കൊളോണിയൽ ഭൗതിക സാഹചര്യങ്ങളും സാംസ്കാരിക രൂപീകരണവും തലശ്ശേരിയിൽ
- Mar 16
- 8 min read
Updated: 2 days ago
ഡോ. ഉഷ സി. കെ.

പ്രബന്ധ സംഗ്രഹം
കൊളോണിയൽ നഗരമായ തലശ്ശേരി ശ്രദ്ധിക്കപ്പെട്ടത് അത് പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിൽ ആഗോള മുതലാളിത്ത സമ്പദ്ഘടനയുടെ ഭാഗമായത് കൊണ്ട് മാത്രമല്ല മറിച്ച് കൊളോണിയൽ ഭൗതിക സാഹചര്യങ്ങളെ അനുകൂലമാക്കിയ ഒരു മിശ്രിത ജനത അവിടെ രൂപപ്പെട്ടു എന്നതും കൂടിയാണ്. കൃത്യമായി നിർവചിക്കാൻ പറ്റുന്നതും അല്ലാത്തതുമായ നിരവധി ഘടകങ്ങൾ അനുകൂലമായി സമ്മേളിച്ചത് പുതിയ സാമൂഹിക വർഗ്ഗങ്ങളുടെ വികാസത്തിന് കാരണമായി. കേരളത്തിലെ ഇതര ഭാഗങ്ങളിൽ എന്നപോലെ ജാതി-മത-ലിംഗ ഭേദമുള്ള പരമ്പരാഗത സമൂഹമാണ് തലശ്ശേരിക്കും ഉണ്ടായിരുന്നത്. പക്ഷേ പ്രത്യക്ഷത്തിലുള്ള കൊളോണിയൽ ഭരണസംവിധാനം, ആധുനിക വിദ്യാഭ്യാസം, ഗതാഗതസൗകര്യങ്ങൾ, സ്വതന്ത്ര സാമ്പത്തിക സംവിധാനങ്ങളുടെ വളർച്ച എന്നീ ഘടകങ്ങളോടൊപ്പം ഭൂമിശാസ്ത്രപരമായ കൂട്ടിയിണക്കലുകളും തലശ്ശേരിയെ മറ്റു പ്രദേശങ്ങളിൽ നിന്നും വേറിട്ടു നിർത്തി. 1800 ൽ കൊളോണിയൽ ഭരണം സ്ഥാപിക്കപ്പെട്ടത് മുതൽ രാഷ്ട്രീയ - സാമ്പത്തിക- ധൈഷണിക ഏകീകരണങ്ങൾ തലശ്ശേരിയിൽ നടന്നു. പുതിയ കച്ചവട വർഗ്ഗങ്ങൾ, അന്തർദേശീയ മാർക്കറ്റിൽ ഇടംപിടിച്ച ലോകോത്തര നിലവാരമുള്ള സുഗന്ധദ്രവ്യങ്ങൾ, വിദ്യാഭ്യാസത്തിലൂടെ ഔന്നത്യം പ്രാപിച്ച ഉദ്യോഗസ്ഥ - ധൈഷണിക (bureaucratic intelligentsia) വർഗ്ഗം, സാമൂഹിക പരിഷ്കർത്താക്കളുടെ ഇടപെടലുകൾ, പുതിയ നിയമനിർമ്മാണങ്ങൾ എന്നിവ തലശ്ശേരിയിൽ തികച്ചും വ്യത്യസ്തമായ ഒരു ഭൗതിക - ബൗദ്ധിക അന്തരീക്ഷം സൃഷ്ടിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രകടമായ മതേതര സാഹിത്യവും, തദ്വാരാ സംജാതമായ സാംസ്കാരിക മാറ്റങ്ങളും മേൽപ്പറഞ്ഞ ഘടകങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്.
താക്കോൽ വാക്കുകൾ
ധൈഷണികത – ഭൗതികത - ബാസൽ മിഷൻ - പൊതു ഇടങ്ങൾ- പ്രബുദ്ധത - നവോത്ഥാനം - മധ്യവർഗ്ഗം- സാമൂഹിക പരിഷ്കരണം - മിശ്രിത സംസ്കാരം.
തലശ്ശേരിയുടെ ബഹുവിധങ്ങളായ മാറ്റങ്ങൾ കൊളോണിയൽ വ്യവസ്ഥയിലൂടെ മാത്രം രൂപം കൊണ്ടതല്ല. പിന്നോട്ടേക്ക് സഞ്ചരിച്ചാൽ ആഫ്രിക്കൻ സഞ്ചാരിയായ ബർബോസയുടെ കാലഘട്ടം മുതൽ തലശ്ശേരി ചരിത്രരേഖകളിൽ സജീവമായി പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് മനസ്സിലാകും ഒരു കൊളോണിയൽ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് തലശ്ശേരിയിലെ ആധുനികത വിലയിരുത്താൻ ആവില്ല. തലശ്ശേരി എന്ന നഗരം നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രത്തിന്റെ തുടർച്ച കൂടിയാണ്. കൊളോണിയൽ സാഹചര്യങ്ങൾ അതിന്റെ ആത്യന്തികമായ പരിണാമവും, തിരുവിതാംകൂറിനെ അപേക്ഷിച്ചു മലബാറിൽ നിലനിന്നിരുന്ന വ്യത്യസ്ത ജാതികളുടെ പാരസ്പര്യവും പരസ്പരാശ്രീതത്വവും തലശ്ശേരിയുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള വേർതിരിവുകളും ജാതീയമായ ഉച്ചനീചത്വങ്ങളും ഉണ്ടായിരുന്നെങ്കിലും വ്യത്യസ്ത ജാതികളുടെ സേവനങ്ങൾ അനിവാര്യമായിരുന്ന സാഹചര്യത്തിൽ സൗഹാർദ്ദപരമായ ഒരു അന്തരീക്ഷം തലശ്ശേരിയിൽ നിലനിന്നിരുന്നു. സാമൂഹിക നവോത്ഥാനത്തിനുള്ള സാഹചര്യങ്ങൾ അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാർക്ക്മുന്നേ തലശ്ശേരിയിൽ ഉണ്ടായിരുന്നു. പിൽക്കാലത്ത് ശക്തമായ ദേശീയ ബോധവും ഏകീകൃതമായ സാമൂഹിക പരിഷ്കരണ ശ്രമങ്ങളും തലശ്ശേരിയിൽ നടന്നത് ചരിത്രത്തിന്റെ തുടർച്ചയാണ്. പരമ്പരാഗത വിദ്യാഭ്യാസവും, കുടിപള്ളിക്കൂടങ്ങൾ, കളരി എന്നിവയും ബുദ്ധിപരമായ വളർച്ചയ്ക്ക് പശ്ചാത്തലം ഒരുക്കി. നവോത്ഥാനം എന്ന ശക്തമായ അടിത്തറ പല ഘടകങ്ങൾ സമന്വയിപ്പിക്കപ്പെട്ട് സൃഷ്ട്ടിക്കപ്പെട്ടതാണ്.[1]
മലബാറിന്റെ ധൈഷണിക വളർച്ചയിലും പുരോഗതിയിലും തലശ്ശേരി എന്ന കൊളോണിയൽ നഗരത്തിന് നിസ്തുലമായ പങ്കുണ്ട് കോഴിക്കോട്, കണ്ണൂർ, പാലക്കാട് എന്നീ നഗരങ്ങളും യൂറോപ്യൻ ആധിപത്യത്തിൽ സമാന പുരോഗതി കൈവരിച്ചെങ്കിലും ഒരു തനതായ, എന്നാൽ വേറിട്ട ഒരു ധൈഷണിക സംസ്കാരം തലശ്ശേരിക്ക് മാത്രമാണ് അവകാശപ്പെടാനുഉള്ളത്. മിഷണറിപ്രവർത്തനങ്ങളിലൂടെയും, വിദ്യാഭ്യാസവളർച്ചയിലൂടെയും ആർജ്ജിച്ച പുരോഗതി സാധാരണഗതിയിൽ കൊളോണിയൽഭരണത്തിന്റെ മേന്മയായാണ് പ്രകടമാക്കാറുള്ളത്. കൊളോണിയൽ ബൗദ്ധിക സാഹചര്യങ്ങൾ തള്ളിക്കളയാവുന്നതല്ല. അതേസമയം എല്ലാ മാറ്റങ്ങളോടും യഥാവിധി പ്രതികരിക്കുന്നവരും, നല്ല മാറ്റങ്ങളെ ഉൾക്കൊള്ളാൻ അശേഷം മടിക്കാത്തവരും ആയിരുന്നു തലശ്ശേരിയിലെ പ്രബുദ്ധരായ പൊതുജനങ്ങൾ. മലബാറിൽ ഒരു പൊതുഇടത്തിന്റെ (Public sphere) രൂപീകരണവും ആധുനികത എന്ന സങ്കല്പത്തിന്റെ ആഴത്തിലുള്ള വേരോടലുകളും നല്ല രീതിയിൽ നടന്നിട്ടുണ്ട്. കൊളോണിയൽ കാലഘട്ടത്തിനു മുമ്പേതന്നെ തലശ്ശേരിയിലെ ജനതയ്ക്ക് പരസ്പരസമ്പർക്കങ്ങളും, പൂരകാധിഷ്ഠിത മൂല്യങ്ങളും ഉണ്ടായിരുന്നു. വളരെ കൃത്യമായ കൈമാറ്റവ്യവസ്ഥിതികളും വ്യവഹാരരീതികളും സാംസ്കാരികമായ കൊടുക്കൽവാങ്ങലുകളും തലശ്ശേരിക്ക് സ്വന്തമായി അവകാശപ്പെടാനുള്ളതാണ്. കൊളോണിയൽ ഭൗതിക, ബൗദ്ധിക സാഹചര്യങ്ങൾ ഈ മാറ്റങ്ങളെ ത്വരിതപ്പെടുത്തി എന്നു മാത്രം. കൊളോണിയൽ പൂർവ്വ തലശ്ശേരിയിൽ പൊതുഇടങ്ങളിലുള്ള സമ്പർക്കങ്ങൾ തദ്ദേശിയ വൈദ്യശാസ്ത്ര രീതിയിലൂടെയും പ്രാദേശിക പള്ളിക്കൂടങ്ങളിലൂടെയും, കളരികൾ എന്നറിയപ്പെട്ട ആയോധന വിദ്യാഭ്യാസ രീതിയിലൂടെയും വളർന്നു വികാസം പ്രാപിച്ചതാണ്. ആയതിനാൽ മലബാറിലെ വർണ്ണജാതി വ്യവസ്ഥയിലും ലിംഗപരമായ വ്യത്യാസങ്ങളിലും അയവുള്ള ഒരു മനോഭാവം വളർന്നത് തലശ്ശേരിയിലാണ്. മലബാറിലെ ആദ്യത്തെ സാംസ്കാരികമായ മാറ്റങ്ങൾ സ്ത്രീ-പുരുഷഭേദമന്യേ തലശ്ശേരിയിൽ പ്രകടമായി.
