മതാത്മക ദൃശ്യബിംബങ്ങൾ: ലിജോ ജോസ് പല്ലിശ്ശേരിയുടെ ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍ മുൻനിർത്തിയുള്ള പഠനം
- Mar 16
- 7 min read
Updated: 2 days ago
സുധാരസൻ പി.എസ്.

താക്കോല്‍ വാക്കുകള്‍: ലിജോജോസ് പല്ലിശ്ശേരി, ആമേൻ, ചലച്ചിത്ര ഗാനങ്ങൾ, മതാത്മക ദൃശ്യബിംബങ്ങൾ, മലയാള സിനിമ
സംഗ്രഹം
മതസങ്കല്പങ്ങളെയും ആചാരങ്ങളെയും ജനപ്രിയ സംസ്കാരത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ ചലച്ചിത്ര ഗാനങ്ങൾക്ക് സവിശേഷമായ പങ്കുണ്ട്. കേവലം സംഗീതാത്മകമായ ആസ്വാദനത്തിനപ്പുറം, മതാത്മകമായ സ്വത്വനിർമ്മിതിക്കും ആത്മീയ ബോധത്തിന്റെ വിനിമയത്തിനും ചലച്ചിത്രഗാനങ്ങളെ ഒരു ആഖ്യാനോപാധിയായി ഉപയോഗിക്കുന്നു. ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ആമേൻ' (2013) എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളെയും അതിലെ ദൃശ്യബിംബങ്ങളെയും വിശകലനം ചെയ്തുകൊണ്ട്, സമകാലിക മലയാള സിനിമ എങ്ങനെ മതത്തെ ഒരു 'വിഷ്വൽ കൾച്ചർ' (Visual Culture) ആയി പരിവർത്തിപ്പിക്കുന്നു എന്ന് ഈ പഠനം അന്വേഷിക്കുന്നു. കൂടാതെ ലിജോയുടെ മറ്റ് ചലച്ചിത്രങ്ങളിലെ മതപ്രതിനിധാനങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുകയും ചെയ്യുന്നു.
ആമുഖം
ചലച്ചിത്രങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അത് മതപരമായ ആഖ്യാനങ്ങളോട് കടപ്പെട്ടിരിക്കുന്നതായി കാണാം. നിശബ്ദ ചിത്രങ്ങളുടെ കാലത്ത് ലോകമെമ്പാടുമുള്ള ചലച്ചിത്രകാരന്മാർ തങ്ങളുടെ പ്രേക്ഷകർക്ക് പരിചിതമായ ബൈബിൾ കഥകളെയാണ് ദൃശ്യവൽക്കരണത്തിനായി തിരഞ്ഞെടുത്തത്. ഇന്ത്യയിൽ ദാദാസാഹിബ് ഫാൽക്കെ 'രാജാ ഹരിശ്ചന്ദ്ര' നിർമ്മിക്കുന്നതിലേക്ക് നയിച്ചത് 'ലൈഫ് ഓഫ് ജീസസ് ക്രിസ്റ്റ്' എന്ന സിനിമ കണ്ടതിൽ നിന്നുള്ള പ്രചോദനമാണ്. ഇത്തരത്തിൽ മിത്തുകളും മതപുരാണങ്ങളും ചലച്ചിത്രകലയുടെ വികാസത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മലയാള സിനിമയിൽ 1952-ൽ പുറത്തിറങ്ങിയ 'അൽഫോൻസ', 1963-ലെ 'സ്നാപക യോഹന്നാൻ' എന്നിവ ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ആദ്യകാല ഭക്തിചിത്രങ്ങളായി അടയാളപ്പെടുത്തപ്പെട്ടു. എന്നാൽ സമകാലിക സിനിമയിൽ മതത്തിന്റെ അവതരണം കേവലമായ ഭക്തിക്കപ്പുറം സാമൂഹികവും സാംസ്കാരികവുമായ രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നായി മാറി. ഇവിടെയാണ് ലിജോ ജോസ് പല്ലിശ്ശേരിയെപ്പോലുള്ള സംവിധായകർ ശ്രദ്ധേയരാകുന്നത്. അദ്ദേഹത്തിന്റെ സിനിമകളിൽ മതം ഒരു പശ്ചാത്തലം മാത്രമല്ല, മറിച്ച് കഥാപാത്രങ്ങളുടെ സ്വഭാവരൂപീകരണത്തിലും കഥാഗതിയിലും നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഘടകമാണ്. മനുഷ്യസംസ്കാരത്തിന്റെ വികാസപരിണാമങ്ങളിൽ മതത്തിന് നിർണ്ണായകമായ സ്ഥാനമുണ്ട്. കല, സാഹിത്യം, സംഗീതം തുടങ്ങിയ മേഖലകളിലെല്ലാം മതപരമായ സ്വാധീനം പ്രകടമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ജനപ്രിയ കലാരൂപമായ സിനിമയും ഇതിൽ നിന്ന് ഭിന്നമല്ല. ചലച്ചിത്രം അതിന്റെ ആരംഭം മുതൽക്കേ മതപരമായ കഥകളെയും ബിംബങ്ങളെയും ദൃശ്യവൽക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചലച്ചിത്രം ഒരു ദൃശ്യമാധ്യമം എന്ന നിലയിൽ മതപരമായ ബോധ്യങ്ങളെയും വിശ്വാസങ്ങളെയും പുനർനിർമ്മിക്കാനോ അല്ലെങ്കിൽ നിലവിലുള്ളവയെ ദൃഢപ്പെടുത്താനോ ഉള്ള ശേഷി വഹിക്കുന്നു.
