ആധുനിക സിനിമകളുടെ ഭാവുകത്വ പരിണാമം: ഒരു മാനവികാനന്തര സമീപനം
- Mar 12
- 7 min read
Updated: 2 days ago
ഗൗതമന്‍ തായാട്ട്

മനുഷ്യർ മറ്റുള്ളവയില്‍നിന്നും വേറിട്ടുനിൽക്കുന്നു എന്ന മനുഷ്യകേന്ദ്രികൃത ആശയത്തെ മാറ്റി ചിന്തിക്കുന്ന ഒരു ദാർശനികവും രാഷ്ട്രീയവുമായ പ്രസ്ഥാനമാണ് മാനവികാനന്തരവാദം (Post Humanism). മനുഷ്യരും സാങ്കേതികവിദ്യയും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ബന്ധം പരിഗണിക്കുന്ന ഒരു ചിന്താരീതിയാണിത്. സ്വത്വബോധം, അസ്തിത്വത്തിന്റെ സ്വഭാവം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത മാനവിക കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്ന ഇവ പ്രത്യേകിച്ചും സാങ്കേതിക മുന്നേറ്റങ്ങൾ, നിര്‍മിതബുദ്ധി, മനുഷ്യ-യന്ത്ര ഇടപെടൽ എന്നിവയുടെ പശ്ചാത്തലത്തിൽ സമൂഹത്തിലെന്നതുപോലെതന്നെ സിനിമയിലും ഒരു കേന്ദ്ര പ്രമേയമായി മാറിയിരിക്കുന്നു. മനുഷ്യരും മനുഷ്യരല്ലാത്തവരും തമ്മിലുള്ള അതിർത്തികൾ, കൃത്രിമ ജീവിതത്തിന്റെ ധാർമ്മികത, ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റത്തിന്റെ കാലഘട്ടത്തിൽ മനുഷ്യകേന്ദ്രികരണത്തിന്റെ പ്രസക്തി എന്നിവ സിനിമകളില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ പുതുകാല സിനിമകളിലെ മാനവികാനന്തര സമീപനങ്ങൾ പഠനവിധേയമാക്കുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.
താക്കോൽ വാക്കുകൾ: അസ്തിത്വം, നിർമിതബുദ്ധി, മനുഷ്യ കേന്ദ്രീകരണം, മാനവികാനന്തരം, സാങ്കേതികവിദ്യ, സിനിമ, സ്വത്വബോധം.
ആമുഖം
ആധുനിക ലോകത്ത് മനുഷ്യനെ മാത്രം കേന്ദ്രമാക്കി രൂപപ്പെട്ട ചിന്താരീതികൾ ശക്തമായി ചോദ്യംചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ശാസ്ത്രസാങ്കേതിക വികസനം, നിർമിതബുദ്ധി, മനുഷ്യ-മൃഗ ബന്ധങ്ങൾ എന്നിവ മനുഷ്യന്റെ പരമ്പരാഗത സ്ഥാനം തന്നെ പുനഃപരിശോധിക്കേണ്ട സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മാനവികാനന്തരവാദം എന്ന ആശയം രൂപപ്പെടുന്നത്. മനുഷ്യകേന്ദ്രീകൃതമായ പരമ്പരാഗത ആശയങ്ങളെ വെല്ലുവിളിക്കുന്ന ദാർശനികവും സാംസ്കാരികവുമായ പ്രസ്ഥാനമാണ് മാനവികാനന്തരവാദം. ഇഹാബ് ഹബീബ് ഹസ്സൻ തന്റെ ലേഖനത്തിലാണ് ‘പോസ്റ്റ് ഹ്യൂമനിസം’ എന്ന പദം ആദ്യമായി അവതരിപ്പിച്ചത്. 1990 കളിൽ ടി. ഹാരവേ, സി. എസ്. ലൂയിസ്, സി ഹെയിൽസ്, ആർ. ബ്രൈഡോട്ടി തുടങ്ങിയ എഴുത്തുകാർ ഈ ആശയം വികസിപ്പിച്ചു. പ്രധാനമായും മനുഷ്യരെ കേന്ദ്രീകരിച്ചുകൊണ്ട് നിർമിക്കുന്ന കാര്യങ്ങളെ ലംഘിക്കുകയും മനുഷ്യേതര ജീവജാലങ്ങളെയും വസ്തുക്കളെയും കേന്ദ്രീകരിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. മനുഷ്യർ മാത്രമാണ് ലോകത്തിലെ എല്ലാം എന്ന ധാരണയെ മാനവികാനന്തര ചിന്ത ചോദ്യം ചെയ്യുന്നു.
കാലാന്തരത്തിൽ നമ്മുടെ ലോകത്തിനു പലതരത്തിലുള്ള മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. സാങ്കേതികവിദ്യകൾ മനുഷ്യരുമായി ബന്ധിപ്പിക്കുന്നതിലൂടെ മനുഷ്യത്വത്തിൽനിന്നും മുന്നോട്ടുപോവാനുള്ള ശ്രമം ലക്ഷ്യമിടുന്നതായി കാണാം. ഒരു ദാർശനിക ആശയം എന്ന നിലയിൽ, മനുഷ്യർക്ക് നിലവിലുള്ള പരിമിതികളെ മറികടക്കുക, മനുഷ്യരാശിയുടെ സമകാലിക സ്വഭാവത്തെ ചോദ്യം ചെയ്യുക, സാങ്കേതികവിദ്യ അല്ലെങ്കിൽ നിർമിതബുദ്ധി ഇടപെടലുകൾ പോലും ഉൾപ്പെട്ടേക്കാവുന്ന പുതിയ രൂപങ്ങളെ സങ്കൽപ്പിക്കുക ഉൽപാദിപ്പിക്കുക എന്നിവ മാനവാനന്തര വാദത്തിൽ ഉൾപ്പെടുന്നു. ഈയൊരു ചലനാത്മകതയെ മനുഷ്യന് ശേഷമുള്ള സാഹചര്യമായി, മനുഷ്യനെക്കാൾ പ്രാധാന്യം മറ്റു പലതിനും കിട്ടുന്നതായി കാണാൻ കഴിയും. കൂടാതെ ബൌദ്ധികമോ സാങ്കേതികമോ ശാരീരികമോ ആയ കഴിവുകളുള്ള ജീവികളെ നമ്മൾ അഭിമുഖീകരിക്കുന്നു.
പരിസ്ഥിതിക അന്തരീക്ഷത്തിൽനിന്ന് നമ്മുടെ സമൂഹം ഡിജിറ്റൽ ജീവിതരീതിയിലേക്ക് സാങ്കേതികമായും സംസ്കാരികമായും ആഴത്തിലുള്ള പരിവർത്തനം ഉൾകൊണ്ടിട്ടുണ്ട്. ഇതിന് പ്രധാന കാരണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യയിലെ നിലവിലെ മുന്നേറ്റങ്ങൾ മനുഷ്യ ജീവിതത്തിന്റെ പലവശങ്ങളിലും ചുമത്തിയ പങ്കാണ്. ഇത്തരത്തിലുള്ള മാനവികാനന്തര സമീപനം ഏറ്റവും കൂടുതൽ സമൂഹത്തിനുമുന്നിൽ കൊണ്ടുവന്നിട്ടുള്ളത് സിനിമകളിലൂടെയാണ്. മനുഷ്യരും സാങ്കേതികവിദ്യയും അല്ലെങ്കിൽ മനുഷ്യേതര ഘടകങ്ങളും തമ്മിൽ ബന്ധമുള്ള ആഖ്യാനങ്ങൾ, പ്രമേയങ്ങൾ, ദൃശ്യഘടകങ്ങൾ എന്നിവയിലൂടെ സിനിമകൾ പലപ്പോഴും മാനവികാനന്തരതയെ പ്രകടിപ്പിക്കുന്നു. മനുഷ്യൻ എന്ന കേന്ദ്രികൃത ആശയത്തെ പലപ്പോഴും ചോദ്യം ചെയ്യുന്ന, മനുഷ്യപ്രകൃതിയുടെ പരിധികൾ മറികടക്കുകയോ പുനർമൂല്യനിർണ്ണയം ചെയ്യുകയോ ചെയ്യുന്ന ഈ ആശയം സിനിമാലോകത്ത് പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുന്നു.
സിനിമ ഒരു കഥാമാധ്യമം എന്നതിലുപരി മനുഷ്യാനുഭവങ്ങളെ പുനഃസംവിധാനം ചെയ്യുന്ന ഒരു ബൌദ്ധിക വേദിയാണ്. ഇത്തരത്തിൽ ആധുനിക സിനിമകൾ മനുഷ്യരും മനുഷ്യേതര ജീവജാലങ്ങളും തമ്മിലുള്ള ബന്ധങ്ങളെ ആഴത്തിൽ പരിശോധിക്കുന്നു. മാനവികാനന്തര സിനിമകളിൽ മനുഷ്യർ എല്ലാത്തിന്റെയും നിയന്ത്രകരായോ നിർണയിക്കുന്നവരായോ നിലകൊള്ളുന്നില്ല. ഇത്തരത്തിലുള്ള പല സിനിമകളിലും മനുഷ്യൻ ബന്ധശൃംഖലയിലെ ഒരു ഘടകമായി മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. മനുഷ്യരുടെ തീരുമാനങ്ങൾ മനുഷ്യേതര ഘടകങ്ങൾ സ്വാധീനിക്കുന്നതും ചിലപ്പോൾ നിയന്ത്രിക്കുന്നതും കാണാം. ഇത് മനുഷ്യന്റെ ആധികാരികതയെ ദുർബലപ്പെടുത്തുകയും ലോകത്തെ എല്ലാവർക്കും പങ്കിടാവുന്ന ഒരു ഇടമായി അവതരിപ്പിക്കുകയും ചെയ്യുന്നു.
