അനുമാനസിദ്ധാന്തം: തത്വവും പ്രയോഗവും വിവർത്തനപഠനമേഖലയിൽ
- Mar 12
- 6 min read
Updated: 2 days ago
തീർത്ഥ കെ.

പ്രബന്ധസംഗ്രഹം
പ്രൗഢമായ ഒരു സാഹിത്യചിന്താസരണി നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഭാരതത്തിൽ രൂപപ്പെട്ടിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട ഒരു ചിന്താപദ്ധതിയാണ് കാശ്മീരദേശീയനായ മഹിമഭട്ടൻ തന്റെ വ്യക്തിവിവേകം എന്ന കാവ്യശാസ്ത്രഗ്രന്ഥത്തിലൂടെ അവതരിപ്പിച്ച അനുമാനചിന്താപദ്ധതി. ഭട്ടനായകൻ, ശ്രീശങ്കുകൻ തുടങ്ങിയവരുടെ ചിന്തകളെ കൂടി കൂട്ടുപിടിച്ച് മഹിമഭട്ടൻ വികസിപ്പിച്ചെടുത്ത ഈ സിദ്ധാന്തം തർക്കശാസ്ത്രത്തിന്റെ പിൻബലത്തോടെ കവിതയിലെ അർത്ഥോല്പാദനപ്രക്രിയയെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു. പ്രായോഗികമായി അനുമാനസിദ്ധാന്തത്തെ സമീപിക്കുമ്പോൾ പുതിയകാലത്തും ഈ ചിന്താപദ്ധതിക്ക് പ്രസക്തിയും സാധ്യതകളും ഉള്ളതായി കാണാം.
വിവർത്തനപഠനമേഖലയിൽ അനുമാനസിദ്ധാന്തത്തിന്റെ തത്വവും പ്രയോഗവും വിശകലനം ചെയ്യാനാണ് ഈ പ്രബന്ധത്തിലൂടെ ഉദ്ദേശിക്കുന്നത്. പാഠത്തിന്റെ അർത്ഥത്തെയും സഹൃദയ ആസ്വാദനത്തെയും സംബന്ധിച്ച് വന്നിട്ടുള്ള പാശ്ചാത്യസിദ്ധാന്തങ്ങളും ഈ ചിന്താപദ്ധതിയും തമ്മിലുള്ള ബന്ധവും ഇവിടെ വിശകലനം ചെയ്യുന്നു. രസം, ധ്വനി തുടങ്ങിയ ചിന്താപദ്ധതികൾ ധാരാളം ചർച്ച ചെയ്യപ്പെടുമ്പോഴും പലപ്പോഴും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലാത്ത അനുമാനസിദ്ധാന്തത്തിന്റെ സാധ്യതകൾ അവതരിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
താക്കോൽ വാക്കുകൾ
അനുമാനം, അനുമേയം, ധ്വനി, സഹൃദയർ, വിവർത്തനം, പാഠം
ഭാരതീയകാവ്യശാസ്ത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രസം, ധ്വനി, രീതി, ഔചിത്യം, വക്രോക്തി, അനുമാനം തുടങ്ങിയ സിദ്ധാന്തങ്ങൾ കവി, കാവ്യം, സഹൃദയർ തുടങ്ങിയ ആശയങ്ങളെ ആഴത്തിൽ നിരൂപിക്കുന്നവയാണ്. നൂറ്റാണ്ടുകൾക്കിപ്പുറം ഇന്നത്തെ കാലത്തും വിവിധ തരത്തിൽ അക്കാദമിക പഠന മേഖലയിൽ ഈ സിദ്ധാന്തങ്ങൾ ചർച്ചാവിഷയമാകുന്നുണ്ട്. കാലം മാറുന്നതിനനുസരിച്ച് ഇവ നവീകരിക്കപ്പെടേണ്ടതിന്റെയും ആവശ്യകതയുണ്ട്. ഏ.ഡി പതിനൊന്നാം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ചിരുന്ന രാജാനക മഹിമഭട്ടൻ തന്റെ വ്യക്തിവിവേകം എന്ന കാവ്യശാസ്ത്രഗ്രന്ഥത്തിലൂടെ അവതരിപ്പിച്ച അനുമാനസിദ്ധാന്തത്തിന് വിവർത്തനപഠനമേഖലയിലുള്ള പ്രസക്തിയും സാധ്യതകളും അന്വേഷിക്കുകയാണിവിടെ.
