അധ്യാത്മരാമായണം ഭാവവും ഭാഷയും
- 4 hours ago
- 8 min read
ഡോ. ഇന്ദു ആർ
താക്കോൽവാക്കുകൾ -കേരളീയഭക്തിപ്രസ്ഥാനം-അധ്യാത്മരാമായണം വിവർത്തനത്തിലെ മൗലികത- ഭാഷാപരമായ പരിവർത്തനം- എഴുത്തച്ഛൻ്റെ കാവ്യദർശനം - ഭാവാവിഷ്ക്കാരം - കഥാപാത്രനിർമ്മിതി -ഭക്തി വേദാന്ത ചിന്ത - തത്വസംഹിതകളും ജീവിത പാഠങ്ങളും
ആർഷസംസ്കാരത്തിൻ്റെ ഇരിപ്പിടമായ രാമായണവും മഹാഭാരതവും ജനസാമാന്യത്തിനു മനസിലാകുന്ന ഭാഷയിൽ ഗാനാത്മകമായി ആവിഷ്ക്കരിച്ച കവിവര്യനാണ് എഴുത്തച്ഛൻ. പതിനാറാം നൂറ്റാണ്ടിൻ്റെ ഉത്തരാർധത്തിലും പതിനേഴാം നൂറ്റാണ്ടിൻ്റെ പ്രാരംഭത്തിലുമാണ് എഴുത്തച്ഛൻ്റെ ജീവിതകാലമെന്ന് കരുതാം. എഴുത്തച്ഛൻ്റെ ജീവതകാലത്തെപ്പറ്റി ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. കാലത്തെപ്പറ്റിയും ജീവിത സംബന്ധിയായ വിവരങ്ങളെപ്പറ്റിയും വ്യക്തമായ രേഖകളില്ല. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലെ തിരൂരിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്ത് തുഞ്ചൻ പറമ്പ് ആണ് അദ്ദേഹത്തിൻ്റെ ജന്മദേശം. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നാണ് പൂർണ നാമധേയമെന്ന് കരുതപ്പെടുന്നു. എഴുത്തുകളരിയിലെ ആശാനായതിനാൽ എഴുത്തച്ഛൻ എന്നായതെന്ന് അഭിപ്രായമുണ്ട്. എഴുത്ത് പഠിപ്പിക്കുകയും ഗ്രന്ഥങ്ങൾ പകർത്തി എഴുതുകയുമായിരുന്നു എഴുത്തശ്ശാന്മാരുടെ തൊഴിൽ. ഒട്ടേറെ കൃതികളുടെ കർതൃത്വം പറയുന്നുണ്ടെങ്കിലും ആശയൈക്യത്തെയും ശൈലിയുടെ സമാനസ്വഭാവത്തെയും കവിയുടെ ദർശനത്തെയും മുൻനിർത്തി അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നിവ എഴുത്തച്ഛൻ്റെതെന്ന് നിസ്സംശയം പറയാം. ഹരിനാമകീർത്തനം, ചിന്താരത്നം, ദേവീ മാഹാത്മ്യം, ഭാഗവതം കിളിപ്പാട്ട്, ഇരുപത്തിനാലു വൃത്തം എന്നിവയും ഇദ്ദേഹത്തിൻ്റെ കൃതികളാണെന്ന് അഭിപ്രായമുണ്ട്.
ഭാരതത്തിലുടനീളം ഒരു നവോത്ഥാനത്തിൻ്റെ കാലഘട്ടമായിരുന്നു പതിനഞ്ചും പതിനാറും നൂറ്റാണ്ടുകൾ. എ.ഡി ഏഴാം നൂറ്റാണ്ടു മുതൽ ദക്ഷിണേന്ത്യയിൽ ആഴ്വാന്മാരുടെയും നായനാർമാരുടെയും നേതൃത്വത്തിൽ ഭക്തി പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നു. പിന്നീട് അത് ഉത്തരേന്ത്യയിലേക്കും വ്യാപിച്ചു.മതപരവും സാമൂഹികവുമായ ഒരു നവീകരണ പ്രസ്ഥാനമാണ് ഭക്തി പ്രസ്ഥാനം. കബീർ ദാസ്, സൂർദാസ് , തുളസീദാസ്, രാമാനന്ദൻ, തുക്കാറാം, ഗുരുനാനാക്ക് , മീരാഭായി ചൈതന്യ മഹാപ്രഭു എന്നിവരെല്ലാം ഭക്തി പ്രസ്ഥാനത്തിൻ്റെ പ്രചാരകരായിരുന്നു. പ്രാദേശിക ഭാഷകളിലെ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും ഭക്തി സാഹിത്യം വളർന്നു. കേരളത്തിൽ പതിനഞ്ചു മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ ഭക്തി സാഹിത്യത്തിൻ്റെ സ്വാധീനം പ്രകടമായിരുന്നു . എഴുത്തച്ഛനൊപ്പം തന്നെ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയും പൂന്താനം നമ്പൂതിരിയും ഭക്തി പ്രസ്ഥാനത്തെ പോഷിപ്പിച്ചവരാണ്. ഇക്കാലയളവിൽ കേരളത്തിലെ രാഷ്ട്രീയ രംഗത്തെ ശിഥിലീകരണ പ്രവണത സാമൂഹികരംഗത്ത് അരാജകത്വം സൃഷ്ടിച്ചു. നാടുവാഴി പ്രഭുത്വത്തിൻ്റെ ദുർഭരണവും ആഭ്യന്തര കലാപങ്ങളും വിദേശശക്തികളുടെ കടന്നുവരവും അന്നത്തെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കി. പലവിധത്തിലും അധ:പതനം നേരിട്ടു കൊണ്ടിരുന്ന കാലഘട്ടത്തെ ചെറുത്തു നിൽക്കുവാൻ ഭക്തി പ്രസ്ഥാനത്തിന് ഒരു പരിധിവരെ സാധിച്ചു.
കാലോചിതമായ പരിഷ്കരണത്തിലൂടെ ആന്തരിക സംസ്കരണത്തിനും ആത്മീയോന്നതിയ്ക്കുമുള്ള ഇന്ധനമാക്കി ഭക്തിയെ കാവ്യങ്ങളിലൂടെ മാറ്റിയെടുത്തു. ജാതിമേധാവിത്വവും അധികാരപ്രമത്തതയും ഭോഗലാലസമായ ജീവിതവും നിലനിന്നിരുന്ന ഈ കാലഘട്ടത്തിലെ ധാർമ്മികമായ അധ:പതനത്തെ വ്യക്തമായി ചിത്രീകരിക്കുന്നവയാണ് മണിപ്രവാള കൃതികൾ. ഈ ജീർണ്ണതയിൽ നിന്നും ഭാഷയേയും സാഹിത്യത്തെയും കേരള സംസ്കാരത്തെയും നവീകരിക്കുവാൻ എഴുത്തച്ഛൻ ശ്രമിച്ചു.
ആദികാവ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാല്മീകി രാമായണത്തിന് മുൻപു തന്നെ രാമകഥയെ ആധാരമാക്കിയുള്ള അഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. സംസ്കൃതത്തിൽ നിന്നുള്ള അധ്യാത്മരാമായണത്തിൻ്റെ വിവർത്തനമാണ് അധ്യാത്മരാമായണം കിളിപ്പാട്ട്. ആദികാവ്യമായ രാമായണത്തിൽ ശ്രീരാമനെ ആദർശ പുരുഷനായാണ് വാല്മീകി ചിത്രീകരിച്ചിരിക്കുന്നത്. ശ്രീരാമനെ മഹാവിഷ്ണുവിൻ്റെ അവതാര പദവിയിലേക്ക് ഉയർത്തി ജീവാത്മ-പരമാത്മ തത്ത്വം സന്നിവേശിപ്പിച്ച് എഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ടിൽ ഭക്തി, തത്ത്വചിന്ത, മൂല്യബോധം, ഉന്നതാദർശങ്ങൾ, സദാചാര ജീവിതാദർശങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
വാല്മീകിരാമായണം, രഘുവംശം, ഭോജചമ്പു, ഭാഷാരാമായണം ചമ്പു , കണ്ണശ്ശരാമായണം എന്നീ കൃതികളെ എഴുത്തച്ഛൻ ഉപജീവിച്ചിട്ടുണ്ട്. 66 സർഗ്ഗങ്ങളും 4310 ശ്ലോകങ്ങളുമുള്ള അധ്യാത്മരാമായണം 7736 ഈരടികളിലായി എഴുത്തച്ഛൻ വിവർത്തനം ചെയ്തു. മലയാള കവിതാ സാഹിത്യത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ സുപ്രധാനമായ കാവ്യങ്ങളുടെയെല്ലാം ഇതിവൃത്തം പുരാണേതിഹാസങ്ങളാണ്. അതിൽ തന്നെ രാമകഥയ്ക്കാണ് ഏറെ പ്രചാരമുണ്ടായിരുന്നത്. വാല്മീകി രാമായണ മാതൃകയിലുള്ള കാണ്ഡ വിഭജന രീതി തന്നയാണ് എഴുത്തച്ഛനും സ്വീകരിച്ചത്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം എന്നിങ്ങനെ ആറു കാണ്ഡങ്ങളായാണ് രാമായണ കഥ ആവിഷ്ക്കരിച്ചിരിക്കുന്നത്. സംഘം കൃതികളിലും സംസ്കൃതകാവ്യങ്ങളിലും കിളിയെക്കൊണ്ട് പാട്ടുപാടിക്കുന്ന രീതിയുണ്ടായിരുന്നു. മലയാളത്തിൽ അതിനെ ഒരു പ്രസ്ഥാനമാക്കി പോഷിപ്പിച്ചത് എഴുത്തച്ഛനാണ്. പൂർവകാവ്യങ്ങളുടെ സ്വാധീനം പല ഘടകങ്ങളിലും കാണാമെങ്കിലും തനതായ ഒരു ശൈലിയ്ക്ക് സ്ഥിരപ്രതിഷ്ഠ നൽകുവാനുള്ള ആർജ്ജവം ആ കാലഘട്ടത്തിൽ എഴുത്തച്ഛൻ്റെ സാഹിത്യ സൃഷ്ടികൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ
‘ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലീടൂ മടിയാതെ’
എന്ന അഭ്യർത്ഥന മാനിച്ച് ശാരികപൈതൽ ശ്രീരാമസ്മൃതിയോടെ കഥ പറഞ്ഞു തുടങ്ങുന്നതായാണ് കാവ്യം അവതരിപ്പിച്ചിരിക്കുന്നത്. സ്വതന്ത്ര വിവർത്തനത്തിലൂടെ മൂലകൃതിയെ അതിശയിക്കുന്ന ഒരു സ്വതന്ത്ര കാവ്യമായാണ് അധ്യാത്മ രാമായണം കിളിപ്പാട്ട് രൂപാന്തരം പ്രാപിച്ചത്.
