നിളാനദിയും കാവ്യസ്ഥലനിർമ്മിതിയും: പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലെ ജിയോക്രിട്ടിക്കൽ സമീപനം
- Mar 16
- 11 min read
Updated: 2 days ago
ശരണ്യ യു.

പ്രബന്ധ സംഗ്രഹം:
സ്ഥലകാലാത്മകത, അതിവർത്തിത്വം, സൂചകത്വം എന്നീ മൂന്ന് ആധാരശിലകളിൽ അധിഷ്ഠിതമായ ബെർട്രാൻഡ് വെസ്റ്റ്ഫാലിൻ്റെ ജിയോക്രിറ്റിസിസം (ഭൗമവിമർശനം) എന്ന സൈദ്ധാന്തിക ചട്ടക്കൂടിലൂടെ പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലെ നിളാ നദിയെയും കാവ്യസ്ഥല നിർമ്മിതിയെയും ഈ പ്രബന്ധം വിശകലനം ചെയ്യുന്നു. പരമ്പരാഗതമായ ഇമേജോളജിയിൽ നിന്നും വ്യത്യസ്തമായി, സ്ഥലത്തെ പഠനകേന്ദ്രമാക്കുന്ന ഭൗമകേന്ദ്രീകൃത (Geocentered) സമീപനമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രവും മിത്തുകളും കലകളും ഇഴചേർന്ന നിള, പി.യുടെ കവിതകളിൽ വെറുമൊരു ഭൗതിക നദിയായല്ല (First Space), മറിച്ച് ഭാവനയും യാഥാർത്ഥ്യവും ഒത്തുചേരുന്ന 'തേർഡ് സ്പേസ്' (Thirdspace) ആയാണ് പുനർനിർമ്മിക്കപ്പെടുന്നത്. സഞ്ചാരത്തിലൂടെ സ്ഥലങ്ങളെ പുനർവ്യാഖ്യാനിക്കുന്ന കവി, നിളയെ ഒരു ഭൗമ-ആഖ്യാനമായി (Geo-narrative) മാറ്റുകയും, പാലക്കാട് ഗ്യാപ്പ് പോലുള്ള ഭൗതിക ഘടകങ്ങൾ മുതൽ കലാമണ്ഡലവും തിരുനാവായയും ഉൾപ്പെടുന്ന സാംസ്കാരിക അടയാളങ്ങൾ വരെ തന്റെ കാവ്യഭൂപടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ, പി.യുടെ കവിതകളിൽ നിള കേവലം ഒരു പശ്ചാത്തലമല്ലെന്നും, അത് മലയാളിയുടെ സാംസ്കാരിക സ്മൃതികളെയും ആത്മീയതയെയും നിരന്തരം സംവഹിക്കുന്ന അതിരുകളില്ലാത്ത ഒരു 'സജീവ കാവ്യസ്ഥലം' (Active Poetic Space) ആണെന്നും പ്രബന്ധം സമർത്ഥിക്കുന്നു.
താക്കോൽ വാക്കുകൾ:
ജിയോക്രിട്ടിസിസം,സ്പേഷ്യൽ ടേൺ,നിളാ നദി,സ്ഥലകാലാത്മകത, അതിവർത്തിത്വം,സൂചകത്വം
ആമുഖം:
സാഹിത്യവിമർശന ചരിത്രത്തിൽ കാലം (Time) എന്ന ഘടകത്തിന് നൽകിവന്ന മുൻഗണന ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയോടെ സ്ഥലം (Space) എന്ന ഘടകത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഈയൊരു മാറ്റത്തെയാണ് 'സ്‌പേഷ്യൽ ടേൺ1 (Spatial Turn) എന്ന് സൈദ്ധാന്തികർ വിശേഷിപ്പിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ ചിന്താധാരകൾ ചരിത്രപരതയ്ക്കും (Historicism) കാലക്രമത്തിനും (Temporality) പ്രാധാന്യം നൽകിയപ്പോൾ, ഉത്തരാധുനികതയും ഉത്തരാധുനിക ഭൂമിശാസ്ത്രവും സ്ഥലത്തെ ഒരു സാമൂഹിക നിർമ്മിതിയായി അടയാളപ്പെടുത്തി. ഈ പശ്ചാത്തലത്തിൽ, സാഹിത്യത്തിലെ സ്ഥലപരമായ പ്രതിനിധാനങ്ങളെയും അവയുടെ ഭൂമിശാസ്ത്രപരമായ യാഥാർത്ഥ്യങ്ങളെയും കൂട്ടിയിണക്കി പഠിക്കുന്ന രീതിയാണ് ജിയോക്രിറ്റിസിസം അഥവാ ഭൗമവിമർശനം. മലയാളത്തിൻ്റെ മഹാകവി പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ നിളാ നദി വെറുമൊരു പശ്ചാത്തലമല്ല, മറിച്ച് അത് നിരന്തരം പുനർനിർമ്മിക്കപ്പെടുന്ന ഒരു സാംസ്കാരിക-ഭൗമ സ്ഥലമാണ് (Poetic Space). ഈ പ്രബന്ധം ജിയോക്രിറ്റിസിസത്തിൻ്റെ സൈദ്ധാന്തിക ചട്ടക്കൂടുകൾ വിശദമാക്കുകയും പി. കുഞ്ഞിരാമൻ നായരുടെ കാവ്യലോകത്തെ നിളാ സങ്കല്പത്തെ ആ രീതിശാസ്ത്രത്തിലൂടെ വിശകലനം ചെയ്യുകയും ചെയ്യുന്നു.
ജിയോക്രിറ്റിസിസം: ഉൽപ്പത്തിയും സൈദ്ധാന്തിക പരിസരവും
ജിയോക്രിറ്റിസിസം (Geocritique) എന്ന പഠനസങ്കൽപം സാഹിത്യവും സ്ഥലവും (Space/Place) തമ്മിലുള്ള ബന്ധത്തെ പുതുതായി വായിക്കുന്ന ഒരു ആധുനിക വിമർശന സമീപനമാണ്. ഫ്രഞ്ച് ചിന്തകനായ ബെർട്രാൻഡ് വെസ്റ്റ്ഫാൽ (Bertrand Westphal) 2007-ൽ പ്രസിദ്ധീകരിച്ച ‘Geocriticism: Real and Fictional Spaces’ എന്ന പുസ്തകത്തിലൂടെയാണ് ഈ ആശയത്തെ സമഗ്രമായ ഒരു രീതിശാസ്ത്രമായി രൂപപ്പെടുത്തുന്നത്. പരമ്പരാഗത സാഹിത്യവിമർശനം സാധാരണയായി സാഹിത്യകൃതികളിൽ ഭൗമവിശേഷങ്ങൾ എങ്ങനെ പ്രതിഫലിക്കപ്പെടുന്നു എന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് എങ്കിൽ, ജിയോക്രിറ്റിസിസം അതിൽ നിന്ന് ഒരുപടി മുന്നോട്ട് നീങ്ങി, സാഹിത്യം സ്ഥലത്തെ എങ്ങനെ നിർമ്മിക്കുന്നു (produces) എന്ന ചോദ്യത്തെയാണ് കേന്ദ്രത്തിലാക്കുന്നത്.
മനുഷ്യൻ സ്ഥലത്തെ അനുഭവിക്കുന്നത് കേവലം ഭൗതികമായല്ല, മറിച്ച് ഭാവനകളിലൂടെയും സ്മരണകളിലൂടെയും കൂടിയാണ്. ഹെൻറി ലെഫെബ്റെ (Henri Lefebvre) വിഭാവനം ചെയ്ത 'സ്ഥലത്തിൻ്റെ നിർമ്മിതി' (Production of Space), എഡ്വേർഡ് സോജയുടെ (Edward Soja) 'തേർഡ് സ്പേസ്'2 (Thirdspace), മിഷേൽ ഫൂക്കോയുടെ (Michel Foucault) 'ഹെറ്ററോടോപ്പിയ’3(Heterotopia) എന്നീ ആശയങ്ങൾ ജിയോക്രിറ്റിസിസത്തിൻ്റെ അടിത്തറയാണ്. യഥാർത്ഥ ലോകത്തെ സ്ഥലവും (First Space) ഭാവനയിലെ സ്ഥലവും (Second Space) തമ്മിലുള്ള നിരന്തരമായ വിനിമയത്തിലൂടെ രൂപപ്പെടുന്ന ഒന്നാണ് ജിയോക്രിറ്റിക്കൽ സ്പേസ്.