വ്യഞ്ജനയുടെ പരിശോധന
ഭാരതീയകാവ്യമീമാംസയിലെ പ്രധാന സിദ്ധാന്തങ്ങളിലൊന്നാണ് ധ്വനിസിദ്ധാന്തം. ഏ.ഡി.ഒമ്പതാം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ചിരുന്ന ആനന്ദവർദ്ധനൻ തന്റെ ധ്വന്യാലോകത്തിലാണ് ധ്വനിയെ കുറിച്ച് പ്രതിപാദിക്കുന്നത്. പിന്നീട്, അഭിനവഗുപ്തൻ ഈ കൃതിക്ക് ധ്വന്യാലോകലോചനം എന്ന വ്യാഖ്യാനം എഴുതുകയുണ്ടായി. ഈ സിദ്ധാന്തപ്രകാരം, പ്രധാനമായും മൂന്ന് ശബ്ദശക്തികളാണുള്ളത്. അഭിധ, ലക്ഷണ, വ്യഞ്ജന എന്നിവയാണവ. അഭിധ എന്ന ശബ്ദവ്യാപാരം വഴി വാച്യാർത്ഥവും ലക്ഷണ എന്ന വ്യാപാരം വഴി ലക്ഷ്യാർത്ഥവും വ്യഞ്ജന വഴി വ്യംഗ്യാർത്ഥവും ലഭിക്കുന്നു. ശബ്ദം ശ്രവിക്കുന്ന മാത്രയിൽ തന്നെ ശ്രോതാവിന് ഗ്രഹിക്കാൻ കഴിയുന്ന വാച്യാർത്ഥത്തെ അപേക്ഷിച്ച് വ്യംഗ്യാർത്ഥത്തിന് പ്രാധാന്യമുള്ള കാവ്യത്തെയാണ് ആനന്ദവർദ്ധനൻ 'ധ്വനികാവ്യം' എന്ന് വിശേഷിപ്പിച്ചത്. കാവ്യത്തിന്റെ ആത്മാവാണ് ‘ധ്വനി’ എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘വ്യഞ്ജന' എന്ന ഈ ശബ്ദവ്യാപാരമാണ് മറ്റു വ്യവഹാരങ്ങളിൽ നിന്നും കാവ്യഭാഷയെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം പ്രതിപാദിക്കുന്നു. ആനന്ദവർദ്ധനൻ മുന്നോട്ടുവയ്ക്കുന്ന ഈ വ്യഞ്ജനാവ്യാപാരത്തെയാണ് മഹിമഭട്ടൻ വ്യക്തിവിവേകം എന്ന ഗ്രന്ഥത്തിലൂടെ പ്രധാനമായും ഖണ്ഡിക്കുന്നത്. ‘വ്യഞ്ജനയുടെ പരിശോധന’ എന്നാണ് ഈ ഗ്രന്ഥനാമത്തിന്റെ അർത്ഥം.
അനുമാനചിന്താപദ്ധതി
ഭട്ടനായകൻ, ശ്രീശങ്കുകൻ തുടങ്ങിയ സൈദ്ധാന്തികരുടെ ചിന്തകളെ കൂടി കൂട്ടുപിടിച്ച് മഹിമഭട്ടൻ വികസിപ്പിച്ചെടുത്ത അനുമാനസിദ്ധാന്തം തർക്കശാസ്ത്രത്തിന്റെ പിൻബലത്തോടെ കവിതയിലെ അർത്ഥോല്പാദന പ്രക്രിയയെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു. അനുമാനം എന്ന സംജ്ഞയുടെ അർത്ഥം 'ഊഹം' എന്നാണ്. ദൂരെയുള്ള മലയിൽ പുക കാണുമ്പോൾ അവിടെ തീയുണ്ടെന്ന് അനുമാനിക്കാം. കാരണം, സാധാരണ തീയുള്ളിടത്ത് പുകയുണ്ടാവും. ഇവ തമ്മിൽ ഒരു വേർപിരിയായ്കയുണ്ട്. ഈ ബന്ധത്തിനെ അവിനാഭാവം, വ്യാപ്തി, സാഹചര്യനിയമം എന്നൊക്കെ ഈ സിദ്ധാന്തത്തിൽ വിശേഷിപ്പിക്കുന്നു. ഇവിടെ പുക 'ഹേതു'വും തീ 'സാധ്യ'വുമാകുന്നു. ഈ ഹേതുസാധ്യങ്ങൾക്ക് തമ്മിൽ അവിനാഭാവം ഉള്ളതിനാലാണ് ഹേതുദർശനത്താൽ സാധ്യത്തെ ഊഹിക്കാൻ കഴിയുന്നത്. ഇതുപോലെയാണ് കാവ്യത്തിൽ അഭിധ എന്ന ശബ്ദവ്യാപാരവും അതിനുണ്ടാകുന്ന അർത്ഥാന്തരങ്ങളും പ്രവർത്തിക്കുന്നതെന്ന തത്വമാണ് അനുമാന സിദ്ധാന്തത്തിന്റെ സാരം. 'അവിനാഭാവജ്ഞാനപൂർവകമായി ഒന്നിൽ നിന്നു മറ്റൊന്നിന്റെ ജ്ഞാനം ഉണ്ടാവുന്നതാണ് അനുമാനം' എന്ന് കുട്ടികൃഷ്ണമാരാര് സാഹിത്യഭൂഷണത്തിൽ പറയുന്നു.
