top of page

ബാല്യകാലസഖി: ഒരു ന്യൂറോ-കോഗ്നിറ്റീവ് വിശകലനം

  • 4 hours ago
  • 5 min read
ചിന്ത എസ് ധരൻ

പ്രബന്ധസംഗ്രഹം

 

മനുഷ്യ മസ്തിഷ്കത്തിലെ നാഡീപ്രവർത്തനങ്ങളും ഭാഷാപരമായ പ്രക്രിയകളും തമ്മിലുള്ള ആന്തരികബന്ധങ്ങളെ ശാസ്ത്രീയമായി പഠിക്കുന്ന വൈജ്ഞാനിക ശാഖയാണ് ന്യൂറോ-ലിംഗ്വിസ്റ്റിക്സ്. ഭാഷാ അനുഭവം വായനക്കാരന്റെ മസ്തിഷ്കത്തിൽ എങ്ങനെ അർത്ഥനിർമ്മാണവും വികാരപ്രതികരണങ്ങളും സൃഷ്ടിക്കുന്നു എന്ന ചോദ്യമാണ് ഈ മേഖലയിലെ കേന്ദ്രചിന്ത. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ എന്ന നോവലിനെ കോഗ്നിറ്റീവ് പോയറ്റിക്സ് (Cognitive Poetics), എംബോഡീഡ് കോഗ്നിഷൻ (Embodied Cognition) എന്നീ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.

 

ബഷീറിന്റെ സവിശേഷവും ലളിതവുമായ ഭാഷാശൈലി വായനക്കാരന്റെ മസ്തിഷ്കത്തിൽ എങ്ങനെ ദൃശ്യ–വൈകാരിക ബിംബങ്ങൾ (mental images) സൃഷ്ടിക്കുന്നു എന്നും, അനുഭവാധിഷ്ഠിതമായ ഭാഷാപ്രയോഗങ്ങൾ ശരീരാനുഭവങ്ങളുമായി (sensorimotor experience) എങ്ങനെ ബന്ധപ്പെടുന്നു എന്നും ഈ പഠനത്തിലൂടെ പരിശോധിക്കുന്നു. കൂടാതെ, നോവലിൽ ഉപയോഗിക്കുന്ന രൂപകങ്ങൾ (metaphors) വായനക്കാരന്റെ ചിന്താഘടനകളെ പുനഃസംഘടിപ്പിക്കുകയും വികാരാനുഭവങ്ങളെ അതിന്റെ തീവ്രതയിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്ന രീതി കോഗ്നിറ്റീവ് സമീപനത്തിലൂടെ വിശദീകരിക്കുന്നു. ഇതിലൂടെ ‘ബാല്യകാലസഖി’ വെറും ഒരു ആത്മകഥാപരമായ പ്രണയനോവൽ മാത്രമല്ല, ഭാഷ–മസ്തിഷ്ക–അനുഭവ ബന്ധങ്ങളെ സജീവമാക്കുന്ന ഒരു കോഗ്നിറ്റീവ് സാഹിത്യാനുഭവം കൂടിയാണെന്ന നിഗമനത്തിലേക്കാണ് പ്രബന്ധം എത്തുന്നത്.

 

താക്കോൽവാക്കുകൾ

 

ന്യൂറോ ലിംഗ്വിസ്റ്റിക്സ്, കോഗ്നിറ്റീവ് പോയറ്റിക്സ്, എംബോഡിഡ് കോഗ്നിഷൻ, രൂപകം (Metaphor),വൈജ്ഞാനിക ശാഖ

 

ആമുഖം 

 

മനുഷ്യന്റെ ഭാഷയും ആശയവിനിമയവും മസ്തിഷ്കത്തിന്റെ ജൈവിക ഘടനകളുമായി എങ്ങനെയാണ് ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത് എന്നതിനെ ശാസ്ത്രീയമായി പഠിക്കുന്ന മേഖലയാണ് ന്യൂറോ ലിംഗ്വിസ്റ്റിക്സ് (Neurolinguistics). ഭാഷയെ കേവലം ഒരു സാമൂഹിക സംവിധാനമായി മാത്രം കാണാതെ, മനുഷ്യമസ്തിഷ്കത്തിലെ നാഡീപ്രവർത്തനങ്ങളുമായി ചേർത്ത് മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ ശാഖയുടെ മുഖ്യ സവിശേഷത. ഭാഷയുടെ ഉത്ഭവം, ഭാഷ കൈവരിക്കൽ, സംസാരിക്കൽ, കേൾവി, വായന, എഴുത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ മസ്തിഷ്കത്തിലെ ഏത് ഭാഗങ്ങളിലൂടെയാണ് നടപ്പാകുന്നത് എന്നതിനെക്കുറിച്ചുള്ള പഠനങ്ങളാണ് ന്യൂറോ ലിംഗ്വിസ്റ്റിക്സിന്റെ അടിസ്ഥാനപരമായ അന്വേഷണങ്ങൾ.