എഴുത്തച്ഛന് മുമ്പും പുരാണേതിഹാസങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. എന്നാൽ എഴുത്തച്ഛൻ്റെ വിവർത്തനശൈലി മലയാളികൾ സ്വീകരിച്ചതിനു കാരണം വിവർത്തന ശൈലിയിൽ അദ്ദേഹം പുലർത്തിയ ഉചിതജ്ഞതയാണ്. ശരി തർജ്ജമയും അന്യഭാഷാകൃതികളിലെ ആശയം കൊണ്ട് മോടി പിടിപ്പിക്കുന്ന ഭാഗങ്ങളും എഴുത്തച്ഛൻ്റെ കൃതികളിലുണ്ട്. മൗലികമായ കല്പനകളും അപൂർവ്വമല്ല. നേർതർജ്ജമ, സംക്ഷേപം, വിപുലനം, സമകലനം എന്നിങ്ങനെ നാലു രീതിയിലുള്ള വിവർത്തന രീതികൾ കൃതികളിൽ എഴുത്തച്ഛൻ സ്വീകരിച്ചിട്ടുണ്ട്. . സുന്ദരകാണ്ഡത്തിൻ്റെ ആരംഭത്തിൽ രാമായണകഥ നാലു തവണ മൂലകവി ആവർത്തിക്കുമ്പോൾ എഴുത്തച്ഛൻ ഒറ്റത്തവണയായി അത് സംക്ഷേപിക്കുന്നു. ഉപജീവ്യാശയങ്ങൾ ഔചിത്യപൂർവ്വം വികസിപ്പിക്കുന്ന വിപുലന രീതി എഴുത്തച്ഛൻ കിളിപ്പാട്ടിൽ മിക്കയിടത്തും സ്വീകരിച്ചിട്ടുണ്ട്.
സുന്ദരകാണ്ഡത്തിൽ 'ഇവനെ വെട്ടി നുറുക്കുവിൻ’ എന്ന് രാവണൻ പറഞ്ഞതിൽ
‘ നമേ സമാ: രാവണ കോടയോധ്യ മ
രാമസ്യ ദാസോ ഹ മപാര വിക്രമ :’
എന്നാണ് മൂലകൃതിയിൽ കാണുന്നത്.
എന്നാൽ എഴുത്തച്ഛൻ്റെ വിവർത്തനം ഇപ്രകാരമാണ്
‘ നിനവു തവ മനസി പെരുതെത്രയും നന്നു നീ
നിന്നോടെതിരൊരു നൂറുനൂറായിരം
രജനിചര കുലപതികളായ് ഞെളിഞ്ഞുള്ളൊരു
രാവണൻ മാരൊരുമിച്ചെതിർത്തിട്ടില്ലാ’ ( സുന്ദരകാണ്ഡം)
എന്നിങ്ങനെ ഹനുമാൻ്റെ വീര്യവും രാവണനിന്ദയും അനുവാചക ഹൃദയത്തിലെത്തിക്കുവാൻ കഴിയുന്ന രീതിയിലാണ് എഴുത്തച്ഛൻ അവതരിപ്പിച്ചിരിക്കുന്നത്. ദൂതനായ ഹനുമാൻ്റെ പ്രവൃത്തികളെ സൂക്ഷ്മമായി ചിത്രീകരിച്ചുകൊണ്ട് സുന്ദരകാണ്ഡത്തിൽ ഉപജീവ്യഗ്രന്ഥത്തിലില്ലാത്ത കല്പനകൾ കൂട്ടിച്ചേർക്കുന്നുണ്ട്. സമകലന രീതിയിലുള്ള വിവർത്തന രീതിയാണിത്. സീതാസ്വയംവര വർണ്ണനയിൽ വരണമാല അണിയിക്കുന്നതിനുമുമ്പായി നേത്രോൽപ്പലമാല സ്വീകരിച്ചതായി എഴുത്തച്ഛൻ കല്പിക്കുന്നു . ഇത് മൂലഗ്രന്ഥത്തിൽ നിന്ന് വ്യത്യസസ്തമായി എഴുത്തച്ഛൻ കൂട്ടിച്ചേർത്തതാണ്.
ആധുനിക വിവർത്തന സിദ്ധാന്തങ്ങളെ മുൻനിർത്തി പരിശോധിച്ചാൽ സ്വീകാര്യമായ എല്ലാ വിവർത്തന രീതിയും എഴുത്തച്ഛൻ സ്വീകരിച്ചിട്ടുണ്ടെന്ന് കാണാം. വാല്മീകിരാമായണത്തിൻ്റെ ആഖ്യാനങ്ങളും പരിഭാഷകളും അനുകരണങ്ങളുമായി നിരവധി കൃതികൾ പിന്നീട് വിവിധ ഭാഷകളിലുണ്ടായിട്ടുണ്ടെങ്കിലും അവയിൽ എഴുത്തച്ഛൻ്റെ അധ്യാത്മരാമായണത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്.
എഴുത്തച്ഛന് മുൻപുള്ള കാവ്യചരിത്രം പരിശോധിക്കുമ്പോൾ തമിഴ് പ്രഭാവത്തിൻ്റെയും സംസ്കൃതാധിപത്യത്തിൻ്റെയും കാലഘട്ടമായിരുന്നുവെന്ന് കാണാം. പാട്ട് പ്രസ്ഥാനം, മണിപ്രവാള സാഹിത്യം, നാടൻപാട്ടുകൾ എന്നീ കാവ്യഭാവുകത്വങ്ങളിൽ നിലകൊള്ളുന്നു മലയാള കവിതയുടെ പ്രാരംഭഘട്ടം.മണിപ്രവാള ശൈലിയേയും പാട്ടു രീതിയെയും സമന്വയിപ്പിച്ച് ഒരു നവീന കാവ്യഭാഷാശൈലി എഴുത്തച്ഛൻ ആവിഷ്ക്കരിച്ചു. ആധുനിക മലയാള ഭാഷയുടെ എല്ലാ സവിശേഷതകളും ആ കാവ്യഭാഷാശൈലിയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്.
എഴുത്തച്ഛൻ ഭാഷയിൽ വരുത്തിയ പരിവർത്തനങ്ങൾ മുഖ്യമായും അക്ഷരമാലയുടെ രൂപവത്കരണത്തിലും ഏകരൂപമായ ലിപി സമ്പ്രദായത്തിലുമായിരുന്നു. വട്ടെഴുത്തിൽ എഴുതിവന്നിരുന്ന തമിഴ് അക്ഷരമാലയും ദേവനാഗരിയിൽ എഴുതിയ സംസ്കൃതാക്ഷരമാലയുമാണ് അന്ന് നിലവിലിരുന്നത്. സംസ്കൃതാക്ഷരമാല കേരളത്തിൽ ഗ്രന്ഥലിപിയിലും എഴുതി വന്നിരുന്നു. ശാസന ഭാഷകളിൽ ഗ്രന്ഥാക്ഷര ലിപിയും വട്ടെഴുത്തുരീതിയും കാണാം. ഈ രണ്ടു തരത്തിലുള്ള വർണ്ണമാലയേയും സമന്വയിപ്പിച്ചാണ് അമ്പത്തൊന്ന് അക്ഷരങ്ങളുള്ള അക്ഷരമാലയും ലിപിവ്യവസ്ഥയും നിലവിൽ വന്നത്. അക്ഷര ലേഖന രീതിയെയും ആര്യ എഴുത്ത് എന്ന പേരിൽ പ്രചരിച്ച ലിപിവ്യവസ്ഥയെയും പ്രചരിപ്പിച്ചതിൽ എഴുത്തച്ഛന് സുപ്രധാന പങ്കുണ്ട്. മലയാളത്തിലെ അക്ഷരമാലയെ അടിസ്ഥാനമാക്കി എഴുത്തച്ഛൻ രചിച്ച കീർത്തന ഗ്രന്ഥമാണ് ഹരിനാമകീർത്തനം. ദ്രാവിഡ വൃത്തങ്ങളെയും സംസ്കൃത സാഹിത്യത്തെയും സംഘടിപ്പിച്ചു കൊണ്ട് സംസ്കൃത പദങ്ങളെ നിലനിർത്തിക്കൊണ്ട് 'മലയാളത്തിൻ്റെ വ്യാകരണ സ്വരൂപത്തിലുറച്ചു നിന്ന ഒരു കാവ്യശൈലി അവതരിപ്പിച്ചു. ഗാനാത്മകമായ ഭാഷാവൃത്തങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്. വൃത്തം, ഇതിവൃത്ത സ്വീകാര്യം എന്നീ വിഷയങ്ങളിൽ പാട്ടിൻ്റെ തുടർച്ചയാണ് കിളിപ്പാട്ടിൽ കാണുന്നത്.
