പോൾ അന്യനെപ്പോലെ അച്ഛനും മകനും പരസ്പരം നോക്കി. അച്ഛന്റെ വിരലുകൾ മൂർദ്ധാവിൽ സ്നേഹത്തോടെ പതിഞ്ഞതിന്റെ, ചെവി ഞെരടിയതിന്റെ സുഖമുള്ള ഒരു ഓർമ്മയും നീലകണ്ഠന് ഇല്ല.അച്ഛൻ യാദൃശ്ചികമായി കുളത്തിൽ വീണ് മരിച്ചപ്പോൾ എല്ലാം നീലകണ്ഠന്റെ ജാതകദോഷം എന്ന് കൽപ്പിച്ചു.മുഴുഭ്രാന്തായും ഇല്ലത്ത് വേറെ അത്യാഹിതം ഉണ്ടാകുമെന്നും പാപ പരിഹാർത്ഥം നടത്തുന്ന ഹോമ പുകയിലേക്കു തന്റെ പൂണൂല് പൊട്ടിച്ചെറിഞ്ഞ് ആർക്കാണ് ഭ്രാന്ത് തനിക്ക് ഭ്രാന്തില്ല ഇവിടെ തീയിലിട്ട് ചുടുന്നതെല്ലാം ചെറുമകൾക്ക് കൊടുത്താൽ ആ പാവങ്ങൾക്ക് നാലുമാസം പട്ടിണിയില്ലാതെ കിടക്കാം എന്നും പറഞ്ഞുകൊണ്ട് നാടും വീടും വിട്ട് ഇറങ്ങിയതാണ് നീലകണ്ഠൻ( എൻമകജെ 29).ചെറുപ്പത്തിലേ നീലകണ്ഠന്റെ മനസ്സിൽ വേദനകളുടെ നേരിപ്പോട് എരിഞ്ഞടങ്ങുന്നു. അമ്മ, അച്ഛൻ ബന്ധത്തിലെ സ്നേഹനിരാസങ്ങളും മറ്റു കുട്ടികളിൽ നിന്നും അന്യനും വ്യത്യസ്തനുമായതിന്റെ ഒറ്റപ്പെടലിന്റെ  വേദനയും അയാൾക്കുണ്ട്. അയാളുടെ ഉള്ളിലെ നിഷേധാത്മക ചിന്തകളുടെ ആരംഭം അവിടെ നിന്നാണ്. തന്നെക്കുറിച്ച് മറ്റാർക്കും കരുതലോ സ്നേഹമോ ഇല്ലായെന്ന ചിന്ത അയാളെ വേദനിപ്പിച്ചിരിക്കും. പിറന്ന വീട്ടിൽ നിന്നിറങ്ങുമ്പോൾ അയാൾ പിന്തിരിഞ്ഞു നോക്കുകയോ കരയുകയോ ചെയ്യുന്നില്ല.അവിടെ നിന്നും ദേവസ്യ എന്ന മനുഷ്യന്റെ തണൽ പറ്റി ജീവിക്കുമ്പോഴും അയാൾ ഉണ്ടാക്കുന്ന വീടിനു ജനലുകൾ വേണ്ടായെന്ന നിലപാടാണ് സ്വീകരിക്കുന്നത്.ലോകത്തെ മുഴുവൻ അടച്ചു പുറത്താക്കാനുള്ള സ്വാർത്ഥവിദ്യയെന്നാണ് അയാൾ ജനവാതിലുകളെ വിശേഷിപ്പിക്കുന്നത്.ലോകത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിചിത്രമാണ്.അയാൾ അയാളിലേയ്ക്ക് തന്നെ ചുരുങ്ങുന്നു.