ജിയോസെന്റേർഡ് സമീപനം
പരമ്പരാഗതമായി സാഹിത്യത്തിലെ സ്ഥലപഠനങ്ങൾ ഇമേജോളജി (Imagology) എന്ന വിമർശനരീതിയെയാണ് പ്രധാനമായും പിന്തുടർന്നിരുന്നത്. ഈ സമീപനം, ഒരു എഴുത്തുകാരൻ്റെ ദൃഷ്ടികോണിലൂടെയും ആശയലോകത്തിലൂടെയും ഒരു പ്രത്യേക സ്ഥലം എങ്ങനെ ചിത്രീകരിക്കപ്പെടുന്നു എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ തന്നെ, ഇവിടെ സ്ഥലം എഴുത്തുകാരൻ്റെ അനുഭവങ്ങളുടെയും സാംസ്‌കാരിക നിലപാടുകളുടെയും മാനസിക രൂപകൽപ്പനകളുടെയും പ്രതിഫലനമായി മാറുന്നു. ഫലമായി, സ്ഥലത്തിൻ്റെ സാഹിത്യാവിഷ്കാരം പലപ്പോഴും ഏകമുഖമായ (Monofocal) കാഴ്ചപ്പാടിലേക്കാണ് ചുരുങ്ങുന്നത്; എഴുത്തുകാരൻ്റെ വ്യക്തിഗത ദർശനമാണ് അവിടെ നിർണായകമാകുന്നത്.
ഇതിനോട് വിപരീതമായി, ജിയോക്രിറ്റിസിസം ഒരു ജിയോസെന്റേർഡ് അഥവാ ഭൗമകേന്ദ്രീകൃത വിമർശന സമീപനമാണ് സ്വീകരിക്കുന്നത്. ഇവിടെ എഴുത്തുകാരനല്ല, സ്ഥലമാണ് പഠനത്തിൻ്റെ കേന്ദ്രബിന്ദു. ഒരു പ്രത്യേക സ്ഥലത്തെക്കുറിച്ച് വിവിധ എഴുത്തുകാർ വിവിധ കാലഘട്ടങ്ങളിലും സാംസ്‌കാരിക പശ്ചാത്തലങ്ങളിലും നൽകുന്ന പ്രതിനിധാനങ്ങളെ ഒരുമിച്ചു വെച്ചുകൊണ്ടാണ് ജിയോക്രിറ്റിക്കൽ വിശകലനം നടത്തുന്നത്. ഇത്തരത്തിൽ, ഒരു സ്ഥലത്തിൻ്റെ സാഹിത്യപരമായ അർത്ഥനിർമ്മിതി ഏകദൃഷ്ടിയിൽ നിന്ന് മോചിതമായി ബഹുമുഖമായ (Multifocal) കാഴ്ചപ്പാടിലേക്കാണ് വികസിക്കുന്നത്. സ്ഥലം സ്വതന്ത്രമായ ഒരു സാംസ്‌കാരിക-ചരിത്ര ഘടകമായി വായിക്കപ്പെടുകയും അതിൻ്റെ വ്യത്യസ്ത അർത്ഥപാളികൾ വെളിപ്പെടുകയും ചെയ്യുന്നു.
ബെർട്രാൻഡ് വെസ്റ്റ്ഫാലിൻ്റെ ജിയോക്രിറ്റിക്കൽ ആശയങ്ങൾ
വെസ്റ്റ്ഫാൽ തൻ്റെ സിദ്ധാന്തത്തെ മൂന്ന് പ്രധാന ആശയങ്ങളിൽ ഉറപ്പിച്ചു നിർത്തുന്നു: സ്ഥലകാലാത്മകത, അതിവർത്തിത്വം, സൂചകത്വം.
1. സ്ഥലകാലാത്മകത (Spatiotemporality):
ഈ ആശയം പ്രകാരം, സ്ഥലം (Space) എന്നതും കാലം (Time) എന്നതും തമ്മിൽ വേർപിരിയാൻ കഴിയാത്തവിധം ബന്ധിക്കപ്പെട്ടിരിക്കുന്ന ഘടകങ്ങളാണ്. ഒരു സ്ഥലം ഒരിക്കലും നിശ്ചലമായ ഒരു ഭൗതിക ഘടനയായി നിലനിൽക്കുന്നില്ല; മറിച്ച്, ചരിത്രപരമായ മാറ്റങ്ങൾക്കും സാമൂഹിക പരിവർത്തനങ്ങൾക്കും സാംസ്കാരിക ഇടപെടലുകൾക്കും അനുസരിച്ച് അത് നിരന്തരമായി രൂപം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്.
സ്ഥലത്തെ കാലരഹിതമായി (atemporal) സമീപിക്കുന്ന പഠനരീതികളെ വെസ്റ്റ്ഫാൽ വിമർശിക്കുന്നു. കാരണം, ഓരോ സ്ഥലത്തിനും അതിൻ്റെ സ്വന്തം കാലചരിത്രം ഉണ്ടെന്നും, ആ ചരിത്രത്തിൻ്റെ വിവിധ ഘട്ടങ്ങൾ ചേർന്നാണ് സ്ഥലത്തിൻ്റെ അർത്ഥം രൂപപ്പെടുന്നതെന്നും ജിയോക്രിറ്റിസിസം വാദിക്കുന്നു. ഒരു നദി, ഒരു നഗരം, ഒരു ഗ്രാമം, ഒരു ദേശം—എല്ലാം തന്നെ വ്യത്യസ്ത കാലഘട്ടങ്ങളിൽ വ്യത്യസ്ത അർത്ഥങ്ങളും അനുഭവങ്ങളും ഏറ്റുവാങ്ങുന്നു. അതിനാൽ, ഒരു സ്ഥലത്തെ മനസ്സിലാക്കാൻ അതിൻ്റെ ഭൗതിക നിലവാരം മാത്രം മതിയാകില്ല; ചരിത്രപരമായ സഞ്ചാരവും (historical trajectory) കൂടി പരിഗണിക്കേണ്ടതുണ്ട്.
ഈ സന്ദർഭത്തിൽ നിളയെ ഉദാഹരണമായി എടുത്താൽ, പത്തൊൻപതാം നൂറ്റാണ്ടിലെ നിളയും ഇരുപതാം നൂറ്റാണ്ടിലെ നിളയും ഒരേ ഭൗതിക നദിയായിരിക്കുമ്പോഴും, സാഹിത്യത്തിൽ അവ പ്രത്യക്ഷപ്പെടുന്ന രൂപങ്ങൾ ഒരുപോലെയല്ല. ഒരുകാലത്ത് കാർഷികജീവിതത്തിൻ്റെ ആധാരമായും സാംസ്കാരിക ആചാരങ്ങളുടെ കേന്ദ്രമായും നിലകൊണ്ട നിള, പിന്നീടുള്ള കാലഘട്ടങ്ങളിൽ സാമൂഹിക പിളർച്ചകളുടെയും പരിസ്ഥിതിനാശത്തിൻ്റെയും സ്മൃതിസ്ഥലമായി മാറുന്നു. ഈ മാറ്റങ്ങൾ ഭൗതിക ലോകത്തിൽ സംഭവിക്കുന്നതോടൊപ്പം, സാഹിത്യഭാഷയിലും ആഖ്യാനങ്ങളിലും പ്രതിഫലിക്കുന്നു.
ജിയോക്രിറ്റിസിസത്തിൻ്റെ സ്ഥലകാലാത്മക സമീപനം, സാഹിത്യകൃതികളിൽ സ്ഥലം എങ്ങനെ കാലത്തിൻ്റെ അടയാളങ്ങൾ വഹിക്കുന്ന ഒരു പാളിയുള്ള ഘടനയായി (layered structure) പ്രത്യക്ഷപ്പെടുന്നു എന്നതാണ് അന്വേഷിക്കുന്നത്. ഭാവനയുടെ സഹായത്തോടെ കവി ഒരു സ്ഥലത്തിൻ്റെ ഇപ്പോഴത്തെ രൂപത്തിനപ്പുറം അതിൻ്റെ മറഞ്ഞുപോയ ചരിത്രങ്ങളും നശിച്ച സാംസ്കാരിക സ്മൃതികളും പുറത്തെടുക്കുന്നു. അങ്ങനെ, ജിയോക്രിറ്റിക്കൽ വായനയിൽ സ്ഥലം പലകാലങ്ങൾ ഒരുമിച്ച് നിലനിൽക്കുന്ന ഒരു അർത്ഥസാന്ദ്ര ഘടനയായി മാറുന്നു.