അനുമാനസിദ്ധാന്തപ്രകാരം ധ്വനി അതിന്റെ എല്ലാ പ്രകാരഭേദങ്ങളോടും കൂടി അനുമാനത്തിൽ അന്തർഭവിക്കുന്നു. ശബ്ദത്തിൽ ഒന്നിലധികം ശക്തികൾ ഒരിക്കലും ഇരിക്കുകയില്ലെന്നും അഭിധ എന്ന ഒറ്റ വ്യാപാരം മാത്രമേ അതിനുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രതീതമാകുന്ന അർത്ഥം ശബ്ദാത്മകമായിട്ടുള്ള ഒന്നല്ല ജ്ഞാനാത്മകമായിട്ടുള്ളതാണ്. നമ്മുടെ ഉള്ളിൽ ശബ്ദജ്ഞാനവും അർത്ഥജ്ഞാനവും കുടികൊള്ളുന്നുണ്ട്. ഈ ശബ്ദാർത്ഥങ്ങൾ തമ്മിൽ ഒരു സാധ്യസാധന ഭാവമാണുള്ളതെന്നാണ് മഹിമഭട്ടന്റെ നിരീക്ഷണം. ഈ സാധ്യസാധനഭാവം ലോകം, ശാസ്ത്രം, സ്വാനുഭവം എന്നീ പ്രമാണങ്ങളാൽ ഗ്രാഹ്യമാണ്. പ്രതീയമാനമായ ഏതർത്ഥവും മഹിമഭട്ടനെ സംബന്ധിച്ചിടത്തോളം കാവ്യത്തിന്റെ പ്രതിപാദ്യവും താല്പര്യഭൂതവുമായ അർത്ഥം തന്നെയാണ്.
മഹിമഭട്ടൻ അർത്ഥത്തെ പ്രധാനമായും രണ്ടായി തിരിക്കുന്നു. ഒന്ന് വാച്യം മറ്റേത് അനുമേയം. കേൾക്കുന്ന മാത്രയിൽ തന്നെ സ്വതാത്പര്യം പ്രതീതമാക്കുന്ന അർത്ഥമാണ് മുഖ്യാർത്ഥം. യജ്ഞപൂർവം പ്രതീതമാകുന്നതാണ് ഗൗണം അഥവാ അമുഖ്യാർത്ഥം. വാച്യാർത്ഥമോ അതിൽ നിന്നും പ്രതീതമാകുന്ന അർത്ഥാന്തരമോ ഏതിന്റെ പ്രതീതിക്ക് ഹേതുവാണോ അതാണ് അനുമേയാർത്ഥം. ഇത് മൂന്നു വിധത്തിൽ ഉണ്ട്. വസ്തു, അലങ്കാരം, രസാദി. വസ്തുവും അലങ്കാരവും വാച്യവുമാകാം. രസാദി എപ്പോഴും അനുമേയം മാത്രമാണ്. വാച്യാർത്ഥത്തിൽ നിന്നും കാവ്യത്തിന്റെ അർത്ഥം അനുമാനം ചെയ്തെടുക്കുന്നത് വഴിയാണ് രസാദി അനുഭവവേദ്യമാകുന്നത്. അനുഭവത്തെ സാക്ഷി നിർത്തി മാത്രമേ അനുമാനം സാധ്യമാവുകയുള്ളൂ. അല്ലാതെ, അനുമാനമെന്നത് കേവലം ബുദ്ധിപരമോ യുക്ത്യധിഷ്ഠിതമോ ആയ പ്രവർത്തിയല്ല.
അനുമാനസിദ്ധാന്തവും ചില പാശ്ചാത്യചിന്തകളും
1930കളിൽ പാശ്ചാത്യ ലോകത്ത് ഉരുത്തിരിഞ്ഞുവന്ന 'റീഡർ റെസ്പോൺസ് തിയറി'യുമായി അനുമാനസിദ്ധാന്തം അടുപ്പം പുലർത്തുന്നത് കാണാം. പാഠത്തിന് നിയതമായ ഒരു അർത്ഥമില്ലെന്നും വായനക്കാർ അവരുടെ തനതായ അർത്ഥങ്ങളും പാഠങ്ങളും സൃഷ്ടിക്കുകയാണെന്നും ഈ സിദ്ധാന്തം വ്യക്തമാക്കുന്നു. ഒരേ അനുഭവത്തോട് വ്യത്യസ്ത മനുഷ്യർ വ്യത്യസ്തരീതിയിൽ പ്രതികരിക്കുന്നു. ഒരു അനുഭവത്തോട് തന്നെ തന്റെ കൗമാരത്തിൽ പ്രതികരിച്ച രീതിയിൽ ആയിരിക്കില്ല ഒരാൾ അയാളുടെ വാർദ്ധക്യത്തിൽ പ്രതികരിക്കുന്നത്.