ഈ ശാസ്ത്രശാഖയുടെ ചരിത്രപരമായ തുടക്കം പതിനൊന്നാം നൂറ്റാണ്ടിലാണ്. 1860-കളിൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ പോൾ ബ്രോക്ക (Paul Broca) മനുഷ്യ മസ്തിഷ്കത്തിലെ സംസാരശേഷിയെ നിയന്ത്രിക്കുന്ന പ്രത്യേക ഭാഗമായ ബ്രോക്കാസ് ഏരിയ (Broca’s Area) കണ്ടെത്തിയതോടെയാണ് ഭാഷയും മസ്തിഷ്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ ശക്തിപ്രാപിക്കുന്നത്. ഇതോടെ ഭാഷ ഒരു അമൂർത്ത ആശയമല്ല, മറിച്ച് നാഡീഘടനകളിൽ അധിഷ്ഠിതമായ ഒരു മാനസിക പ്രവർത്തനമാണെന്ന ധാരണ ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടു. തുടർന്ന് കാറൽ വെർണിക്കെ (Carl Wernicke) നടത്തിയ പഠനങ്ങൾ ഭാഷാബോധവും അർത്ഥഗ്രഹണവും സംബന്ധിച്ച ന്യൂറൽ ഘടനകളെ കൂടുതൽ വ്യക്തമായി വിശദീകരിച്ചു.

സാഹിത്യ പഠനത്തിന്റെ മേഖലയിൽ, വായന എന്നത് അക്ഷരങ്ങളെയും വാക്കുകളെയും തിരിച്ചറിയുന്ന ഒരു യാന്ത്രിക പ്രവർത്തനം മാത്രമല്ലെന്ന തിരിച്ചറിവ് ഏറെ പ്രാധാന്യമർഹിക്കുന്നു. കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സും ന്യൂറോ ലിംഗ്വിസ്റ്റിക്സും സൂചിപ്പിക്കുന്നത്, സാഹിത്യ വായന ഒരു സങ്കീർണ്ണമായ മാനസിക–നാഡീ പ്രക്രിയയാണെന്നതാണ്. ഒരു കഥയെയോ കവിതയെയോ വായിക്കുമ്പോൾ വായനക്കാരന്റെ മസ്തിഷ്കം ദൃശ്യങ്ങൾ സൃഷ്ടിക്കുന്നു, അനുഭവങ്ങളെ ഓർമ്മകളുമായി ബന്ധിപ്പിക്കുന്നു, വികാരങ്ങളെ ഉണർത്തുന്നു, രൂപകങ്ങളും ബിംബങ്ങളും ഉപയോഗിച്ച് അർത്ഥത്തെ പുനർനിർമ്മിക്കുന്നു. അതിനാൽ സാഹിത്യകൃതി വായനക്കാരന്റെ മസ്തിഷ്കത്തിനുള്ളിൽ വീണ്ടും “സൃഷ്ടിക്കപ്പെടുന്ന” ഒരു അനുഭവമായി മാറുന്നു.

ഈ പശ്ചാത്തലത്തിലാണ് കോഗ്നിറ്റീവ് പോയറ്റിക്സും ന്യൂറോ ലിംഗ്വിസ്റ്റിക് സമീപനങ്ങളും സാഹിത്യ വിശകലനത്തിൽ പ്രത്യേക പ്രാധാന്യം നേടുന്നത്. കഥാപാത്രങ്ങളുടെ മാനസിക ലോകം, ഭാഷയിലെ രൂപകങ്ങൾ, പ്രതീകങ്ങൾ, നറേറ്റീവ് ഘടനകൾ എന്നിവ വായനക്കാരന്റെ മസ്തിഷ്കത്തിൽ എങ്ങനെയാണ് പ്രോസസ്സ് ചെയ്യപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള പഠനം സാഹിത്യത്തെ ഒരു പുതിയ ശാസ്ത്രീയ ദൃഷ്ടികോണത്തിലേക്ക് നയിക്കുന്നു.