2. അതിവർത്തിത്വം (Transgressivity):
ഈ ആശയം പ്രകാരം, സ്ഥലം എന്നത് മാറ്റമില്ലാത്തതും കൃത്യമായി നിർവചിക്കപ്പെട്ടതുമായ ഒരു ഭൂപടഘടനയല്ല; മറിച്ച്, നിരന്തരം അതിരുകൾ ലംഘിക്കുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്ന ഒരു സജീവ ഘടനയാണ്. ഭൗമശാസ്ത്രം നിർണ്ണയിച്ച അതിരുകൾ—രാജ്യങ്ങൾ, പ്രദേശങ്ങൾ, നദീതടങ്ങൾ, നഗരപരിധികൾ—സാഹിത്യത്തിൽ പലപ്പോഴും സ്ഥിരതയുള്ളതല്ല. സാഹിത്യം ഭാവനയുടെ സഹായത്തോടെ ഈ അതിരുകളെ ചോദ്യം ചെയ്യുകയും, ലംഘിക്കുകയും, പുതിയ അർത്ഥവലയങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ നിലയിൽ, ജിയോക്രിറ്റിസിസം സ്ഥലത്തെ ഒരു കൃത്യമായ ഭൗമസ്ഥലമായി മാത്രം കാണാതെ, ഭാവനയും സ്മരണയും സാംസ്കാരിക ചിഹ്നങ്ങളും ചേർന്ന് രൂപപ്പെടുന്ന ഒരു പ്രവാഹമായി വായിക്കുന്നു.
പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലെ നിള ഈ അതിവർത്തിത്വത്തിൻ്റെ ശക്തമായ ഉദാഹരണമാണ്. ഭൗതിക യാഥാർത്ഥ്യത്തിൽ നിള മലബാറിലെ ഒരു നദിയായിരിക്കുമ്പോഴും, കാവ്യഭാവനയിൽ അത് ആ പരിമിതിയെ മറികടന്ന് പുണ്യനദിയായ യമുനയായി മാറുന്നു; ചിലപ്പോൾ കാവ്യദേവതയുടെ സങ്കേതമായി, ആത്മീയാനുഭവത്തിൻ്റെ ഇടമായി മാറുന്നു. ഇവിടെ നിളയുടെ ഭൗമപരമായ സ്ഥാനം ലയിച്ച്, മിഥകീയവും ആത്മീയവും സാംസ്കാരികവുമായ അർത്ഥങ്ങളിലേക്ക് അത് കടന്നുചേരുന്നു. ഈ ഭാവനാപരമായ അതിരുലംഘനം, നിളയെ ഒരു പ്രാദേശിക നദിയിൽ നിന്ന് സാർവ്വദേശീയമായ കാവ്യസ്ഥലമായി ഉയർത്തുന്നു. ഇങ്ങനെ, സാഹിത്യം സ്ഥലത്തെ അതിൻ്റെ ഭൗമപരിധികളിൽ നിന്ന് മോചിപ്പിച്ച്, പല ലോകങ്ങളെയും പല അർത്ഥങ്ങളെയും ഒരുമിച്ച് ഉൾക്കൊള്ളുന്ന ഒരു സങ്കീർണ്ണമായ ഇടമായി പുനർനിർമ്മിക്കുന്നു.
3. സൂചകത്വം (Referentiality):
ജിയോക്രിറ്റിസിസത്തിൻ്റെ മൂന്നാമത്തെ പ്രധാന സിദ്ധാന്തഘടകമാണ് സൂചകത്വം (Referentiality). ഈ ആശയം യഥാർത്ഥ ലോകത്തെ ഒരു ഭൗമസ്ഥലവും (referent) സാഹിത്യത്തിലെ അതിൻ്റെ ഭാവനാപരമായ പ്രതിനിധാനവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. വെസ്റ്റ്ഫാലിൻ്റെ കാഴ്ചപ്പാടിൽ, സാഹിത്യം വെറും മിഥ്യയോ പൂർണ്ണമായും സ്വയംപര്യാപ്തമായ ഭാവനാലോകമോ അല്ല; മറിച്ച്, അത് യഥാർത്ഥ സ്ഥലങ്ങളോടും ഭൗമയാഥാർത്ഥ്യങ്ങളോടും നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ഒരു സാംസ്കാരിക പ്രവർത്തനമാണ്. സാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ഥലം ഭൗതിക ലോകത്തിൽ നിന്നു പൂർണ്ണമായി വേർപെട്ടതല്ല; അതിൻ്റെ അർത്ഥനിർമ്മിതി യഥാർത്ഥ സ്ഥലത്തിൻ്റെ സാന്നിധ്യത്താലും അതുമായി ബന്ധപ്പെട്ട ചരിത്ര-സാംസ്കാരിക സ്മൃതികളാലുമാണ് രൂപപ്പെടുന്നത്.
ഈ സൂചകബന്ധം വായനാനുഭവത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നു. ഒരു സാഹിത്യകൃതി വായിക്കുമ്പോൾ, വായനക്കാരൻ്റെ മനസ്സിൽ ആ സ്ഥലത്തിൻ്റെ ഒരു ഭാവനാഭൂപടം (mental map) രൂപപ്പെടുന്നു. ഈ ഭൂപടം സാഹിത്യഭാഷയും ആഖ്യാനരീതിയും സൃഷ്ടിക്കുന്ന ഒരു പ്രതിനിധാനമാണ്. തുടർന്ന് വായനക്കാരൻ യഥാർത്ഥ ലോകത്തിൽ ആ സ്ഥലം സന്ദർശിക്കുമ്പോൾ, അവിടെ ലഭിക്കുന്ന അനുഭവം ഈ മുൻകൂട്ടി രൂപപ്പെട്ട ഭാവനാഭൂപടവുമായി സംവദിക്കുന്നു. ചിലപ്പോൾ യാഥാർത്ഥ്യാനുഭവം സാഹിത്യചിത്രീകരണത്തെ സ്ഥിരീകരിക്കാം; ചിലപ്പോൾ അതിനെ ചോദ്യം ചെയ്യുകയോ പുനർവ്യാഖ്യാനിക്കുകയോ ചെയ്യും. ഇങ്ങനെ, സാഹിത്യവും യാഥാർത്ഥ്യവും തമ്മിലുള്ള ഈ നിരന്തര സംവാദത്തിലൂടെയാണ് ഒരു സ്ഥലം വായനക്കാരന്റെ ബോധത്തിൽ അർത്ഥവത്താകുന്നത്. അതിനാൽ, സൂചകത്വം സാഹിത്യത്തെ യാഥാർത്ഥ്യലോകത്തോട് ബന്ധിപ്പിക്കുന്ന ഒരു പാലമായി പ്രവർത്തിക്കുന്നു എന്നും, സ്ഥലാനുഭവത്തെ രൂപപ്പെടുത്തുന്ന ഒരു ശക്തമായ സാംസ്കാരിക ഘടകമായി മാറുന്നു എന്നും ജിയോക്രിറ്റിസിസം വ്യക്തമാക്കുന്നു.
നിള: ഒരു കാവ്യം സ്ഥലത്തിൻ്റെ സാംസ്കാരിക ഭൗമശാസ്ത്രം
കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ ഭാരതപ്പുഴ അഥവാ നിളയ്ക്ക് അതുല്യവും കേന്ദ്രസ്ഥാനവുമുണ്ട്. ഇത് കേവലം ഒരു ജലസ്രോതസ്സായി മാത്രം നിലകൊള്ളുന്നില്ല; മറിച്ച് കേരളീയ സംസ്കാരത്തിൻ്റെ ജീവനാഡിയായി (lifeline) പ്രവർത്തിച്ച ഒരു സാംസ്കാരിക-ഭൗമിക സാന്നിധ്യമാണ്. നിളയുടെ തീരങ്ങളിൽ ഉദിച്ച കലാരൂപങ്ങളും സാഹിത്യപരമ്പരകളും കാർഷികജീവിതക്രമങ്ങളും സാമൂഹികാചാരങ്ങളും ചേർന്ന് ഈ നദിയെ ഒരു ജീവിക്കുന്ന സാംസ്കാരിക ഭൂപടമായി രൂപാന്തരപ്പെടുത്തുന്നു. നദിയോടൊപ്പം വളർന്ന മനുഷ്യജീവിതങ്ങളും അവരുടെ അനുഭവങ്ങളും ഓർമ്മകളും ആഖ്യാനങ്ങളും നിളയെ വെറും ഭൗതിക ഭൂപ്രദേശമല്ലാതെ അർത്ഥസാന്ദ്രമായ ഒരു 'ജിയോ-നാറേറ്റീവ്' (geo-narrative) ആയി മാറ്റുന്നു. ഇങ്ങനെ, നിള പ്രകൃതിയും സംസ്കാരവും ചരിത്രവും പരസ്പരം ഇഴചേർന്നിരിക്കുന്ന ഒരു സങ്കീർണ്ണ ഇടമായി സാഹിത്യത്തിലും സാംസ്കാരിക ചിന്തകളിലും പ്രത്യക്ഷപ്പെടുന്നു.