വായനക്കാരുടെ താൽപര്യങ്ങൾ, വൈമുഖ്യങ്ങൾ, ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, ഭയങ്ങൾ, കാമനകൾ, ഓർമ്മകൾ എന്നിവയൊക്കെ വായനയിൽ ഇടപെടുന്നു. ഇതിന് റീഡർറെസ്പോൺസ് തിയറിയുടെ പ്രയോക്താക്കളിൽ ഒരാളായ നോർമൻഹോളണ്ട് താദാത്മ്യപ്രമേയം(Identity theme) എന്നാണ് വിശേഷിപ്പിച്ചത്. ചില പ്രതികരണ വാഹകങ്ങളുടെ സഹായത്താലാണ് താദാത്മ്യപ്രമേയം ഉണ്ടാകുന്നത്. ഒരു സാഹിത്യ കഥാപാത്രത്തിൽ തന്നെത്തന്നെ കാണുന്ന വായനക്കാരുടെ അനുഭവങ്ങൾ, പരിചിതരാണെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ, പരിചിതമാണെന്ന് തോന്നുന്ന സന്ദർഭങ്ങൾ, സംഭവങ്ങൾ എന്നിവയൊക്കെ ഇത്തരത്തിൽ പ്രതികരണവാഹകങ്ങളായി വായനയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി പാഠവുമായി വായനക്കാരിൽ ഒരു വൈകാരിക ബന്ധം സ്ഥാപിക്കപ്പെടുന്നുണ്ട്. ഇതേപോലെ സഹൃദയമനസ്സിലെ പ്രതികരണങ്ങൾ അനുമാനരൂപത്തിൽ പ്രത്യക്ഷപ്പെടുന്നുവെന്നും പ്രതീക്ഷകൾ, ആശങ്കകൾ, അനിശ്ചിതത്വങ്ങൾ, അത്ഭുതങ്ങൾ തുടങ്ങിയ രീതിയിൽ അവ കൃതിയുമായി സംവാദത്തിൽ ഏർപ്പെടുകയും അങ്ങനെ സഹൃദയരും കൃതിയും തമ്മിലുള്ള സംവാദമാണ് അനുമാനമെന്നും കെ.അയ്യപ്പപ്പണിക്കർ ഇന്ത്യൻ സാഹിത്യസിദ്ധാന്തം -പ്രസക്തിയും സാധ്യതയും എന്ന കൃതിയിൽ നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ റീഡർ റെസ്പോൺസ് തിയറിയുമായി അനുമാനസിദ്ധാന്തം അടുത്ത ബന്ധം പുലർത്തുന്നു.
അനുമാനചിന്താപദ്ധതിയുമായി അടുത്ത ബന്ധം പുലർത്തുന്ന മറ്റൊരു പാശ്ചാത്യചിന്തയാണ് ഫെർഡിനൻഡ് ഡി സൊസ്യൂറിന്റെ സെമിയോട്ടിക്സ് തിയറി. സാഹിത്യകൃതികളിലെ വാക്കുകളെല്ലാം വെറും സൂചകങ്ങൾ അഥവാ ചിഹ്നങ്ങൾ മാത്രമാണെന്ന് സെമിയോട്ടിക്സിൽ പറയുന്നു. ചിഹ്നഭാഷയിൽ പ്രയോക്താവിന്റെ അനുമാനമാകുന്ന മനോധർമ്മമാണ് അർത്ഥത്തിലേക്ക് നയിക്കുന്നത്. വായിക്കുന്ന വേളയിൽ ആസ്വാദകരുടെ മനസ്സിലാണ് അർത്ഥം നിർമ്മിതമാകുന്നത്. അത് അവരുടെ അനുമാനങ്ങളിൽ അധിഷ്ഠിതവുമാണ്.
അനുമാനവും വിവർത്തനവും
വിവർത്തനപഠനമേഖലയിൽ നാളിതുവരെ വിവിധതരത്തിലുള്ള ദിശാപരിണാമങ്ങൾ ഉണ്ടായിട്ടുണ്ട്. 1960കൾക്ക് ശേഷമാണ് താരതമ്യ സാഹിത്യത്തിന്റെയും ഭാഷാശാസ്ത്രത്തിന്റെയും ഒരു ഉപവിഷയം എന്ന നിലയിൽ നിന്നും മാറി വിവർത്തനം ഒരു സ്വതന്ത്രവിഷയം ആവുന്നത്. ആദ്യകാലത്ത് പദാനുപദതർജ്ജമ, ആശയാനുവാദം, വിവർത്തനത്തിൽ ഉള്ള വിശ്വസ്തത തുടങ്ങിയ കാര്യങ്ങളിലാണ് വിവർത്തനത്തെ കുറിച്ചുള്ള ചർച്ചകൾ പ്രധാനമായും ഉണ്ടായിരുന്നത്.
പിന്നീട്, സൊസ്സ്യൂറിന്റെ സൂചക-സൂചിതബന്ധത്തെ കുറിച്ചുള്ള ആശയങ്ങൾ വിവർത്തനമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി. റോമൻ യാക്കോബ്സൺ മുന്നോട്ടു വച്ച സമമൂല്യതാ സങ്കല്പങ്ങൾ, നോം ചോംസ്കിയുടെ ചിന്തകളെ അടിസഥാനമാക്കി യൂജിൻനിഡ അവതരിപ്പിച്ച വിവർത്തനഘട്ടങ്ങൾ തുടങ്ങിയവ അപഗ്രഥിക്കുമ്പോൾ വിവർത്തനത്തിൽ വിവർത്തകർക്ക് കൃത്യമായ ഒരു സ്ഥാനം തെളിഞ്ഞു വരുന്നതായി കാണാം.