തമിഴിൻ്റെയും സംസ്കൃതത്തിൻ്റെയും സ്വാധീനത്തിൽ നിന്നുമാറി ഭാഷ സ്വതന്ത്രമാകാൻ തുടങ്ങിയ കാലത്ത് എഴുത്തച്ഛൻ അതിനെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അങ്ങനെ സംസ്കൃതത്തിലെ ഇതിഹാസപുരാണങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലേക്ക് മലയാള ഭാഷയ്ക്ക് വളരുവാൻ സാധിച്ചു.
സ്തുതിഭാഗങ്ങളിലും മറ്റും സംസ്കൃത പദപ്രചുരതയ്ക്ക് പ്രാധാന്യം ഉണ്ടെങ്കിലും ഭാഷാപദപ്രചുരമായ ഒരു ശൈലിയാണ് കാവ്യങ്ങളിൽ ആദ്യന്തം കാണുന്നത്. വാമൊഴിയിൽ ഉപയോഗിക്കപ്പെടുന്ന ശബ്ദങ്ങളും ശൈലികളുമൊക്കെ സന്ദർഭോചിതമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. വർണ്ണതലത്തിലും പദതലത്തിലും വ്യാകരണരൂപത്തിലും പല പ്രത്യേകതകളും എഴുത്തച്ഛൻ കൃതികളിൽ കാണാം. പഴയ പദങ്ങളും ക്രിയാരൂപങ്ങളും വർണവികാരങ്ങളും കാണാം. മധ്യകാല മലയാള ഭാഷയുടെ പ്രത്യേകതയായ ' ൻ്റ ' വർണങ്ങൾ എഴുത്തച്ഛൻ സ്വീകരിക്കുന്നില്ല. പുരുഷ പ്രത്യയങ്ങൾ സാർവത്രികമായി സ്വീകരിക്കുന്ന രീതിയും കാണുന്നില്ല. അനുനാസികാതിപ്രസരവും താലവ്യാദേശവും വരാത്ത രൂപങ്ങൾ കാവ്യത്തിൽ കാണുന്നില്ല. ക്രിയാപദങ്ങളോ സമുച്ചയ നിപാതങ്ങളോ തുടർച്ചയായി പ്രയോഗിച്ച് സന്ദർഭത്തെ ശ്രദ്ധേയവും ഊർജ്ജസ്വലവുമാക്കുന്ന രീതിയും അടുത്തടുത്ത് ക്രിയാപദങ്ങളെ ' ഉം' കൊണ്ട് സമുച്ചയിപ്പിക്കുന്ന രീതിയും കൃതികളിൽ കാണാം. കാവ്യസന്ദർഭങ്ങളുടെ ഭാവത്തിനനുസരിച്ചുള്ള ഭാഷാ പ്രയോഗമാണ് കാണുന്നത്. ശുദ്ധ സംസ്കൃതവും ശുദ്ധ മലയാളവും ഭാഷയ്ക്ക് പ്രാധാന്യം നൽകുന്ന മണിപ്രവാള ശൈലിയും കാണാം. സംസ്കൃതത്തിലെ വ്യാകരണ നിയമങ്ങളെ ഒഴിവാക്കി മലയാള സാഹിത്യത്തിൽ പ്രചരിച്ച് പരിചിതമായ സംസ്കൃത പ്രത്യയങ്ങളെ നിലനിർത്തി കാവ്യഭാഷയെ നവീകരിച്ചു.
ഭാവസാന്ദ്രവും ശില്പസുന്ദരവുമായ മണിപ്രവാള ശൈലി കാവ്യത്തിൽ സ്വീകരിച്ചു. ചടുലമായ വർണ്ണനകൾ, രസാവിഷ്കാരത്തിലെ സൗകുമാര്യം, അലങ്കാര പ്രയോഗങ്ങളിലെ സ്വാഭാവികത, കാര്യമാത്രപ്രസക്തമായ ശൈലി, ഔചിത്യം, ഭാവോന്മീലത എന്നിവ കിളിപ്പാട്ടിൻ്റെ സവിശേഷതകളാണ്. അതുകൊണ്ടാണ് എഴുത്തച്ഛനെ ‘ പുതുമലയാണ്മതൻ മഹേശ്വരൻ’ എന്ന് വള്ളത്തോൾ വിശേഷിപ്പിക്കുന്നത്. സാഹിത്യം തമിഴിൻ്റെയും സംസ്കൃതത്തിൻ്റെയും പക്ഷം വിട്ട് ഭാഷാപരമായും വൃത്തപരമായും സ്വതന്ത്രമാകാൻ തുടങ്ങിയ പ്രവണതയെ എഴുത്തച്ഛൻ ത്വരിതപ്പെടുത്തി. ഭാഷയുടെയും പ്രതിപാദനത്തിൻ്റെയും ഒരു മാനകമാതൃക സൃഷ്ടിച്ചു. ഇതിഹാസ പുരാണാദികളെ ഭാഷയിലേക്ക് അവതരിപ്പിക്കുക എന്ന വെല്ലുവിളി ഉയർന്ന നിലവാരത്തിലുള്ള സ്വതന്ത്ര വിവർത്തനത്തിലൂടെ ഏറ്റെടുത്തു. രാമചരിതത്തിൽ തുടങ്ങുന്ന ദ്രമിഡ സംഘാതാക്ഷര പാട്ടുഭാഷ, മണിപ്രവാള ഭാഷ, നാടൻപാട്ടിലെ തനി വായ്മൊഴി ഭാഷ എന്നീ കാവ്യ പ്രവണതകളെ സമഞ്ജസമായി കൂട്ടിയിണക്കി. വാമൊഴിയിൽ മാത്രം പ്രചാരത്തിലുള്ള ശബ്ദങ്ങളും ശൈലികളുമൊക്കെ അതേപടി സ്വീകരിച്ചിട്ടുണ്ട്. ക്രിയാ പദങ്ങളോ സമുച്ചയ നിപാതങ്ങളോ തുടർച്ചയായി പ്രയോഗിച്ച് സന്ദർഭത്തെ ശ്രദ്ധേയവും ഊർജ്ജസ്വലവുമാക്കുന്ന രീതി എഴുത്തച്ഛൻ്റ പ്രത്യേകതയാണ്. ഈരടികളും ദീർഘമായ വർണ്ണനകളിലും ഈ രീതി കാണാം.ഓജസ്സുള്ള ഒരു കാവ്യഭാഷയുടെ ഉദാത്ത മാതൃകകളായി എഴുത്തച്ഛൻ തൻ്റെ കാവ്യഭാഷയെ പരിവർത്തനപ്പെടുത്തിയെടുക്കുകയായിരുന്നു.
‘ നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം’ എന്ന കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ അഭിപ്രായം തികച്ചും വസ്തുനിഷ്ഠമാണ്. നിരണം കവികളിൽ തുടങ്ങിയ ഭാഷാപരിഷ്ക്കരണം എഴുത്തച്ഛനിൽ പൂർത്തിയാകുന്നു. അതുകൊണ്ടുതന്നെ മലയാള ഭാഷയുടെ മാനകീകരണം എഴുത്തച്ഛനിൽ സംഭവിച്ചുവെന്ന് കാണാം. എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവ് എന്നു വിളിക്കുന്നതിനു കാരണവുമിതു തന്നെയാണ്. കിളിപ്പാട്ടുവൃത്തങ്ങളുടെ ഗാനാത്മകതയും വൈവിദ്ധ്യവും ആകർഷണീയമാണ്. പാട്ടിൻ്റെ ദ്രാവിഡത്തനിമയിലേക്ക് സംസ്കൃത വൃത്തങ്ങളെയും മാത്രാവൃത്തങ്ങളെയും സംക്രമിപ്പിച്ചു കൊണ്ടുള്ള വൃത്തരീതിയാണ് സ്വീകരിച്ചത്. തമിഴിലെ ആചരിയ വൃത്തം കലിവിരുത്തം എന്നിവയോട് ഈ വൃത്തരീതിയ്ക്ക് ബന്ധമുണ്ട്. കേക, കാകളി, കളകാഞ്ചി, അന്നനട,മണികാഞ്ചി എന്നീ വൃത്തങ്ങളാണ് എഴുത്തച്ഛൻ പ്രധാനമായി സ്വീകരിച്ചത്. ദ്രാവിഡത്തിൽ ആധ്യാത്മിക ചിന്തയും ഭക്തിയും ആവിഷ്ക്കരിക്കാനുള്ള ഉപാധിയായി കിളിപ്പാട്ടു രീതി അംഗീകരിക്കപ്പെട്ടിരുന്നു. ഈ രീതി എഴുത്തച്ഛൻ സ്വീകരിക്കുകയാണുണ്ടായത്. സാഹിത്യത്തിലെ പൂർവഭാഷാരീതികളുടെ സ്വാഭാവിക പരിണാമത്തിൻ്റെ നിദർശനമായിരിക്കാം എഴുത്തച്ഛൻ്റെ ഭാഷ.