നിള: ഒരു കാവ്യസ്ഥലത്തിൻ്റെ സാംസ്കാരിക ഭൗമശാസ്ത്രം
ഭൗമവിമർശനത്തിൻ്റെ കാഴ്ചപ്പാടിൽ നിളയെ വിശകലനം ചെയ്യുമ്പോൾ, അതിനെ ചുറ്റിപ്പറ്റി രൂപപ്പെട്ട സാംസ്കാരിക അടയാളങ്ങൾ (landmarks) നിർണ്ണായക പ്രാധാന്യം നേടുന്നു. ഒരു നദി വെറും ഭൗതിക ജലസ്രോതസ്സായി നിലനിൽക്കുന്നതല്ല; മറിച്ച് അതിൻ്റെ തീരങ്ങളിൽ മനുഷ്യൻ സൃഷ്ടിച്ച ചരിത്രവും ആചാരങ്ങളും കലാപരമ്പരകളും ചേർന്നാണ് അത് ‘സ്ഥലം’ (place) എന്ന നിലയിൽ അർത്ഥവത്താകുന്നത്. ഈ അർത്ഥത്തിൽ, നിള ഒരു നിശ്ചല ഭൂപ്രദേശമല്ല, മറിച്ച് തലമുറകളായി പകർന്നു വന്ന സാംസ്കാരിക സ്മൃതികളുടെ ഒരു പാളിപ്പാളിയായ സമാഹാരമാണ്. ഈ സ്മൃതിപാളികളിലൂടെയാണ് നിള കേരളീയ സമൂഹത്തിൻ്റെ കൂട്ടബോധത്തിൽ ഒരു ജീവിക്കുന്ന സ്ഥലമായി പരിവർത്തിതമാകുന്നത്.
നിളയുടെ തീരങ്ങളിലെ സാംസ്കാരിക ഭൂപ്രകൃതിയിൽ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രങ്ങളിലൊന്നാണ് കേരള കലാമണ്ഡലം. കഥകളി, കൂടിയാട്ടം, തുള്ളൽ തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ ഇവിടെ സ്ഥാപിതമായതോടെ, നിളയുടെ തീരം കേരളത്തിൻ്റെ കലാസാംസ്കാരിക ആത്മാവിൻ്റെ ഒരു മുഖ്യകേന്ദ്രമായി മാറുന്നു. പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ—പ്രത്യേകിച്ച് ‘കളിയച്ഛൻ’ പോലുള്ള രചനകളിൽ—ഈ കലാപരമ്പരകളുടെ പശ്ചാത്തല സാന്നിധ്യം നിഴലായി പ്രത്യക്ഷപ്പെടുന്നു. കലാമണ്ഡലം വെറും ഒരു സ്ഥാപനമല്ല; നൂറ്റാണ്ടുകളായി പാകപ്പെട്ട ഒരു ശൈലിയുടെ, ഗുരു-ശിഷ്യ ബന്ധത്തിൻ്റെ, ശരീരഭാഷയുടെ, ഭക്തിയുടെ, ശിക്ഷണത്തിൻ്റെ അന്തർധാരയായി ഒഴുകുന്നു.
തിരുനാവായ നിളയുടെ മറ്റൊരു ശക്തമായ സാംസ്കാരിക അടയാളമാണ്. മാമാങ്കം നടന്ന പുണ്യഭൂമി എന്ന നിലയിലും, പിതൃതർപ്പണത്തിൻ്റെ കേന്ദ്രം എന്ന നിലയിലും, തിരുനാവായ ചരിത്രവും ആചാരവും മിത്തും ലയിച്ച ഒരു ‘നിഗൂഢ സ്ഥലം’ ആയി മാറുന്നു. ഇവിടെ നിള ഒരു സാധാരണ നദിയല്ല; അത് കാലത്തിൻ്റെ തുടർച്ചയെയും പൂർവ്വികരുടെ സാന്നിധ്യത്തെയും ഓർമിപ്പിക്കുന്ന ഒരു ആത്മീയ ഇടമാണ്. പി.യുടെ കവിതകളിൽ പ്രത്യക്ഷപ്പെടുന്ന ഭക്തിയുടെ മൗനവും ചരിത്രത്തിൻ്റെ നിഴലുകളും ഈ സാംസ്കാരിക പശ്ചാത്തലത്തിൽ നിന്ന് ഊർജ്ജം കൈക്കൊള്ളുന്നതായി കാണാം.
പൊന്നാനി പോലുള്ള തീരനഗരങ്ങൾ നിളയുടെ സാംസ്കാരിക ഭൗമശാസ്ത്രത്തിൽ മറ്റൊരു അളവ് കൂട്ടിച്ചേർക്കുന്നു. അറബി-മലയാള പാരമ്പര്യവും ഇസ്ലാമിക ചരിത്രവും വ്യാപാരബന്ധങ്ങളും ചേർന്ന് ഇവിടെ ഒരു ബഹുസാംസ്കാരിക ഇടം സൃഷ്ടിക്കുന്നു. ഈ വൈവിധ്യം നിളയെ ഏകസാംസ്കാരികമായ ഒരു നദിയല്ല, മറിച്ച് വിവിധ സംസ്കാരങ്ങൾ തമ്മിൽ സംവദിക്കുന്ന ഒരു സാംസ്കാരിക ഇടനാഴിയാക്കുന്നു. അതേസമയം, ചിറ്റൂരിലെ ശോകനാശിനി തീരവും തുഞ്ചത്ത് എഴുത്തച്ഛന്റെ കർമ്മഭൂമിയും അക്ഷരപൂജയുടെയും കാവ്യപാരമ്പര്യത്തിന്റെയും ഉറവിടമായി നിളയെ സ്ഥാപിക്കുന്നു. ഭാഷയും സാഹിത്യവും ഇവിടെ നദിയോട് ചേർന്ന് ആത്മീയവും സാംസ്കാരികവുമായ തുടർച്ച നേടുന്നു. കിള്ളിക്കുറിശ്ശിമംഗലം പോലുള്ള ഇടങ്ങളും നിളയുടെ സാഹിത്യ-സാംസ്കാരിക സ്മൃതികളെ കൂടുതൽ ഗാഢമാക്കുന്ന കേന്ദ്രങ്ങളാണ്.
ഈ സമഗ്ര സാംസ്കാരിക ഭൗമശാസ്ത്രമാണ് പി. കുഞ്ഞിരാമൻ നായർ തൻ്റെ കവിതകളിലേക്ക് ആവാഹിക്കുന്നത്. അദ്ദേഹത്തിൻ്റെ കവിതകളിൽ നിള ഒരു ഭൗതിക നദിയായി മാത്രം ഒഴുകുന്നില്ല; അത് മലനാടിൻ്റെ ആത്മാവായി, ചരിത്രവും ഓർമ്മയും സംസ്കാരവും ചേർന്ന ഒരു ജീവിക്കുന്ന സാന്നിധ്യമായി നിലകൊള്ളുന്നു. അങ്ങനെ, നിള പി യുടെ കവിതകളിൽ സ്ഥലം എന്ന നിലയിൽ പുനർനിർമ്മിക്കപ്പെടുകയും, ഭൗമവിമർശനത്തിൻ്റെ വെളിച്ചത്തിൽ വായിക്കുമ്പോൾ കേരളീയ സാംസ്കാരിക ആത്മാവിൻ്റെ പ്രതീകമായി മാറുകയും ചെയ്യുന്നു.