കാരുണ്യപ്രവർത്തങ്ങളുമായി മുന്നേറുന്ന അയാളുടെ മുന്നിലേക്ക്‌ വരുന്ന സ്ത്രീ ( ദേവയാനി) യോടുള്ള സമീപനം നോക്കുക."വിവാഹമെന്ന സമ്പ്രദായത്തിൽ എനിക്ക് വിശ്വാസമില്ല.സ്ത്രീയെ പുരുഷന് മെരുക്കാനുള്ള തടവറയാണ് ദാമ്പത്യം. ഞാനീ സിറ്റിയിൽ വന്നിട്ട് കൊല്ലം കുറെയായി.അതിൽ അങ്ങേയറ്റം നിരാശാഭരിതനായ കാലത്താണ് ഒരാശ്വാസം പോലെ നീ വന്നു ചേർന്നത്.എനിക്ക് വലിയ പ്രതീക്ഷകൾ ആയിരുന്നു മനുഷ്യരെക്കുറിച്ചും ലോകത്തെക്കുറിച്ചും ഒക്കെ. എല്ലാം വെറുതെയാണെന്ന് ബോധ്യപ്പെട്ട കാലം. ഇവിടെ ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങളിൽ ഞാനും പങ്കാളിയായിട്ടുണ്ട്. പക്ഷേ നാം കത്തിച്ചു വയ്ക്കുന്ന വിളക്കിനെ ഒരു ചെറിയ പരിധിക്കപ്പുറം വെളിച്ചം പരത്താനാവുന്നില്ലെന്ന സങ്കടം എന്നെ വല്ലാതെ  വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ട്"(എൻമകജെ :38) അയാളുടെ വാക്കുകൾ നിരാശയുടെ ബഹിർഗമനമാണ്.ലോകത്തേക്കുറിച്ചും ഭാവിയെക്കുറിച്ചും അയാളുടെ വാക്കുകൾ അയാളുടെ ഉള്ളിൽ രൂപം കൊണ്ട നെഗറ്റീവ് സ്കീമ ഉദ്ദീപ്തമായതാണ്. ബാല്യത്തിലെ തിക്താനുഭവങ്ങളിൽ നിന്നും നിഷേധാത്മക നിലപാട് പല സന്ദർഭങ്ങളിലും പുറത്തേക്കു വരുന്നു. ലോകം മുഴുവൻ തനിക്കു എതിരാണെന്ന് അയാൾ ചിന്തിക്കുന്നു. ഒരിക്കലും യോജിക്കാൻ കഴിയാത്ത ലോകത്തിൽ ജീവിക്കാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് അയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നത്.ദേവസ്യ എന്ന മനുഷ്യന്റെ മരണം അയാളെ തളർത്തുന്നു. ജീവിതത്തിലെ പ്രിയപ്പെട്ട ഒരാളുടെ മരണം ഏൽപ്പിക്കുന്ന മുറിവിൽ ആ സമ്മർദ്ദാവസ്ഥയോട് പൊരുത്തപ്പെടാൻ അയാൾക്ക്‌ കഴിയാത്തിടത്താണ് മരണം വരിക്കാൻ അയാൾ തീരുമാനിക്കുന്നത്. ദേവയാനിയുടെ ഇടപെടലിലൂടെ അയാൾ രക്ഷപ്പെട്ടുവെങ്കിലും ഒന്നും ആശിക്കാൻ ഇല്ലാത്ത ജീവിതത്തിൽ സ്വന്തം പേര് പോലും ഉപേക്ഷിച്ചു അയാൾ കാടിനുള്ളിൽ മറയുന്നു. "ചരിത്രത്തിൽ നിന്ന് മനുഷ്യൻ ഒരു പാഠവും പഠിക്കുന്നില്ല.അതെന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു. മൃഗങ്ങളിൽ ഏറ്റവും നീചൻ മനുഷ്യനാണ്. അന്യന്റെ വീഴ്ചയിലാണ് അവൻ ഏറ്റവും രസിക്കുന്നത്.കാലം കഴിയുന്തോറും മനുഷ്യനെന്താണ് കൂടുതൽ കൂടുതൽ സ്വാർത്ഥനാകുന്നത്?ഇവിടത്തെ രാഷ്ട്രീയക്കാരും എഴുത്തുകാരും പുരോഹിതന്മാരും സഹപ്രവർത്തകരും ആദ്യാവസാനം അവരെ തന്നെയാണ് സ്നേഹിക്കുന്നത്. നമ്മുടെ ലോകം ഒട്ടും ജീവിക്കാൻ കൊള്ളാത്ത പാപ പങ്കിലമായ ഒരിടമായി കഴിഞ്ഞു. സത്യത്തിൽ ആത്മഹത്യ ചെയ്ത് ഈ ജന്മകുരുക്കിൽ നിന്ന് രക്ഷപ്പെട്ടാൽ എന്താണെന്ന് കാര്യമായി ചിന്തിച്ചിരുന്ന നാളുകളിൽ ആണ് നീ ഇവിടെ എത്തുന്നത്. ഒന്നിച്ച് ജീവിക്കുന്നു എന്നേയുള്ളൂ പക്ഷേ കുട്ടികൾ വേണ്ട ഞാൻ വന്ദ്യകരണം ചെയ്തവനാണ്. പക്ഷേ അതു പോരാ നൂറു ശതമാനം ഉറപ്പിന് വേണ്ടി നീ ഗർഭപാത്രം ഉപേക്ഷിക്കണം.മനുഷ്യൻ ഇനിയൊരിക്കലും നന്നാകുമെന്ന് എനിക്ക് തോന്നുന്നില്ല. അവന്റെ ദുരയും ദുഷ്ടതയും കാപട്യവും വർദ്ധിച്ചുകൊണ്ടിരിക്കും.ലോകം കൂടുതൽ ഇരുണ്ടതാകും എത്ര വെളിച്ചം കത്തിച്ചുവച്ചാലും കാലത്തിന്റെ കാറ്റ് വന്നു ഊതിക്കെടുത്തിക്കൊണ്ടേയിരിക്കും.നൂറായിരം കൊല്ലങ്ങളായി സ്ത്രീയോട് പുരുഷൻ കാണിച്ച ക്രൂരത അത്ര വലുതാണ് അവന്റെ സുഖസൗകര്യങ്ങൾക്കുള്ള കളിപ്പാട്ടങ്ങൾ മാത്രമായിരുന്നു എന്നും അവർ"(എൻമകജെ 39).വ്യർത്ഥമായ ജീവിതത്തിൽ ഒരു കുഞ്ഞു കൂടി ജനിക്കേണ്ടായെന്ന അയാളുടെ തീരുമാനം ഭാവിയോടുള്ള കടുത്ത നിരാശയാണ്. അയാളുടെ ചിന്തകളിൽ വൈജ്ഞാനിക പ്രവർത്തനങ്ങളിൽ മന്ദത ബാധിച്ചിരിക്കുന്നു. വിഷാദ ലക്ഷണങ്ങളായ ലജ്ജ, കുറ്റബോധം, ആത്മഹത്യാ പ്രവണത എന്നിവയൊക്കെ അദ്ദേഹത്തിന്റെ പ്രവൃത്തയിൽ നിഴലിച്ചു നിൽക്കുന്നു.

