പാട്ടിലെ പ്രതിരോധങ്ങൾ : പളിയരുടെ തെരഞ്ഞെടുത്ത ഗാനങ്ങളെ മുൻനിർത്തിയുള്ള പഠനം
- 6 hours ago
- 4 min read
അനന്ദു പ്രസാദ്
പ്രബന്ധ സംഗ്രഹം: പ്രാചീന കേരളം വിശാലമായ തമിഴകത്തിന്റെ ഭാഗമായിരുന്നു. ഭൂമിശാസ്ത്രപരമായോ സാംസ്കാരികമോ ആയ അതിർവരമ്പുകൾക്കപ്പുറം നമ്മെ തമിഴകവുമായി അല്ലെങ്കിൽ ദ്രാവിഡ കലാപാരമ്പര്യവുമായി ബന്ധിപ്പിക്കുന്നത് അതിനോടുള്ള അനിഷേധ്യമായ ജൈവബന്ധം തന്നെയാണ് ,അത് ഭാഷാപരം മാത്രമല്ല കലാപരം കൂടിയാണ് . സമൂഹത്തിന്റെ നിയതമായ ഭാഷയ്ക്കും വിനിമയങ്ങൾക്കുമൊക്കെ അപ്പുറമാണല്ലോ നമ്മെ ഏവരെയും കൂട്ടിയിണക്കുന്ന ആസ്വാദനക്ഷമത എന്ന കണ്ണി . ഗോത്ര കവികളാൽ അലങ്കരിക്കപ്പെട്ട കവി സദസ്സുകളിൽ ജീവിതത്തിന്റെ സമസ്ത വിഷയങ്ങും വെളിവാക്കപ്പെട്ടിരുന്നു.
തമിഴ് നാട്ടിൽ നിന്ന് കുടിയേറി ഇടുക്കിയുടെ മലഞ്ചെരുവുകളിൽ അധിവാസമുറപ്പിച്ചവരെന്നറിയപ്പെടുന്ന പളിയർ, മലപ്പുലയർ എന്നീ ഗോത്ര ജനതയെ കേവലമായ കുടിയേറ്റമെന്ന സംജ്ഞയ്ക്കപ്പുറം അവരുടെ സ്വത്വബോധവും ആത്മപരതയും വെളിവാക്കുന്ന വാമൊഴിപ്പാട്ടുകളുടെ അടിസ്ഥാനത്തിൽ ആദിമ ജനത എന്നു തന്നെ നിർണ്ണയിക്കേണ്ടിവരും.
ആദിമ ഗോത്ര വിഭാഗത്തെ ചരിത്രപരമായി കുടിയേറ്റത്തിന്റെ മാനങ്ങളിൽ അടയാളപ്പെടുത്തുന്നതിന്റെ യുക്തി പഠനാർഹമാണ്. സാമാന്യമായ കാല നിർണ്ണയം പോലും ഉപാദാനങ്ങയുടെയോ മറ്റ് ചരിത്ര രേഖകളുടെയോ അടിസ്ഥാനത്തിൽ പറയാനാവുന്നില്ല എന്നതാണ് വസ്തുത. ആര്യാധിനിവേശത്തിന്റെ പ്രത്യാഘാതമെന്ന നിലയിൽ സമകാലികത്തിലും ചർച്ച ചെയ്യുന്ന മേലാള-കീഴാള അവബോധം സാമ്പത്തികവും സാമൂഹികവുമായ മാനങ്ങളിൽ വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട് എന്നത് ഇത്തരം ശീലുകൾ വെളിപ്പെടുത്തുന്നു.
വേണ്ടത്ര സഞ്ചാര പഥങ്ങൾ ഇല്ലാതിരുന്ന കാലത്ത് കുടിയേറ്റത്തിനായി തിരഞ്ഞെടുക്കേണ്ട പാത അടുത്തുള്ളതാവണം അങ്ങനെയെങ്കിൽ തമിഴ് നാട്ടിൽ നിന്നും കുടിയേറിപ്പാർത്ത ഈ വിഭാഗം ഇടുക്കിയുടെ മലനിരകളിൽ മാത്രമാണുള്ളതെന്ന് ശ്രദ്ധേയമാണ്. പാലക്കാട്, തിരുവനന്തപുരം പോലെയുളള സമീപദേശങ്ങൾ അവർ നിഷേധിച്ചതിലെ യുക്തിയെന്താണ് .