പി. കുഞ്ഞിരാമൻ നായരുടെ കവിതകൾ: കാവ്യസ്ഥല നിർമ്മിതി
പി . കുഞ്ഞിരാമൻ നായരെ മലയാളത്തിലെ ഏറ്റവും വലിയ ‘സഞ്ചാരിയായ കവി’യെന്ന് വിശേഷിപ്പിക്കുമ്പോൾ അത് ഒരു ജീവചരിത്രപരമായ സത്യവിവരണം മാത്രമല്ല, മറിച്ച് അദ്ദേഹത്തിൻ്റെ കാവ്യസങ്കൽപ്പത്തിൻ്റെ കേന്ദ്രബിന്ദുവിനെ സൂചിപ്പിക്കുന്ന ഒരു സിദ്ധാന്തപരമായ പ്രഖ്യാപനമാണ്. ജീവിതകാലം മുഴുവൻ കേരളത്തിൻ്റെ മുക്കിലും മൂലയിലും അലഞ്ഞുതിരിഞ്ഞ പി, ഒരിടത്ത് വേരുറപ്പിച്ചിരുന്ന കവിയല്ല; സ്ഥിരതയെക്കാൾ ചലനമാണ് അദ്ദേഹത്തിൻ്റെ അനുഭവലോകത്തെ രൂപപ്പെടുത്തിയതത്. ഈ അലച്ചിൽ ഒരു ഭൗതിക സഞ്ചാരമായി മാത്രം നിലനിൽക്കാതെ, കവിതകളിൽ ഒരു പ്രത്യേകതരം സ്ഥലനിർമ്മിതിക്ക് കാരണമാകുന്നു. സ്ഥലങ്ങൾ അദ്ദേഹത്തിൻ്റെ കവിതകളിൽ നിശ്ചലമായ പശ്ചാത്തലങ്ങളല്ല; മറിച്ച് സഞ്ചാരത്തിൻ്റെ താളത്തിൽ പുനർവ്യാഖ്യാനിക്കപ്പെടുന്ന ജീവിക്കുന്ന ഇടങ്ങളാണ്.
ഭൗമവിമർശനത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, പി. കുഞ്ഞിരാമൻ നായർ ഒരു deterritorialized കവിയാണ്—ഒരിടത്തും സ്ഥിരമായി അധിവസിക്കാത്ത, അതേസമയം എല്ലാ ഇടങ്ങളെയും തൻ്റെ കാവ്യബോധത്തിലേക്ക് ഉൾക്കൊള്ളുന്ന ഒരാൾ. എന്നാൽ ഈ deterritorialization അർത്ഥശൂന്യതയിലേക്കുള്ള ചലനം അല്ല; മറിച്ച് അദ്ദേഹം എത്തുന്ന ഓരോ സ്ഥലത്തെയും കാവ്യപരമായ mapping വഴി വീണ്ടും reterritorialize ചെയ്യുന്ന സൃഷ്ടിപരമായ പ്രക്രിയയാണ്. ഗ്രാമങ്ങൾ, നദീതീരങ്ങൾ, ക്ഷേത്രമുറ്റങ്ങൾ, മലനിരകൾ, വഴിത്താരകൾ—ഇവയൊക്കെയും പി യുടെ കവിതകളിൽ വ്യക്തിഗത ഓർമ്മകളും സാംസ്കാരിക സ്മൃതികളും ചേർന്ന് അർത്ഥസമ്പന്നമായ സ്ഥലങ്ങളായി മാറുന്നു. കവി ഒരു യാത്രികനായതിനാൽ, അവൻ കാണുന്ന സ്ഥലം ഒരിക്കലും ‘സ്വാഭാവിക’മായി നിലനിൽക്കുകയില്ല; അത് അനുഭവത്തിലൂടെ, ഭാഷയിലൂടെ, കവിതയിലൂടെ പുനർനിർമ്മിക്കപ്പെടുന്നു.
അങ്ങനെ പി യുടെ കവിതകൾ കേരളത്തിൻ്റെ ഒരു കാവ്യഭൂപടം പോലെ വായിക്കാനാകും. ഈ ഭൂപടത്തിൽ കേന്ദ്രവും അതിരും, സ്വന്തവും അപരവും എന്നുള്ള പരമ്പരാഗത ഭൗമധാരണകൾ ലയിച്ചുപോകുന്നു. ഓരോ യാത്രയും ഒരു പുതിയ സ്ഥലകഥ സൃഷ്ടിക്കുകയും, ഓരോ കവിതയും ആ കഥയുടെ രേഖപ്പെടുത്തലായി മാറുകയും ചെയ്യുന്നു. സ്ഥിരതയില്ലായ്മ തന്നെയാണ് പി യുടെ കാവ്യശക്തി; ചലനത്തിലൂടെ അദ്ദേഹം ഇടങ്ങളെ സ്വന്തമാക്കുന്നില്ല, മറിച്ച് അവയുടെ ആത്മാവിനെ കേൾക്കുകയും അതിനെ ഭാഷയിൽ പതിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, പി. കുഞ്ഞിരാമൻ നായരുടെ സഞ്ചാരകാവ്യം ഭൗമവിമർശനത്തിന്റെ വെളിച്ചത്തിൽ വായിക്കുമ്പോൾ, സ്ഥലം ഒരു നിശ്ചല ഘടകമല്ല, സഞ്ചാരിയും കവിതയും ചേർന്ന് നിരന്തരം പുനർനിർമ്മിക്കുന്ന ഒരു ജീവിക്കുന്ന സങ്കൽപ്പമാണെന്ന് വ്യക്തമാകുന്നു.
നിള എന്ന കാവ്യരൂപം
പിയുടെ കവിതകളിൽ നിള ഒരു പ്രത്യേക രീതിയിൽ നിർമ്മിക്കപ്പെടുന്നു. നദിയിലെ മണൽത്തരികൾ പോലും കവിക്ക് കഥ പറയുന്നവയാണ്. "അന്തിത്തിരി പാടുന്ന മണൽത്തരികൾ" എന്ന സമാഹാരത്തിൽ നിളയുടെ മണൽപ്പരപ്പ് ഒരു സാംസ്കാരിക ശവപ്പറമ്പായോ അല്ലെങ്കിൽ സ്മരണകളുടെ ഈടുവെപ്പായോ മാറുന്നത് കാണാം. ഇവിടെ നദി എന്നത് ഒരു നിശ്ചലമായ കാഴ്ചയല്ല (Landscape), മറിച്ച് അത് നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്.
"പൈങ്കിളിപോം പൊഴിഞ്ഞുള്ളൊരി പഞ്ചരം
പാവനമാമീ ശരംനദീ വീചിയില്‍
പായ നിവര്‍ത്തിയ കൊച്ചു കേവഞ്ചിയില്‍..."
ഈ വരികളിൽ നിള (ശരംനദി) ഒരു ആത്മീയ ശാലയായി പരിണമിക്കുന്നു. 'വീചി' (തിരകൾ) എന്നത് കാലത്തിൻ്റെ ഒഴുക്കിനെയാണ് സൂചിപ്പിക്കുന്നത്. കവിയുടെ മനം ചന്ദ്രോദയ വേളയിൽ പൂർണ്ണമാകുന്നത് നദിയുമായുള്ള ഈ ആത്മീയ സംവേദനത്തിലൂടെയാണ്.
ജിയോഗ്രഫിക് വായന: യഥാർത്ഥ നിളയും ഭാവനാപരമായ നിളയും
ഒരു ജിയോഗ്രഫിക് വായനയിൽ, ഒരു കൃതിയിലെ സ്ഥലത്തെ അതിൻ്റെ ഭൗതിക യാഥാർത്ഥ്യങ്ങളുമായി (Real-world Geography) താരതമ്യം ചെയ്യുന്നത് പ്രധാനമാണ്. പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ നിളയുടെ ചിത്രീകരണം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.