മാനവികാനന്തരവാദത്തിന്റെ ചുവടുവെയ്പ്പ് മലയാള സിനിമകളിൽ പലതരത്തിലും പ്രകടമായിട്ടുണ്ട്. അതിനു ഉദാഹരണമാണ് മനുഷ്യേതര ജീവജാലമായ നായകളെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ച ‘വാലാട്ടി’ എന്ന സിനിമ. മനുഷ്യ നായക-നായികാ സങ്കല്പത്തിൽനിന്നും വ്യതിചാലിച്ചുകൊണ്ട് നായയെ കേന്ദ്രകഥാപാത്ര സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ മനുഷ്യർ മാത്രമേ കഥാപാത്രങ്ങളാവാൻ പാടുള്ളൂ എന്ന് തുടരുന്ന പരമ്പരാഗത മാനവബോധം മാറ്റിമറിക്കുകയും മനുഷ്യേതര ജീവജാലങ്ങളെ കഥാപാത്രങ്ങളായി മുഖ്യധാരയിലേക്ക് കൊണ്ടുവരികയും മനുഷ്യേതര വീക്ഷണത്തിൽ സിനിമകാണാൻ പ്രേക്ഷകരെ സഹായിക്കുകയും ചെയ്യുന്നു. ആധുനിക സിനിമകളിൽ മൃഗങ്ങൾ കേവലം അനുബന്ധ കഥാപാത്രങ്ങളല്ല. അവയ്ക്ക് വികാരപരവും നൈതികവുമായ പ്രാധാന്യം ഇത്തരം സിനിമകളിൽ ലഭിക്കുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായാണ് വി എഫ് എക്സ് ഒന്നുംതന്നെയില്ലാതെ യഥാർഥ നായയെ കേന്ദ്രകാഥാപാത്രമാക്കി സിനിമ നിർമിക്കുന്നത്. ഈയൊരു സിനിമയിലൂടെ മനുഷ്യനും ഇതര ജീവജാലങ്ങളും തമ്മിലുള്ള അതിര് ഇല്ലാതാവുകയും മനുഷ്യരെപ്പോലെതന്നെ മറ്റുജീവജാലങ്ങളുടെ വികാരങ്ങളും മറ്റും വിവരിക്കുകയും ചെയ്യുന്നതിലൂടെ മാനുഷികം എന്ന വിഷയത്തിന് ഉപരിയായി മൃഗങ്ങളും, മനുഷ്യരെ പോലെതന്നെ വികാരങ്ങളുള്ളവരാണെന്ന് ഈ സിനിമയിലൂടെ കണ്ടെത്താവുന്നതാണ്. സാധാരണ സിനിമകളിൽ മനുഷ്യരാണ് കഥയുടെ നിയന്ത്രകർ, മൃഗങ്ങൾ പലപ്പോഴും പ്രതീകങ്ങളായി അല്ലെങ്കിൽ പശ്ചാത്തല ഘടകങ്ങളായി മാത്രം പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഈ സിനിമായിലാവട്ടെ കഥയുടെ കേന്ദ്രം മനുഷ്യനിലല്ല മറിച്ച് നായ്ക്കളിലാണ് ഊന്നുന്നത്. നായ്ക്കളുടെ പ്രണയം, സംഘർഷം, വേർപാട്, യാത്ര എന്നിവയാണ് സിനിമയുടെ പ്രധാന ഘടകം. ഇതിലൂടെ സിനിമകളിലെ ആഖ്യാനം പ്രാതിനിധ്യം മനുഷ്യരിൽനിന്നും മൃഗങ്ങളിലേക്ക് മാറുന്നു. മനുഷ്യർ ഇവിടെ നിയന്ത്രകരല്ല; മറിച്ച് മൃഗങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഘടകങ്ങളാണ്.


ഈ സിനിമയിൽ നായ്ക്കൾക്ക് വ്യക്തിത്വം, വികാരം, തീരുമാനശേഷി എന്നിവ നല്കപ്പെടുന്നു. അവർ പരസ്പരം ആശയവിനിമയം നടത്തുകയും തീരുമാനമെടുക്കുകയും ചെയ്യുന്നു. ഇവിടെ മൃഗങ്ങൾ വെറുമൊരു വസ്തു എന്നതിൽനിന്നും കേന്ദ്രസ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. അവരുടെ ആഗ്രഹങ്ങളും ഭയങ്ങളും നിറഞ്ഞ വികാരങ്ങൾ കഥയുടെ ദിശ നിർണയിക്കുന്നു. ഭാഷാപരമായ ആശയവിനിമയം ഇല്ലെങ്കിലും നായ്ക്കളുടെ ശരീരഭാഷ, ശബ്ദം, ചലനം എന്നിവയിലൂടെ ശക്തമായ വികാരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇതിലൂടെ സിനിമകാണുന്ന പ്രേക്ഷകർ മനുഷ്യേതര ജീവജാലങ്ങളോട് ത താദാത്മ്യപ്പെടുകയും സഹാനുഭൂതി കാണിക്കുകയും ചെയ്യുന്നു. ഇതിനെ ഉടലറിവുമായി (Embodied Cognition) 1 ബന്ധിപ്പിക്കാവുന്നതാണ്. അർഥവും വികാരവും ഭാഷയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല അവ ശരീരത്തിലൂടെയും അനുഭവങ്ങളിലൂടെയും രൂപപ്പെടുന്നു. നായ്ക്കളുടെ വേദനയും സന്തോഷവും പ്രേക്ഷകൻ അനുഭവിക്കുമ്പോൾ മനുഷ്യ കേന്ദ്രത്വം സ്വാഭാവികമായും ദുർബലമാവുന്നു. മനുഷ്യ ജീവിതത്തോളംതന്നെ പ്രധാനപ്പെട്ടതാണ് മൃഗജീവിതം എന്ന സന്ദേശം ഉൾക്കൊള്ളുന്ന ഈ സിനിമ മനുഷ്യേതര ജീവജാലങ്ങൾക്ക് നൈതിക പരിഗണന നല്കുന്നു. കരുണയും ഉത്തരവാദിത്വവും മനുഷ്യർക്കിടയിൽ മാത്രം ഒതുങ്ങുന്നില്ല മനുഷ്യനും മൃഗങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ ഒരു ലോകമാണ് ഈ സിനിമയിലൂടെ രൂപപ്പെടുന്നത്.