പളിയരുടെ പാട്ടുകളിൽ കാണുന്ന ഭാഷാരീതി, ആചാരവഴക്കങ്ങൾ എന്നിവ അവരുടെ പ്രാക്തനത വെളിവാക്കുന്നു, ഒപ്പം അധീശത്വത്തിന്റെയും അരികുവൽക്കരണത്തിന്റെയും വാഗ്സത്യങ്ങളും.
താക്കോൽ വാക്കുകൾ: കാലം ,ഭാഷ , ഭാഷാ പരിണാമം, അതിജീവനം - സാമൂഹികത
ആത്മാന്വേഷണം - സാമൂഹികത, സാമ്പത്തിക, കൊളോണിയലിസം.
കാല പരവും ഭാഷാപരവുമായ പ്രതിരോധങ്ങൾ
ചരിത്രത്തെ അതിന്റെ പൂർണാർഥത്തിലെത്തിക്കുന്നത് അതിന്റെ ആധികാരികതയാണ് ; ഇടുക്കി ആദിവാസി ചരിത്രം ഐതിഹ്യ നിഷ്ഠമാവുമ്പോൾ അതിന്റെ ചരിത്രപരത നഷ്ടമാവുന്നു. ഒട്ടുമിക്ക ചരിത്ര ഗ്രന്ഥങ്ങളും ഇടുക്കി ആദിവാസി ചരിത്രത്തെ അതിന്റെ ഐതിഹ്യ മാനത്തിൽ ചിത്രീകരിച്ചിരിക്കുന്നു. വാമൊഴിയിൽ നിന്ന് വരമൊഴിയിലേക്ക് പകർന്ന നാട്ടു ശീലുകൾക്ക് പാഠഭേദമുണ്ടാവാമെങ്കിലും ഭാഷാപഠനത്തിലൂടെ ഒരു ജനതയുടെ ജീവിതശൈലി മാത്രമല്ല വെളിപ്പെടുന്നത് ഭാഷാ ചരിത്രം കൂടിയാണ് , അതു തന്നെയാവണം ആ സമൂഹത്തിന്റെ ഗതകാലവും .
ഇവിടെ വരേരാറ.. എന്നു തുടങ്ങുന്ന ഒരു പ്രാർഥനാ ഗീതം ഉദാഹരിക്കുന്നു. വിളൈയാടും,മളൈമേകം തുടങ്ങിയ ധാരാളം രൂപങ്ങൾ ഇവിടെ കാണാം. അതായത് മലയാളത്തിന്റെ സ്വരസംവരണം (വിള,മള..) ഇവിടെ കാണാനാവില്ല.അതുപോലെ ഇടകലർന്നുള്ള രീതിയും കാണാം( വരേ ചോലെ, ചെടിച്ചോലൈ). ഇത് *1"തമിഴ് നാട്ടിൽ നിന്ന് താരതമ്യേന അടുത്ത കാലത്ത് കേരളത്തിലെ കാടുകളിലേക്ക് കുടിയേറിയവർ" എന്ന ധാരണ തിരുത്തുന്നു.അതായത് ,
പ്രാഗ് ഭാഷ രീതി അതേ രീതി തുടരുന്നുവെന്ന് നിരീക്ഷിച്ചാൽ പറയേണ്ടിവരും. ഭാഷാ പരിണാമ നയങ്ങളെ ഇവിടെ വേണ്ടത്ര പരിഗണിക്കാത്ത കാല നിർണയമാണ് നടന്നത്.
ഒരു ഭാഷ കാലക്രമേണ മാറ്റത്തിന് വിധേയമാവുമെന്നതിൽ തർക്കമില്ല. പക്ഷേ അതിന് വളരെ സുദീർഘമായ സമയം ആവിശ്യവുമാണ്.