1. ഭൗതിക നിള (The Physical River)
പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ നിള ഒരു ഉപമയോ സങ്കൽപ്പിത ഭൂപ്രദേശമോ മാത്രമല്ല; മറിച്ച് വായനക്കാരൻ തിരിച്ചറിയാവുന്ന, അനുഭവിക്കാവുന്ന ഭൗതിക സാന്നിധ്യമുള്ള ഒരു നദിയാണ്. നദിയുടെ ഒഴുക്കിൻ്റെ താളം, തീരങ്ങളിൽ കാറ്റിനൊപ്പം ചലിക്കുന്ന കാറ്റാടി മരങ്ങൾ, വെള്ളത്തിൻ്റെ മേൽ വിരിയുന്ന താമരകൾ, വേനൽക്കാലത്ത് വെളിവാകുന്ന മണൽത്തിട്ടകൾ—ഇവയെല്ലാം അദ്ദേഹത്തിൻ്റെ കവിതകളിൽ സൂക്ഷ്മവും കൃത്യവുമായ ഭൗമസൂചനകളായി പ്രത്യക്ഷപ്പെടുന്നു. ഈ വിവരണങ്ങൾ നദിയെ ഒരു സൗന്ദര്യബിംബമായി മാത്രമല്ല, മറിച്ച് ഒരു ഭൗമയാഥാർത്ഥ്യമായി കവിതയിൽ സ്ഥാപിക്കുന്നു
ജിയോക്രിറ്റിസിസത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, ഇവിടെ കവിതയും യഥാർത്ഥ ലോകവും തമ്മിലുള്ള റഫറൻഷ്യാലിറ്റി (Referentiality) ശക്തമായി പ്രവർത്തിക്കുന്നുണ്ട്. പിയുടെ കവിതകളിലെ നിള, വായനക്കാരൻ്റെ മനസ്സിൽ നിലവിലുള്ള ഭാരതപ്പുഴയുടെ ഭൗതിക രൂപവുമായി നിരന്തരം സംവദിക്കുന്നു. സാഹിത്യഭാവന യാഥാർത്ഥ്യത്തെ മറികടക്കുകയല്ല, മറിച്ച് അതിനെ കൂടുതൽ സാന്ദ്രമാക്കുകയാണ് ഇവിടെ നടക്കുന്നത്.
പ്രത്യേകിച്ച്, പാലക്കാട് ഗ്യാപ്പിലൂടെയുള്ള ഭാരതപ്പുഴയുടെ ഒഴുക്ക് പിയുടെ വരികളിൽ ഒരു അദൃശ്യ ഘടനയായി നിഴലിക്കുന്നു. കാറ്റിനും മഴയ്ക്കും വഴിയൊരുക്കുന്ന ഈ ഭൗമവ്യവസ്ഥ, നദിയുടെ പ്രവാഹത്തെയും തീരദേശ ജീവിതത്തെയും രൂപപ്പെടുത്തുന്ന ഒരു നിർണായക ഘടകമാണ്. പിയുടെ കവിതകളിൽ കാണുന്ന ഒഴുക്കിൻ്റെ അനിശ്ചിതത്വവും ശക്തിയും ചിലപ്പോൾ ശാന്തതയും, ഈ ഭൗതിക ഘടനയുടെ പ്രതിഫലനമായി വായിക്കാവുന്നതാണ്. അതിനാൽ തന്നെ, നിള ഇവിടെ പ്രകൃതിയുടെ ഒരു പൊതുബിംബമല്ല; മറിച്ച് പാലക്കാട് ഗ്യാപ്പ് പോലുള്ള നിർദ്ദിഷ്ട ഭൗമഘടകങ്ങളാൽ രൂപംകൊണ്ട ഒരു നദിയാണ്.
ഇങ്ങനെ, പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലെ ഭൗതിക നിള, ജിയോക്രിറ്റിക്കൽ വായനയിൽ ‘സ്ഥലം’ ഒരു പശ്ചാത്തലംമാത്രമല്ലെന്നും, മറിച്ച് കവിതയുടെ അർത്ഥനിർമ്മിതിയിൽ സജീവമായി ഇടപെടുന്ന ഘടകമാണെന്നുമുള്ള വാദത്തെ ശക്തമായി ശരിവെക്കുന്നു.
2. സാംസ്കാരിക നിള (The Cultural River)
പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ നിള ഒരു പ്രകൃതിദത്ത നദിയെന്ന പരിധി മറികടന്ന്, കേരളീയ സാംസ്കാരിക ജീവിതത്തിൻ്റെ ഒരു സജീവ പ്രവാഹമായി രൂപപ്പെടുന്നു. നിളയുടെ തീരങ്ങളിൽ നിലകൊള്ളുന്ന ക്ഷേത്രങ്ങൾ, അവയുമായി ബന്ധപ്പെട്ട ഉത്സവങ്ങൾ, വ്രതങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ പിയുടെ കവിതകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നു. ഈ സാന്നിധ്യങ്ങൾ നദിയെ ഒരു ഭൗതിക സ്ഥലം എന്നതിൽ നിന്ന് ഒരു സാംസ്കാരിക സ്ഥലമായി (Cultural Space) പരിവർത്തനം ചെയ്യുന്നു.
‘കളിയച്ഛൻ’ എന്ന കവിതയിൽ കഥകളി അരങ്ങുകൾ നിളയുടെ തീരത്തെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യഘടകമായാണ് ചിത്രീകരിക്കപ്പെടുന്നത്. ഇവിടെ കഥകളി ഒരു കലാരൂപം മാത്രമല്ല; അത് നദിയോടൊപ്പം ഒഴുകുന്ന ഒരു സാമൂഹിക അനുഷ്ഠാനമാണ്. ക്ഷേത്രമുറ്റങ്ങളിലും തുറസ്സായ അരങ്ങുകളിലും വിരിയുന്ന കഥകളി, നിളയുടെ തീരത്തെ സമൂഹത്തിൻ്റെ ഓർമ്മയും തിരിച്ചറിവും (collective memory and identity) നിർമ്മിക്കുന്ന ഒരു സാംസ്കാരിക സംഭവമായി കവിതയിൽ പ്രവർത്തിക്കുന്നു. നദിയുടെ ജലപ്രവാഹത്തിനൊപ്പം കഥകളിയുടെ താളവും മുഖഭാവങ്ങളും ചലനങ്ങളും സമാന്തരമായി ഒഴുകുന്നതുപോലെ പിയുടെ കവിതകൾ അവയെ അവതരിപ്പിക്കുന്നു.
ജിയോക്രിറ്റിസിസത്തിൻ്റെ ആശയപ്രകാരം, ഒരു സ്ഥലം അതിൽ നിലനിൽക്കുന്ന പ്രവർത്തനങ്ങളാലും അനുഷ്ഠാനങ്ങളാലുമാണ് സാംസ്കാരികമായി അർത്ഥം നേടുന്നത്. പിയുടെ കവിതകളിലെ നിള, തീരത്തെ കലകളും ആചാരങ്ങളും വഴിയാണ് അർത്ഥസാന്ദ്രത നേടുന്നത്. നദി ഇവിടെ കേവലം വെള്ളത്തിൻ്റെ ഒഴുക്ക് മാത്രമല്ല; മറിച്ച് കേരളീയ കലകളുടെയും പാരമ്പര്യത്തിൻ്റെയും മൂല്യങ്ങളുടെയും സാംസ്കാരിക പ്രവാഹമാണ്.
കൂടാതെ, നിളയുടെ തീരത്തെ ഈ കലാസാംസ്കാരിക ലോകം പിയുടെ കവിതകളിൽ ഒരു കാലബോധവും (sense of temporality) ഉൾക്കൊള്ളുന്നു. കഥകളി പോലുള്ള പരമ്പരാഗത കലാരൂപങ്ങൾ, തലമുറകളിലൂടെ കൈമാറപ്പെട്ട ഒരു തുടർച്ചയെ സൂചിപ്പിക്കുന്നു. നദിയുടെ നിത്യമായ ഒഴുക്കുപോലെ തന്നെ, ഈ കലാരൂപങ്ങളും കാലാതീതമായി ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന ബോധമാണ് കവിതയിൽ ഉദ്ഭവിക്കുന്നത്. അങ്ങനെ, നിള ഒരു പ്രകൃതിദത്ത നദിയായതോടൊപ്പം തന്നെ, കേരളത്തിൻ്റെ സാംസ്കാരിക ചരിത്രം സംഭരിച്ചുനിർത്തുന്ന ഒരു ജീവിച്ചിരിക്കുന്ന ഭൂപടമായി മാറുന്നു.
ഇതിലൂടെ പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലെ സാംസ്കാരിക നിള, ജിയോക്രിറ്റിക്കൽ വായനയിൽ സ്ഥലം എന്ന ആശയം ഭൗതികതയും സംസ്കാരവും സംയോജിപ്പിച്ചുള്ള ഒരു സങ്കീർണ്ണ ഘടനയാണെന്ന് തെളിയിക്കുന്നു.