  നാടുവിട്ടുപോകുന്ന നീലകണ്ഠൻ തന്റെ മറ്റൊരു മൃതദേഹം കണ്ടെത്തി അത് താനാണെന്ന് വരുത്തി തീർക്കാൻ ഒരു ആത്മഹത്യാക്കുറിപ്പ് എഴുതുന്നു. ഇരുട്ട് മാത്രമുള്ള ഈ ലോകത്തിൽ ഇനി ജീവിച്ചിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. രൂപവും സ്വത്തും ഉപേക്ഷിച്ചുകൊണ്ട് നീണ്ട താടിയും മുടിയും നീലകണ്ഠൻ വടിച്ചു മാറ്റി. സ്വയം മറക്കാൻ ശ്രമിക്കുന്ന അയാൾ തന്റെ പേരുപോലും മറക്കാൻ ആഗ്രഹിക്കുന്നു. (എൻമകജെ 44)ഇത്തരത്തിൽ ധാരാളം ചിന്താഗതികളും കാഴ്ച്ചപ്പാടും വച്ചു പുലർത്തുന്ന നീലകണ്ഠന്റെ ജീവിതം മനഃശാസ്ത്രത്തിന്റെ വിപുലമായ സാധ്യതകൾ ഉപയോഗിച്ച് പഠിക്കുമ്പോൾ ആരൺ ടി ബെക്ക് ആവിഷ്‌കരിച്ച കോഗ്നിറ്റീവ് ബിഹെവിയറൽ സിദ്ധാന്തം അനുസരിച്ചു വിഷാദത്തിന്റെ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്ന വ്യക്തിയാണ് നീലകണ്ഠൻ എന്ന കേന്ദ്രകഥാപാത്രം. സാഹിത്യത്തിലെ കഥാപാത്രങ്ങളെ ഇത്തരത്തിൽ മനഃശാസ്ത്ര കോണിലൂടെ നോക്കിക്കാണുമ്പോൾ പുതിയ പഠനഗവേഷണ സാധ്യതകൾ തുറന്നു കിട്ടുന്നു.

നിഗമനങ്ങൾ

നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ ചിന്താരീതിയിൽ ജ്ഞാനാത്മക ത്രയം ലോകം, ഭാവി, സ്വയം എന്നിവ നിഷേധാത്മക കാഴ്ചപ്പാട് ആണ്.

വിഷാദലക്ഷണങ്ങൾ കുറ്റബോധം, ലജ്ജ, നിരാശ, ആത്മഹത്യാ പ്രവണത എന്നിവ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ദൃശ്യമാണ്.

ധാരാളം നിഷേധചിന്തകൾ ( നെഗറ്റീവ് കോഗ്നിറ്റീവ് സ്കീമകൾ) അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാണ്

വളരെ മോശപ്പെട്ട ബാല്യകാല അനുഭവങ്ങൾ ആണ് അദ്ദേഹത്തെ വിഷാദത്തിലേയ്ക്ക് നയിക്കുന്നത്.


ഗ്രന്ഥസൂചി

1.Aaron T.“The Current State of Cognitive Therapy: A 40-Year Retrospective.” JAMA Psychiatry, vol. 62, no. 9, 2005, pp. 953–959, https://doi.org/10.1001/archpsyc.62.9.953.

2.Clark, David A., and Aaron T. Beck.

“Theoretical Foundations of Cognitive-Behaviour Therapy for Anxiety and Depression.” Behaviour Research and Therapy, vol. 34, no. 8, 1996, pp. 783–798, https://doi.org/10.1016/0005-7967(96)00041-4.

3.Beck, Aaron T., A. John Rush, Brian F. Shaw, and Gary Emery.

Cognitive Therapy of Depression. New York: Guilford Press, 1979.

4.മാങ്ങാട്, അംബികാസുതൻ ‍. എൻമകജെ. DC Books, 2009

ഷിന്റ ജി. നെല്ലായി

ഗവേഷക,മലയാളവിഭാഗം

വിമല  കോളേജ്, തൃശൂർ

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി

Mob 9497656994

ഡോ. ജാൻസി കെ.എ.

അസോസിയേറ്റ് പ്രൊഫസർ

വിമല കോളേജ്, തൃശൂർ

,

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്




സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page