ഈ മാറ്റങ്ങൾക്ക് തലശ്ശേരിയിലൂടെ സവിശേഷമായ ഭൂമിശാസ്ത്രവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. വയനാട്, മൈസൂർ, മംഗലാപുരം എന്നീ ഭൂവിഭാഗങ്ങളുമായ ബന്ധങ്ങളും, അറബിക്കടലിന്റെ സാമീപ്യവും, റെയിൽ, റോഡ് ശൃംഖലകളുമായുള്ള ഏകോപനങ്ങളും തലശ്ശേരിയെ യൂറോപ്യന്മാർക്ക് പ്രിയപ്പെട്ടതാക്കി. ഏറ്റവും മികച്ചതെന്ന് യൂറോപ്പ്യൻ മാർക്കറ്റുകളിൽ വിലയിരുത്തപ്പെട്ട കുരുമുളക് തലശ്ശേരിയുടെ പരിസരപ്രദേശങ്ങളെ സമ്പന്നമാക്കി. ഈ നഗരത്തിലേക്ക് കുടിയേറിയ വ്യത്യസ്ത ഭൂവിഭാഗങ്ങളിലെ കച്ചവടക്കാരും വിവിധ യൂറോപ്യൻ വാണിജ്യ സമൂഹവും, തദ്ദേശീയരായ സമ്പന്ന തീയ്യ കുടുംബങ്ങളും, സക്രിയമായ സുഗന്ധദ്രവ്യ കച്ചവടത്തിലേർപ്പെട്ട മുസ്ലീങ്ങളും ഒരു മഹത്തായ സാംസ്കാരിക സമുച്ചയം തലശ്ശേരിയിൽ സൃഷ്ടിച്ചു.[2]
തലശ്ശേരിയുടെ പ്രബുദ്ധതയുടെ വളർച്ചയിൽ പാരമ്പരാഗത തീയ്യ കുടുംബങ്ങൾക്ക് നിസ്തുലമായപങ്കുണ്ട്. വ്യത്യസ്തമായ ജാതി-മത വിഭാഗങ്ങളിൽപ്പെട്ട വൈദ്യന്മാരും, രാഷ്ട്രീയപ്രവർത്തകരും, അധ്യാപകരും, സാമൂഹ്യപ്രവർത്തകരും തലശ്ശേരിയെ സമ്പന്നമാക്കി.[3] സാമൂഹ്യ-ജാതീയ സംഘടനകളുടെ ഏറ്റവും അനുയോജ്യമായ ഈറ്റില്ലമായി തലശ്ശേരി മാറി. 1862 ൽ സ്ഥാപിതമായ ബ്രണ്ണൻ കോളേജും, ഇല്ലിക്കുന്നിൽ പ്രവർത്തിച്ചിരുന്ന അധ്യാപക പരിശീലനകേന്ദ്രവും, ബാസൽ മിഷനാൽ സംരക്ഷിതമായ സ്കൂളും, തലശ്ശേരിയുടെ ബൗദ്ധികസംസ്കാരത്തിന് അടിത്തറപാകി. ആദ്യത്തെ എഴുത്ത് പള്ളിക്കൂടങ്ങൾ തലശ്ശേരിയുടെ ഉൾഗ്രാമങ്ങളിൽ സ്വതന്ത്ര ബുദ്ധിവളർച്ചയുടെ വിത്തുകൾപാകി. സ്കൂൾ ഇൻസ്പെക്ടർ എന്ന നിലയിൽ ഹെർമൻ ഗുണ്ടർട്ട് തയ്യാറാക്കിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ തലശ്ശേരിയിലും കണ്ണൂരിലും സ്ഥാപിക്കപ്പെട്ട സ്കൂളുകളുടെയും വ്യത്യസ്ത ജാതി-തൊഴിൽ കൂട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന വിദ്യാർത്ഥികളുടെയും സ്ഥിതിവിവര കണക്കുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.[4] ഈ വിവരണങ്ങൾ തലശ്ശേരി ആസ്ഥാനമാക്കി ഒരു കൊളോണിയൽ മതേതര ധൈഷണിക വിഭാഗം (colonial secular intelligentsia) എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ്. ലിംഗസമത്വം തത്വപരമായി മാത്രമല്ല പ്രായോഗിക തലത്തിലും രൂപപ്പെട്ടതിന്റെ നേർക്കാഴ്ചകൾ തലശ്ശേരിക്കുണ്ട്. മഹിളാസമാജങ്ങളും[5] സ്ത്രീകളെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള തൊഴിൽ സംരംഭക കൂട്ടായ്മകളും, ജാതീയതയെ എതിർത്തുകൊണ്ട് രൂപംകൊണ്ട ജാതി നാശനി സഭയും തലശ്ശേരിക്ക് മാത്രം അവകാശപ്പെടുന്ന ഒന്നാണ്.[6] ബാസൽ മിഷന്റെ നേതൃത്വത്തിൽ നടന്ന മിശ്രവിവാഹങ്ങളും, മതപരിവർത്തനങ്ങളും, ജാതി നിഷിദ്ധതയുടെ പുതിയ ഒരു അധ്യായം തുറക്കുകയും സാമൂഹിക നവോത്ഥാനത്തിനുള്ള പാതയൊരുക്കുകയും ചെയ്തു.
തലശ്ശേരിയിലെ ധൈഷണിക ഉണർവ്വിന് ഒരു പരിധിവരെ സാഹിത്യകാരന്മാർ കാരണക്കാരായിട്ടുണ്ട്. ആദ്യത്തെ ബൗദ്ധിക മതേതര മാസികകളും, സ്വതന്ത്ര ലേഖനങ്ങളും, സാമൂഹിക പ്രതിബദ്ധത അടയാളപ്പെടുത്തിയ സാഹിത്യസൃഷ്ടികളും തലശ്ശേരിയിൽ ജന്മമെടുത്തു. കുമാരനാശാന്റെ ‘വീണപൂവ് ’ പ്രസിദ്ധം ചെയ്ത ‘മിതവാദി’, മൂർക്കോത്ത് കുമാരൻ, സഞ്ജയൻ, പാരമ്പത്ത് രൈരുനായർ, ചന്തുമേനോൻ, അപ്പു നെടുങ്ങാടി, മൂളിയിൽ ജോസഫ് എന്നിവരും ഈ ധിക്ഷണാ പാരമ്പര്യം വരും തലമുറയ്ക്ക് പകർന്നു നൽകിയവരാണ്. സി.എച്ച്. കുഞ്ഞപ്പയുടെ 'സ്മരണകൾ മാത്രം' എന്ന ആത്മകഥയിൽ തലശ്ശേരി നഗരത്തിന്റെ സാംസ്കാരിക, സ്വാംശീകരണ സ്വഭാവത്തെ എടുത്തു കാണിച്ചിട്ടുണ്ട്.[7] മതസ്പർദ്ധ ഒട്ടും തീണ്ടാതെ പരസ്പരധാരണയിലും സഹവർത്തിത്വത്തിലും കഴിഞ്ഞ മറ്റൊരു സ്വതന്ത്ര സമൂഹം സമകാലിക കേരളത്തിന് ഉണ്ടായിരുന്നോ എന്നത് അന്വേഷണ വിധേയമാക്കേണ്ടതാണ്.
ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന് കൊളോണിയൽ ഭരണകൂടം വലിയ പ്രാധാന്യമാണ് നൽകിയത്. വിദ്യാഭ്യാസത്തോടൊപ്പം മാനസിക-ശാരീരിക വികാസവും ശുചിത്വബോധവും വളർത്തിയെടുത്ത വിദ്യാഭ്യാസരീതി പ്രാഥമിക തലം മുതൽ പ്രായോഗികമാക്കപ്പെട്ടു. തലശ്ശേരി മിഷൻ സ്കൂളിലെ കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർ തന്റെ ജീവിതം ഇക്കാര്യത്തിനായി ഉഴിഞ്ഞുവെച്ചു. ബ്രണ്ണൻ കോളേജിലെ 1920 മുതലുള്ള മാഗസിനുകളും, കലണ്ടറുകളും ഈ മനോഭാവത്തിനുള്ള നേർസാക്ഷ്യങ്ങളാണ്. ഫുട്ബോൾ ക്ലബ്ബ്, ക്രിക്കറ്റ് ക്ലബ്, സാഹിത്യസദസ്സ്, പ്രസംഗമത്സരങ്ങൾ, ഇന്റർ-കോളേജിയറ്റ് മത്സരങ്ങൾ എന്നിവയാൽ സമ്പന്നമായിരുന്നു ഈ കോളേജ്. തലശ്ശേരിയുടെ ധൈഷണീകമായ മുന്നേറ്റത്തിന് ബ്രണ്ണൻ എന്ന ‘കളരി’ അപ്രമാദിത്വം സ്ഥാപിച്ചു. മദ്രാസ് സർവ്വകലാശാല കലണ്ടറുകളിൽ ബ്രണ്ണൻ കോളേജിലെ മികവിന്റെ മുദ്രകൾ കാണാൻ സാധിക്കും.
തലശ്ശേരിയുടെ കൊളോണിയൽ ഭൗതിക സാഹചര്യങ്ങൾ ഏറ്റവും നന്നായി ഉപയോഗിക്കാൻ സമ്പന്നരായ മധ്യവർഗ്ഗത്തിന് കഴിഞ്ഞു. ഭൂപ്രഭുക്കന്മാരും, ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥരും, വ്യവസായികളും, കമ്മീഷൻ അടിസ്ഥാനത്തിൽ യൂറോപ്യൻ കമ്പനികളുടെ ഏജന്റുമാരുമായി പ്രവർത്തിക്കുന്ന ഒരു മധ്യവർഗ്ഗം അവരുടെ വ്യക്തിപരമായ ഭൗതിക പുരോഗതിക്കൊപ്പം തലശ്ശേരിയുടെ ഭൗതികപരിസരം മെച്ചപ്പെടുത്തുന്ന തിനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു.
പ്രാദേശിക ബാങ്കുകളും, പരസ്പര നഗരസഹായ സഹകരണ സംഘങ്ങളും, ചിട്ടി കമ്പനികളും തലശ്ശേരിയിലെ സാധാരണക്കാരിൽ മിതവ്യയശീലം വളർത്തിയെടുത്തു. ടെലിച്ചറി ബാങ്ക്, നെടുങ്ങാടി ബാങ്ക് എന്നിവ ചില ഉദാഹരണ ങ്ങൾ മാത്രം. 1923 ലെ വെസ്റ്റ് കോസ്റ്റ് സ്പെക്ടാക്റ്റർ എന്ന പത്രം സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം മലബാറിൽ നെടുങ്ങാടി ബാങ്കിന് 23 ശാഖകൾ ഉണ്ടായിരുന്നു.[8] ഈ ഭൗതിക പരിസരം മെച്ചപ്പെടുത്തുന്നതിന് പ്രബുദ്ധരായ മുസ്ലീങ്ങൾ വലിയ പങ്കാണ് വഹിച്ചത്. ലാഭേച്ഛയിലുപരി ഒരു സമൂഹത്തെ എല്ലാ അർത്ഥത്തിലും ഉദ്ധരിക്കാനുള്ള കൂട്ടായ ശ്രമങ്ങളാണ് ജാതി-മത ഭേദമന്യേ ഈ നഗരത്തിൽ നടന്നത്. വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങളിലും പെട്ട ഒരു മതനിരപേക്ഷ-ധൈഷണിക (Secular intelligentsia) വർഗ്ഗം തലശ്ശേരിയിൽ ഉടലെടുത്തത് ഈ ഭൗതിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ്. അധ്യാപകർ, അഭിഭാഷകർ, സമ്പന്നരായ കച്ചവടക്കാർ, കുടിയേറിയ നാനാദേശവാസികൾ, ബാങ്കർമാർ എന്നിവർ ഒരു മിശ്രിത ധിഷണാവർഗ്ഗത്തെ (Composite intelligentsia) പ്രതിനിധാനം ചെയ്തതോ ടൊപ്പം ഒരു സവിശേഷമായ സംസ്കാരത്തിനും ജന്മം നൽകി.