ഭാഷയുടെ ലാളിത്യവും സൗന്ദര്യവും നിലനിർത്തിക്കൊണ്ട് ഭാവത്തിനൊത്ത് ഭാഷയുടെ രൂപത്തെ മാറ്റിത്തീർത്തു. പുരാണേതിവൃത്തങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യാനും ഭക്തി പ്രസ്ഥാനത്തെ സജീവമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.ഈശ്വര സ്തുതി പരമായ ഭാഗങ്ങളിൽ സംസ്കൃത പദബാഹുല്യം കാണാം. ശൃംഗാര രസ പ്രധാനമായ ഭാഗങ്ങളിലും ഗൗരവമേറിയ സന്ദർഭങ്ങളിലുമെല്ലാം സംസ്കൃത പദങ്ങൾ ഏറിവരുന്നതായി കാണാം. ഭാഷയോട് ചേരുന്ന സംസ്കൃതം ഭാഷ പോലെ ലളിതമായിരിക്കണമെന്ന തത്ത്വം കാവ്യത്തിലുടനീളം കാണാം.
ഭാവത്തിനൊത്ത് ഭാഷയുടെ രൂപത്തെ മാറ്റിത്തീർക്കുവാനുള്ള കവിത്വസിദ്ധി എഴുത്തച്ഛൻ കൃതികളിൽ കാണാം. ഏതു ഭാവവും ശക്തമായി ആവിഷ്ക്കരിക്കാൻ മലയാള ഭാഷയ്ക്ക് കഴിവും കരുത്തുമുണ്ടെന്ന് എഴുത്തച്ഛൻ തെളിയിച്ചു. മലയാളത്തിൻ്റെ വ്യാകരണ സ്വരൂപത്തിൽ അടിയുറച്ചതും സംസ്കൃത പദങ്ങളെ യഥാനുസൃതം സ്വീകരിക്കാവുന്നതുമായ ഒരു കാവ്യ പ്രസ്ഥാനത്തിന് രൂപം നൽകി. എഴുത്തച്ഛൻ്റെ ഭാഷയുടെ നവീനത്വത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതും ഈ സവിശേഷത തന്നെയാണ്. ‘ ഭാഷയിൽ ക്ലാസിക് പ്രസ്ഥാനം കിളിപ്പാട്ടിൽ കൂടിയാണ് വളർന്നിട്ടുള്ളതെന്ന്’ കെ.എൻ എഴുത്തച്ഛൻ വിലയിരുത്തുന്നുണ്ട്. ‘ രണ്ടു കൈവഴികളിലായി പിരിഞ്ഞു കൊണ്ടിരുന്ന കേരള കവിതാസരസ്വതിയെ വീണ്ടും കൂട്ടിച്ചേർത്ത് ഒരു പ്രവഹമാക്കി വിട്ട മഹാപുരുഷനാണ് എഴുത്തച്ഛനെന്ന് ‘ ഏ.ആർ. രാജരാജവർമ്മ വിശേഷപ്പിക്കുന്നുണ്ട്. ‘ത്രൈവർണ്ണിക ഭാഷയെ ശുദ്ധീകരിച്ച് മലനാട്ടു തമിഴുമായി യോജിപ്പിച്ചത് എഴുത്തച്ഛനാണെന്ന്’ ഇളംകുളം കുഞ്ഞൻപിള്ളയും നിരീക്ഷിക്കുന്നുണ്ട്.
ആസ്തിക്യബോധത്തിൽ അടിയുറച്ച ഭക്തി ഭാവനയും തത്വചിന്തയുമാണ് എഴുത്തച്ഛൻ്റെ ജീവിതദർശനം. ഭക്തിസാന്ദ്രമായ അധ്യാത്മ ചിന്ത പ്രസരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഭഗവത് സ്തുതികളും അവതാരവർണ്ണനകളും കൊണ്ട് കിളിപ്പാട്ടുകൾ ശ്രദ്ധേയമായിത്തീർന്നു. സ്തോത്ര പാരായണവും നാമസങ്കീർത്തനവും ഹൃദയത്തെ ശുദ്ധീകരിക്കുമെന്നും ഹൃദയത്തിൽ ആസ്തിക്യം ഉറപ്പിക്കുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. ഈശ്വര ഭക്തിയിൽ അടിയുറച്ച ദർശനത്തെ തത്വചിന്തയുടെ പിന്തുണയോടെ ജനഹൃദയത്തോട് ചേർത്തു ഭക്തിയെ ജീവിതോൽക്കർഷത്തിനുള്ള മാർഗമായ് കണ്ടു. ഭക്തിയോഗവും കർമ്മയോഗവും കാവ്യങ്ങളിൽ ഒന്നിക്കുന്നതായി കാണാം. വേദതത്വങ്ങൾ ജീവിതത്തിലും പ്രായോഗികമാകമെന്ന തിരിച്ചറിവ് നൽകി. പരമാത്മാവും ജീവാത്മാവും ഒന്നു തന്നെയെന്ന തിരിച്ചറിവും സ്വധർമ്മാനുഷ്ഠാനത്തിൽ ഉറച്ചു നിൽക്കുന്നതാവണം മനസ്സെന്ന കാഴ്ചപ്പാട് അവതരിപ്പിച്ചു. ആദർശത്തിനപ്പുറം അവയെ കൃതികളിലൂടെ ആവിഷ്ക്കരിച്ചു. എഴുത്തച്ഛനു മുമ്പും പുരാണ - ഇതിഹാസങ്ങളെ അവലംബിച്ചു കൊണ്ടുള്ള നിരവധി കൃതികൾ ഭാഷയിലുണ്ടായിട്ടുണ്ട്. എഴുത്തച്ഛൻ പുരാണകഥകളിൽ സംഭവഗതികളേക്കാൾ പ്രാധാന്യം അവയുടെ അന്തർധാരയായ ഭക്തിയ്ക്കും മനോഭാവങ്ങൾക്കും പ്രാധാന്യം നൽകി. ഭക്തിഭാവത്തെ കേന്ദ്രബിന്ദുവാക്കി കൊണ്ടുള്ള കഥാകഥനമാണ് നിർവഹിച്ചത്.
'
ഇതിഹാസങ്ങൾ വിവരണാത്മകങ്ങളായ ആഖ്യാനങ്ങളാണ്. ആ ആഖ്യാനങ്ങളിൽ ഉചിതസന്ദർഭങ്ങൾ സൃഷ്ടിച്ച് വർണ്ണനകൾ കൂട്ടിച്ചേർത്ത് ചമത്കാര സുന്ദരമായ ഒരു കാവ്യ കലാസൃഷ്ടിയാക്കി മാറ്റി എഴുത്തച്ചൻ. ഏത് കാവ്യഭാഗമെടുത്തു പരിശോധിച്ചാലും എഴുത്തച്ഛൻ്റെ വർണ്ണനാത്മകമായ ചിത്രീകരണത്തിന് നിദർശനമാണെന്നു പറയാം.
‘ മൃദംഗാനകഭേരീതൂര്യ ഘോഷങ്ങളും
മൃദുനാദങ്ങൾ തേടും വീണയും കുഴലുകൾ’
എന്നു തുടങ്ങുന്ന സ്വയംവരാനന്തരം അയോധ്യയിലേയ്ക്കു യാത്ര തിരിക്കുമ്പോഴുള്ള സന്ദർഭം. രാജകീയമായ വിവാഹഘോഷയാത്രയുടെ ആഡംബരങ്ങളും പ്രൗഢിയും വെളിപ്പെടുത്തുന്ന രീതിയിലുള്ള വർണ്ണന ഒരു ഉദാഹരണമാണ്. സുന്ദരമായ വാങ്മയ ചിത്രങ്ങളാലും ഹ്രസ്വവും ദീർഘവുമായ വർണ്ണനകളാലും ശ്രദ്ധേയമാണ് എഴുത്തച്ഛൻ കൃതികൾ. അധ്യാത്മ രാമായണം കിളിപ്പാട്ടിലെ പല വർണ്ണനകളും മൂലകൃതിയിലുള്ളതല്ല . മൂലത്തിലെ വെറും വസ്തുതാ കഥനത്തെ കാവ്യാത്മകമായ വർണ്ണനകളാക്കി മാറ്റുന്നുണ്ട്. സീതാസ്വയംവരം, ലങ്കാദഹനം, സുഗ്രീവ കുംഭകർണ്ണയുദ്ധം തുടങ്ങിയ ഭാഗങ്ങൾ ഇപ്രകാരം ശ്രദ്ധേയമാണ്
.
‘ പ്രകൃതി ചപലതയൊടവനചലമോരോ മണി -
പ്രാസാദജാലങ്ങൾ ചുട്ടു തുടങ്ങിനാൻ,
ഗജതുരഗ രഥബലപദാതികൾ പംക്തിയും
ഗമ്യങ്ങളായുള്ള രമ്യ ഹർമ്യങ്ങളും’ ( സുന്ദരകാണ്ഡം)
ലങ്കാദഹനഭാഗം ശബ്ദാർത്ഥാലങ്കാര സന്നിവേശത്തിലൂടെ എഴുത്തച്ഛൻ പ്രൗഢമാക്കിത്തീർത്തു ഇത്തരത്തിലുള്ള സാഹിത്യപരമായ പുതുമകളാണ് അധ്യാത്മരാമായണത്തിന് ഒരു മൗലിക കൃതിയുടെ സ്വഭാവം നൽകുന്നത്.