ഇതേ ഗാനത്തിലെ മറ്റൊരുദാഹരണം - ശിറുകാട്.... എന്ന് ഒരു വരിയിൽ നിരവധി തവണ ആവർത്തിച്ചിരിക്കുന്നു.*2"താലവ്യഘർഷി (ശ) തമിഴുഛാരണത്തിലില്ല". ഇത് മുമ്പ് സൂചിപ്പിച്ച സുദീർഘമായ കാലയളവുകൊണ്ടുള്ള ഭാഷാ പരിണാമമാവണം.
ഇങ്ങനെ പളിയരുടെ വാമൊഴിപ്പാട്ടുകൾ കാലപരമായും ഭാഷാ പരമായും ചരിത്ര നിഗമനങ്ങളെ നിഷേധിക്കുന്നു.
അതിജീവനവും സാമൂഹിക ബോധവും.
വസൂരി രോഗപീഡയാൽ ശാപഗ്രസ്തമായ ജീവിതം നയിച്ച പുണ്ണുടയ ലോക വേണ്ടെനെക്കുറിച്ചുള്ള പാട്ട് അതിജീവനത്തിന്റെ മാനുഷിക പാഠവും അതിവർത്തനത്തിൽ സാമൂഹികതയ്ക്കുള്ള പങ്കും വ്യക്തമാക്കുന്നു. സാമാന്യാർഥത്തിൽ നിന്നും വിരുദ്ധോക്തിപരവും പദാർത്ഥഭിന്നവുമായ അർത്ഥ ഗരിമയാർന്ന ഈരടികളാണ് ഈ ഗാനശകലത്തെ വ്യത്യസ്തമാക്കുന്നത്.
ഈ ഗാനം മുന്നോട്ടുവയ്ക്കുന്ന കഥ തിരിച്ചറിയുന്നതിന് മുമ്പ് ആദിവാസി ഗോത്ര സമൂഹത്തിൽ നിലനിന്നിരുന്ന സാമൂഹിക ക്രമങ്ങളും ന്യായ സംവിധാനങ്ങളും തിരിച്ചറിയേണ്ടതുണ്ട്.
പ്രാകൃതമായ ശിക്ഷാനടപടികളിലായിരുന്നു മന്നാൻ ,മല പുലയർ തുടങ്ങിയിട്ടുള്ള ആദിവാസി ഗോത്ര സമൂഹങ്ങളിൽ നിലനിന്നിരുന്നത് .പക്ഷേ ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു പളി യസമുദായത്തിന്റെ സ്ഥിതി . ഊരുവിലക്ക് കൽപ്പിക്കുക, സാമൂഹികമായി തീർത്തും അവഗണിക്കുക തുടങ്ങിയ ശിക്ഷാനടപടികൾ ആയിരുന്നു ഇവർക്കെതിരെ സ്വീകരിച്ചിരുന്നത്.
ഇവിടെ രോഗ പീഠയാൽ ജീവിതം നയിക്കുന്ന ലോക വേണ്ടന് ഊരുവിലക്ക് കൽപ്പിക്കുന്നു.