കേരളീയ പശ്ചാത്തലത്തിൽ സിനിമയും മതവും തമ്മിലുള്ള ബന്ധം വളരെ സങ്കീർണ്ണമാണ്. കേരളത്തിന്റെ സാമൂഹിക ഘടനയിൽ വലിയ സ്വാധീനമുള്ള ഒന്നാണ് ക്രൈസ്തവ മതം. മലയാള സിനിമയുടെ ചരിത്രപരമായ വളർച്ചയിൽ ക്രൈസ്തവ പശ്ചാത്തലത്തിലുള്ള സിനിമകൾക്ക് വലിയ സ്ഥാനമുണ്ട്. കേവലം മതപ്രചാരണം,ഭക്തി എന്നതിനപ്പുറം, ക്രൈസ്തവ ജീവിതത്തിലെ ആചാരങ്ങൾ, സംഗീതം, വസ്ത്രധാരണം, ഭാഷാപ്രയോഗങ്ങൾ എന്നിവ മലയാള സിനിമയുടെ ദൃശ്യഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട്.
ചലച്ചിത്രഗാനങ്ങളുടെ പ്രസക്തി
ഇന്ത്യൻ ചലച്ചിത്രങ്ങളുടെ സവിശേഷമായ ഒരു പ്രത്യേകതയാണ് അതിലെ ഗാനങ്ങൾ. പാശ്ചാത്യ ചലച്ചിത്രങ്ങളില്‍ നിന്ന് ഭിന്നമായി, ഇന്ത്യൻ ചലച്ചിത്രങ്ങളില്‍ ഗാനങ്ങൾ കഥാഗതിയുടെ അവിഭാജ്യ ഘടകമാണ്. ഗാനങ്ങൾ വെറും വിനോദോപാധിയല്ല, മറിച്ച് കഥാപാത്രങ്ങളുടെ മനോനിലയെയും ചലച്ചിത്രത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ആഖ്യാന ഉപാധികളാണ്. മതാത്മകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ചലച്ചിത്ര ഗാനങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പ്രാർത്ഥനാ ഗാനങ്ങൾ, ഉത്സവ ഗാനങ്ങൾ, പ്രണയ ഗാനങ്ങൾ എന്നിവയിലൂടെ മതം എങ്ങനെ ജനജീവിതത്തിന്റെ ഭാഗമാകുന്നു എന്ന് സിനിമകൾ കാണിച്ചുതരുന്നു.
സമകാലിക മലയാള ചലച്ചിത്രത്തില്‍ ദൃശ്യഭാഷ കൊണ്ടും ആഖ്യാനരീതി കൊണ്ടും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളില്‍ മതം ഒരു 'സ്റ്റാറ്റിക്' രൂപമല്ല, മറിച്ച് ചലനാത്മകമായ ഒരു സംസ്കാരമാണ്. പള്ളി, ആചാരങ്ങൾ എന്നിവ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളില്‍ നിരന്തരം കടന്നുവരുന്നു. ലിജോയുടെ ചലച്ചിത്രങ്ങളിലെ സംഗീതവും ഗാനങ്ങളും മതപരമായ അന്തരീക്ഷത്തെ നിർമ്മിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. 'ആമേൻ' (2013) എന്ന ചിത്രം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ഈ പ്രബന്ധം പ്രധാനമായും 'ആമേൻ' എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളെയും അതിലെ മതാത്മക ബിംബങ്ങളെയും കുറിച്ചുള്ള പഠനമാണ്.
വിഷ്വൽ കൾച്ചറും മതവും
ചലച്ചിത്രത്തെ ഒരു 'വിഷ്വൽ ടെക്സ്റ്റ്' ആയി പരിഗണിക്കുമ്പോൾ, അതിലെ ഓരോ ദൃശ്യവും ഓരോ ചിഹ്നമാണ് (Sign). 'വിഷ്വൽ റിലീജിയൻ' (Visual Religion) എന്ന സങ്കല്പം മുന്നോട്ട് വെക്കുന്നത് മതം എങ്ങനെ കാഴ്ചകളിലൂടെ അനുഭവവേദ്യമാകുന്നു എന്നതാണ്. സിനിമയിൽ ഉപയോഗിക്കുന്ന കുരിശ്, മെഴുകുതിരി, പ്രാവുകൾ, അൾത്താര,മാലാഖ തുടങ്ങിയ ദൃശ്യങ്ങൾ പ്രേക്ഷകനിൽ മതപരമായ വികാരങ്ങൾ ഉണർത്തുന്നു. ഡേവിഡ് മോർഗൻ (2005) നിരീക്ഷിക്കുന്നത് പോലെ, മതപരമായ ദൃശ്യങ്ങൾ വിശ്വാസികളെയും അല്ലാത്തവരെയും ഒരേപോലെ സ്വാധീനിക്കുന്ന ഒരു 'സോഷ്യൽ ഏജന്റ്' ആയി പ്രവർത്തിക്കുന്നു.