തികഞ്ഞ സ്വാഭാവികതയോടെ രസഭാവാദികളെ കവി വർണ്ണിക്കുന്നുണ്ട്. നിരവധി സൂക്ഷ്മചിത്രങ്ങൾ കിളിപ്പാട്ടിൽ ഉടനീളം കാണാം. കാഴ്ചകളോരോന്നായി മനസ്സിൽ ‘പതിയും വിധം ആവിഷ്ക്കരിച്ചിരിക്കുന്നു. വർണ്ണനാ നിപുണനാകണം കവിയെന്ന പൗരസ്ത്യ നിരൂപകരുടെ കാഴ്ചപ്പാടിനെ ശരിവയ്ക്കുന്നതാണ്. എഴുത്തച്ഛൻ്റെ സർഗശക്തി ഈ സൂക്ഷ്മവർണ്ണനകളിലൂടെയാണ് പ്രകാശിതമാകുന്നത്. ഹ്രസ്വവും ദീർഘവുമായ വർണ്ണനകൾ, വികാരോത്പാദകമായ ചിത്രണങ്ങൾ, രസഭാവങ്ങൾക്കനുസൃതമായ പദഘടന തുടങ്ങി കാവ്യഭാഷയുടെ ഭംഗി വ്യംഗ്യാത്മകത്വവും കൊണ്ട് രചനയ്ക്കുണ്ടാകുന്ന ഗുണ സമ്മേളനം എഴുത്തച്ഛൻ കൃതികളെ ശ്രേഷ്ഠമാക്കുന്നുവെന്ന് നിരൂപകന്മാരും പണ്ഡിതന്മാരും പ്രകീർത്തിച്ചിട്ടുണ്ട്.
ഉദാത്തമായ ധാർമ്മികത, വികാരതീവ്രമായ ഭക്തി, പ്രബോധനാത്മകത, പ്രസാദാത്മകത എന്നിവ എഴുത്തച്ഛൻ കൃതികളുടെ സവിശേഷതകളാണ്. കർമ്മ പ്രധാനമായി നിലനിൽക്കുന്ന ജീവിതത്തിലെ ഭാഗ്യവിപര്യയങ്ങളെ അധ്യാത്മ രാമായണത്തിലെ പല സന്ദർഭങ്ങളിലും സൂചിപ്പിക്കുന്നുണ്ട്.
‘ നിത്യവും ചെയ്യുന്ന കർമ്മഫലഗുണം
കർത്താവൊഴിഞ്ഞു മറ്റന്യർ ഭൂജിക്കുമോ
താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താൻ താനനുഭവിച്ചീടുകെന്നേ വരൂ’
(യുദ്ധകാണ്ഡം)
ഈ വരികളിൽ കർമ്മഫലത്തിൽ നിന്ന് മോചനം ആർക്കും ലഭിക്കുകയില്ലെന്ന് കവി പറയുന്നു.ധർമ്മിഷ്ഠനായ മനുഷ്യൻ അവൻ്റെ ജീവിതസന്ധികളിൽ എങ്ങനെ ചിന്തിക്കണം പ്രവർത്തിക്കണമെന്ന് വഴി കാട്ടുന്നു.ഗുരുഭക്തി, ഈശ്വരഭക്തി, പുത്രവാൽസല്യം, സഹോദര സ്നേഹം, പതിപത്നീ ധർമ്മങ്ങൾ, സഹജീവി സ്നേഹം, ആശ്രിതരക്ഷണം ,തിന്മയോടുള്ള പോരാട്ടം,ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടിയുള്ള ക്ലേശപൂർണവും ഏകാഗ്രവുമായ പ്രയത്നം എന്നിങ്ങനെ സമൂഹത്തിൻ്റെ നിലനിൽപ്പിനും വളർച്ചയ്ക്കും സഹായകമായ നിരവധി ധാർമ്മിക മൂല്യങ്ങൾ എഴുത്തച്ഛൻ കൃതികൾ അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. കഥാപാത്രങ്ങളെ മുൻനിർത്തിക്കൊണ്ടാണ് കവി തനിക്കു പറയുവാനുള്ള ആശയങ്ങളെയും തത്വങ്ങളെയും അവരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ ജീവിതാവബോധത്തിലൂടെ ദാർശനികാശയങ്ങൾ പ്രതിപാദിക്കുന്നു. സങ്കീർണ്ണതയും ക്ലിഷ്ടതയും സൃഷ്ടിക്കാവുന്ന ദാർശനിക ചിന്തകളെ ലളിതമായ ഭാഷയിൽ ആവിഷ്ക്കരിക്കുകയാണ് കവി. വൈകാരികതയും തത്ത്വചിന്തയും സമർത്ഥമായി ഇടകലർത്തി ആവിഷ്ക്കരിച്ചു. എഴുത്തച്ഛൻ്റെ ത്യാജ്യഗ്രാഹ്യ വിവേചന ബുദ്ധി ഉത്തരം സന്ദർഭങ്ങളിൽ മിഴിവാർന്നു നിൽക്കുന്നു. ഭാവസംവേദനം സാധിക്കുന്ന രീതിയിൽ ഭാഷയെ അവതരിപ്പിക്കുന്നതിലൂടെ അദ്ദേഹം മലയാളഭാഷയുടെ സാധ്യതകളെക്കൂടി കണ്ടെത്തുകയായിരുന്നു.
അധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ,
‘ കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാർ
മറ്റുള്ള ജനങ്ങൾക്കു കുറ്റങ്ങൾ പറഞ്ഞിട്ടും
മുറ്റും തന്നുടെ കുറ്റമൊന്നറിയുകയുമില്ല’
( യുദ്ധകാണ്ഡം)
രാവണൻ്റെ ആത്മബോധനഷ്ടവും അഹങ്കാന്തതയും ചിത്രീകരിക്കുന്ന ഭാഗമാണിത്. ഈ ചിന്ത ഏതൊരുവൻ്റെയും ജീവിതത്തോടു ചേർന്നു നിൽക്കുന്ന ഒരു തിരിച്ചറിവാണ്. മനുഷ്യസ്വഭാവ വൈചിത്ര്യങ്ങളെ എഴുത്തച്ഛൻ ഇപ്രകാരം സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയെ കൃത്യമായി നിരൂപിക്കുകയും സന്ദർഭാനുസൃതം കാവ്യത്തിൽ ആ ജീവിതത്ത്വങ്ങളെ കോർത്തിണക്കുകയും ചെയ്തു.
അയോദ്ധ്യാകാണ്ഡത്തിൽ, മത്സരബുദ്ധിയുപേക്ഷിച്ച് തൻ്റെ വാക്കുകൾ കേൾക്കുവാൻ ലക്ഷ്മണനോട് ശ്രീരാമൻ പറയുന്ന സന്ദർഭമുണ്ട്. കോപാന്ധനായ ലക്ഷ്മണനെ സമചിത്തനാക്കുന്നതിന് മന:ശാസ്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 'ഇന്ദ്രിയാ മോദകരമായ അനുഭവങ്ങൾ ക്ഷണികമാണെന്ന് കവി നമ്മെക്കൂടിയാണ് ഓർമ്മപ്പെടുത്തുന്നത്.
‘ ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സു മോർക്ക നീ
വഹ്നി സന്തപ്ത ലോഹസ്ഥാംബു ബിന്ദു നാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം’
പാമ്പിൻ്റെ വായിലകപ്പെട്ട തവള ഭക്ഷണത്തിനു തിരയുന്നതു പോലെയാണ് മനുഷ്യൻ സുഖഭോഗങ്ങൾ തേടുന്നത്. കാലത്താൽ വിഴുങ്ങപ്പെട്ടുകൊണ്ടിരിക്കുമ്പോഴും മനുഷ്യൻ ചഞ്ചല മനസ്സോടു കൂടി ഭോഗങ്ങൾ തേടുന്നു. സ്ഥിരമായി നിൽക്കാത്തവയെല്ലാം കേവലം മിഥ്യയാണെന്ന് അധ്യാത്മരാമായണത്തിലുടനീളം വെളിപ്പെടുത്തുന്നുണ്ട്.
'നന്നല്ല ദേഹം നിമിത്തം മഹാമോഹം’ എന്ന് കവി പറയുന്നു. സുഖദുഃഖങ്ങൾ ജീവിതത്തിൽ സമ്മിശ്രമായാണ് വരിക. കാമം മൂലമുണ്ടാകുന്ന ദുഃഖത്തെ പറ്റി പറഞ്ഞിട്ട് പിന്നീട് ശാശ്വത സ്നേഹത്തിൻ്റെ മഹത്ത്വം കവി പറയുന്നുണ്ട്.
ശ്രീരാമനെ ഗൃഹസ്ഥനായി നാരദമഹർഷി വിവരിക്കുന്ന ഭാഗത്ത്,
‘ ലോകത്രയമഹാഗേഹത്തിനു ഭവാ-
നേയനായോരു ഗൃഹസ്ഥനാക്കുന്നതും’
രാമനെ പരമാത്മാവായും സീതയെ മായയായും ചിത്രീകരിക്കുന്നു. നിർവികാരാത്മാവായ പരമാനന്ദമൂർത്തി സർവലോകത്തിൻ്റെയും സുഖത്തിനു വേണ്ടി മനുഷ്യാകൃതി പൂണ്ട് അയോധ്യയിൽ വാണരുളുന്നതെന്നും മായാദേവിയാണ് സീതയെന്നും സൂചിപ്പിക്കുന്നു. മായ മൂലമാണല്ലോ സർവ പ്രതിസന്ധികളും വന്നുഭവിക്കുന്നതും തന്മൂലം തന്നെയാണ് അവതാര ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ശ്രീരാമന് അവസരം സിദ്ധിക്കുന്നതും. കഥാവതരണത്തിലിടയ്ക്കിടെ എഴുത്തച്ഛൻ ഇത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യസ്വഭാവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത് ജീവിതതത്ത്വങ്ങളെയും മാനവിക മൂല്യങ്ങളെയും കർമ്മനിഷ്ഠതയേയും ഉയർത്തിപ്പിടിക്കുവാൻ കാവ്യം ശ്രമിക്കുന്നു.