മുള്ള് മുനയാൽ കുടിവെള്ളത്തിനു വേണ്ടി പാട്ടിലെ നായകൻ മൂന്ന് കുളം കുഴിക്കുന്നു അതിൽ രണ്ടിലും വെള്ളമില്ലാത്തതിനാൽ മൺപാത്ര നിർമ്മാണത്തിനായി കുശവന്മാർ ലോക വേണ്ടനെ സമീപിക്കുന്നു. ഈ കുശവന്മാരെ ലോക വേണ്ടവൻ തന്നോടൊപ്പം താമസിപ്പിക്കുന്നു, അവർ കടുത്ത പട്ടിണിയിൽ നിന്നാണ് കടന്നു വരുന്നത് , അവർക്ക് മൂന്ന് എരുമകളെ സമ്മാനമായി ലഭിക്കുന്നു പക്ഷേ അവയിൽ രണ്ടും പ്രസവിക്കാത്തവയായിരുന്നു അവയെ വിറ്റ് മൂന്നു കാശ് അവർ സമ്പാദിക്കുന്നു പക്ഷേ അതിൽ രണ്ട് കാശും ഉപകാരപ്പെട്ടില്ല മിച്ചമുള്ള കാശിന് മൂന്ന് ഊരു വാങ്ങുന്നു പക്ഷേ ആ ഊരിൽ മനുഷ്യവാസമേ ഉണ്ടായിരുന്നില്ല. ഇവിടെ ലോകവേണ്ടന്റെ ഒപ്പം കൂടിയവർക്ക് സംഭവിച്ച നിരാശയെയും നഷ്ടത്തെയും ആണ് സാമാന്യ അർത്ഥത്തിൽ നമുക്ക് വെളിവാകുന്നത്, ഇത് ഒരേ സമൂഹത്തിൽ ഉള്ള ആൾക്ക് നേരിടേണ്ടിവന്ന ഒറ്റപ്പെടലിന്റെ ദുരനുഭവമാണ് വ്യക്തമാകുന്നത് .
പക്ഷേ പാട്ട് മുന്നോട്ടു പോകുമ്പോൾ എല്ലാ പരീക്ഷണങ്ങൾക്കും ഒടുവിൽ ലോകവേണ്ടുവൻ രോഗമുക്തൻ ആവുന്നതായി കാണാൻ സാധിക്കും . ഈ ശാപ മുക്തത വീണ്ടും നേടുന്നത് എങ്ങനെയാണ് എന്ന ചോദ്യം പ്രധാനമാണ്. ഒറ്റപ്പെടുത്തലിന്റെയും അവഗണിക്കലിന്റെയും താഴെത്തട്ടിൽ നിന്നും ഒരേ ദുരിതമനുഭവിക്കുന്നവരുടെ ( ഒപ്പം എത്തിയ കുശവനും പട്ടിണിയിലാണ്) കൂട്ടായ പരിശ്രമം ജീവിത പുരോഗതിക്ക് അത്യന്താപേക്ഷിതമാണ് എന്ന് വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. ഈ അർത്ഥത്തിൽ അതിജീവനത്തിന്റെ സാമൂഹിക പാഠങ്ങൾ വൈരുദ്ധ്യാത്മകമായ അവതരണത്തിലൂടെ വ്യക്തമാക്കുന്നു. ഇവിടെ ഉദ്ബോധനം പുറത്തേക്ക് അല്ല മറിച്ച് സ്വന്തം കൂട്ടായ്മയ്ക്ക് വേണ്ടി തന്നെയാണ് നിരക്ഷരരെങ്കിലും നിലവിലുള്ള സാമൂഹിക മാനങ്ങളെ ചോദ്യം ചെയ്യാനുള്ള അതിവർത്തന പാഠങ്ങൾ വലിയ സമുദായത്തിലും കാണാം.
ആത്മാന്വേഷണത്തിലൂന്നിയ സാമൂഹിക സാമ്പത്തിക വിനിമയങ്ങൾ
ഏതൊരു മനുഷ്യന്റെയും പരമപ്രധാന ലക്ഷ്യം സമൂഹത്തിൽ നിന്ന് വേർപെട്ട് നിൽക്കാനവനാവില്ലെന്ന തിരിച്ചറിവോടു കൂടിയുള്ള സ്വാത്മ ബോധത്തിലൂന്നിയ ജീവിതമാണ്. അവിടെ അവന് ആവശ്യം സംഘബോധവും ഈ സംഘടിത ശക്തിയിലൂടെ നേടുന്ന ഉപജീവനശേഷി അഥവാ സാമ്പത്തിക സുരക്ഷയുമാണ്.
ആദിവാസികളുടെ കാര്യത്തിലും ഇത് പ്രധാനമാണ്. ഈ രണ്ടു കാര്യങ്ങളിലും അധിനിവേശ സമൂഹം സൃഷ്ടിക്കുന്ന അന്യവത്കരണം നാടോടി പാട്ടുകൾ വ്യക്തമാക്കുന്നു.