മിസ്-ഓൺ-സീനും സംഗീതവും ചലച്ചിത്രങ്ങളുടെ ശൈലീപരമായ വിശകലനത്തിൽ 'മിസ്-ഓൺ-സീൻ' (ക്യാമറയ്ക്ക് മുന്നിലുള്ള ക്രമീകരണങ്ങൾ) പ്രധാനമാണ്. പള്ളിയുടെ ഉൾഭാഗം, വെളിച്ചത്തിന്റെ വിന്യാസം, വസ്ത്രധാരണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സംഗീതവുമായി ചേരുമ്പോൾ ഈ ദൃശ്യങ്ങൾ കൂടുതൽ അർത്ഥവത്തായി മാറുന്നു. ചലച്ചിത്ര പഠനങ്ങളിൽ റിച്ചാർഡ് ലാസ്റ്റ്(2012) അഭിപ്രായപ്പെടുന്നത് സിനിമയുടെ ശൈലി (Film Style) മതപരമായ അർത്ഥങ്ങൾ നിർമ്മിക്കുന്നതിൽ പ്രധാനമാണെന്നാണ്. 'ആമേൻ' എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ഈ സ്റ്റൈലിസ്റ്റിക് രീതികളെ എങ്ങനെ മതപരമായ ആഖ്യാനത്തിനായി ഉപയോഗിക്കുന്നു എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. ചലച്ചിത്രം പൂർണ്ണമായും വികസിക്കുന്നത് 'കുമരംകരി' എന്ന സാങ്കൽപ്പികമെന്ന് തോന്നിക്കാവുന്ന, എന്നാൽ കേരളീയ ഗ്രാമത്തിന്റെ തനിമയുള്ള ഒരു പ്രദേശത്താണ്. സിനിമയിലെ ഭൂമിശാസ്ത്രം വെറുമൊരു പശ്ചാത്തലമല്ല, ജലാശയങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം ഒറ്റപ്പെട്ട ഒരു ദ്വീപിന്റെ പ്രതീതി ജനിപ്പിക്കുന്നു. ഈ ഒറ്റപ്പെടൽ ഗ്രാമവാസികളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കൂടുതൽ തീവ്രമാക്കുന്നുണ്ട്. ചലച്ചിത്രത്തിലെ ദൃശ്യങ്ങളിൽ കായലും വഞ്ചികളും തെങ്ങുകളും പള്ളിയും നിരന്തരമായി കടന്നുവരുന്നു. ഈ ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ മതാത്മകതയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, സിനിമയിലെ പ്രധാന ആഘോഷങ്ങളും പ്രദക്ഷിണങ്ങളും ജലാശയങ്ങളുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. കേരളീയ പ്രാദേശിക ക്രൈസ്തവ ജീവിതത്തിന്റെ തനിമയെ ദൃശ്യവൽക്കരിക്കുന്നു.
ചലച്ചിത്രം , മതം, ഗാനങ്ങൾ: ഒരു സൈദ്ധാന്തിക വിശകലനം
ചലച്ചിത്രത്തിന്റെ അടിസ്ഥാന യൂണിറ്റായ 'ഇമേജ്' (Image) വാക്കുകളേക്കാൾ വേഗത്തിൽ പ്രേക്ഷകന്റെ അബോധമനസ്സിലേക്ക് മതപരമായ കോഡുകൾ കൈമാറുന്നു. ഗ്രിഗറി ബൂത്ത് (2000) നിരീക്ഷിക്കുന്നത് ചലച്ചിത്രഗാനങ്ങളിലെ വരികളും ദൃശ്യങ്ങളും ചേർന്ന് മതപരമായ ഒരു ആഖ്യാനപരിസരം സൃഷ്ടിക്കുന്നു. സിനിമയിലെ സംഗീതം പ്രേക്ഷകനെ വൈകാരികമായ ഒരു യാത്രയിലേക്ക് നയിക്കുന്നു. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരങ്ങൾ, വസ്ത്രധാരണം, പ്രാർത്ഥനകൾ എന്നിവ ഗാനരംഗങ്ങളിലൂടെ അവതരിപ്പിക്കപ്പെടുമ്പോൾ അത് ആ മതവിഭാഗത്തിന്റെ സാമൂഹിക പുനർനിർമ്മാണത്തിന് സഹായിക്കുന്നു. കുമരംകരിയിലെ സാമൂഹികജീവിതത്തിന്റെ കേന്ദ്രബിന്ദു അവിടുത്തെ പുരാതനമായ സെന്റ് ഗീവർഗീസ് പള്ളിയാണ്. പള്ളി എന്നത് വിശ്വാസികളുടെ ആത്മീയകേന്ദ്രം എന്നതിലുപരി ഒരു അധികാരകേന്ദ്രം കൂടിയാണ്. പള്ളി പുതുക്കിപ്പണിയുന്നതിനെക്കുറിച്ചുള്ള തർക്കങ്ങളും പള്ളിയിലെ ബാൻഡ് സംഘത്തിന്റെ വിജയപരാജയങ്ങളും ഗ്രാമത്തിന്റെ അഭിമാനപ്രശ്നങ്ങളായി മാറുന്നു.
'ആമേൻ': മാജിക്കൽ റിയലിസവും മതാത്മകതയും
2013-ൽ പുറത്തിറങ്ങിയ 'ആമേൻ' മലയാള സിനിമയിലെ മതാത്മക ദൃശ്യഭാഷയിൽ വലിയൊരു മാറ്റം കൊണ്ടുവന്നു. കുമരംകരി എന്ന ഗ്രാമവും അവിടുത്തെ ഗീവർഗീസ് പുണ്യാളന്റെ പള്ളിയും കേന്ദ്രീകരിച്ചാണ് സിനിമ വികസിക്കുന്നത്. സിനിമയുടെ ആമുഖമായി നൽകിയിരിക്കുന്ന യോഹന്നാൻ 4:48-ലെ ബൈബിൾ വചനം തന്നെ ഈ ചിത്രം വിശ്വാസത്തെയും അത്ഭുതങ്ങളെയും കുറിച്ചാണെന്ന സൂചന നൽകുന്നു.
ചലച്ചിത്ര ഗാനങ്ങളുടെ സൂക്ഷ്മ വിശകലനം
ലിജോ ജോസ് പല്ലിശ്ശേരിയുടെ ചലച്ചിത്രങ്ങളില്‍ സംഗീതം ഒരു പശ്ചാത്തല ശബ്ദം മാത്രമല്ല, മറിച്ച് കഥയുടെ വൈകാരികവും സാംസ്കാരികവുമായ അന്തരീക്ഷം നിർണ്ണയിക്കുന്ന ഘടകമാണ്. 'ആമേൻ' എന്ന ചിത്രത്തിൽ പള്ളിപ്പെരുന്നാളും ബാൻഡ് മേളവും പ്രമേയത്തിന്റെ ഭാഗമായതിനാൽ ഗാനങ്ങൾക്ക് വലിയ ആഖ്യാന പ്രസക്തിയുണ്ട്. പ്രധാന ഗാനങ്ങളിലെ മതാത്മക ബിംബങ്ങൾ താഴെ പറയുംവിധം വിശകലനം ചെയ്യാം.