1970-80 കാലങ്ങളിലായി ഉരുത്തിരിഞ്ഞു വന്ന സ്കോപ്പോസ് തിയറി വിവർത്തനത്തിന്റെ ധർമ്മത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ളതാണ്. ഫ്രഞ്ച് തത്വചിന്തകനായ ഴാക് ദെറിദ മുന്നോട്ടുവച്ച അപനിർമ്മാണം(Deconstruction) എന്ന ചിന്ത വിവർത്തനപഠനങ്ങളെയും സ്വാധീനിച്ചു. മൂലപാഠം നിരന്തരം തിരുത്തിയെഴുതപ്പെടുന്നുവെന്നും ഓരോ വായനയിലും/വിവർത്തനത്തിലും അത് മൂലപാഠത്തെ പുനർസൃഷ്ടിക്കുന്നുവെന്നുമാണ് അപനിർമാണത്തിന്റെ നിലപാട്. ഇന്ന്, വിവർത്തനപഠനം സാംസ്കാരികപഠനത്തോട് അടുത്തിടപഴകുന്നത് കാണാം. ഇത്തരത്തിലുള്ള മാറ്റങ്ങൾ വിവർത്തനത്തിൽ വിവർത്തകർക്കുള്ള സ്ഥാനത്തെ വലിയ രീതിയിൽ മുന്നോട്ടു കൊണ്ടുവന്നവയാണ്. വിവർത്തനത്തെ ഒരു സർഗാത്മകസൃഷ്ട്ടിയെന്ന നിലയിൽ തന്നെ കാണാൻ ഈ ചിന്തകൾ വഴി തെളിച്ചു. മൂലകൃതിയോടും മൂല ഗ്രന്ഥകാരോടുമുള്ള അമിതാദരാതിശയങ്ങളിൽ നിന്നെല്ലാം മാറി വിവർത്തകരിലേക്കും വിവർത്തനത്തിന്റെ ധർമ്മത്തിലേക്കും വിവർത്തന പഠനങ്ങൾ ഇന്ന് വഴിമാറിയിരിക്കുന്നു. ഇവിടെയാണ് അനുമാന ചിന്തയുടെ പ്രസക്തി.
വിവർത്തനാനുമാനം
വിവർത്തകർ മൂലകൃതിയുടെ വായനയിൽ ഏർപ്പെടുന്നതാണ് വിവർത്തനം എന്ന പ്രക്രിയയുടെ ആദ്യഘട്ടം. മൂലകൃതിയുടെ വായനാവേളയിലാവാം ആ കൃതി വിവർത്തനം ചെയ്താലോ എന്നൊരു ആശയം വിവർത്തകരിലേക്ക് എത്തുന്നത് തന്നെ. പിന്നീട് വിവർത്തനത്തിനായുള്ള വായന(കൾ) അവിടെ വീണ്ടും നടക്കുന്നുണ്ട്. വായന എന്ന പ്രക്രിയ ആപേക്ഷികമാണ്. ഓരോ മനുഷ്യരുടെയും വായന മറ്റുള്ളവരിൽ നിന്നും പല മാനങ്ങളിലും വ്യത്യസ്തത പുലർത്താറുണ്ട്. ഭാഷ, മനുഷ്യസ്വഭാവം, ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യ സമ്പ്രദായങ്ങൾ, സമൂഹജീവിതം, വേഷവിധാനം, ജീവിതചര്യ, വിശ്വാസങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിങ്ങനെ അനേകം കാര്യങ്ങളെപ്പറ്റി നമുക്കുള്ള അറിവ് -മുന്നറിവ് വച്ചുകൊണ്ട് മാത്രമേ വായന നടത്താൻ സാധിക്കൂ എന്ന് കെ.അയ്യപ്പപ്പണിക്കർ നിരീക്ഷിക്കുന്നുണ്ട്.