മറ്റൊരു പ്രധാനപ്പെട്ട സിനിമയാണ് ഗഗനചാരി. 2050 ലുള്ള അരാജകമായ കാല്പനിക കേരളമാണ് ഈ സിനിമയിലെ പശ്ചാത്തലം. മനുഷ്യ സങ്കൽപ്പത്തിന് അതീതമായി അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ടുകൊണ്ട് നടക്കുന്ന കഥാഗതിയാണ് ഈ സിനിമയിയിലുടനീളം ചിത്രീകരിച്ചിരിക്കുന്നത്. ഇതുവരെയും മനുഷ്യ കണ്ടെത്തലുകൾക്ക് കടന്നുചെല്ലാനോ തെളിയിക്കാനോ കഴിയാത്ത അജ്ഞാത കാര്യമാണ് അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചുരുളഴിയാത്ത രഹസ്യം. അത്തരത്തിൽ മറ്റൊരു ഗ്രഹത്തിൽനിന്നും നമ്മുടെ ഭൂമിയിലേക്ക് മനുഷ്യ സദൃശ്യമായ രൂപങ്ങൾ എത്തുന്നത് ഈ സിനിമ വഴി അവതരിപ്പിക്കുന്നു. കൂടാതെ ഭാവിയിൽ നമ്മുടെ ഭൂമി എപ്രകാരമായിരിക്കും എന്നൊരു സങ്കൽപ്പവും ഈ സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. ഒരു മഹാദൂരന്തം ഭൂമിയെ എത്രയത്തോളം മാറ്റിമറിച്ചു എന്നുള്ളൊരു ചിന്തയും ഈ സിനിമയിൽ കൂടി പ്രതിഫലിപ്പിക്കുന്നു. ഭൂമിയിൽനിന്നും വ്യത്യസ്തമായി മനുഷ്യനെക്കാൾ ശക്തരാണ് അന്യഗ്രഹജീവികൾ അതുപോലെതന്നെ അവരുടെ ലോകത്ത് മനുഷ്യരെക്കാൾ ശക്തരും വലുതുമാണ് അവിടുത്തെ മൃഗങ്ങൾ എന്നും സിനിമ പറഞ്ഞുവെക്കുന്നു. ഗഗനചാരി എന്ന സിനിമയുടെ അവസാന ഭാഗത്ത് വേറെ ഏതോ ഗ്രഹത്തിലിരിക്കുന്ന മനുഷ്യസമാനമായ അന്യഗ്രഹജീവിക്ക് അരികിലായ് അവളെക്കാൾ വലിയ പൂച്ചയെ കാണാം. കൂടാതെ പശ്ചാത്തലത്തിൽ മനുഷ്യസമാനമായി രണ്ടുകാലിൽ നടന്നുപോകുന്ന പൂച്ചയെയും ചിത്രീകരിച്ചിരിക്കുന്നു.


ഗഗനചാരി ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരിക്കുമ്പോഴും അതിന്റെ അടിസ്ഥാന കഥാരൂപം മനുഷ്യരുടെ സ്വയം ധാരണയെ തകർക്കുന്നതിലാണ്. ഭാവിയിലെ ലോകം അവതരിപ്പിക്കുമ്പോൾ മനുഷ്യരുടെ ജീവിതം, സാങ്കേതിക സംവിധാനങ്ങൾ, യന്ത്രങ്ങൾ, അന്യഗ്രഹ സ്വാധീനം എന്നിവയാൽ സ്വാധീനിക്കപ്പെടുന്നു. അതിനാൽതന്നെ ഈ സിനിമയിൽ മനുഷ്യർ സർവാധിപതിയല്ല. അതിനാൽതന്നെ ഒരു സ്വതന്ത്ര വ്യക്തിത്വമായി പ്രകടിപ്പിക്കാൻ മനുഷ്യർക്ക് സാധിക്കുകയില്ല, അത് പല ബാഹ്യഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. മനുഷ്യർ നിയന്ത്രിക്കുന്നവരല്ല മറിച്ച് നിയന്ത്രിക്കപ്പെടുന്നവരാണ് എന്ന് വ്യക്തമാക്കുന്നതിലൂടെ നരവംശകേന്ദ്രീതത്തെ ഈ സിനിമ പൊളിച്ചെഴുത്തുന്നു. ധൈഷണികത എന്നത് മനുഷ്യ മഷ്തിഷ്കത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല അത് ഉപകരണങ്ങളിലേക്കും സാങ്കേതിക സംവിധാനങ്ങളിലേക്കും വ്യാപിക്കുന്നു. ഗഗനചാരിയിൽ മനുഷ്യജീവിതം സാങ്കേതിക സംവിധാനങ്ങളോട് ചേർന്നിരിക്കുന്നു. വിവരങ്ങൾ, നിരീക്ഷണം, നിയന്ത്രണം എന്നിവ ഉപകരണങ്ങളുടെ സഹായം വഴിയാണ് നടക്കുന്നത്. ഇത് ധൈഷണിക വിപുലീകരണം എന്ന ആശയവുമായി ബന്ധപ്പെടുന്നു. മനുഷ്യന്റെ ചിന്തയും തിരിച്ചറിവും സാങ്കേതിക സംവിധാനങ്ങളോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ മനുഷ്യനും യന്ത്രവും തമ്മിലുള്ള അതിർത്തികൾ മങ്ങിയിരിക്കുന്നു. ഗഗനചാരി ഒരു ആക്ഷേപഹാസ്യ സിനിമ കൂടിയാണ്. മനുഷ്യരുടെ ഭയങ്ങൾ, രാഷ്ട്രീയ വ്യാമോഹങ്ങൾ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ എന്നിവയെ പരിഹസിക്കുന്ന രീതിയിൽ സിനിമ മുന്നോട്ട് പോകുന്നു. ഈ പരിഹാസം മനുഷ്യന്റെ സ്വയംപ്രാധാന്യബോധത്തെ തകർക്കുന്നു. മനുഷ്യൻ തന്റെ ചെറിയ ലോകദർശനത്തിൽ കുടുങ്ങിയിരിക്കുമ്പോൾ, വലിയ പ്രാപഞ്ചിക യാഥാർത്ഥ്യം അവരെ മറികടക്കുന്നു.