'ആത്മാവിൽ തിങ്കൾ കുളിർ': ആത്മീയതയുടെയും ആനന്ദത്തിന്റെയും സംയുക്തം
സിനിമയുടെ ടൈറ്റിൽ ഗാനമായി വരുന്ന ഈ ഭാഗം കുമരംകരിയുടെ സാംസ്കാരിക ഭൂമികയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു.
"ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാതേൻ തുള്ളി, ഈ കായൽ കൈ തെന്നലിൽ വർഷം പകർന്നു ഓശാന പള്ളി മണി ണാ ണാ... "
'ഓശാന' എന്ന പദം ക്രൈസ്തവ ആരാധനക്രമത്തിലെ ഏറ്റവും പവിത്രമായ ഒന്നാണ്. പ്രകൃതിയിലെ കുളിരും കായൽക്കാറ്റും ദൈവികമായ 'ഓശാന'യായി മാറുന്നു എന്ന സങ്കല്പം ഇവിടെ കാണാം. ഈ ഗാനത്തിന്റെ ദൃശ്യങ്ങൾ ആനിമേഷൻ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മാലാഖമാർ, പള്ളിമണി, പെരുന്നാൾ, പ്രദക്ഷിണം എന്നിവ ആനിമേഷനിലൂടെ അവതരിപ്പിക്കുമ്പോൾ മതപരമായ ഒരു 'മിസ്റ്റിക്' അനുഭവം സൃഷ്ടിക്കപ്പെടുന്നു. പള്ളിമണിയുടെ ശബ്ദത്തെ സംഗീതത്തിന്റെ ഭാഗമാക്കുന്നതിലൂടെ മതം നിത്യജീവിതത്തിന്റെ താളമായി മാറുന്നത് സംവിധായകൻ കാണിച്ചുതരുന്നു.
'സോളമനും ശോശന്നയും': പ്രണയത്തിന്റെ മതാത്മക രൂപകങ്ങൾ
ഈ ഗാനത്തിലൂടെ സിനിമയിലെ പ്രണയത്തെ ക്രൈസ്തവമായ പശ്ചാത്തലവുമായി സംവിധായകൻ സുന്ദരമായി വിളക്കിച്ചേർക്കുന്നു."ഈ സോളമനും ശോശന്നായും കണ്ടുമുട്ടി പണ്ടേ മാമോദീസ പ്രായം തൊട്ടേ ഉള്ളറിഞ്ഞു തമ്മിൽ, അമ്പത് നോമ്പു കഴിഞ്ഞവാരേ മനസ്സൊന്നു താനേ തുറന്നു വന്നു". ബൈബിളിലെ 'ഉത്തമഗീതം' രചിച്ച സോളമൻ രാജാവിന്റെയും ശോശന്നയുടെയും പേരുകൾ കഥാപാത്രങ്ങൾക്ക് നൽകുക വഴി പ്രണയത്തിന് ഒരു വിശുദ്ധ സ്വഭാവം കൈവരുന്നു. 'മാമോദീസ' എന്ന കൂദാശയെ പ്രണയത്തിന്റെ ആരംഭമായും, 'അമ്പത് നോമ്പ്' എന്ന ആത്മനിയന്ത്രണത്തിന്റെ കാലഘട്ടത്തെ പ്രണയസാക്ഷാത്കാരത്തിന്റെ സമയമായും ഇവിടെ അവതരിപ്പിക്കുന്നു. മതപരമായ ആചാരങ്ങളും കാലഗണനയും ഒരു വ്യക്തിയുടെ പ്രണയജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണിത്. പള്ളിക്കുള്ളിലെ പ്രാർത്ഥനയ്ക്കിടയിലുള്ള നോട്ടങ്ങളും മെഴുകുതിരി വെളിച്ചവും ഈ ഗാനരംഗത്തിന് ഭക്തിനിർഭരമായ ഒരു പ്രണയാന്തരീക്ഷം നൽകുന്നു.
'വട്ടോളി അച്ചനും' പൗരോഹിത്യ ബിംബങ്ങളും
പുതിയതായി ചാർജ് എടുക്കുന്ന 'വട്ടോളി അച്ചൻ' എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനരംഗം മതാധികാരത്തെയും വിശ്വാസികളുടെ സ്വീകാര്യതയെയും അടയാളപ്പെടുത്തുന്നു.
"അന്തം വിട്ടു നോക്കി കാണുമാറു എങ്ങു നിന്ന് വന്ന ദേവദൂതൻ..."
പുരോഹിതനെ ഒരു 'ദേവദൂതനായി' കാണുന്ന സാധാരണ വിശ്വാസിയുടെ കാഴ്ചപ്പാടാണ് ഇവിടെ സംഗീതത്തിനൊപ്പം ചേർന്ന് പൗരോഹിത്യത്തിന്റെ ദൃശ്യബിംബങ്ങളെ ശക്തിപ്പെടുത്തുന്നു. സാധാരണ പുരോഹിതർ അതീവ ഗൗരവക്കാരായി പ്രത്യക്ഷപ്പെടുമ്പോൾ, 'ആമേനിൽ' സംഗീതവും നൃത്തവും അറിയുന്ന, ജനങ്ങളോടൊപ്പം നിൽക്കുന്ന ഒരു പുരോഹിതനെയാണ് നാം കാണുന്നത്. ഇത് സഭയുടെ കർക്കശമായ നിയമങ്ങൾക്കുള്ളിൽ നിൽക്കുന്ന മാനുഷികമായ ആത്മീയതയെ സൂചിപ്പിക്കുന്നു.
'പള്ളി പുതുക്കിപ്പണിയുന്നതിലെ സംഘർഷം' (തറുത്തിക തിന്ത തൈ)
പള്ളി പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഈ ഗാനരൂപത്തിൽ അവതരിപ്പിക്കപ്പെടുന്നത്.