3. മൗലികമായ പരിവർത്തനം (Transfiguration)
പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ നിള ഭൗതികവും സാംസ്കാരികവുമായ അതിരുകൾ കടന്ന് ഒരു ദാർശനിക–അസ്തിത്വപരമായ തലത്തിലേക്ക് ഉയരുന്ന ഘട്ടമാണ് മൗലികമായ പരിവർത്തനം. ഇവിടെ നദി ഒരു ഭൗമസ്ഥലം (geographical entity) എന്ന നിലയിൽ നിന്നു മാറി, കവിയുടെ ഉള്ളറലോകത്തെ സ്പർശിക്കുന്ന ഒരു അർത്ഥകേന്ദ്രമായി മാറുന്നു. നിളയുടെ ജലപ്രവാഹം, കവിയുടെ അനുഭവങ്ങളുടെയും ഓർമ്മകളുടെയും ബോധങ്ങളുടെയും പ്രവാഹവുമായി ലയിക്കുന്നതോടെ, നദി കവിതയിൽ ഒരു അസ്തിത്വബിംബമായി പുനർജന്മം പ്രാപിക്കുന്നു.
ഈ ഘട്ടത്തിൽ നിള കവിക്ക് പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു—അമ്മയായി, കാമുകിയായി, ദൈവമായി. അമ്മയായ നിള കവിക്ക് ആശ്രയവും സംരക്ഷണവും നൽകുന്ന ഒരു മാതൃസാന്നിധ്യമാണ്. കാമുകിയായ നിളയിൽ കവിയുടെ ആഗ്രഹവും ആകാംക്ഷയും ലയിക്കുന്നു; അവിടെ നദിയുടെ ഒഴുക്ക് പ്രണയത്തിന്റെ അനിശ്ചിതത്വത്തെയും ആകർഷണത്തെയും പ്രതിനിധീകരിക്കുന്നു. ഈശ്വരനായ നിളയിൽ, കവിക്ക് പ്രകൃതിയോടുള്ള ആദിമമായ ആത്മബന്ധവും അത്ഭുതബോധവും പ്രകടമാകുന്നു. ഇങ്ങനെ, നദി ഒരേ സമയം പല അർത്ഥതലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുസ്തര ചിഹ്നമായി കവിതയിൽ മാറുന്നു.
ജിയോക്രിറ്റിസിസിലെ ബെർട്രാൻ വെസ്റ്റ്ഫാൽ മുന്നോട്ടുവയ്ക്കുന്ന ‘അതിവർത്തിത്വം’ (Transgressivity) എന്ന ആശയം ഇവിടെ പ്രസക്തമാകുന്നു. ഒരു സ്ഥലം അതിൻ്റെ സാധാരണ ഭൗമപരമായ അർത്ഥങ്ങളെ ലംഘിച്ച് (transgress), സാഹിത്യത്തിൽ പുതിയ അർത്ഥവ്യവസ്ഥകൾ സൃഷ്ടിക്കുന്നതാണ് അതിവർത്തിത്വം. പിയുടെ കവിതകളിൽ നിള ഈ അതിവർത്തിത്വത്തിൻ്റെ ശക്തമായ ഉദാഹരണമാണ്. യഥാർത്ഥ ലോകത്തിലെ ഒരു നദിയായ ഭാരതപ്പുഴ, കവിയുടെ ഭാവനയിൽ ദാർശനികവും ആത്മീയവുമായ അർത്ഥങ്ങളാൽ പുനർനിർമ്മിക്കപ്പെടുന്നു.
ഇങ്ങനെ, പി. കുഞ്ഞിരാമൻ നായരുടെ കവിതകളിലെ നിള, ജിയോക്രിറ്റിക്കൽ വായനയിൽ ഒരു ‘സ്ഥലം’ എങ്ങനെ കവിയുടെ ഭാവനയിലൂടെ പുതുതായി അർത്ഥവത്താകുന്നു എന്നതിൻ്റെ മാതൃകയായി മാറുന്നു. ഭൗതികം → സാംസ്കാരം → ദാർശനികം എന്ന ഈ നീക്കം, നിളയെ ഒരു നദിയെന്നതിൽ നിന്ന് കവിയുടെ അസ്തിത്വബോധത്തിൻ്റെ കേന്ദ്രത്തിലേക്കുള്ള യാത്രയായി വായിക്കാൻ അവസരം നൽകുന്നു.
നിളയുടെ അപചയം: ഒരു ജിയോക്രിറ്റിക്കൽ വിലാപം
ഭൗമവിമർശനം സ്ഥലത്തിൻ്റെ മാറ്റങ്ങളെ (Spatio-temporal changes) കൃത്യമായി നിരീക്ഷിക്കുന്നു. പി. കുഞ്ഞിരാമൻ നായരുടെ പിൽക്കാല കവിതകളിൽ നിളയുടെ വറ്റിവരണ്ട അവസ്ഥയെക്കുറിച്ചുള്ള ആകുലതകൾ പ്രകടമാണ്. "അലാസ! ശൗര്യമേറിയ കേരളമിന്ന് തിരിച്ചറിയാനാവാത്ത വിധം മാറിയിരിക്കുന്നു" എന്ന് കവി വിലപിക്കുന്നു. കവിതയിൽ പഴയ നിളയുടെ സൗന്ദര്യം വർണ്ണിക്കുമ്പോഴും, വർത്തമാനകാലത്തെ മണൽ മാഫിയയും പരിസ്ഥിതി നാശവും കവിയുടെ സ്ഥലധാരണയെ മാറ്റുന്നുണ്ട്.
ഇടശ്ശേരി ഗോവിന്ദൻ നായരുടെ "കുറ്റിപ്പുറം പാലം" എന്ന കവിതയുമായി പിയുടെ നിളാ പ്രതിനിധാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ പിയുടെ ഭൗമവീക്ഷണം കൂടുതൽ തെളിയുന്നു. ഇടശ്ശേരി പാലത്തെ ആധുനികതയുടെ പ്രതീകമായി കാണുകയും ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുമ്പോൾ, പി നിളയെ തൻ്റെ നഷ്ടപ്പെട്ട സൗന്ദര്യധാരയായാണ് കാണുന്നത്. "മലമ്പുഴയിൽ" എന്ന കവിതയിൽ അണക്കെട്ടിനാൽ തടയപ്പെട്ട നദിയെക്കുറിച്ച് കവി ദുഃഖിക്കുന്നു. ഇവിടെ ഡാം എന്നത് നദിയുടെ സ്വാഭാവികമായ സ്ഥലത്തെ തടസ്സപ്പെടുത്തുന്ന ഒരു അധികാര രൂപമായാണ് (Power structure) അവതരിപ്പിക്കപ്പെടുന്നത്.
ബഹുമുഖത്വം (Multifocalization) പിയുടെ കവിതകളിൽ
ജിയോക്രിറ്റിസിസത്തിൻ്റെ പ്രധാന തത്വമായ ബഹുമുഖത്വം പിയുടെ കവിതകളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കാം. നിളയെ അദ്ദേഹം വിവിധ കണ്ണുകളിലൂടെ നോക്കിക്കാണുന്നു:
● ഒരു ചരിത്രകാരൻ്റെ കണ്ണിലൂടെ:
മാമാങ്കത്തിൻ്റെ സ്മരണകളും പെരുമാൾ ഭരണത്തിൻ്റെ അവശേഷിപ്പുകളും പിയുടെ വരികളിൽ കടന്നുവരുന്നു.
● ഒരു ഭക്തൻ്റെ കണ്ണിലൂടെ:
നവാമുകുന്ദ ക്ഷേത്രവും തിരുവില്വാമലയിലെ ആചാരപരമ്പരകളും നിള നദിയെ വെറും പ്രകൃതിദത്തമായ ഒരു ജലധാരയായി മാത്രമല്ല, ദൈവസാന്നിധ്യം നിറഞ്ഞ ഒരു പുണ്യസ്ഥലമായാണ് രൂപപ്പെടുത്തുന്നത്. പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ ഈ പുണ്യത്വം നദിയുടെ ഭൗതിക സാന്നിധ്യത്തോട് ചേർന്നുനിൽക്കുന്ന ഒരു സാംസ്കാരിക–ആത്മീയ അർത്ഥലോകമായി വികസിക്കുന്നു. നിള ക്ഷേത്രചടങ്ങുകളുടെ സാക്ഷിയാകുന്ന ഒരു നിശ്ശബ്ദ സാന്നിധ്യമായി കവിതകളിൽ പ്രത്യക്ഷപ്പെടുന്നു.