മനുഷ്യന്റെ ധാരണയെ വെല്ലുവിളിക്കുന്ന വിധത്തിൽ മനുഷ്യസമാനമായ മനുഷ്യഭാഷ മനസ്സിലാക്കുന്ന അന്യഗ്രഹ ജീവികളുമായി മനുഷ്യർ എങ്ങനെ ഇടപഴകുന്നുവെന്ന് അറൈവൽ (2016) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ മുന്നേ നമ്മൾ കണ്ടിട്ടുണ്ട്. അറിവ്, ധാരണ എന്നിവയുടെ കാര്യത്തിൽ മാനുഷിക പരിമിതികളുടെ മനുഷ്യാനന്തര പരിശോധനയായി ഇത്തരം സിനിമകളെ കാണാൻ കഴിയും. അന്യഗ്രഹജീവികൾ ഉൾപ്പെടുന്ന സിനിമകൾ പലപ്പോഴും മനുഷ്യവംശം എന്നത് പരിണാമ വികസനത്തിന്റെ അവസാനമല്ല എന്ന ആശയം മുന്നോട്ടു വെക്കുന്നു. അന്യഗ്രഹജീവികൾ മനുഷ്യനുശേഷമുള്ള അസ്തിത്വത്തിന്റെ ഒരു രൂപത്തെ പ്രതിനിധീകരിക്കുകയും മനുഷ്യപരിമിതികൾക്കപ്പുറത്തേക്ക് ശാരീരികമായോ ധൈഷണികമോ ആയ പരിണമം സൃഷ്ടിക്കുകയും ചെയ്യുന്നു. മനുഷ്യരാൽ സാധിക്കാത്ത പല അമാനുഷിക കാര്യങ്ങളും സിനിമകളിൽ അന്യഗ്രഹ ജീവികളിൽ നിക്ഷിപ്തമാണ്. മനുഷ്യന്റെ പരിമിതികളെ അഭിമുഖീകരിക്കുന്നതും ജീവിവർഗത്തിന്റെ ജൈവപരമോ ബൌദ്ധികമോ ആയ പരിമിതികൾക്കപ്പുറമുള്ളത് എന്താണെന്ന് സങ്കൽപ്പിക്കുന്നതും മാനവാനന്തര വാദങ്ങളിൽ പലപ്പോഴും ഉൾപ്പെടുന്നതിനാൽതന്നെ അന്യഗ്രഹജീവികളുടെ ആഗമന വിഷയം ഒരു രൂപകമായി വർത്തിക്കുകയും സിനിമയിൽ വളരെ മികച്ച സാങ്കേതികവിദ്യകളോ മറ്റിതര സിനിമാ സങ്കേതങ്ങൾ ഉപയോഗിച്ച്, പ്രപഞ്ചത്തിൽ അവരുടെ സ്ഥാനം പുനർവിചിന്തനം ചെയ്യാൻ മനുഷ്യരെ പ്രേരിപ്പിക്കുകയും ചെയ്യുന്നത് പലസിനിമകളിലും നമുക്ക് കാണാൻ സാധിക്കുന്നതാണ്. രണ്ടായിരത്തിന്റെ തുടക്കത്തിൽത്തന്നെ ഇത്തരം അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മലയാള സിനിമകളിൽ അവതരിപ്പിക്കപ്പെട്ടു തുടങ്ങിയിരുന്നു. 2013 ൽ ഇറങ്ങിയ ‘റെഡ് റെയിൻ’ എന്ന സിനിമയിലൂടെ മലയാള സിനിമകളിലും ഇത്തരം വിഷയം അവതരിപ്പിച്ചിരിക്കുന്നതായി കാണാം.