"മോളീന്നു വന്നു വീണ വെളിപാടല്ലേ പുന്നാരച്ചൻ നേരെ തന്നെ പറഞ്ഞതല്ലേ"
'വെളിപാട്' എന്ന മതപരമായ സങ്കല്പം സാധാരണ ജീവിതത്തിലെ തർക്കങ്ങളിലേക്ക് കൊണ്ടുവരികയാണ് ഇവിടെ. പള്ളി എന്നത് വിശ്വാസികളുടെ സ്വകാര്യമായ വികാരമാണെന്നും അത് തകർക്കുന്നത് തലമുറകൾക്ക് ദോഷം ചെയ്യുമെന്നുമുള്ള വിശ്വാസം ഗാനത്തിൽ പ്രകടമാണ്. പള്ളിമുറ്റത്തെ തർക്കങ്ങളും വികാരപ്രകടനങ്ങളും ഒരു നാടകീയ ശൈലിയിൽ ദൃശ്യവൽക്കരിക്കുന്നത് വഴി മതം ഒരു സാമൂഹിക വ്യവഹാരമായി മാറുന്നു.
ലൗകികതയിലെ മതാത്മകത
"അമ്പമ്പട മക്കടത്തെ അമ്പാനേ…”
കേരളത്തിലെ ക്രിസ്ത്യൻ പള്ളിപ്പെരുന്നാളുകളിലെ അവിഭാജ്യ ഘടകമാണ് ബാൻഡ് മേളങ്ങൾ. ഈ പാട്ടിലെ വാദ്യോപകരണങ്ങളും താളവും പള്ളിപ്പെരുന്നാളുകളുടെ ദൃശ്യ-ശ്രാവ്യ അനുഭവത്തെ ഓർമ്മിപ്പിക്കുന്നു. പള്ളിക്ക് പുറത്താണെങ്കിലും, ആ താളം കേൾക്കുമ്പോൾ തന്നെ ഒരു 'പെരുന്നാൾ അന്തരീക്ഷം' പ്രേക്ഷകനിൽ ഉണ്ടാകുന്നു. പാട്ടിലെ കഥാപാത്രങ്ങളുടെ ചുവടുകളിൽ ചവിട്ടുനാടകത്തിന്റെ സ്വാധീനമുണ്ട്. ചവിട്ടുനാടകം എന്നത് കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ മതപരമായ കലാരൂപമാണ്. വിശ്വാസികൾ തങ്ങളുടെ വീരകഥകളും മതചരിത്രവും ആടിത്തീർത്ത ഈ കലയുടെ ശൈലി ഒരു ചലച്ചിത്ര ഗാനത്തിലേക്ക് വരുമ്പോൾ, അത് ആ സമുദായത്തിന്റെ മതപരമായ ചരിത്രത്തെയും പാരമ്പര്യത്തെയും ദൃശ്യവൽക്കരിക്കുന്നു.
ബാൻഡ് മത്സരവും പുണ്യാളന്റെ ഇടപെടലും
ക്ലൈമാക്സ് രംഗത്തെ ബാൻഡ് മത്സരത്തിനിടയിലെ ദൃശ്യങ്ങൾ പള്ളിയുടെ അൾത്താരയോടും പുണ്യാളന്റെ അത്ഭുതങ്ങളോടും ചേർന്നുനിൽക്കുന്നു. ഇവിടെ സംഗീതം തന്നെ ഒരു പ്രാർത്ഥനയായി മാറുന്നു. ഷാപ്പിലെ ഗാനരംഗങ്ങളിൽ പോലും യേശുവിന്റെയും പുണ്യാളന്മാരുടെയും ചിത്രങ്ങൾ പശ്ചാത്തലത്തിൽ വരുന്നത് 'മതത്തെ ഒരിടത്തും മാറ്റിനിർത്താൻ കഴിയില്ല' എന്ന ബോധത്തെ ദൃഢമാക്കുന്നു.
ടൈറ്റിൽ ഗാനം ദൃശ്യബിംബങ്ങൾ
സിനിമയുടെ തുടക്കത്തിലുള്ള ഗാനം ഒരു ആനിമേഷൻ രൂപത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതിൽ പള്ളി, പള്ളിമണികൾ, മാലാഖമാർ, പുരോഹിതർ, പെരുന്നാൾ, പ്രദക്ഷിണങ്ങൾ എന്നിവ കടന്നുവരുന്നു. ഇത് പ്രേക്ഷകനെ ആത്മീയമായ ഒരു ലോകത്തേക്ക് പ്രവേശിപ്പിക്കാൻ സഹായിക്കുന്നു. "ആത്മാവിൽ തിങ്കൾ കുളിർ" എന്ന് തുടങ്ങുന്ന വരികൾക്കൊപ്പം വരുന്ന ദൃശ്യങ്ങൾ കേരളീയ ക്രിസ്തീയ സംസ്കാരത്തിന്റെ ഒരു രൂപം അടയാളപ്പെടുത്തുന്നു.
പ്രണയവും മതാത്മക ചിഹ്നങ്ങളും
സോളമനും ശോശന്നയും തമ്മിലുള്ള പ്രണയം ചിത്രീകരിക്കുമ്പോഴും സംവിധായകൻ മതപരമായ സൂചനകൾ കൈവിടുന്നില്ല.