ഈ ബൗദ്ധിക-ഭൗതിക അടിത്തറയിലാണ് പാരമ്പത്ത് രൈരു നായർ, സഞ്ജയൻ, മൂർക്കോത്ത് കുമാരൻ എന്നിവർ തദ്ദേശീയജനതയെ പ്രബുദ്ധ രാക്കിയതും. അവരിൽ ചില ഉദാത്തമായ ഉദാഹരണങ്ങൾ പ്രതിപാദിക്കുന്നത് ഉചിതമാകും. പാരമ്പത്ത് രൈരു നായർ 1037 കന്നിമാസത്തിൽ കോടിയേരിയിലാണ് ജനിച്ചത്. ജ്ഞാനസമ്പാദനത്തിനും വിജ്ഞാനപ്രസരണത്തിനും അനന്യസാധാരണമായ കഴിവ് പ്രകടമാക്കിയ ധിഷണാശാലിയും ബഹുഭാഷാ പണ്ഡിതനുമായിരുന്നു അദ്ദേഹം. സംസ്കൃതഭാഷ പഠിച്ചത് അദ്ദേഹം തലശ്ശേരിയിലെ പ്രസിദ്ധനായ കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ കീഴിലായിരുന്നു തുടർന്ന് തർക്കം, വ്യാകരണം, അലങ്കാരം എന്നിവയിൽ അദ്ദേഹം അവഗാഹം നേടി. മാണിക്കോത്ത് കേളൻ ഗുരുക്കളിൽ നിന്ന് ജ്യോതിഷവും വശത്താക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ അധ്യാപകനായിരുന്ന അവസരത്തിലാണ് അദ്ദേഹം ഇംഗ്ലീഷ് ഭാഷയിൽ അഗാധമായ പാണ്ഡിത്യം നേടുന്നത്. (18 ആം വയസ്സിൽ ഉപാദ്ധ്യായനായി നിയോഗിക്കപ്പെട്ട രൈരുനായർ ആ പ്രായത്തിൽ തൽസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു). തുടർന്ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ മലയാളം അധ്യാപകനായി ജോലി ചെയ്തു. ജോലിയിൽ നിന്നും വിരമിച്ച ശേഷം 'സാഹിത്യചന്ദ്രിക' എന്ന മാസിക അദ്ദേഹം തലശ്ശേരിയിൽ തുടങ്ങി. മലയാള ഭാഷാ സാഹിത്യത്തിന് രൈരുനായർ നൽകിയ വ്യാഖ്യാനങ്ങൾ 'ലക്ഷ്മിഹരി വ്യാഖ്യാനം' എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
മാണിക്കോത്ത് രാമുണ്ണി നായർ (സഞ്ജയൻ) 1903 ജൂൺ 13 ന് ഒതയോത്ത് എന്ന ധനിക നായർ കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് തലശ്ശേരി മിഷൻ സ്കൂളിലെ സംസ്കൃത അധ്യാപകനായിരുന്ന മാടാവിൽ കുഞ്ഞിരാമൻ വൈദ്യരായിരുന്നു. ഒരു സാഹിത്യകാരനും, പത്രപ്രവർത്തകനും, പ്രാസംഗികനു മായിരുന്ന പിതാവിൽ നിന്നാണ് സഞ്ജയൻ തന്റെ കഴിവുകൾ ആർജിച്ചത്. തിരുവങ്ങാട് ഗവൺമെന്റ് ബ്രണ്ണൻ ബ്രാഞ്ച് സ്കൂൾ, പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1927 ൽ സാഹിത്യത്തിൽ ഓണേഴ്സ് ബിരുദം കരസ്ഥമാക്കി. ബഹുഭാഷാ പണ്ഡിതനായിരുന്നു അദ്ദേഹം. ഇംഗ്ലീഷിനു പുറമേ ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകളിൽ അദ്ദേഹം പാണ്ഡിത്യം നേടി. സംസ്കൃത ഭാഷയിൽ അദ്ദേഹത്തിന് ആഴത്തിലുള്ള ജ്ഞാനം സിദ്ധിച്ചിരുന്നു. രാമുണ്ണി നായർ കോഴിക്കോട് ഹജൂർ കച്ചേരിയിൽ ഗുമസ്തനായി ജോലി നോക്കിയിരുന്നു. ആ ജോലി രാജിവെച്ചാണ് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായത്. നിയമജ്ഞൻ ആവാനുള്ള ആഗ്രഹം കൊണ്ട് എഫ് എൽ (FL) പാസായെങ്കിലും ഉന്നത വിദ്യാഭ്യാസം തുടരാൻ കഴിഞ്ഞില്ല. അതിന് തടസ്സമായത് അദ്ദേഹത്തെ അലട്ടിയ കടുത്ത ക്ഷയരോഗമാണ് (മദനപ്പള്ളി ടി.ബി. സാനിറ്റോറിയത്തിൽ ദീർഘകാലം ചികിത്സയിലായിരുന്നു അദ്ദേഹം) 1935 മുതൽ 1942 വരെ അദ്ദേഹം കോഴിക്കോട് കേന്ദ്രീകരിച്ച് കേരള പത്രിക, സഞ്ജയൻ, വിശ്വരൂപം എന്നിവയുടെ പത്രാധിപരായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജിലെ ലൈബ്രറിയെ സ്വന്തം ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും ജ്ഞാന സമ്പുഷ്ടമാക്കുന്നതിൽ അദ്ദേഹം നിസ്തുലമായ പങ്കുവഹിച്ചു. 1930കളിലും നാല്പതുകളിലും ക്രിസ്ത്യൻ കോളേജ്, ബ്രണ്ണൻ കോളേജ് എന്നീ ലൈബ്രറികളിൽ വരിസംഖ്യ അടച്ച് വരുത്തിയിരുന്ന പുസ്തകങ്ങളുടെ പട്ടിക നോക്കിയാൽ സഞ്ജയന്റെ ഇടപെടലുകൾ മനസ്സിലാകും. ഹാസ്യസാഹിത്യകൃതിയായ പഞ്ച് (punch) മാസിക അദ്ദേഹത്തിന്റെ വിശേഷ താൽപര്യത്തിലാണ് ഇറങ്ങിയത്. 