മറ്റൊരു ഭാഷയിലുള്ള കൃതി വായിക്കുമ്പോൾ തന്നെ വായനക്കാരുടെ മനസ്സിൽ സ്വഭാഷയിൽ ഒരു വിവർത്തനം രൂപപ്പെടാറുണ്ട്. ഇത് ബോധപൂർവ്വം സംഭവിക്കുന്ന ഒന്നല്ല. എന്നാൽ വിവർത്തനം എന്ന പ്രക്രിയയിൽ വിവർത്തകർ ബോധപൂർവ്വം തന്നെ തങ്ങളുടെ മനസ്സിൽ രൂപപ്പെടുന്ന വിവർത്തനത്തെ നിരീക്ഷിക്കുന്നു. വായനാവേളയിൽ തന്നെ വിവർത്തകർ ഒരു വിവർത്തനപ്രക്രിയയിലൂടെ കടന്നു പോകുന്നുവെന്ന് സാരം. ഇത്തരത്തിൽ, വിവർത്തകർ വിവർത്തനം ചെയ്യുന്ന വേളയിൽ അവരുടെ അനുമാനങ്ങളും അതിൽ ഇടപെടുന്നു. മഹിമഭട്ടന്റെ അനുമാന സിദ്ധാന്തപ്രകാരം ശബ്ദത്തിന് 'അഭിധ' എന്ന ഒറ്റ ശക്തി മാത്രമേ ഉള്ളൂ. ആ ശബ്ദത്തിൽ നിന്നും വായനക്കാർ അനുമിച്ച് എടുക്കുന്നതാണ് കാവ്യാർത്ഥം. ഈ അനുമാനം എന്നത് തികച്ചും ആപേക്ഷികമായിട്ടുള്ള ഒന്നാണ്. മൂലകൃതിയുടെ വായനാവേളയിലും ആ മൂലകൃതിയെ ലക്ഷ്യഭാഷയിലേക്ക് വിവർത്തനം ചെയ്യുമ്പോഴും വിവർത്തകരിൽ ഉണ്ടാകുന്ന അനുമാനങ്ങൾ വിവർത്തനത്തെ വളരെയധികം സ്വാധീനിക്കുന്നു. ഈ ഒരു അനുമാനത്തെ വിവർത്തനാനുമാനം എന്ന് വിളിക്കാം. ഒരു മൂലകൃതി തന്നെ വ്യത്യസ്ത വിവർത്തകർ വിവർത്തനം ചെയ്യുമ്പോൾ അവ വ്യത്യാസപ്പെട്ടിരിക്കുന്നതിന് പിന്നിലുള്ള ഒരു കാരണം ഈ വിവർത്തനാനുമാനം ആണ്. വിവർത്തകരുടെ കാലം, സ്വാനുഭവം, ഇഷ്ടാനിഷ്ടങ്ങൾ തുടങ്ങിയവ വിവർത്തനാനുമാനത്തിന്റെ പ്രധാന ഘടകങ്ങളാണ്.
വിവർത്തകരെ സംബന്ധിച്ചിടത്തോളം അവരവരുടെ കാലഘട്ടത്തിലെ സാഹിത്യ പ്രവണതകൾ, സാംസ്കാരിക സാഹചര്യങ്ങൾ, സമകാലീന എഴുത്തുകാർ, ആ കാലഘട്ടത്തിന്റെ രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങൾ അവരുടെ അനുമാനം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇത് വിവർത്തനാനുമാനത്തിന്റെ ‘കാലം’ എന്ന ഘടകത്തിൽ ചേർന്നിരിക്കുന്ന കാര്യങ്ങളാണ്. അനുമാനസിദ്ധാന്തത്തിൽ അനുവാചകരുടെ സ്വാനുഭവത്തിന് പ്രധാനപ്പെട്ട ഒരു സ്ഥാനം മഹിമഭട്ടൻ നൽകുന്നുണ്ട്. അനുവാചകർ ഹേതു സാധ്യങ്ങളുടെ വ്യാപ്തി കണക്കാക്കുന്നത് അവരുടെ മുൻകാല അനുഭവങ്ങളിൽ നിന്നു കൂടിയാണ്. ഒരുപാട് സ്ഥലങ്ങളിൽ തീയും പുകയും ഒരുമിച്ചു കണ്ടിട്ടാണ് പിന്നീട് പുക കാണുമ്പോൾ തീ അവിടെ ഉണ്ടാകുമെന്ന് അനുമാനിക്കാൻ കഴിയുന്നത്. ഇതിന് മുന്നറിവ് എന്ന് പറയാം. എന്നാൽ, കുട്ടിക്കാലത്ത് ഒരു തീപിടുത്തം നേരിട്ട് കണ്ട ഒരാൾ പിന്നീട് ഒരു സാഹചര്യത്തിൽ പുക കാണുമ്പോൾ തീ അവിടെ ഉണ്ടാകും എന്ന് അനുമാനിക്കുന്നത് പോലെയാകില്ല ഇങ്ങനെ ഒരു അനുഭവം ഇല്ലാത്ത ഒരാൾ അനുമാനിക്കുന്നത്. വിവർത്തനാനുമാനത്തിലും ഈ സ്വാനുഭവഘടകത്തിന് പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. റീഡർറെസ്പോൺസ് തിയറിയിലെ താദാത്മ്യപ്രമേയം ഇതുമായി അടുത്തുനിൽക്കുന്ന ഒന്നാണ്. മൂലകൃതിയുടെ വായനാവേളയിൽ അതിലെ പ്രമേയത്തോടെ കഥാപാത്രങ്ങളോടോ സന്ദർഭങ്ങളോടോ വൈകാരികമായിട്ടുള്ള ഒരു അടുപ്പം അനുഭവപ്പെടുന്ന ഒരാൾ വിവർത്തനത്തിലേക്ക് കടക്കുമ്പോൾ അയാളിൽ രൂപപ്പെടുന്ന അനുമാനങ്ങൾ കൂടുതലായും വൈകാരികപരമായിരിക്കാൻ സാധ്യതയുണ്ട്. തനിക്ക് വൈകാരികമായി അടുപ്പം തോന്നിയ സന്ദർഭങ്ങൾക്ക് മൂലഗ്രന്ഥകാരി/കാരൻ കൊടുക്കാത്ത പ്രാധാന്യം വിവർത്തകർ കൊടുത്തെന്നു വരും. ഇത് നേരെ തിരിച്ചും സംഭവിക്കാം. ചില സന്ദർഭങ്ങൾക്ക് മൂലഗ്രന്ഥകാരി/കാരൻ നൽകിയ പ്രാധാന്യം വിവർത്തകർ നൽകിയില്ലെന്നും വരും. വിവർത്തകരുടെ ഇഷ്ടാനിഷ്ടങ്ങളാണ് മറ്റൊന്ന്. ഒരു മൂലകൃതി ലക്ഷ്യഭാഷയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ മൂലഭാഷയിലെ പദങ്ങൾക്ക് ബദലായി ലക്ഷ്യഭാഷയിൽ ഏതൊക്കെ പദങ്ങളാണ് പ്രയോഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതിൽ വിവർത്തകരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഇംഗ്ലീഷിലെ 'Sky' എന്ന പദത്തിന് ബദലായി ഗഗനം, വാനം, ആകാശം, അംബരം തുടങ്ങി ഒട്ടേറെ പര്യായപദങ്ങൾ മലയാളത്തിലുണ്ട്. ഇതിൽ ഇന്ന പദമാണ് ഏറ്റവും യോജ്യമായത് എന്ന് വിവർത്തകർ അനുമാനിക്കുന്നതിൽ ആ പദത്തോടുള്ള വിവർത്തകരുടെ ഇഷ്ടാനിഷ്ടങ്ങളും പ്രവർത്തിക്കുന്നുണ്ട്.