● ഒരു പരിസ്ഥിതിവാദിയുടെ കണ്ണിലൂടെ:
പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ നിള ഒരു ഭൗതിക നദിയെന്നതിലുപരി ജീവനും സ്മൃതിയും സംസ്കാരവും ഉൾക്കൊള്ളുന്ന ഒരു ജൈവസത്തയായി പ്രത്യക്ഷപ്പെടുന്നു. നദിയുടെ ശോഷണവും മലിനീകരണവും കവിയെ ആഴത്തിൽ വേദനിപ്പിക്കുന്നത് നിളയുടെ നാശം സ്വന്തം ജീവിതത്തിൻ്റെ നാശമായി അദ്ദേഹം അനുഭവിക്കുന്നതിനാലാണ്. ഒരുകാലത്ത് സമൃദ്ധിയും ഉന്മേഷവും നിറഞ്ഞിരുന്ന നദി ക്രമേണ വറ്റിവരണ്ടതും മാലിന്യങ്ങൾകൊണ്ട് മലിനമായതും കവിയുടെ കവിതകളിൽ ഒരു ദുഃഖഗാഥയായി മാറുന്നു.മനുഷ്യൻ്റെ അനിയന്ത്രിത ഇടപെടലുകളും വികസനത്തിൻ്റെ പേരിലുള്ള ചൂഷണവും നിളയെ മരണത്തിൻ്റെ വക്കിലെത്തിച്ചതായി കവി തിരിച്ചറിയുന്നു.
● ഒരു കാമുകന്റെ കണ്ണിലൂടെ:
നദിയുടെ തീരത്തെ ഏകാന്തതയും പ്രണയഭാരങ്ങളും പിയുടെ കവിതകളിൽ നിറയുന്നു.
പിയുടെ കവിതകളിലെ സ്ഥലപരമായ സംവേദനങ്ങൾ
ദൃശ്യപരമായി (Visual) മാത്രമല്ല സമീപിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളിലൂടെ സ്ഥലത്തെ അനുഭവിക്കുന്ന രീതിയെയാണ് 'പോളിസെൻസൊറിയാലിറ്റി' എന്ന് വിളിക്കുന്നത്. പിയുടെ കവിതകളിൽ നിളയുടെ ശബ്ദം (മണൽത്തരികളുടെ സംസാരം, വെള്ളത്തിൻ്റെ മർമ്മരം), ഗന്ധം (ക്ഷേത്രത്തിലെ ചന്ദനം, തുളസി, നനഞ്ഞ മണ്ണ്), സ്പർശം (നദിയിലെ തണുത്ത വെള്ളം) എന്നിവയെല്ലാം വായനക്കാരന് അനുഭവവേദ്യമാകുന്നു. ഇത് വായനക്കാരനെ ആ സ്ഥലത്തേക്ക് ആവാഹിക്കുന്നു.
"യൗവനം വറ്റിയ കാറ്റിന്‍ പ്രേമ-
ലേഖനം പൂവു തിരിച്ചയച്ചു"
ഈ വരികളിൽ 'കാറ്റ്' എന്നത് സ്ഥലത്തിന്റെ ചലനാത്മകതയെയും ഗന്ധത്തെയും സൂചിപ്പിക്കുന്നു. നിളയുടെ തീരത്തെ കാറ്റ് ഒരു സന്ദേശവാഹകനായി മാറുന്നത് സ്ഥലത്തിൻ്റെ ജിയോ-നാറേറ്റീവ് ഗുണത്തെയാണ് കാണിക്കുന്നത്.
ഉപസംഹാരം:
പി. കുഞ്ഞിരാമൻ നായരുടെ കവിതകളിൽ നിളാ നദി എന്നത് കേവലം ഒരു പശ്ചാത്തല വിവരണമല്ല, മറിച്ച് അത് നിരന്തരം നിർമ്മിക്കപ്പെടുകയും ലംഘിക്കപ്പെടുകയും ചെയ്യുന്ന ഒരു സാംസ്കാരിക ഭൗമസ്ഥലമാണ്. ബെർട്രാൻഡ് വെസ്റ്റ്ഫാലിൻ്റെ ജിയോക്രിറ്റിക്കൽ സമീപനത്തിലൂടെ നോക്കുമ്പോൾ പിയുടെ കവിതകൾ നിളയുടെ ഒരു 'ഭാവനാ ഭൂപടം' (Literary Cartography) നിർമ്മിക്കുന്നു എന്ന് കാണാം. സ്ഥലകാലാത്മകതയും ബഹുമുഖത്വവും ആ കവിതകളിൽ ലയിച്ചുചേർന്നിരിക്കുന്നു.
യഥാർത്ഥ ഭാരതപ്പുഴ ഇന്ന് നാശത്തിൻ്റെ വക്കിലാണെങ്കിലും, പിയുടെ കവിതകളിലെ നിള ഇന്നും കേരളീയൻ്റെ മനസ്സിൽ തിരതല്ലുന്നു. ഇത് സാഹിത്യം ഭൂമിശാസ്ത്രത്തിന് നൽകുന്ന ഉത്തമമായ സംഭാവനയാണ്. സ്ഥലത്തെ ഭാവനയിലൂടെ സംരക്ഷിക്കുക എന്ന ദൗത്യമാണ് പി നിർവ്വഹിച്ചത്. നിളയുടെ തീരത്തെ ഓരോ കല്ലും മണൽത്തരിയും പിയുടെ വരികളിലൂടെ അനശ്വരത കൈവരിക്കുന്നു. ജിയോക്രിറ്റിസിസം എന്ന ആധുനിക വിമർശന രീതി പിയുടെ കവിതകളെ പുതിയ കാലത്തിൻ്റെ വെളിച്ചത്തിൽ വായിക്കാൻ നമ്മെ സഹായിക്കുന്നു.
വിശദീകരണക്കുറിപ്പുകൾ:
1.ജിയോ-നാറേറ്റീവ് (Geo-narrative): ഒരു പ്രത്യേക സ്ഥലത്തെയും അതിൻ്റെ സവിശേഷതകളെയും ആസ്പദമാക്കി രൂപപ്പെടുന്ന കഥന രീതി. ഇവിടെ നിളയുമായി ബന്ധപ്പെട്ട മിത്തുകളും ചരിത്രവും കഥകളും ചേർന്ന് ഒരു ജിയോ-നാറേറ്റീവ് രൂപപ്പെടുന്നു.
2. തേർഡ് സ്പേസ് (Thirdspace): എഡ്വേർഡ് സോജയുടെ ആശയം. ഭൗതിക സ്ഥലത്തിനും (First Space) ചിന്താപരമായ സ്ഥലത്തിനും (Second Space) ഇടയിലുള്ള അനുഭവവേദ്യമായ സ്ഥലം. പിയുടെ കവിതകളിലെ നിള ഇത്തരമൊരു തേർഡ് സ്പേസ് ആണ്.
3.ഹെറ്ററോടോപ്പിയ (Heterotopia): മിഷേൽ ഫൂക്കോയുടെ സങ്കല്പം. ഒരേസമയം യഥാർത്ഥവും എന്നാൽ മാറ്റം വരുത്തിയതുമായ സ്ഥലങ്ങൾ. പിയുടെ കവിതകളിലെ ക്ഷേത്രപരിസരങ്ങളും നിളയുടെ ആറാട്ടുകടവുകളും ഇത്തരം ഹെറ്ററോടോപ്പിയകളാണ്.
സഹായക ഗ്രന്ഥങ്ങൾ:
പി കുഞ്ഞിരാമൻ നായരുടെ കവിത ഒരു വിമർശനാത്മക പഠനം- ഡോ. ബി ഭാനുമതിയമ്മ, നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം1987
പി കുഞ്ഞിരാമൻ നായർ വാക്കുകളുടെ പൂക്കളം - കാവാലം ബാലചന്ദ്രൻ, എച്ച് & സി ബുക്സ്, തൃശ്ശൂർ-2018
കേശാദിപാദം കവി- പ്രൊഫ.മേലത്ത് ചന്ദ്രശേഖരൻ, പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട് - 2017
Westphal, Bertrand. (2011). Geocriticism: Real and Fictional Spaces. Translated by Robert T. Tally Jr. Palgrave Macmillan.
ശരണ്യ യു.
ഗവേഷക,
മലയാള വിഭാഗം,
സർക്കാർ വനിതാ കോളേജ്,
തിരുവനന്തപുരം




Comments