മലയാളസാഹിത്യ പഠനങ്ങളിലും ഈ സമീപനം ക്രമേണ ശക്തിപ്രാപിച്ചുവരികയാണ്. പ്രത്യേകിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ മുൻനിർത്തി, ഭാഷ, ഓർമ്മ, വികാരം എന്നിവ തമ്മിലുള്ള ബന്ധങ്ങളെ വിശദമായി പരിശോധിച്ച ഡോ. പി. എം. ഗിരീഷ് പോലുള്ള ഗവേഷകരുടെ പഠനങ്ങൾ ശ്രദ്ധേയമാണ്. ബഷീറിന്റെ ലളിതമെന്ന് തോന്നുന്ന ഭാഷയും ആഴമേറിയ മാനസിക ലോകവും വായനക്കാരന്റെ മസ്തിഷ്കത്തിൽ എങ്ങനെ ശക്തമായ അനുഭവങ്ങളായി മാറുന്നു എന്നത് ന്യൂറോ–കോഗ്നിറ്റീവ് രീതിശാസ്ത്രം ഉപയോഗിച്ച് അവർ വിശകലനം ചെയ്യുന്നു. ഇതുവഴി സാഹിത്യ പഠനം ഭാഷാശാസ്ത്രം, മനഃശാസ്ത്രം, നാഡീവിജ്ഞാനം എന്നീ മേഖലകളുമായി സംവദിക്കുന്ന ഒരു അന്തർവിഭാഗീയ പഠനരീതിയായി വികസിക്കുന്നു.

അതിനാൽ, ന്യൂറോ ലിംഗ്വിസ്റ്റിക്സ് അടിസ്ഥാനമാക്കിയുള്ള സാഹിത്യ വിശകലനം ഭാഷയെ ഒരേസമയം ജൈവികവും സാംസ്കാരികവുമായ പ്രതിഭാസമായി കാണാൻ സഹായിക്കുന്നു. ഇത് സാഹിത്യത്തിന്റെ സൗന്ദര്യാനുഭവത്തെ മാത്രം അല്ല, മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെയും അതിലൂടെ രൂപപ്പെടുന്ന അർത്ഥനിർമ്മാണ പ്രക്രിയകളെയും ആഴത്തിൽ മനസ്സിലാക്കാനുള്ള ഒരു ശക്തമായ സിദ്ധാന്തപരമായ അടിത്തറ ഒരുക്കുന്നു.

 

ബാല്യകാലസഖിയിലെ ബിംബനിർമ്മിതി (Image Construction)

 

ബഷീറിന്റെ രചനാശൈലി വായനക്കാരന്റെ മസ്തിഷ്കത്തിൽ അതിവേഗത്തിൽ സജീവമായ ദൃശ്യബിംബങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തിയുള്ളതാണ്. അദ്ദേഹത്തിന്റെ ഭാഷ ലളിതവും ദൈനംദിനവുമായിരിക്കുമ്പോഴും, അതിലൂടെ ഉണരുന്ന ബിംബങ്ങൾ അതീവ ശക്തവും അനുഭവസമ്പന്നവുമാണ്. സാധാരണ ജീവിതസാഹചര്യങ്ങളിൽ നിന്നുതന്നെ, മറ്റാർക്കും എളുപ്പത്തിൽ തോന്നാത്ത രീതിയിൽ, സവിശേഷമായ ദൃശ്യസംയോജനങ്ങൾ നിർമ്മിക്കാനുള്ള ബഷീറിന്റെ കഴിവ് കോഗ്നിറ്റീവ് പോയറ്റിക്സ് എന്ന സിദ്ധാന്തപരമായ ദൃഷ്ടികോണിൽ പ്രത്യേകം ശ്രദ്ധേയമാണ്.