മാറി വരുന്ന സാമ്പത്തിക ക്രമങ്ങൾ ആദിവാസി ജീവിതത്തിലും പ്രതിഫലിച്ചിട്ടുണ്ട്. കാർഷിക വിഭവങ്ങൾ പരസ്പരം പങ്കുവഹിച്ച സാമൂഹിക ക്രമത്തിൽ നിന്നും വെള്ളക്കാരുടെ വെള്ളിനാണയം മോഹിച്ച പളിയരെ കുറിച്ചുള്ള പാട്ട് ( നൂറാൻ നൂറാൻ തോട്ടത്തിലെ എന്ന് തുടങ്ങുന്നത് ) സാമൂഹിക ക്രമങ്ങളിലും വന്ന മാറ്റം വ്യക്തമാക്കുന്നു. സ്വന്തം മണ്ണിൽ പണിയെടുത്തിരുന്നവർ പണി എടുക്കേണ്ടവരായി മാറിയതും, സമുദായത്തിന് പോലും വന്ന ദുർമോഹവും ഇത്തരം പാട്ടുകൾ വ്യക്തമാക്കുന്നു. ഇത് പൗരാണികമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിച്ചു വന്ന ആദിവാസി സമൂഹങ്ങൾക്ക് അവരുടെ അത്തരം ആചാരങ്ങളിൽ മാത്രമല്ല ജീവിതക്രമങ്ങളിലും വന്നുചേർന്ന ആശാവഹമല്ലാത്ത മാറ്റങ്ങളെയും ഉദ്ബോധിപ്പിക്കുന്നുണ്ട്.ഫലേച്ഛ കൂടാതെ മണ്ണിൽ പണിയെടുത്തിരുന്ന ഒരു ജനതയുടെ സാംസ്കാരിക പരിണതിയും ഇത്തരം പാട്ടുകൾ വ്യക്തമാക്കുന്നു.
ഭൗതികപരതയിൽ ആഹ്ലാദം കണ്ടെത്തുന്നതിന് കാരണമായ അധിനിവേശ നയങ്ങളുടെ ധാരാളം സൂചകങ്ങൾ ആദിവാസി പാട്ടുകളിൽ ഉണ്ട് അങ്ങനെ ഒന്നാണ് ആന വേട്ടയ്ക്ക് പോന ദൊരൈ എന്നു തുടങ്ങുന്ന പാട്ട് . കുമളിയിൽ അധിവാസം ഉറപ്പിച്ച പളിയർ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മിതിയിൽ ബൗദ്ധികവും ശാരീരികവുമായ അധ്വാനം ഒരേപോലെ ചെയ്തിരുന്നു എന്നതിന് തെളിവാണ് ഈ പാട്ട് . സായിപ്പിന്റെ വാക്കുകളിൽ അവർ ആകൃഷ്ടരാകുന്നു .തങ്ങളുടെ ജീവിതം നിലവിലുള്ള സാഹചര്യത്തിൽ നിന്ന് പുരോഗതിയിലേക്ക് എത്തിക്കുന്നതിന് സായിപ്പ് സഹായകരമായി രീതിയിൽ സഹകരിക്കുക എന്നവർ പ്രതീക്ഷിക്കുന്നു. ഇതിനായി സായിപ്പിനോടൊപ്പം ചേർന്ന് അവർ അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്നു. സായിപ്പിന്റെ മോഹിപ്പിക്കുന്ന വാക്ക് എന്ന് ഈ പാട്ടിൽ സൂചിപ്പിച്ചിരിക്കുന്നത് വിശേഷ അർത്ഥത്തിൽ തന്നെയാവണം ഏത് കാലഘട്ടത്തിലും ആദിവാസി സമൂഹം നേരിടുന്ന ചൂഷണത്തിന്റെയും സ്വത്തു നഷ്ടത്തിന്റെയും ഇത്തരം വാമൊഴി പാട്ടുകളിൽ ദർശിക്കാം. തനത് സംസ്കാരവും ജീവിതപാഠങ്ങളും ഉള്ള ഒരു സമൂഹത്തിന് അത് നഷ്ടമാവാൻ അധിനിവേശ സംസ്കാരം മാത്രമല്ല സ്വസമുദായത്തിലെ അഥവാ സമൂഹത്തിലെ നിലപാടുകളും കാരണമാകും എന്ന് ദർശനവും ഈ പാട്ട് മുന്നോട്ട് വയ്ക്കുന്നു.