‘പാരിൽ സുഖം ദുഃഖമൂലമല്ലോ നൃണാം’ സുഖം എപ്പോഴും ദുഃഖത്തിന് കാരണമാകുന്നുവെന്ന് പറയുന്നു.സുഖം, ആനന്ദം എന്നിവയ്ക്ക് ലൗകികജീവിതത്തിൽ ക്ഷണികമായേ നിലനിൽപ്പുള്ളൂ എന്ന സത്യമാണ് അയോധ്യാകാണ്ഡം നമ്മെ അറിയിക്കുന്നത്.
ഇന്ദ്രിയ വേദ്യമായ ലോകം, അനിത്യവും ചഞ്ചലവുമായ മായയാണ്. മനുഷ്യൻ്റെ ആത്മീയ ചിന്തയിൽ എപ്പോഴും മൃത്യുബോധത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. ആ ബോധമാണ് ഐഹിക ജീവിതത്തിൻ്റെ ചാപല്യങ്ങളെ അതിലംഘിക്കാൻ മനുഷ്യനെ പ്രാപ്തനായുന്നതെന്ന് എഴുത്തച്ഛൻ പറയുന്നു. ധർമ്മം, ക്ഷമ, ഭക്തി, ആത്മജ്ഞാനം എന്നിവയിലൂന്നിക്കൊണ്ടുള്ള ഗഹനമായ ആത്മീയോപദേശമാണ് കവി നൽകുന്നത്.
‘ ഭക്തിഹീനന്മാർക്കു നൂറായിരം ജന്മം കൊണ്ടു
സിദ്ധിക്കയില്ല തത്ത്വജ്ഞാനവും കൈവല്യവും’
( ബാലകാണ്ഡം)
കഥാസന്ദർഭത്തിനിടയ്ക്കിടെ കാവ്യലക്ഷ്യം അസന്ദിഗ്ദ്ധമായി കവി പ്രഖ്യാപിക്കുണ്ട്.
കീർത്തനത്തിന് തൻ്റെ കൃതികളിൽ എഴുത്തച്ഛൻ പ്രാമുഖ്യം നൽകാറുണ്ടെന്ന് സ്തുതിപരമായ ഭാഗങ്ങളിൽ കാണാം. വിശേഷണങ്ങളും നാമാവലികളും കൊണ്ട് കവി ഭക്തിരസത്തിൽ മുഴുകുന്നു. തത്വജ്ഞാനിയും ഈശ്വരഭക്തനുമായ എഴുത്തച്ഛൻ രാമനെ ഉദാത്തവൽക്കരിച്ച് ഈശ്വരനായി ഉയർത്തുന്നു. അവതാരപുരുഷൻ്റെ ഗുണങ്ങളെ സന്ദർഭാനസാരം പ്രകീർത്തിക്കുന്നു. അർത്ഥകാമങ്ങൾക്കു മേൽ ധർമ്മത്തെ പ്രതിഷ്ഠിക്കുന്ന വാല്മീകിരാമായണം മോക്ഷതെയോ ഭക്തിയെയോ പറ്റി പ്രതിപാദിക്കുന്നില്ല . എന്നാൽ എഴുത്തച്ഛൻ അനുവാചകനെ ഭക്തിയിലൂടെ ആത്മബോധത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അധ്യാത്മരാമായണത്തിലെ രാവണൻ പോലും ശ്രീരാമഭക്തനായി അവതരിപ്പിക്കപ്പെടുന്നുണ്ട്.
‘ കാരുണ്യ വാരിധി കാമഫലപ്രദൻ
രാക്ഷസവംശ വിനാശനകാരണൻ
സാക്ഷാൽ മുകുന്ദനാനന്ദ പ്രദൻ പുമാൻ
ഭക്തജനോത്തമ ഭുക്തി മുക്തി പ്രദൻ
ശക്തിയുതൻ ശരണാഗതവത്സലൻ
വ്യക്തന വ്യക്തനനന്തനനാമയൻ
സക്തി വിയുക്തൻ വിമുക്ത ഹൃദിസ്ഥിതൻ'
( ബാലകാണ്ഡം)
അഗസ്ത്യസ്തുതി, ലക്ഷ്മണോപദേശം, ജടായു സ്ഥിതി, കബന്ധഗതി, ശബരിമോക്ഷം എന്നീ ഭാഗങ്ങളിൽ ആസ്തിക്യബോധത്തിൻ്റെയും ഭക്തിപാരമ്യത്തിൻ്റെയും ഉത്തമോദാഹരണങ്ങൾ കണ്ടെടുക്കാൻ കഴിയും.
‘ ഭാവമാണ് കാവ്യത്തിൻ്റെ ആത്മാവ്’ എന്നാണ് പൗരസ്ത്യമതം. സ്ഥായീ ഭാവങ്ങളും ചഞ്ചലഭാവങ്ങളുമുണ്ട് അതിൽ സ്ഥായീ ഭാവങ്ങളാണ് രസമായി പരിണമിക്കുക. രസഭാവാവിഷ്ക്കാരത്തിൽ എഴുത്തച്ഛന് പ്രത്യേക നിപുണത ഉണ്ടായിരുന്നു. ഹാസ്യ ബീഭത്സാദിരസങ്ങളും അതി വിദഗ്ധമായി അദ്ദേഹം അവരിപ്പിച്ചിട്ടുണ്ട്. ‘ ‘എഴുത്തച്ഛൻ്റെ കൃതികളിലെ സ്ഥായിഭാവം വിരക്തിയല്ല ഉത്സാഹമാണെന്നും എഴുത്തച്ഛൻ്റെ ഭക്തി കാവ്യധർമ്മമായ രസികതയിൽ വീരരസത്തിൽ വന്നു സന്ധിക്കുന്നു’ വെന്ന് നിരീക്ഷണങ്ങളുണ്ട്.
മനുഷ്യമനസ്സിൻ്റെ സ്വഭാവവൈചിത്രങ്ങളെയും ഭാവഭേദങ്ങളെയുമെല്ലാം സൂക്ഷ്മമായി ആവിഷ്കരിക്കുന്നുണ്ട്. കഥാസന്ദർഭങ്ങളെ മൂലാതിശായിയായി വികാരാത്മകമാക്കുവാൻ ശ്രമിക്കുന്ന സന്ദർഭങ്ങൾ അധ്യാത്മരാമായണത്തിൽ നിരവധിയുണ്ട്.
‘ ഇടിവെട്ടീടും വണ്ണം വിൽ മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരു രഗങ്ങളെപ്പോലെ
മൈഥിലി മയിൽപ്പേടപോലെ സന്തോഷം പൂണ്ടാൾ
കൗതുകമുണ്ടായ് വന്നു ചേതസി കൗശികനും’
എന്ന സീതാസ്വയംവര വേളയിലെ സന്ദർഭം ഏറെ ഹൃദ്യമാണ്.
പിന്നീട് അയോധ്യാകാണ്ഡത്തിൽ കൈകേയിയുടെ വചനങ്ങൾ കേട്ട് ദശരഥനുണ്ടാകുന്ന തീവ്രവേദനയും തൽഫലമായി പുറപ്പെടുന്ന ശോകവും വിഭ്രാന്തിയും ആത്മനിന്ദയും കലർന്ന വാക്കുകളും ഭാവോജ്വലമായി ചിത്രീകരിച്ചിരിക്കുന്നു. ചമത്കാരഭംഗിയിൽ മൂല കൃതിയെ രസവർണ്ണനകളിലെല്ലാം അതിശയിക്കുന്നുണ്ട് അധ്യാത്മരാമായണം.
‘ മന്നവൻ മോഹിച്ചു വീണാനവനിയിൽ
വജ്രമേറ്റ ദ്രി പതിച്ച പോലെ ഭുവി
സജ്വര ചേതസാ വീണിതു ഭൂപനും’
ദശരഥൻ്റെ പുത്രദുഃഖത്താലുള്ള മനോവ്യഥയെയും തന്മൂലമുണ്ടാകുന്ന പതനത്തെയും വികാരാതിരേകത്തോടെയാണ് പകർത്തിവയ്ക്കുന്നത്. അയോധ്യാകാണ്ഡത്തിലെ കൗസല്യാ വിലാപം, കിഷ്കിന്ധാകാണ്ഡത്തിലെ താരാവിലാപം സുന്ദരകാണ്ഡത്തിലെ സീതാ വിലാപം , സീതാ വിയോഗത്തിലുള്ള രാമവിലാപം, വിപ്രലംഭ ശൃംഗാര വർണ്ണന എന്നീ സന്ദർഭങ്ങളിലെല്ലാം കരുണരസത്തെ ആവിഷ്ക്കാരത്തിൻ്റെ പൂർണ്ണയിലെത്തിക്കാൻ കവിയ്ക്ക് സാധിക്കുന്നുണ്ട്.
ലക്ഷ്മണൻ തൻ്റെ അമ്മയായ സുമിത്രയെക്കണ്ട് യാത്രാനുമതി വാങ്ങുകയും സുമിത്ര തൻ്റെ മകനെ സ്നേഹ ത്തോടെ ഉപദേശിച്ച് യാത്രയാക്കുകയും ചെയ്യുന്ന ഭാഗം രാമായണത്തിലെ ഏറ്റവും ശ്രദ്ധേയമായ സന്ദർഭമാണ്.
രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാ
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛ താത യഥാ സുഖം
രാമായണം മൂലത്തിൽ നാല് വരികളുള്ള ഈ ശ്ലോകത്തെ എട്ടു വരികളിലായി എഴുത്തച്ഛൻ വിപുലപ്പെടുത്തിയിട്ടുണ്ട"
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരുപിച്ചു കൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചു കൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാ വിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരികതേ'
ഔചിത്യ പൂർണ്ണമായ വിവർത്തനത്തിന് ഉത്തമോദാഹരണമാണ് ഈ ഭാഗം. ഭാവത്തിനനനുഗുണമായ രീതിയിൽ ഭാഷയെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് കവികർമ്മം.
'പാണിഗ്രഹണ മന്തരാർത്ഥവുമോർക്കണം
പ്രാണാവസാനകാലത്തും പിരിയുമോ' വനത്തിലേക്ക് രാമനെ അനുഗമിക്കാനുള്ള സീതയുടെ താല്പര്യത്തെയാണ് ഈ വരികളിൽ സൂചിപ്പിച്ചിരിക്കുന്നത്. സുഃഖത്തിലും ദുഃഖത്തിലും ഒപ്പം നിൽക്കുക എന്നത് തൻ്റെ കർത്തവ്യവും അവകാശവുമാണെന്ന് സീത രാമനെ ഓർമ്മിപ്പിക്കുന്നു. സീതയുടെ പാതിവ്രത്യം , ക്ഷമ, സഹനശക്തി ഇതെല്ലാം തുടർന്നു വരുന്ന കഥാസന്ദർഭങ്ങളിലെല്ലാം ഔചിത്യപൂർവ്വം കവി അവതരിപ്പിച്ചിരിക്കുന്നു. മായാരൂപിയായ പൊന്മാനിനെ ആഗ്രഹിച്ച് ദുഃഖത്തിലാകുന്നതും സീതാപഹരണത്തിനു ശേഷമുള്ള പരീക്ഷണഘട്ടങ്ങളും അത്യന്തം ഭാവാത്മകമായാണ് എഴുത്തച്ഛൻ ചിത്രീകരിച്ചിരിക്കുന്നത്. സു:ഖവും ദുഃഖവും വിജയവും പരാജയവുമെല്ലാം ഈ പ്രപഞ്ചത്തിൽ നമ്മെ മായയായി ഗ്രസിച്ചു നിൽക്കുന്നതാണ്. ഈ മായയിൽ ഭ്രമിച്ചു പോകുന്നതാണ് ലൗകിക ദുഃഖത്തിനു നേത്യ വെന്നും മായാസീതയിലൂടെ കവി പറഞ്ഞു വയ്ക്കുന്നുണ്ട്. മായയിൽ നിന്നുള്ള മുക്തിയാണ് മോക്ഷത്തിന് കാരണമായി തീരുന്നത്. ലൗകിക സുഖത്തിനപ്പുറം വൈരാഗ്യത്തിൻ്റെ തലത്തെ ഉയർത്തി കാട്ടുന്ന നിരവധി മുഹൂർത്തങ്ങൾ അധ്യാത്മരാമായണത്തിലുണ്ട്. വിധിയായി വന്നു ഭവിക്കുന്നതെന്ന വീക്ഷണത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ മുൻകൂട്ടി കാവ്യത്തിൽ കവി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ കഥാവതരണ ഭാഗത്ത് സന്ദർഭങ്ങൾക്കൊന്നും വൈകാരികതയിലും ഭാവാത്മകതയിലും അല്പം പോലും കുറവ് സംഭവിക്കുന്നില്ല. നിരവധി സംഘർഷങ്ങളെ വികാര തീവ്രതയോടെ രാമായണത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ വൈകാരിക സന്ദർഭങ്ങളോടെല്ലാം ശാന്തമായ മനോഭാവത്തോടെ പ്രതികരിക്കുന്ന രാമനാണ് എഴുത്തച്ഛൻ്റേത്. മര്യാദാപുരുഷോത്തമനായ രാമനെ ആത്മീയ ഭാവം മുൻനിർത്തിയാണ് ചിത്രീകരിച്ചിട്ടുള്ളത്. പരമാത്മസ്വരൂപത്തിൻ്റെ അവതാരമാണ്. ധർമ്മത്തിലും കർമ്മത്തിലും ഉറച്ചു നിൽക്കുന്ന കർത്തവ്യനിരതനായ ഒരു രാജാവിനെയും പുത്രനെയും പതിയെയും സഹോദരനെയും സുഹൃത്തിനെയും രാമനിൽ കാണാൻ സാധിക്കും. ത്യാഗവും വിനയവും സഹോദര സ്നേഹവുമുള്ള ലക്ഷ്മണൻ ഭരതൻ ശത്രുഘ്നൻ വാഗ്ദാന ബന്ധനത്തിൻ്റെ ദുഃഖഭാരം പേറുന്ന ദശരഥൻ, അനന്യമായ ഭക്തിയുടെ ഉദാത്തത വെളിവാക്കുന്ന വിശ്വാമിത്രൻ, അഹല്യ, ശബരി തുടങ്ങിയവർ , ജ്ഞാനവും ശക്തിയും ഒന്നുചേരുന്ന ഹനുമാൻ, ബലത്തിൻ്റെയും ഗർവിൻ്റെയും പ്രതീകമായ ബാലി , ന്യായബോധം കൈമുതലായ അംഗദൻ, ജ്ഞാനിയായിട്ടും അജ്ഞാനത്തിലാണ്ടു പോയ രാവണൻ, വ്യക്തിപ്രഭാവം കൊണ്ടു മിഴിവാർന്നു നിൽക്കുന്ന കൗസല്യ,സുമിത്ര, താര, ശൂർപ്പണഖ, മണ്ഡോദരി എന്നിങ്ങനെയുള്ള സ്ത്രീ കഥാപാത്രങ്ങൾ ഇവരെയെല്ലാം കോർത്തിണക്കി ഭാവോ ജ്വലമായി ജീവിതനിരീക്ഷണ പാടവത്തോടെ അവതരിപ്പിക്കുവാൻ എഴുത്തച്ഛന് സാധിച്ചു.
കിഷ്കിന്ധാകാണ്ഡത്തിലെ ബാലി സുഗ്രീവയുദ്ധം എഴുത്തച്ഛൻ്റെ യുദ്ധവർണ്ണനാ പാടവത്തിന് ഉദാഹരണമാണ്.
‘ പല്ലും കടിച്ചലറിക്കൊണ്ടു ബാലിയും
നില്ലു നില്ലെന്നണഞ്ഞോരുനേരം തദാ
മുഷ്ടികൾ കൊണ്ടു താഡിച്ചിതു ബാലിയെ
രുഷ്ടനാം ബാലിസുഗ്രീവനെയും തദാ’
‘ ചാടിപ്പതിക്കയും കൂടെക്കുതിക്കയും
മാടിത്തടുക്കയും കൂടെക്കൊടുക്കയും
ഓടിക്കഴിക്കയും വാടി വിയർക്കയും
മാടി വിളിക്കയും കോപിച്ചടുക്കയും’
( കിഷ്കിന്ധാകാണ്ഡം)
വർണ്യ വസ്തുവിൻ്റെ വിശദീകരണത്തിനും തെളിമയ്ക്കും ഉതകുന്ന രീതിയിൽ കവി അലങ്കാരങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. രസാനുഗുണമായ അലങ്കാര പ്രയോഗമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഉപമ, ഉൽപ്രേക്ഷ, അർത്ഥാന്തരന്യാസം, ഉദാത്തം, അപ്രസ്തുത പ്രശംസാ, സ്വഭാവോക്കി തുടങ്ങിയ അർത്ഥാലങ്കാരങ്ങൾക്കൊപ്പം ശബ്ദാലങ്കാരങ്ങളെയും സമർത്ഥമായി ഉൾച്ചേർത്തിട്ടുണ്ട്. ദ്വിതീയാക്ഷര പ്രാസം, അനുപ്രാസം, വ്യത്യനുപ്രാസം എന്നിവ കടന്നു വരുന്ന ഇടങ്ങളേറെയാണ്.
അയോദ്ധ്യാകാണ്ഡത്തിലെ ചിത്രകൂടാചല വിവരണം, സുന്ദരകാണ്ഡത്തിലെ ലങ്കാദഹനവർണ്ണന, ആരണ്യകാണ്ഡത്തിലെ മായാ മൃഗവർണ്ണന മുതലായവയിലും വർണ്ണനാനി പുണമായ കവി പ്രതിഭ തെളിഞ്ഞു കാണാം.
ആരണ്യകാണ്ഡത്തിലെ വിരാട വധം,കബന്ധ വധം,രാമഖര യുദ്ധം, രാവണ ജടായു യുദ്ധം മുതലായ സന്ദർഭങ്ങളിലെല്ലാം വീരരസം പ്രോജ്വലിച്ചു നിൽക്കുന്നു.അധാർമ്മികതയെ ധാർമ്മികത പരാജയപ്പെടുത്തി ധർമ്മത്തെ പുനപ്രതിഷ്ഠിക്കുന്ന വീരഗാഥയായി ഈ കാവ്യത്തെ വിലയിരുത്തുവാൻ കഴിയും. വിഷമതകളെ തരണം ചെയ്യുവാനും നിർഭയം പ്രവർത്തിക്കുവാനും ഇതിഹാസങ്ങൾ ആഹ്വാനം ചെയ്യുന്നു. ഹനുമാൻ്റെ സമുദ്രലംഘന ഭാഗം ഇതിന് ഉത്തമ നിദർശനമാണ്. സമുദ്രതരണത്തിനു സന്നദ്ധനായി വീര്യത്തോടു കൂടി നിൽക്കുന്ന ഹനുമാനെയാണ് കിഷ്കിന്ധാ കാണ്ഡത്തിൻ്റെ അവസാന ഭാഗത്ത് കാണാൻ സാധിക്കുന്നത്.