ബാല്യകാലസഖി എന്ന കൃതിയിൽ, ഇടങ്ങൾ, കഥാപാത്രങ്ങൾ, നിത്യജീവിത അനുഭവങ്ങൾ എന്നിവ വായനക്കാരന്റെ മസ്തിഷ്കത്തിൽ നേരിട്ടുള്ള ദൃശ്യാനുഭവങ്ങളായി പുനർസംവിധാനം ചെയ്യപ്പെടുന്നു. വായന പ്രക്രിയയിൽ, വാക്കുകൾ കേവലം അർത്ഥവാഹികളായ ചിഹ്നങ്ങളായി മാത്രം നിലനിൽക്കാതെ, mental imagery എന്ന നാഡീപ്രവർത്തനത്തെ ഉണർത്തുന്ന ഉത്തേജകങ്ങളായി പ്രവർത്തിക്കുന്നു. ഇതുവഴി വായനക്കാരൻ കൃതിയിലെ സംഭവങ്ങളെ “കാണുന്നവനായി” മാറുകയും, കഥാപാത്രങ്ങളുടെ വികാരാവസ്ഥകളെ സ്വന്തം ഓർമ്മകളുമായും അനുഭവങ്ങളുമായും ബന്ധിപ്പിക്കുകയും ചെയ്യുന്നു.

ന്യൂറോ–കോഗ്നിറ്റീവ് നിലയിൽ, ഇത്തരം ബിംബനിർമ്മിതി മസ്തിഷ്കത്തിലെ ദൃശ്യസംസ്‌കരണ മേഖലകളും (visual processing areas) ഓർമ്മയുമായി ബന്ധപ്പെട്ട നാഡീഘടനകളും ഒരേസമയം സജീവമാകുന്നതിലൂടെ സാധ്യമാകുന്നു. ബഷീറിന്റെ ഭാഷയിൽ കാണുന്ന ലാളിത്യവും സൂക്ഷ്മവുമായ വിശദാംശങ്ങളും വായനക്കാരന്റെ embodied cognition എന്ന അനുഭവാധിഷ്ഠിത ബോധത്തെ ഉണർത്തുന്നു. അതായത്, കൃതിയിലെ അനുഭവങ്ങൾ ശരീരബോധത്തോടും വികാരാനുഭവങ്ങളോടും ചേർന്ന് വായനക്കാരന്റെ ഉള്ളിൽ പുനർനിർമ്മിക്കപ്പെടുന്നു.

ഈ രീതിയിൽ, ബാല്യകാലസഖിയിലെ ബിംബനിർമ്മിതി സാഹിത്യസൗന്ദര്യത്തിന്റെ ഘടകമായി മാത്രമല്ല, മറിച്ച് വായനക്കാരന്റെ മസ്തിഷ്കത്തിൽ നടക്കുന്ന സജീവമായ അർത്ഥനിർമ്മാണ പ്രക്രിയയായി മനസ്സിലാക്കാവുന്നതാണ്. അതിനാൽ, ബഷീറിന്റെ രചനാശൈലി കോഗ്നിറ്റീവ് പോയറ്റിക്സും ന്യൂറോ ലിംഗ്വിസ്റ്റിക്സും മുന്നോട്ടുവെക്കുന്ന വായനാസിദ്ധാന്തങ്ങൾക്ക് മലയാള സാഹിത്യത്തിൽ ശക്തമായ ഉദാഹരണമായി നിലകൊള്ളുന്നു.

 

എംബോഡിഡ് കോഗ്നിറ്റീഷൻ (Embodied Cognition)

 

എംബോഡിഡ് കോഗ്നിറ്റീഷൻ എന്ന സിദ്ധാന്തം, സാഹിത്യ വായന ഒരു ശുദ്ധമായ ബൗദ്ധിക പ്രവർത്തനമല്ലെന്നും, മറിച്ച് വായനക്കാരന്റെ മുൻകാല ശാരീരിക അനുഭവങ്ങൾ, ഇന്ദ്രിയബോധങ്ങൾ, വികാര ഓർമ്മകൾ എന്നിവയുമായി ചേർന്നാണ് അർത്ഥനിർമ്മാണം നടക്കുന്നതെന്നും വിശദീകരിക്കുന്നു. ഭാഷയിലൂടെ കൈമാറപ്പെടുന്ന അനുഭവങ്ങൾ ശരീരബോധത്തോടും സംവേദനങ്ങളോടും ബന്ധപ്പെട്ടു മാത്രമാണ് വായനക്കാരന്റെ മസ്തിഷ്കത്തിൽ അർത്ഥവത്താകുന്നത് എന്നതാണ് ഈ സമീപനത്തിന്റെ മുഖ്യ വാദം.