"ഈ സോളമനും ശോശന്നായും കണ്ടുമുട്ടി പണ്ടേ/മാമോദീസ പ്രായം തൊട്ടേ ഉള്ളറിഞ്ഞു തമ്മിൽ"
എന്ന വരികൾ ശ്രദ്ധേയമാണ്. മാമോദീസ എന്ന മതപരമായ ചടങ്ങിനെ പ്രണയത്തിന്റെ തുടക്കവുമായി ബന്ധിപ്പിക്കുന്നത് വഴി പ്രണയത്തിന് ഒരു പുണ്യസ്വഭാവം കൈവരുന്നു. കൂടാതെ 'അമ്പത് നോമ്പ്' പോലുള്ള ക്രിസ്തീയ ആചാരങ്ങളെ ഗാനത്തിന്റെ ഭാഗമാക്കുന്നതിലൂടെ കഥാപാത്രങ്ങളുടെ ജീവിതം മതവുമായി എത്രത്തോളം ഇഴചേർന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.
പള്ളിയും സാമൂഹിക അധികാരവും
പള്ളിയും അൾത്താരയും കഥയുടെ വികാസത്തിന് വലിയ പങ്കുവഹിക്കുന്നു. "മോളീന്നു വന്നു വീണ വെളിപാടല്ലേ" എന്ന ഗാനരംഗത്തിൽ പള്ളി പുതുക്കിപ്പണിയുന്നതിനെക്കുറിച്ചുള്ള തർക്കങ്ങൾ ദൃശ്യവൽക്കരിക്കപ്പെടുന്നു. ഇവിടെ പള്ളി എന്നത് കേവലം ഒരു ആരാധനാലയമല്ല, മറിച്ച് ഗ്രാമത്തിന്റെ അധികാരകേന്ദ്രവും രാഷ്ട്രീയത്തിന്റെ ഇടവുമാണ്.
ലിജോ ജോസ് പല്ലിശ്ശേരിയുടെ മറ്റ് ചലച്ചിത്രങ്ങളിലെ മതപ്രതിനിധാനങ്ങൾ
'ആമേനിലെ' മതാത്മകതയെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ലിജോയുടെ മറ്റ് ചലച്ചിത്രങ്ങളുമായി താരതമ്യം ചെയ്യേണ്ടത് അനിവാര്യമാണ്.
● ഈ.മ.യൗ (2018): 'ആമേൻ' പ്രണയത്തിന്റെയും സംഗീതത്തിന്റെയും ആത്മീയതയെ ആഘോഷിക്കുമ്പോൾ, 'ഈ.മ.യൗ' മരണത്തിന്റെ ആത്മീയതയെയാണ് അന്വേഷിക്കുന്നത്. സഭയുടെ നിയമങ്ങളും വ്യക്തിയുടെ ആഗ്രഹങ്ങളും തമ്മിലുള്ള സംഘർഷം ഇവിടെ പ്രകടമാണ്. ശവസംസ്കാര ചടങ്ങുകൾ, മെഴുകുതിരികൾ, കുരിശ് എന്നിവ ഇവിടെ ദുഃഖത്തിന്റെയും സാമൂഹിക വിമർശനത്തിന്റെയും ബിംബങ്ങളായി മാറുന്നു.
● അങ്കമാലി ഡയറീസ് (2017): ഈ ചിത്രത്തിൽ മതം ഒരു പ്രാദേശിക സ്വത്വമായി മാറുന്നു. പള്ളിപ്പെരുന്നാൾ ആഘോഷങ്ങൾ, പന്നിയിറച്ചി വിഭവങ്ങൾ, തദ്ദേശീയമായ ബാൻഡ് മേളങ്ങൾ എന്നിവയിലൂടെ അങ്കമാലിയിലെ ക്രിസ്തീയ ജീവിതത്തിന്റെ ഒരു മുഖമാണ് സംവിധായകൻ ദൃശ്യവൽക്കരിക്കുന്നത്.
ഈ ചിത്രങ്ങളിലെല്ലാം തന്നെ മതം എന്നത് സഭയുടെ നിയമാവലികൾക്ക് പുറത്ത്, ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുന്നതായി കാണാം. ഈ മാറ്റത്തെ ഗാനങ്ങളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയുമാണ് ലിജോ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
മാജിക്കൽ റിയലിസവും മതപരമായ അത്ഭുതങ്ങളും
'ആമേൻ' എന്ന ചലച്ചിത്രത്തിന്റെ ആഖ്യാനശൈലിയിൽ മാജിക്കൽ റിയലിസത്തിന് വലിയ പ്രാധാന്യമുണ്ട്. പുണ്യാളൻ നേരിട്ട് ഇടപെടുന്നു എന്ന വിശ്വാസം ഗ്രാമവാസികളിലുണ്ട്. ചലച്ചിത്രത്തിലെ പല ദൃശ്യങ്ങളും യാഥാർത്ഥ്യത്തിനും സ്വപ്നത്തിനും ഇടയിലുള്ളവയാണ്. ഈ ശൈലി മതപരമായ 'അത്ഭുതങ്ങളെ' (Miracles) ദൃശ്യാത്മകമായി അവതരിപ്പിക്കാൻ സംവിധായകനെ സഹായിക്കുന്നു. ചലച്ചിത്രത്തിന്റെ തുടക്കത്തിൽ നൽകിയിരിക്കുന്ന ബൈബിൾ വചനം സൂചിപ്പിക്കുന്നത് പോലെ, അത്ഭുതങ്ങൾ കണ്ടാലല്ലാതെ വിശ്വസിക്കാത്ത ഒരു സമൂഹത്തിന് മുന്നിൽ ദൃശ്യങ്ങളിലൂടെ ആ അത്ഭുതങ്ങളെ സംവിധായകൻ സൃഷ്ടിക്കുന്നു.
വാദ്യോപകരണങ്ങളിലൂടെയുള്ള ആത്മീയ സംവേദനം.