വിവർത്തനത്തിൽ വിവർത്തകർ സ്വീകരിക്കുന്ന ലക്ഷ്യഭാഷയിലെ പദങ്ങൾ, വാക്യങ്ങൾ, ബിംബങ്ങൾ തുടങ്ങിയവയിൽ എല്ലാം ഈ വിവർത്തനാനുമാനം നേരിട്ടിടപെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവർത്തനങ്ങളെ പഠിക്കാനും കഴിയും. ഉദാഹരണത്തിന്, പേർഷ്യൻ പണ്ഡിതനായ ഒമർഖയ്യാമിന്റെ റുബായിയാത് എന്ന കൃതിക്ക് മലയാളത്തിൽ ധാരാളം പരിഭാഷകൾ വന്നിട്ടുണ്ട്. 1932 ൽ ജി ശങ്കരക്കുറുപ്പിന്റെ വിലാസലഹരി, 1944ൽ സർദാർ.കെ.എം.പണിക്കരുടെ രസികരസായനം, 1945ൽ എം.പി.അപ്പന്റെ ജീവിതോത്സവം, 1947ൽ ചങ്ങമ്പുഴയുടെ മദിരോത്സവം, 1954 ൽ പുത്തൻകാവ് മാത്തൻതരകന്റെ ജീവിതമാധുരി, 1990 ൽ തിരുനല്ലൂർ കരുണാകരന്റെ റുബാഇയാത്ത്: ഒമർ ഖയ്യാമിന്റെ ഗാഥകൾ, 1993 ൽ വി.മാധവമേനോന്റെ റുബായിയാത്ത്, 2005ൽ ഡോ.ഉമർ തറമേലിന്റെ റുബാഇയ്യാത്ത്, 2007ൽ കെ.ജയകുമാറിന്റെ റുബായിയ്യാത്ത്, 2015ൽ ഡോ.മുഞ്ഞിനാട് പത്മകുമാറിന്റെ റുബായിയാത്ത് തുടങ്ങിയവ അവയിൽ ചിലതാണ്.
ജീവിതോത്സവത്തിൽ വിഷാദാത്മകതയും മൃത്യുചിന്തയും മുന്നിട്ടു നിൽക്കുമ്പോൾ ഡോ.ഉമർ തറമേലിന്റെ വിവർത്തനത്തിൽ സൂഫിസത്തിന്റേതായ ആധ്യാത്മിക ഭാവമാണ് മുന്നിട്ടുനിൽക്കുന്നത്. കെ.ജയകുമാറിന്റെ വിവർത്തനത്തിൽ ജീവിതാഭിരതിയോടൊപ്പം ആത്മീയതയുടെ ഉൾസ്പന്ദനവും കണ്ടെത്താൻ കഴിയും. റുബായികളിലെ അർത്ഥം ഇവർ ഓരോരുത്തരും ഗ്രഹിച്ചെടുത്തത് വ്യത്യസ്തമായാണ്. ഇതിന് കാരണം ഈ വിവർത്തകരുടെ കാലം, മുന്നറിവുകൾ, ഇഷ്ടാനിഷ്ടങ്ങൾ എന്നിവ ചേർന്ന് രൂപപ്പെടുത്തിയ വിവർത്തനാനുമാനമാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലായി ഇറങ്ങിയ ഈ വിവർത്തനങ്ങൾ അതാത് കാലഘട്ടത്തിന്റെ രാഷ്ട്രീയവും ഉൾക്കൊള്ളുന്നുണ്ട്. മിക്കവരും വിവർത്തനം തയ്യാറാക്കിയിരിക്കുന്നത് 1859ൽ റുബായിയാത്തിന് ഫിറ്റ്സ് ജെറാൾഡ് രചിച്ച ഇംഗ്ലീഷ് പരിഭാഷയെ ആശ്രയിച്ചാണ്. എന്നാൽ, എം.പി.അപ്പനിൽ നിന്നും വ്യത്യസ്തമായി ഡോ.ഉമർ തറമേലും കെ.ജയകുമാറും വിമർശനാത്മകമായി ഫിറ്റ്സ് ജറാൾഡിന്റെ വിവർത്തനത്തെ സമീപിച്ചിരിക്കുന്നു. എം.പി.അപ്പൻ ശാർദ്ദൂലവിക്രീഡിതം വൃത്തത്തിൽ ജീവിതോത്സവം രചിച്ചപ്പോൾ കെ. ജയകുമാർ വൃത്തബന്ധമില്ലാതെയും മുക്തഛന്ദസിലുമാണ് തന്റെ വിവർത്തനം തയ്യാറാക്കിയത്. അതാതു കാലഘട്ടങ്ങളിലെ സാഹിത്യ പ്രവണതകളും രാഷ്ട്രീയ ചിന്തകളുമാണ് ഈ മാറ്റങ്ങൾക്ക് കാരണമായത്.