1942 ഏപ്രിൽ മാസത്തോടെ അദ്ദേഹം ക്രിസ്ത്യൻ കോളേജിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു. തലശ്ശേരി, കോഴിക്കോട് നഗരങ്ങളുടെ ബൗദ്ധിക പരിസരം അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തു കയും ലേഖനങ്ങളിലൂടെയും കവിതകളിലൂടെയും തന്റെ സാഹിത്യസപര്യ തുടരുകയും ചെയ്തു. കവന കൗമുദി, ജനരഞ്ജിനി, ഭാഷാപോഷിണി, സാഹിത്യ ചന്ദ്രിക, സ്വാഭിമാനി, സമുദായ ദീപിക, മലയാള മനോരമ, ഗജകേസരി, തുടങ്ങിയവ അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ പ്രദാനം ചെയ്തു. ഷേക്സ്പിയറുടെ ‘ഒഥല്ലോ’ അദ്ദേഹം മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. അത് മാതൃഭൂമി പബ്ലിഷിങ്ങ് കമ്പനിയും കേരള പത്രികയും പ്രസാധനം ചെയ്തു. (സാഹിത്യ ദാസൻ എന്ന തൂലികാനാമം അദ്ദേഹം ഇതിനായി ഉപയോഗപ്പെടുത്തി) നോർമൻ പ്രസ്സിന്റെ ഉടമയായിരുന്ന അച്യുതൻ നായരും സഞ്ജയനു ധാരാളം അവസരങ്ങൾ നൽകി. (സാഹിത്യ നികുഷം എന്ന ശീർഷകത്തോടെ) തന്റെ കുടുംബത്തിന്റെ വിദ്യാഭ്യാസ പരമായ ഔന്നത്യം സഞ്ജയനെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മാവൻ ഡെപ്യൂട്ടി കലക്ടറായിരുന്ന അനന്തൻ നായർ ആയിരുന്നു. അദ്ദേഹത്തിന്റെ സഹോദരിയെ വിവാഹം ചെയ്തതാകട്ടെ കോഴിക്കോട് സാമൂതിരി സ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന പി.പി. കുഞ്ഞിരാമൻ നായരും.[9]
മൂർക്കോത്ത് കുമാരൻ വിദ്യാസമ്പന്നരാലും പ്രബുദ്ധതയാലും അനുഗ്രഹീതമായ തിയ്യ കുടുംബത്തിലാണ് ജനിച്ചത്. ബ്രണ്ണൻ കോളേജിലും, മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം മലയാള പണ്ഡിതൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിലാണ് പ്രശസ്തനായത്.[10] മലയാളത്തിൽ ധാരാളം നോവലുകളും, കഥകളും രചിച്ച അദ്ദേഹം കീറ്റ്സിന്റെ 'ഇസബെല്ല' പരിഭാഷപ്പെടുത്തിയതോടെ ഇംഗ്ലീഷ് ഭാഷയിലുള്ള അവഗാഹവും തെളിയിച്ചു. ശ്രീനാരായണ ഗുരുവിന്റെ പ്രബോധനങ്ങളിൽ ആകൃഷ്ടനായി അദ്ദേഹം ഗുരുവിനെക്കുറിച്ച് എഴുതിയ കൃതിക്ക് മദ്രാസ് ഗവൺമെന്റിന്റെ 400 രൂപ തുക വരുന്ന പുരസ്കാരത്തിനും, വർക്കലയിലെ ശിവഗിരി ശ്രീനാരായണ ധർമ്മപരിപാലന സംഘത്തിന്റെ സ്വർണ്ണ മെഡലിനും അർഹനാവുകയും ചെയ്തു. തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ ഗുരുവിന്റെ വെങ്കലപ്രതിമ നിർമ്മിക്കുന്നതിന് അദ്ദേഹം മുൻകൈയ്യെടുത്തു. തന്റെ ചെറുകഥകൾ അദ്ദേഹം സാമൂഹിക പരിഷ്കരണത്തിനുള്ള ഉപാധിയാക്കി മാറ്റി.[11] മദ്രാസ് യൂണിവേഴ്സിറ്റിയിലെ മലയാളം പരീക്ഷ പരിശോധകൻ ആയിരുന്നു അദ്ദേഹം. മദ്രാസ് ഗവൺമെന്റ് കുടിയാന്മാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത ആറംഗ കമ്മിറ്റിയിലെ ഒരംഗം ആയിരുന്നു അദ്ദേഹം. കൂടാതെ അഖില കേരള സാഹിത്യ സംഘത്തിന്റെ നടത്തിപ്പുകാരിൽ പ്രധാനിയുമായിരുന്നു. അതിന്റെ രണ്ട് സമ്മേളനങ്ങളുടെ അധ്യക്ഷ പദവി അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായിരുന്നു അദ്ദേഹം. മലബാർ ജില്ലാ വിദ്യാഭ്യാസ സമിതിയിൽ ഒമ്പത് വർഷത്തോളം അംഗമായിരുന്നു. 15 വർഷത്തോളം തലശ്ശേരി മുൻസിപ്പൽ കൗൺസിലറായി കുമാരൻ സേവനമനുഷ്ഠിച്ചു. കോട്ടയം താലൂക്ക് ബോർഡ് വൈസ് പ്രസിഡണ്ടായിരുന്നു അദ്ദേഹം. ഇത്തരത്തിൽ ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം തലശ്ശേരിക്ക് ഒരു സാംസ്കാരിക സ്വത്വം (Cultural Identity) സൃഷ്ടിക്കുന്നതിൽ സമാനകളില്ലാത്ത പങ്കാണ് വഹിച്ചത്.
കേരളത്തിലെ സാഹിത്യ-സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഒരു വഴിത്തിരിവ് പ്രത്യക്ഷപ്പെട്ട കാലഘട്ടത്തിലാണ് സഞ്ജയനും രൈരു നായരും ജീവിച്ചത്. പരമ്പരാഗത പ്രമാണങ്ങളെ കൈകൊട്ടി പുറത്താക്കാൻ ശ്രമിച്ച പുതിയ ഒരു ധിഷണാ വർഗ്ഗത്തിന്റെ പ്രതിനിധികളായിരുന്നു അവർ. സഞ്ജയനും രൈരു നായരും ഈ ഗതിവിഗതികളെ സസൂഷ്മം വിലയിരുത്തുകയും തൂലികയിലൂടെ സാമുദായിക രാഷ്ട്രീയ സേവനത്തിനു മാതൃകയാവുകയും ചെയ്തു. തന്റെ ചുറ്റുമുള്ള പഴഞ്ചൻ ചിന്തകളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച് ഒരു വിപ്ലവത്തിന്റെ കൊടുങ്കാറ്റ് അദ്ദേഹം അഴിച്ചുവിട്ടു. മനുഷ്യ സേവനത്തിനായി തന്റെ വിദ്യാഭ്യാസ ത്തെയും സാഹിത്യത്തെയും ഉദ്യോഗത്തെയും അദ്ദേഹം ഉപയോഗപ്പെടുത്തി (സമൂഹത്തിൽ ഉന്നത പരിവേഷം ലഭിക്കുമായിരുന്ന ഗവൺമെന്റ് ഉദ്യോഗങ്ങൾ അദ്ദേഹത്തെ ഒട്ടും ഭ്രമിപ്പിച്ചില്ല).