യുദ്ധത്തിൽ ബന്ധുമിത്രാദികളും സൈന്യ സമൂഹവും സേനാനായകനും മറ്റും മരിച്ച വാർത്ത കേട്ട് കോപാകനോയ രാവണൻ്റെ യുദ്ധത്തിനായുള്ള പടപ്പുറപ്പാട് വർണ്ണിക്കുന്ന ഭാഗം വാങ് മയചാതുരിയാൽ ഹൃദ്യമാണ്.
പത്തു മുഖവുമിരുപതു കൈകളും
ഹസ്തങ്ങളിൽ ചാപബാണായുധങ്ങളും
നീലാദ്രി പോലെ നിശാചരനായകൻ
കോലാഹലത്തോടു കൂടെ പുറപ്പെട്ടാൻ
(യുദ്ധകാണ്ഡം)
കരുണം, വീരം, രൗദ്രം എന്നീ രസങ്ങൾ അവസരോചിതമായി കാവ്യത്തിൽ ഉപയോഗിക്കുന്നുണ്ട്. ഭക്തിഭാവത്തോളം ജ്വലിച്ചു നിൽക്കുന്നില്ലെങ്കിലും വീര കരുണാദി രസങ്ങൾ സ്ഫുരിച്ചു നിൽക്കുന്ന നിരവധി സന്ദർഭങ്ങൾ ആധ്യാത്മരാമായണത്തിലുടനീളമുണ്ട്. എല്ലാ രസങ്ങളും അതിൻ്റെ മൂർച്ഛയിൽ ശാന്തരസത്തിലാണ് എത്തി നിൽക്കുകയെന്ന് പറയാറുണ്ട്.
അധ്യാത്മരാമായണവും മഹാഭാരതവും ശാന്തരസത്തിലൂന്നുന്നുവെന്ന നിരീക്ഷണമുണ്ട്. ശ്രീരാമ പട്ടാഭിഷേകത്തിൽ നിന്നും ഉത്തരരാമായണത്തിലേക്കെത്തുമ്പോൾ അത് ബോധ്യപ്പെടുന്നുമുണ്ട്..
വേദാന്ത സംസ്കാരത്തിൻ്റെ പ്രചാരണത്തിൽ എഴുത്തച്ഛൻ കൃതികൾ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ആദർശവും യാഥാർത്ഥ്യവും ജീവിതത്തോട് യോജിപ്പിച്ച് തന്മയത്വത്തോടെ ചിത്രീകരിക്കുന്നു. കേവലം കഥ പറയുക എന്നതിനപ്പുറം കഥാസന്ദർഭത്തെ അദ്വൈത വേദാന്തത്തിൻ്റെ വ്യാഖ്യാനമാക്കി മാറ്റി
‘ സത്യധർമ്മാദി വെടിഞ്ഞീടിന പുരുഷനെ
ക്രുദ്ധനാം സർപ്പത്തേക്കാളേറ്റവും ഭയക്കണം’
‘ ആപത്തു വന്നടുത്തീടുന്ന നേരത്തു
ശോഭിക്കയില്ലെടോ സജ്ജനഭാഷിതം’
എന്നിങ്ങനെ നിരവധി ലോകോക്തികളും സാരോപദേശവാക്യങ്ങളും കാവ്യത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്
സാര സമ്പൂർണ്ണവും സ്വതന്ത്രവുമായ ഒരു വിവർത്തന രീതിയാണ് അധ്യാത്മരാമായണം കിളിപ്പാട്ടിൽ കാണാൻ സാധിക്കുന്നത്. വിവർത്തനമായല്ല തികച്ചും സ്വതന്ത്രമായ മൗലിക കൃതികളായി തന്നെയാണ് എഴുത്തച്ഛൻ കൃതികൾ മലയാള സാഹിത്യത്തിൽ നിലനിൽക്കുന്നത്.
എല്ലാക്കാലത്തും എല്ലാ ദേശത്തും സമാനമായി നിലകൊള്ളുന്ന പ്രപഞ്ചജീവിതതത്ത്വങ്ങളെയും എല്ലാക്കാലത്തും പ്രസക്തിയുള്ള തത്വ സംഹിതകളും ജീവിതപാഠങ്ങളും അധ്യാത്മരാമായണത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. ഭക്തിയെ വ്യക്തിപരമായ കേവലാർത്ഥത്തിൽ നിന്ന് മോചിപ്പിച്ച് സാമൂഹിക മൂല്യമായി പ്രതിഷ്ഠിച്ചു. ജീവിതം മോക്ഷ പ്രാപ്തിയ്ക്കായുള്ള കർമ്മപാതയായാണ് എഴുത്തച്ഛൻ അവതരിപ്പിക്കുന്നത്. അദ്വൈത ചിന്തയിൽ അടിയുറച്ച ഭക്തിദർശനമായിരുന്നു എഴുത്തച്ഛനെ നയിച്ചത്. ഭക്തി പ്രതിപാദനത്തിൻ്റെ ഉൽകൃഷ്ടമായ ഉദാഹരണമായി കാവ്യം നിലകൊള്ളുന്നു. ഭക്തി,വേദാന്ത ചിന്ത, സാമൂഹിക ബോധം എന്നിവയുമായി വേർതിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു എഴുത്തച്ഛൻ്റെ കാവ്യദർശനം.
മലയാള കാവ്യഭാഷയുടെ വികാസപരിണാമ ചരിത്രത്തിലെ ഒരു സുപ്രധാന ഘട്ടത്തെ എഴുത്തച്ഛൻ്റെ കാവ്യങ്ങൾ പ്രതിനിധാനം ചെയ്യുന്നു. ഒരു നവീന ശൈലി ഭാഷാകാവ്യരചനയ്ക്ക് സ്വീകരിക്കുകയായിരുന്നില്ല മറിച്ച് അത്തരമൊരു ശൈലിയ്ക്ക് ശക്തമായ അടിത്തറ മലയാള ഭാഷയിൽ പണിയുകയായിരുന്നു അദ്ദേഹം. ഇത് മലയാള ഭാഷയ്ക്ക് തനതും നൂതനവുമായ ഒരു കാവ്യഭാഷ രൂപപ്പെടുന്നതിന് സഹായകമായി. മലയാള കവിത പിൽക്കാലത്ത് ഈ കാവ്യമാർഗമാണ് പിന്തുടർന്നത്. ഭക്തിയുടെയും പുരാണ കഥാകഥനത്തിൻ്റെയും പിൻബലത്തോടുകൂടി കിളിപ്പാട്ടു രീതിയിൽ എഴുതിയ കാവ്യങ്ങൾ മലയാളഭാഷയെത്തന്നെ ജനകീയമാക്കി മറ്റി. അതുകൊണ്ടു തന്നെയാണ് കിളിപ്പാട്ടുകൾ നിത്യപാരായണത്തിന് സ്വീകാര്യമായതീർന്നതും. ജീവിതത്തിൻ്റെ ചഞ്ചലഭാവവും അനിത്യതയും ബോധ്യപ്പെടുത്തി ആത്മാവ്, പ്രപഞ്ചം, ജീവിതം എന്നിവയെപ്പറ്റിയുള്ള ധാരണകൾ നൽകി. സത്യം, ധർമ്മം, സ്നേഹം, ദയ തുടങ്ങിയ ഉദാത്ത ഭാവങ്ങൾ സ്ഥിതപ്രതിഷ്ഠിതമാക്കുവാൻ ഉതകിക്കൊണ്ട് ആത്മീയാനുഭൂതിയുടെയും ഭക്തിരസത്തിൻ്റെയും ഭാവതലങ്ങളെ പ്രോജ്വലിപ്പിച്ച് നിലകൊള്ളുന്നു അധ്യാത്മരാമായണം. ധർമ്മം, അർത്ഥം, കാമം എന്നീ പുരുഷാർത്ഥങ്ങളിലൂടെ കടന്ന് പരമപുരുഷാർത്ഥമായ മോക്ഷത്തിലേക്കുള്ള പ്രയാണമാണ് 'യുഗപ്രഭാവനായ മഹാകവി ' യായ എഴുത്തച്ഛൻ ലക്ഷ്യം വയ്ക്കുന്നത്.
ഗ്രന്ഥസൂചി
1. തുഞ്ചത്ത് എഴുത്തച്ഛൻ - അധ്യാത്മരാമായണം , (സംശോധനം വ്യാഖ്യാനം: പ്രൊഫ. എം. കെ. സാനു ) മാതൃഭൂമി ബുക്സ്, പത്താം പതിപ്പ്, കോഴിക്കോട്
2. അച്യുതമേനോൻ ചേലനാട്ട്, എഴുത്തച്ഛനും കാലവും (പരിഭാഷ : ഡോ.എം. ലീലാവതി), കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014
3. നാരായണപിള്ള, കെ., പഞ്ചാനനൻ്റെ വിമർശനത്രയം, കേരള സാഹിത്യ അക്കാദമി, തൃശൂർ, 1980
4. ജോർജ്. കെ.എം. (ജന.എഡി.) സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ , സാഹിത്യ പ്രവർത്തക സഹകരണ സംഘം, നാഷണൽ ബുക്ക്സ്റ്റാൾ , കോട്ടയം, 2008.
ഡോ. ഇന്ദു ആർ
മലയാളവിഭാഗം,
എസ്.ഡി കോളേജ്
ആലപ്പുഴ
ഫോൺ: 8592828916


Comments