മതം എന്നത് കേവലം ദൃശ്യബിംബങ്ങളിൽ (Visual Images) മാത്രം ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് ശബ്ദങ്ങളിലൂടെയും താളത്തിലൂടെയും അനുഭവവേദ്യമാകുന്നു . 'ആമേൻ' എന്ന ചലച്ചിത്രത്തില്‍ വാദ്യോപകരണങ്ങൾ കേവലം സംഗീതം നൽകുന്ന ഉപാധികളല്ല, മറിച്ച് ആത്മീയമായ ഒരന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുന്ന സജീവ ഘടകങ്ങളാണ്. ചലച്ചിത്രത്തിലെ ബാൻഡ് സെറ്റിലും മതപരമായ ചിഹ്നങ്ങളും പുണ്യാളന്മാരുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഇത് ആ ഉപകരണങ്ങളെ കേവലം ഭൗതികവസ്തുക്കൾ എന്നതിലുപരി പവിത്രമായ ഒന്നായി (Sacred Objects) മാറ്റുന്നു. ഇതിലൂടെ പുറപ്പെടുന്ന സംഗീതം ഒരു ആത്മീയ പ്രക്രിയയായി മാറുന്നു. സോളമന്റെ തകർന്ന ക്ലാരിനെറ്റ് അയാളുടെ ആത്മീയവും മാനസികവുമായ തകർച്ചയെ സൂചിപ്പിക്കുന്നു. ആ ഉപകരണം വീണ്ടും ശബ്ദിച്ചു തുടങ്ങുന്നത് ഒരു മനുഷ്യന്റെ ആത്മാവ് ദൈവീകമായ ഇടപെടലിലൂടെ ഉണരുന്നതിനെയാണ് ദൃശ്യവൽക്കരിക്കുന്നത്. റിച്ചാർഡ് ലാസ്റ്റ് മുന്നോട്ടുവെച്ച 'സ്റ്റൈൽ-സെൻസിറ്റീവ്' രീതിയിൽ നോക്കിയാൽ, സംഗീതം ഇവിടെ സിനിമയുടെ ആഖ്യാനത്തെ ആത്മീയമാക്കുന്നു.താളം ഒരു ആരാധനയായി പള്ളിപ്പെരുന്നാൾ പ്രദക്ഷിണങ്ങളിലെ ബാൻഡ് മേളങ്ങൾ വിശ്വാസികളെ ഒരു കൂട്ടായ ആത്മീയ ഉന്മാദത്തിലേക്ക് നയിക്കുന്നു. വാദ്യോപകരണങ്ങൾ സൃഷ്ടിക്കുന്ന ഈ ശബ്ദലേഖനം, പള്ളിയുടെ നാലുചുവരുകൾക്ക് പുറത്തും മതം എങ്ങനെ സജീവമായി നിലനിൽക്കുന്നു എന്ന് തെളിയിക്കുന്നു. കാഴ്ചയെപ്പോലെ തന്നെ ശബ്ദവും എങ്ങനെ ഒരു മതാനുഭവം സൃഷ്ടിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ലിജോ ഈ സിനിമയിൽ വാദ്യോപകരണങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
വിഷ്വൽ റിലീജിയൻ എന്ന സങ്കല്പം
സമകാലിക പഠനങ്ങളിൽ 'വിഷ്വൽ റിലീജിയൻ' എന്നത് സിനിമകളിൽ മതപരമായ വസ്‌തുക്കൾ, പ്രകാശസംവിധാനം, വസ്ത്രധാരണം എന്നിവയിലൂടെ ഒരു മതാനുഭവം സൃഷ്ടിക്കുന്നതിനെ സൂചിപ്പിക്കുന്നു. 'ആമേനിലെ' വെളിച്ചം പലപ്പോഴും ദൈവികതയുടെ പ്രതീകമായി ഉപയോഗിച്ചിരിക്കുന്നു. പള്ളിയിലെ മെഴുകുതിരി വെട്ടവും, പുരോഹിതരുടെ ളോഹയും ചേർന്ന് ഒരു മിസ്റ്റിക് അനുഭവം സൃഷ്ടിക്കുന്നു. ഷാപ്പുകളിൽ ക്രിസ്തുവിന്റെയോ പുണ്യാളന്മാരുടെയോ ചിത്രങ്ങൾ സ്ഥാപിക്കുന്നത് വഴി മതം ദേവാലയത്തിന് പുറത്തേക്ക് വ്യാപിക്കുന്നതായി സംവിധായകൻ കാണിച്ചുതരുന്നു. ഇത് മതത്തിന്റെ ജനപ്രിയവൽക്കരണമാണ്
ദൃശ്യഭാഷയിലെ മതാത്മകബിംബങ്ങൾ ചലച്ചിത്രത്തിലുടനീളം ആവർത്തിക്കുന്ന ചിലദൃശ്യബിംബങ്ങൾ,പള്ളിപ്പെരുന്നാളുകളിലെപ്രദക്ഷിണങ്ങൾ,മാലാഖമാര്‍,പുണ്യാളന്‍,ബാൻഡിലെ വാദ്യോപകരണങ്ങൾ,പുരോഹിതരുടെ വസ്ത്രങ്ങൾ എന്നിവ ഒരു ക്രൈസ്തവ മതവിഭാഗത്തിന്റെ സാംസ്കാരിക സ്വത്വത്തെ അടയാളപ്പെടുത്തുന്നു. ചലച്ചിത്രത്തിലെ വെളിച്ചത്തിന്റെ ഉപയോഗം ശ്രദ്ധേയമാണ്. പള്ളിക്കുള്ളിലെ ദൃശ്യങ്ങളിൽ മെഴുകുതിരി വെളിച്ചവും, സൂര്യപ്രകാശവും ഒരു ദൈവിക അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് പ്രേക്ഷകനിൽ മതപരമായ ഒരു അനുഭവം ഉളവാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
ഉപസംഹാരം