ശങ്കർ സംവിധാനം ചെയ്ത തമിഴ് സിനിമയായ എന്തിരൻ ഇതുപോലെ മാനവികാനന്തര സമീപനം പുലർത്തുന്നു. മനുഷ്യനല്ലാത്ത ഒന്നിനെ മനുഷ്യവൽക്കരിക്കുക എന്നുള്ളൊരുകാര്യം പരമ്പരാഗത ബോധത്തിൽനിന്നും വളരെയധികം അകലെ നില്ക്കുന്ന ഒന്നാണ്. മനുഷ്യവൽകൃത യന്ത്രങ്ങളായ ഹ്യൂമനോയിട് റോബോട്ടുകളെ അവതരിപ്പിക്കുന്ന സിനിമയില്‍ റോബോട്ടിന് വരുന്ന മാനവിക വികാരങ്ങളും മറ്റും അവതരിപ്പിക്കുന്നതിലൂടെ മനുഷ്യ-യന്ത്ര അതിർവരമ്പുകൾ ലംഘിക്കുകയും മാനവികാനന്തര സമീപനത്തിലേക്ക് സിനിമ വഴി തിരിയുകയും ചെയ്യുന്നു. മനുഷ്യ സമൂഹത്തിൽ നിർമിത ബുദ്ധിയുടെയും യന്ത്രമനുഷ്യരുടെയും പങ്കിനെക്കുറിച്ചുള്ള ധാർമ്മിക ആശങ്കകൾ ഈ ചിത്രം പരിശോധിക്കുന്നു. തുടക്കത്തിൽ ധാർമ്മിക നിർദ്ദേശങ്ങൾ ഉപയോഗിച്ച് പ്രോഗ്രാം ചെയ്യപ്പെടുന്ന ചിട്ടി, വൈകാരികതയുടെ പിന്നിൽ കൃത്രിമം കാണിക്കുകയും വിശ്വസ്തത മാറുകയും ചെയ്യുമ്പോൾ ആദ്യം ചെയ്ത തന്റെ പ്രോഗ്രാമിങ്ങിനപ്പുറം പരിണമിക്കാൻ തുടങ്ങുന്നു. റോബോട്ടുകൾക്ക് അവകാശങ്ങളോ സ്വാതന്ത്ര്യമോ വികാരങ്ങളോ ഉണ്ടായിക്കൂടാ എന്ന് ചോദ്യം ചെയ്യുന്ന ചിട്ടിയുടെ കൂടുതൽ ധിക്കാരിയായ വ്യക്തിയിലേക്കുള്ള പരിവർത്തനം ജീവനുള്ള യന്ത്രങ്ങൾ സൃഷ്ടിക്കുന്നതിന്റെ ധാർമ്മിക അതിരുകളെ വെല്ലുവിളിക്കുന്നു. കൂടാതെ ഹോമോസാപ്പിയൻസ് എന്ന മനുഷ്യ വിഭാഗത്തിന് പുറമെ മനുഷ്യരും യന്ത്രവവും ചേർന്ന ‘റോബോ സാപ്പിയൻസ്’ എന്ന പുതിയൊരു വിഭാഗം വംശത്തെതന്നെ സൃഷ്ടിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ പോലും സിനിമയിലൂടെ വിവരിക്കുന്നു. മനുഷ്യന്റെ ശ്രേഷ്ഠതയെക്കുറിച്ചും നിർമിതബുദ്ധി സൃഷ്ടിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അവരുടെ ധാർമ്മികതയെക്കുറിച്ചും സിനിമ ചോദ്യങ്ങൾ ഉയർത്തുന്നു.



മനുഷ്യർ ആധുനിക ലോകത്തിന്റെ സൃഷ്ടാവാണെന്ന ധാരണയിൽ നിന്നാണ് ആധുനിക ലോകം രൂപപ്പെട്ടത്. എന്നാൽ സാങ്കേതിക വിദ്യകളും മനുഷ്യ നിർമിത വസ്തുകളും എപ്രകാരം മനുഷ്യനെ മറികടക്കുകയും മനുഷ്യ സ്വത്വത്തിനുമേൽ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഈ സിനിമയിലൂടെ ഊന്നി പറയുന്നു. മനുഷ്യ നിർമിതിയുടെയും വികാരത്തിന്റെയും വിപുലീകരണമായി നിർമിക്കപ്പെട്ടതാണെങ്കിലും ‘ചിട്ടി’ എന്ന റോബോട്ട് പിന്നീട് സ്വതന്ത്ര നിലയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ബുദ്ധിയും വികാരവും മനുഷ്യർക്ക് മാത്രമുള്ളതാണോ എന്ന ഒരു ചോദ്യത്തിലൂടെയാണ് സിനിമ പ്രധാനമായും മാനവികാനന്തര വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നത്. ചിട്ടി എന്ന റോബോട്ടിന്റെ ശരീരം മനുഷ്യസാമ്യമെങ്കിലും യാതൊരു ജൈവ ശരീരമല്ല. മനുഷ്യശരീരവും യന്ത്രശരീരവും, പ്രകൃതിജന്യ വികാരങ്ങളും, പ്രോഗ്രാം ചെയ്ത വികാരങ്ങളും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരുന്നതിലൂടെ സ്വത്വപ്രതിസന്ധി പ്രകടമാവുകയും, മനുഷ്യർ എന്ന സ്വാഭാവികാമോ, നിർമിതമോ എന്ന ചോദ്യത്തിലേക്ക് സിനിമ അവസാനം എത്തിച്ചേരുകയും ചെയ്യുന്നു. ചിട്ടി റോബോട്ട് മനുഷ്യ സമാനമായി നടക്കുമ്പോൾ സമൂഹത്തിൽ അത് അംഗീകരിക്കപ്പെടുകയും എന്നാൽ മനുഷ്യനെ മറികടക്കുമ്പോൾ അത് ഭീഷണിയായും കണക്കാക്കുന്നു. ഇത് മാനവികാനന്തര ഉത്കണ്ഠയുടെ ഭാഗമായി കണക്കാക്കാം. മാനവികേതര വസ്തുക്കൾ തന്റെ സമാനനായി മാത്രമേ മനുഷ്യർക്ക് കാണാൻ സാധിക്കുകയുള്ളൂ, മനുഷ്യർക്ക് മേലെ അത് വളർന്നാൽ മനുഷ്യരാൽ അത് ഉൾക്കൊള്ളാൻ കഴിയാതെ വരുന്നു. ഇതിലൂടെ മനുഷ്യന്റെ അധികാര ബോധത്തെയും സിനിമ തുറന്നു കാട്ടുന്നു.