തലശ്ശേരി എന്ന നഗരം കൊളോണിയൽ സൃഷ്ടിയാണെങ്കിലും അതിന്റെ ബൗദ്ധികമായ അടിത്തറയും നിലവാരവും നിർണയിച്ചത് ധിഷണാശാലികളാണ് എന്നതിൽ തർക്കമില്ല. മൂർക്കോത്ത് കുടുംബത്തിന്റെ സമുന്നതനായ സാമൂഹിക പരിഷ്കർത്താവായ മൂർക്കോത്ത് കുമാരനും, കുഞ്ഞപ്പയും, രാമുണ്ണിയും വ്യത്യസ്ത തരത്തിൽ തലശ്ശേരി എന്ന നഗരത്തിന്റെ വളർച്ചയ്ക്ക് കാരണഭൂതരായവർ ആണ്. ഭഗത് എന്ന ഭൂപ്രഭു ആണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തന്റെ ഭൂമി ബസ് സ്റ്റാൻഡിനു വേണ്ടി വിട്ടുകൊടുത്തത്. അദ്ദേഹത്തിന്റെ സഹധർമ്മിണിയായ രമാഭായ് ഭഗത് ബ്രണ്ണൻ കോളേജിൽ പെൺകുട്ടികൾക്ക് ഭക്ഷണശാല നിർമ്മിച്ചു കൊടുത്തു മാതൃകയായി. മുസ്ലിംസ്ത്രീകളുടെ ഇടയിൽ പരിഷ്കരണങ്ങൾക്ക് തുടക്കമിട്ട ആമിന ഹാഷിമും, മാളിയേക്കൽ മറിയുമ്മയും സി.കെ.രേവതി അമ്മയും സാമൂഹിക പരിഷ്ക്കർത്താക്കളായ പി.എം. പത്മാവതിയും, സുഗുണം സഹോദരിമാരും തലശ്ശേരിയുടെ ബൗദ്ധീക ചരിത്രത്തിൽ പുതിയഏടുകൾ എഴുതി ചേർത്തവരാണ്.[12]
ചരിത്രത്തിന്റെ താളുകളിൽ ഇടം നേടാതെ പോയ അനവധി പ്രതിഭാശാലികളെ തലശ്ശേരി എന്ന കൊളോണിയൽ നഗരം സൃഷ്ടിച്ചു. ഈ ശക്തമായ അടിത്തറയിലാണ് ആധുനിക നവോത്ഥാന പാരമ്പര്യങ്ങൾ തലശ്ശേരി സ്വായത്തമാക്കിയത്. ജാതിമത-ലിംഗ-ഭേദമന്യേ ഒരു ദേശത്തിന്റെ കൂട്ടായ്മയാണ് ചരിത്രത്തിൽ തലശ്ശേരി കൈവരിച്ച നേട്ടങ്ങൾക്ക് പിറകിൽ.
തലശ്ശേരിയുടെ സാംസ്കാരിക രൂപീകരണത്തിൽ മുസ്ലീങ്ങൾക്ക് വലിയ പങ്കുണ്ട്. കച്ചവടത്തിലൂടെ ആർജിച്ച ധനം നിർലോഭം സാമൂഹിക-വിദ്യാഭ്യാസ വളർച്ചയ്ക്ക് വേണ്ടി അവർ ഉപയോഗപ്പെടുത്തി. സാമുദായികമായ അഭ്യുന്നതിക്കൊപ്പം നഗരത്തിന്റെ പൊതു ഇടങ്ങളിൽ സക്രിയമായി ഇടപെട്ടും ആധുനിക തൊഴിലുകളെയും, പ്രാതിനിധ്യസഭകളെയും, പരിഷ്കരണത്തിനുള്ള ഉപാധികളായി അവർ കണ്ടു.[13] തലശ്ശേരിയിലെ ഹിന്ദു-മുസ്ലിം സൗഹാർദ്ദം നഗരത്തിന്റെ ഭൗതികമായ വളർച്ചയ്ക്ക് കുറച്ചൊന്നുമല്ല സഹായിച്ചത്. മദ്രാസ് നിയമനിർമ്മാണ സഭയിലെ അംഗങ്ങളായിരുന്ന മൊയ്തു സാഹിബ്, ഉപ്പി സാഹിബ്, മുസ്ലിം സമുദായത്തിലെ ആദ്യത്തെ മുൻസിപ്പൽ ചെയർമാനായിരുന്ന മമ്മൂക്കേയി, സാവൻകുട്ടി കേയി, എന്നിവർ ചൊവ്വക്കാരൻ മൂസ തുടങ്ങിവച്ച പാരമ്പര്യം കാത്തുസൂക്ഷിച്ചവരാണ്.[14] 1890 ൽ ബ്രണ്ണൻ കോളേജിൽ ബിരുദ ക്ലാസുകൾ തുടങ്ങിയ വേളയിൽ കുഞ്ഞമ്മദ് കോയ എന്ന തലശ്ശേരിക്കാരൻ ആദ്യമായി ബിരുദം നേടി കൊണ്ട് സമുദായത്തിന് മാതൃകയായി.[15] മുസ്ലിം ഐക്യ സംഘം, യുവക്സംഘം, ചന്ദ്രിക തുടങ്ങിയ പത്രങ്ങൾ സാമുദായികമായ ഉന്നമനത്തിനുള്ള ഉപാധികളായി മാറി.[16]
കൊളോണിയൽ ഭൗതിക സാഹചര്യങ്ങൾ, മധ്യവർഗ്ഗത്തിന്റെ ആവിർഭാവം,ഉദ്യോഗസ്ഥ വിഭാഗങ്ങൾ എന്നിവ ഒരു പുതിയ സാംസ്കാരിക അഭിരുചികൾ വളർത്തിയെടുത്തു. ഇത് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയ ഒരു വിഭാഗത്തിൽ ഒതുങ്ങി നിന്നില്ല, മറിച്ച് അച്ചടി, ഭാഷ, സാഹിത്യ വളർച്ച സാധാരണക്കാർക്കും അനുഭവവേദ്യമായി. ഒയ്യാരത്ത് ചന്തുമേനോൻ ഈ സാംസ്കാരിക അഭിരുചി തന്റെ നോവലിലൂടെ അടയാളപ്പെടുത്തി. വാൾട്ടർ സ്കോട്ടിന്റെ നോവലുകളോട് പ്രതിപത്തി ഉണ്ടായിരുന്ന അദ്ദേഹം 'ഇന്ദുലേഖ'യിലൂടെ തലശ്ശേരി എന്ന കൊളോണിയൽ നഗരത്തിന്റെ സ്വാംശീകരണ സ്വഭാവത്തെ പ്രതിഫലിപ്പിച്ചു. ഡബ്ല്യൂ ഡ്യൂമർഗ്ഗ് (W. Dumergue) 1890 ൽ അത് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. തദ്ദേശീയ സമൂഹത്തിന്റെ മാറിയ കാഴ്ചപ്പാടുകളും പുരുഷ മേധാവിത്ത സമൂഹത്തോടുള്ള മാറിയ സമീപനവും ഇന്ദുലേഖ അടയാളപ്പെടുത്തി.