മലയാള ചലച്ചിത്രത്തില്‍ മതപരമായ ആവിഷ്കാരങ്ങളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ വെറും വിനോദോപാധിയല്ല, മറിച്ച് മതപരമായ ചിഹ്നങ്ങളെയും സാമൂഹിക യാഥാർത്ഥ്യങ്ങളെയും സംയോജിപ്പിക്കുന്ന ശക്തമായ മാധ്യമമാണ്. 'ആമേൻ' എന്ന ചലച്ചിത്രത്തിൽ ക്രിസ്തീയ സംസ്കാരത്തെയും ആചാരങ്ങളെയും സംഗീതാത്മകമായി ദൃശ്യവൽക്കരിക്കുന്നതിലൂടെ മതത്തെ ഒരു ലാവണ്യാനുഭവമായി മാറ്റാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പള്ളി എന്ന സ്ഥാപനത്തെ ആരാധനാലയം എന്നതിനപ്പുറം പ്രണയം, സംഗീതം, അധികാരം എന്നിവയുടെ കേന്ദ്രമായി ചിത്രീകരിക്കുന്നു. ചുരുക്കത്തിൽ, ലിജോയുടെ ചലച്ചിത്രങ്ങളിലെ മതാത്മക ദൃശ്യബിംബങ്ങൾ മലയാള ചലച്ചിത്രങ്ങളുടെ ലാവണ്യശാസ്ത്രത്തിൽ പുതിയൊരു അധ്യായം കൂട്ടിച്ചേർക്കുന്നു. മലയാള ചലച്ചിത്രങ്ങളില്‍ മതപരമായ പ്രതിനിധാനങ്ങൾ ഭക്തിയിൽ നിന്ന് മാറി ഒരു സാംസ്കാരിക വിശകലനത്തിന് വിധേയമാകുന്ന കാഴ്ചയാണ് പുതിയ കാലത്ത് കാണുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ചലച്ചിത്രങ്ങള്‍ മതത്തെ ഒരു പവിത്രമായ ചട്ടക്കൂടിനുള്ളിൽ മാത്രം നിർത്താതെ, അതിലെ മനുഷ്യസഹജമായ വികാരങ്ങളെയും ആചാരങ്ങളിലെ ലാവണ്യത്തെയും ആഘോഷിക്കുന്നു. സിനിമയിലെ ഗാനങ്ങൾ ഈ ആഘോഷത്തിന്റെ ദൃശ്യരൂപങ്ങളായി വർത്തിക്കുന്നു. 'ആമേൻ' എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ഒരു 'വിഷ്വൽ ടെക്സ്റ്റ്' എന്ന നിലയിൽ മതാത്മക ദൃശ്യബിംബങ്ങളെ വിജയകരമായി സംവേദനം ചെയ്യുന്നു. മതം ഒരു ജനപ്രിയ ദൃശ്യസംസ്കാരമായി പരിവർത്തനം ചെയ്യപ്പെടുന്ന പ്രക്രിയയിൽ ചലച്ചിത്ര ഗാനങ്ങൾക്ക് നിർണ്ണായകമായ സ്ഥാനമുണ്ടെന്ന് ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു.
ഗ്രന്ഥ സൂചി
1. Booth, Gregory (2000). Religion, Gossip, Narrative conventions and the construction of meaning in Hindi film. Songs. Oxford university press.
2. Dwyer, Rachel. (2006). Filming the Gods Religion and Indian cinema. Routledge London.
3. Last, Richard. (2012). A Style Sensitive Approach to Religion and Film. Brill. Netherlands.
4. Leab. J, Daniel. (2002). Introduction film and Religion. Indiana university press. U. S. A.
5. Morgan, D. (2005). The Sacred Gaze: Religious Visual Culture in Theory and Practice. University of California Press.
6. കുര്യൻ, എം, ഷീബ. (2016) സിനിമ സാങ്കേതികതയും സംസ്കാരവും. യൂണിവേഴ്സിറ്റി ഓഫ് കേരള തിരുവനന്തപുരം.
7. ഗോപാലകൃഷ്ണൻ, രമേശ്. (2015). ജനകീയസംഗീത വിചാരങ്ങൾ. മാതൃഭൂമി ബുക്സ് കോഴിക്കോട്.
8. ജയരാജ്, എം. (2018) മലയാള സിനിമ പിന്നിട്ട വഴികൾ. മാത്രഭൂമി ബുക്സ്, കോഴിക്കോട്.
9. തോമസ്, കര്യൻ, എം (2018).നസ്രാണി സംസ്കാരം ദേശീയത. സാഹിത്യ പ്രവർത്തക സഹകരണ സംഘം കോട്ടയം.
10.നായർ, ഗുപ്തൻ (2008) കേരളവും സംഗീതവും. പൂർണ പബ്ലിക്കേഷൻ. കോഴിക്കോട്.
11.പാമ്പിരിക്കുന്ന്,പ്രദീപൻ(2017). ഏക ജീവിതാനശ്വരഗാനം. പ്രോഗ്രസ്സ് ബുക്ക്. കോഴിക്കോട്
12.ബാലചന്ദ്രൻ, ബി. (2013) കേരളീയ വസ്തു പാരമ്പര്യം. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരം
13.മാനുവൽ, കെ, ജോസ് (എഡി) (2015). മാറുന്ന മലയാള സിനിമ. സാഹിത്യ പ്രവർത്തക സഹകരണ സംഘം കോട്ടയം.
14.വിജയകൃഷ്ണൻ (2017). മലയാള സിനിമയുടെ കഥ പൂർണ പബ്ലിക്കേഷൻ, കോഴിക്കോട്.
15.വിജയകൃഷ്ണൻ,(2015).ചലച്ചിത്രത്തിന്റെ പൊരുൾ. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
16.ഹരികുമാർ, (എഡി), (2013)മലയാള ചലച്ചിത്ര ഗാനം സാഹിത്യം ചരിത്രം. സാഹിത്യ പ്രവർത്തക സഹകരണ സംഘം. കോട്ടയം.
സുധാരസൻ.പി.എസ്.
ഗവേഷകവിദ്യാർത്ഥി, മലയാളസർവ്വകലാശാല,തിരൂര്‍ sudharparayidathil@gmail.com




Comments