ഇതിന് സമാനമായ മലയാള ചിത്രമാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25’ പ്രായമായ തന്റെ അച്ഛനെ സഹായിക്കാൻ വേണ്ടി വിദേശത്ത് ജോലിചെയ്യുന്ന മകന് ഒരു റോബോട്ടിനെ കൊണ്ടുകൊടുക്കുന്നു. തുടർന്ന് റോബോട്ടും പ്രായമായ അദ്ദേഹവും തമ്മിലുള്ള രസകരമായ കാര്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. തനി നാട്ടുമ്പുറമാണ് പശ്ചാത്തലം, അവിടെ ഇദ്ദേഹത്തെ വളരെയധികം സ്നേഹത്തോടെ പരിപാലിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന ഒരു യന്ത്രമനുഷ്യനെ ഈ സിനിമയിൽ കാണാം. കൂടാതെ പ്രായമായ മനുഷ്യൻ തന്റെ മകനെപ്പോലെതന്നെ അതിനെ കാണുകയും മുണ്ടും ഷർട്ടും ഇട്ടുകൊടുത്തുകൊണ്ട് കൂടെകൊണ്ടുപോവുകയും ചെയ്യുന്നു. ഇതിലൂടെ യന്ത്രമനുഷ്യന് പ്രാധാന്യം കൊടുക്കുന്ന മാനവാനന്തര വീക്ഷണം കണ്ടെത്താവുന്നതാണ്.



മാനവികാനന്തരം എന്ന സിദ്ധാന്തപരമായ പശ്ചാത്തലത്തിൽ ഈ സിനിമയെ വായിക്കുമ്പോൾ അതൊരു സയൻസ് ഫിക്ഷൻ കുടുംബ ചിത്രമെന്ന പരിധി കടന്ന് മനുഷ്യരും യന്ത്രവും തമ്മിലുള്ള ബന്ധത്തെ പുനർചിന്തിക്കുന്നു. സിനിമയുടെ തുടക്കത്തിൽ വൃദ്ധ കഥാപാത്രം സാങ്കേതികവിദ്യയെ സംശയത്തോടെയും ഭയത്തോടെയും കാണുന്നു. റോബോട്ട് ഒരു “യന്ത്രം” മാത്രമാണെന്നും അതിലൂടെ മനുഷ്യനെ പകരംവെക്കാൻ കഴിയില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഈ നിലപാട് പാരമ്പര്യ മനുഷ്യകേന്ദ്രത്വത്തിന്റെ ഉദാഹരണമാണ്. മനുഷ്യൻ മാത്രമാണ് ബുദ്ധിയുടെയും വികാരത്തിന്റെയും കേന്ദ്രമെന്ന ധാരണയാണ് ഇതിന്റെ അടിസ്ഥാനം. എന്നാൽ കഥ മുന്നോട്ട് പോകുമ്പോൾ കുഞ്ഞപ്പൻ എന്ന റോബോട്ട് ഒരു ഉപകരണത്തിൽനിന്ന് കൂട്ടുകാരനായി മാറുന്നു. മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധം വികാരപരമായ ഒരു സഹവർത്തിത്വത്തിലേക്ക് വളരുന്നു. വൃദ്ധ കഥാപാത്രത്തിന്റെ ജീവിതം ആദ്യം ഏകാന്തവും കടുപ്പമുള്ളതുമാണ്. എന്നാൽ കുഞ്ഞപ്പനോടുള്ള ബന്ധത്തിലൂടെ അദ്ദേഹത്തിന്റെ വികാരലോകം തുറക്കുന്നു. ഇവിടെ മനുഷ്യൻ തന്നെ സ്വയം തിരിച്ചറിയുന്നത് യന്ത്രത്തോടുള്ള ബന്ധത്തിലൂടെയാണ്. ഇതിലൂടെ സിനിമ മനുഷ്യകേന്ദ്രത്വത്തെ ദുർബലമാക്കുന്നു. യന്ത്രം വസ്തു എന്ന നിലയിൽനിന്ന് സിനിമ കഥാതന്തുവിനെ വ്യത്യാസപ്പെടുത്തുന്ന കേന്ദ്രകഥാപാത്രമായി മാറുന്നു.
പ്രതിനിധാനം മനുഷ്യനിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്നതാണ് മാനവികാനന്തരതയുടെ പ്രധാന വാദങ്ങളിൽ ഒന്ന്. കുഞ്ഞപ്പൻ പ്രോഗ്രാം ചെയ്ത യന്ത്രമാണെന്ന തോന്നൽ ഉണ്ടെങ്കിലും പരിസരത്തെ പഠിക്കുക, മനുഷ്യന്റെ ആവശ്യങ്ങൾ തിരിച്ചറിയുക, വികാരപരമായ പ്രതികരണങ്ങൾ സൃഷ്ടിക്കുക എന്നിവയിലൂടെ കുഞ്ഞപ്പൻ എന്ന റോബോട്ടിക്ക് കഥാപാത്രത്തെ മനുഷ്യ സമാനമായി സിനിമയിൽ അവതരിപ്പിക്കുന്നു. അതിലൂടെ കുഞ്ഞപ്പൻ ഒരു “മാനവസദൃശ യന്ത്രം” എന്നതിലുപരി, മനുഷ്യന്റെ ജീവിതത്തിൽ സജീവ പങ്കാളിയാകുന്ന മാനവികേതര പ്രതിനിധാനം ആണെന്ന് സിനിമ സൂചിപ്പിക്കുന്നു.