ഉപസംഹാരം
വ്യവഹാര രൂപങ്ങളുടെ ആദ്യ മാതൃക എന്ന നിലയിൽ വാമൊഴിയെ അഥവാ പാട്ടുകളെ ( പളിയരുടെ പാട്ടുകൾ ) വിശകലനം ചെയ്യുമ്പോൾ കുടിയേറ്റത്തിന്റെയോ പലായനത്തിന്റെയും ചരിത്രം വ്യക്തമാക്കുന്നില്ല.മറിച്ച് സ്വന്തം മണ്ണിൽ വ്യത്യസ്ത കാലങ്ങളിൽ അന്യവൽക്കരിക്കപ്പെട്ട് പോയവരുടെ ചരിത്രമാണ് തെളിയുന്നത് . ആചാര അനുഷ്ഠാന സാമൂഹിക ക്രമങ്ങളിൽ ആദിവാസി സമൂഹം ഇന്ന് നേരിടുന്ന ആധുനികീകരണം നിസ്സാരമായി കാണാൻ സാധിക്കില്ല. ഇത് എല്ലാ കാലഘട്ടത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് .ഈ അർത്ഥത്തിൽ ആരാധനാക്രമങ്ങളിൽ വൈഷ്ണവ ശാക്തേയ ദർശനങ്ങൾക്ക് ആദിവാസി പാട്ടുകളിൽ വന്ന സ്ഥാനം, സദാചാരനിഷ്ടവും മൂല്യവത്തുമായി ജീവിത സംസ്കാരത്തിൽ നിന്ന് അതിന്റെ ലംഘനത്തിലേക്ക് വന്നുചേർന്ന കാല സ്ഥിതി എന്നിവ ഗൗരവമായ പഠന വിഷയങ്ങളാണ്.
കുറിപ്പുകൾ
1 ഡോ എസ്.ആർ ചന്ദ്ര മോഹനൻ (2012), ഇടുക്കി ആദിവാസി പാട്ടുകൾ, കോട്ടയം, ഡി.സി ബുക്ക്സ്.
2 കെ എം പ്രഭാകര വാരിയ കെ എം പ്രഭാകര വാരിയർ (2007), ഭാഷാശാസ്ത്ര വിവേകം, ശുകപുരം, വള്ളത്തോൾ വിദ്യാപീഠം, പുറം - 138
ഗ്രന്ഥസൂചി
1. ഡോ എസ്.ആർ ചന്ദ്ര മോഹനൻ (2012), ഇടുക്കി ആദിവാസി പാട്ടുകൾ, കോട്ടയം, ഡി.സി ബുക്ക്സ്
2. മനോജ് മതിര പ്പള്ളി (2017), ഇടുക്കി ദേശം ചരിത്രം സംസ്കാരം, കോട്ടയം, ജിയോ ബുക്സ്
3. റ്റി രാജേഷ് (2008), ഇടുക്കി ചരിത്രരേഖകൾ, കട്ടപ്പന, ഇ- ലയൺ ബുക്ക്സ്
4. ഡോക്ടർ ഡി ബെഞ്ചമിൻ (2012), സാഹിത്യ ഗവേഷണത്തിന്റെ രീതിശാസ്ത്രം , തിരുവനന്തപുരം, മാളുബൻ
5. പി കെ ഗോപാലകൃഷ്ണൻ കേരളത്തിന്റെ സാംസ്കാരിക ചരിത്രം, spcs.
6.URL-ml. Sayahna. Org
അനന്ദു പ്രസാദ്
ഗസ്റ്റ് ലക്ചറർ
എം.ഇ.എസ്. കോളേജ്
നെടുംകണ്ടം
Phone:7025021137


Comments