[17] കൂടാതെ കൊളോണിയലിസം മുന്നോട്ടുവെച്ച നൈതികതയെ (Ethics) സ്വീകരിക്കുന്നതോടൊപ്പം മലയാളിയെ ആധുനികതയിലേക്ക് നയിക്കാനുള്ള ത്വര ചന്തുമേനോൻ സൃഷ്ടിച്ചു. ഇന്ദുലേഖയെ തുടർന്ന് എഴുതപ്പെട്ട നോവലുകളിലും നിയതമായ പരമ്പരാഗത-സാമൂഹ്യ ചട്ടക്കൂടുകളിൽ നിന്നും ബഹിർഗമിക്കാനുള്ള പ്രവണതകൾ പ്രകടമായി.[18]
പരാമർശങ്ങളും ഗ്രന്ഥസൂചിയും
[1] ബി. പാർവതി, തലശ്ശേരിയുടെ നവോത്ഥാന ചരിത്രം, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2017, പുറം. 29-30.
[2] ഉഷ സി. കെ. കൊളോണിയൽ ആധുനികത മലബാറിൽ, വിജ്ഞാനകൈരളി, കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്, ജൂൺ 2017, പുറം. 65-68.
[3] Usha C K, Colonial Education and Formation of Intelligentsia, The Thiyyas of Malabar, Journal of the Institute for Research in Social Sciences and Humanities (IRISH) , Vol:10, No 1&2, pp. 79-92.
[4] Tabular statement of schools of Gundert and Hebich to the Collector of Malabar 8th April -1853, pp. 26-27.
[5] സി കെ രേവതിയമ്മ, സഹസ്രപൂർണിമ, ആത്മകഥ (മലയാളം), നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം,1977.
[6] മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 12, ലക്കം 9, 21മെയ് 1934.
[7] സി. എച്ച് കുഞ്ഞപ്പ, സ്മരണകൾ മാത്രം, ആത്മകഥ, (മലയാളം), കെ. ദേവി, മാതൃഭൂമി പബ്ലിഷിംഗ് ഹൗസ്, കോഴിക്കോട്, 1981.
[8] . Copy of West Coast Spectator, ലക്കം 39, കോഴിക്കോട്, 10 ജൂലൈ, 1923, p.2.
[9] മാതൃഭൂമി ആഴ്ചപ്പതിപ്പ്, കോഴിക്കോട്, 9 മാർച്ച് 1949.
[10] M. Sahadevan, From Brahminism to Liberalism: Ideology, Attitudinal change and Modernity, Palakkad, 2008, p.200, ഐ. ആർ കൃഷ്ണൻ മേത്തല, മൂർക്കോത്ത് കുമാരൻ, ജീവിതം സമരമാക്കിയ നേതാവ്, (ജീവചരിത്രം), നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം, 2016,p-85.
[11] മൂർക്കോത്ത് കുമാരൻ, മൂർക്കോത്ത് കുമാരന്റെ കൃതികൾ, സമ്പൂർണ്ണ സമാഹാരം, മാതൃഭൂമി പ്രസ്, കോഴിക്കോട്, 1987.
[12] V.Vasanthi, Women in Public Life in Malabar, Lipi Publications , Kozhikode, 2013, pp.110-123, pp.182-187.
[13] LRS Lakshmi, The Malabar Muslims: A Different perspective, Cambridge University Press, Delhi, 2012, pp.107-131.
[14] Legislative Council Proceedings, 8th August 1929, p-320.
[15] Innes and Evans, Malabar District Gazetteer, Superintendent of Govt Press, Madras, 1951, p.282.
[16] എം. ഗംഗാധരൻ, മാപ്പിള പഠനങ്ങൾ (മലയാളം), ഡി സി ബുക്സ് , കോട്ടയം 2007, പുറം. 113.
[17] ടി സി ശങ്കര മേനോൻ, ചന്തു മേനോൻ (മലയാളം), സാഹിത്യ അക്കാദമി, ന്യൂഡൽഹി,1974, പുറം. 2-4.
[18] ജോർജ് ഇരുമ്പയം, നാല് നോവലുകൾ (മലയാളം), കേരള സാഹിത്യ അക്കാദമി, തൃശൂർ, 1983.
ഡോ. ഉഷ സി. കെ.
അസോസിയേറ്റ് പ്രൊഫസർ
ചരിത്ര വിഭാഗം
ഗവ. ബ്രണ്ണൻ കോളേജ്
തലശ്ശേരി




Comments