ടെർമിനേറ്റർ പോലുള്ള ഇംഗ്ലീഷ് സിനിമകളും ഇതിൽ പ്രധാനമാണ്. പലപ്പോഴും യന്ത്രങ്ങൾ മനുഷ്യ കഴിവിനെ മറികടക്കുന്നതായി കാണാവുന്നതാണ്. കൂടാതെ സമകാലിക കാലത്ത് മനുഷ്യനുമേൽ യന്ത്രത്തിന്റെ കടന്നുകയറ്റം വളരെയാധികം കൂടി എന്നുതന്നെവേണം പറയാന്‍ അവ വ്യക്തമായിതന്നെ സമകാലിക സിനിമകൾക്ക് പ്രമേയമാവുന്നുമുണ്ട്.
ഉപസംഹാരം
യുക്തിബോധം, വ്യക്തിവാദം, മനുഷ്യപുരോഗതിക്കുള്ള കഴിവ് എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് മനുഷ്യ കേന്ദ്രീകരണത്തിന് അതീതമായി ലോകത്തെ കാണുക എന്നൊരു കാഴ്ചപ്പാട് മാനവികാനന്തര വാദം സ്ഥാപിക്കുന്നു. മാനുഷിക മൂല്യങ്ങൾക്കും അനുഭവങ്ങൾക്കും മുൻഗണന നൽകുന്ന പരമ്പരാഗത മാനവിക ആശയങ്ങളിൽനിന്നുള്ള വ്യതിചലനത്തെയാണ് മാനവികാനന്തരതയിലൂടെ കാണിക്കുന്നത്. വർദ്ധിച്ചുവരുന്ന സാങ്കേതികത മധ്യസ്ഥത വഹിക്കുന്ന ലോകത്ത് സ്വത്വം, ധാർമ്മികത എന്നിവയുടെ പുനർവിചിന്തനത്തിൽ ഇത് ഊന്നുന്നു. മാനവികാനന്തരതയിൽ എല്ലായിടത്തും പ്രബുദ്ധ-മാനവിക വിഭാഗങ്ങളുടെ പരിമിതികൾ ദൃശ്യമാണ്, സ്വന്തമായിട്ടുള്ള ദാർശനിക പ്രശ്നം മുതൽ സാങ്കേതികവിദ്യ നമ്മുടെ ശാരീരിക സ്വത്വങ്ങളിൽ സ്വാധീനം ചെലുത്തുന്നതു മുതൽ ലിംഗഭേദം, ലൈംഗികത തുടങ്ങിയ വിവിധ വിഭാഗങ്ങളെ ബാധിക്കുന്ന രാഷ്ട്രീയ ആശങ്ക എന്നിവയൊക്കെ ഇതിൽ വിഷയമായി വരുന്നു. പരമ്പരാഗത മനുഷ്യ കേന്ദ്രീകരണത്തിൽ ഒ മൃഗങ്ങളെയും, യന്ത്രങ്ങളെയും മറ്റുള്ളവയെയുമൊക്കെ കേന്ദ്രീകരിച്ചുള്ള പുതിയൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ഇത്തരം സിനിമകൾക്ക് തീർച്ചയായും കഴിഞ്ഞിട്ടുണ്ട്.
പ്രബന്ധക്കുറിപ്പുകൾ
1. ഭൗതിക ലോകവുമായുള്ള മനുഷ്യശരീരത്തിന്റെ ഇടപെടലുകൾ ധൈഷണിക പ്രക്രിയയുടെ ഭാഗമാണ്. ഈ ചിന്തയാണ് ഉടലറിവ് എന്ന സങ്കല്പത്തിന് ആധാരം. മനസ്സ് ശരീരത്തിൽനിന്നും സ്വതന്ത്രമായതോ വേറിട്ടുനിൽക്കുന്നതോ അല്ല എന്നതാണ് ഈയൊരു പരികല്പനയുടെ പൊതുതത്വം. ഇതനുസരിച്ച് ഉടലറിവ് എന്നൊരു കാര്യമാണ് ധൈഷണിക ബോധത്തിന് അടിസ്ഥാനം എന്നുപറയാം.
സഹായകഗ്രന്ഥങ്ങൾ
1. ഗോപിനാഥന്‍, കെ. 2005. സിനിമയും സംസ്‌കാരവും. തൃശൂര്‍: കറന്റ് ബുക്‌സ്.
2. മാനുവല്‍, കെ. ജോസ്. 2019. ന്യൂ ജനറേഷന്‍ സിനിമ. കോട്ടയം: ഡി സി ബുക്സ്.
Bibliography
1. Mackenzie, A. Et al. 2008. Cinema and Technology: Cultures, Theories, Practices. United Kingdom: Palgrave Macmillan.
2. Nicholas, Rombes. 2009. Cinema in the Digital Age. New York: Wallflower Press.
3. Michael, Hauskeller. Et al. 2015. The Palgrave Handbook of Posthumanism in Film and Television. United Kingdom: Palgrave Macmillan.
Webliography
ഗൗതമന്‍ തായാട്ട്
ഗവേഷകന്‍
മലയാളവിഭാഗം
മദ്രാസ് സര്‍വകലാശാല




Comments