വിവർത്തനത്തിനായി കവികൾ തിരഞ്ഞെടുത്തിട്ടുള്ള ലക്ഷ്യ ഭാഷാപദങ്ങളിലും ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ ധാരാളം കാണാൻ കഴിയും. എം.പിഅപ്പന്റെ പരിഭാഷയിൽ ‘Sun’ എന്നതിന് 'ബാലാരുണൻ' എന്നും ‘Night’ എന്നതിന് ‘നിശ’ എന്നും പ്രയോഗിക്കുമ്പോൾ സർദാർ കെ.എം.പണിക്കരുടെ പരിഭാഷയിൽ ഇത് യഥാക്രമം ‘ഭാസ്കരനും’ ‘രാത്രി’യും ആണ്. ‘Field of Night’ എം.പി.അപ്പന് ‘നിശതൻ പോർത്തട്ടും’ സർദാർ.കെ.എം.പണിക്കർക്ക് ‘രാത്രിതൻ വയലും’ ആണ്. ഏകദേശം ഒരേ കാലയളവിൽ ഇറങ്ങിയ രണ്ട് വിവർത്തനങ്ങളിൽ തന്നെ പദതിരഞ്ഞെടുപ്പിൽ ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ കാണാൻ കഴിയും.
ഇത്തരത്തിൽ വിവർത്തനാനുമാനം കൃതിയുടെ മൗലികതയ്ക്ക് വഴിയൊരുക്കുന്നു. ഇതുവഴി ഓരോ വിവർത്തനവും ഒരു സർഗാത്മകസൃഷ്ടി തന്നെയാകുന്നു. ഒരു സർഗാത്മകസൃഷ്ടി എന്ന നിലയിൽ തന്നെ വിവർത്തനത്തെ പഠിക്കാൻ അനുമാനം വഴിയൊരുക്കുന്നു. വിവർത്തനത്തിന്റെ വിവിധമേഖലകളെ അനുമാനസിദ്ധാന്തത്തോട് ബന്ധപ്പെടുത്തി പഠിക്കാനാവും. സബ്ടൈറ്റിലിങ് പോലുള്ള തിരവിവർത്തനത്തിലും അനുമാനം പ്രസക്തമാണ്. ധാരാളം തുടർപഠനങ്ങൾക്ക് വഴിയൊരുക്കുന്ന ഒരു വിഷയമേഖല കൂടിയാണിത് .
സഹായക ഗ്രന്ഥങ്ങൾ
● അപ്പൻ എം.പി., 1961, ജീവിതോത്സവം, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം.
● അയ്യപ്പപ്പണിക്കർ കെ., 1999, ഇന്ത്യൻസാഹിത്യസിദ്ധാന്തം-പ്രസക്തിയും സാധ്യതയും, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
● ഉമ്മർ തറമേൽ ഡോ., 2005, റുബാഇയ്യാത്, ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
● കുട്ടികൃഷ്ണമാരാര്, 1991, സാഹിത്യഭൂഷണം, മാരാർ സാഹിത്യ പ്രകാശം, കോഴിക്കോട്.
● ജയകുമാർ കെ., 2007, റുബായിയ്യാത്, ഗ്രീൻ ബുക്സ്, തൃശ്ശൂർ.
● സുകുമാരപിള്ള കെ., ഡോ., 1988, മഹിമഭട്ടന്റെ വ്യക്തിവിവേകം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
● സോമദാസൻ ഏറ്റുമാനൂർ, 2011, വിമർശ വിവേകം, കേരള സാഹിത്യ അക്കാദമി, തൃശൂർ
● സോമദാസൻ പി., ഡോ., 2014, വിവർത്തന പഠനങ്ങൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
തീർത്ഥ കെ.
ഗവേഷക,
മലയാള-കേരളപഠനവിഭാഗം,
കാലിക്കറ്റ് യൂണിവേഴ്സിറ്റി




Comments