ബാല്യകാലസഖിയിൽ മജീദിന്റെയും സുഹറയുടെയും പ്രണയവും ദാരിദ്ര്യവും ബഷീർ അവതരിപ്പിക്കുന്ന രീതി ഈ സിദ്ധാന്തത്തിന് ഉത്തമ ഉദാഹരണമാണ്. വിശപ്പ്, ക്ഷീണം, ദുഃഖം, ആഗ്രഹം, സ്നേഹം തുടങ്ങിയ അവസ്ഥകൾ അദ്ദേഹം ആലങ്കാരിക ഭാഷയിലൂടെ അതിവിശദമായി വരച്ചുകാട്ടുന്നില്ല; പകരം, ലളിതവും ദൈനംദിനവുമായ വാക്കുകളിലൂടെ വായനക്കാരന്റെ സ്വന്തം അനുഭവസ്മരണകളെ ഉണർത്തുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി, ഈ വാക്കുകൾ വായനക്കാരന്റെ മസ്തിഷ്കത്തിലെ സംവേദനകേന്ദ്രങ്ങൾ (sensory centers), പ്രത്യേകിച്ച് സ്പർശബോധം, ദൃശ്യബോധം, വികാരസംസ്‌കരണ മേഖലകൾ എന്നിവയെ നേരിട്ട് സജീവമാക്കുന്നു.

ന്യൂറോ–കോഗ്നിറ്റീവ് നിലയിൽ, ഇത്തരം അനുഭവവിവരണങ്ങൾ വായനക്കാരന്റെ മസ്തിഷ്കത്തിൽ embodied simulation എന്ന പ്രക്രിയയെ ഉണർത്തുന്നു. അതായത്, കൃതിയിലെ അനുഭവങ്ങൾ വായനക്കാരൻ തന്റെ ശരീരത്തിൽ  “അനുഭവിക്കുന്നതുപോലെ” തന്നെയാണ്  പുനർനിർമ്മിക്കപ്പെടുന്നത്. ഇതുവഴി, കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകൾ ദൂരെ തടക്കുന്ന ഒരു കഥയായിട്ടല്ല മറിച്ച് വ്യക്തിപരമായ അനുഭവങ്ങളായി വായനക്കാരന്റെ ഉള്ളിൽ പതിയുന്നു.

 

കോഗ്നിറ്റീവ് ആഘാതം (Cognitive Impact)

 

ഈ രീതിയിലുള്ള ശക്തമായ അനുഭവസാന്ദ്രതയെക്കുറിച്ചാണ് ബാല്യകാലസഖിയെ മുൻനിർത്തി എം. പി. പോൾ നടത്തിയ ‘ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ഏട്” എന്ന പ്രശസ്തമായ നിരീക്ഷണം സൂചിപ്പിക്കുന്നത്. ഈ വാക്കുകൾ, നോവൽ സൃഷ്ടിക്കുന്ന സൗന്ദര്യബോധത്തേക്കാൾ അപ്പുറം, വായനക്കാരന്റെ മനസ്സിലും ശരീരബോധത്തിലും ഒരേസമയം ഉണ്ടാകുന്ന ആഴത്തിലുള്ള വൈകാരികമായ  പ്രതികരണത്തെ  അടയാളപ്പെടുത്തുന്നു.

കൃതിയുടെ വായന വായനക്കാരനിൽ വെറും ബൗദ്ധിക ഗ്രഹണമെന്ന നിലയിൽ അവസാനിക്കുന്നില്ല; മറിച്ച് അത് നാഡീവ്യൂഹങ്ങളിലുടനീളം വ്യാപിക്കുന്ന ഒരു കോഗ്നിറ്റീവ് ആഘാതമായി മാറുന്നു. കഥാപാത്രങ്ങളുടെ ദുഃഖവും സ്നേഹവും ദാരിദ്ര്യവും വായനക്കാരന്റെ സ്വന്തം അനുഭവങ്ങളുമായി ലയിക്കുന്ന ഘട്ടത്തിലാണ് ഈ ആഘാതം സൃഷ്ടിക്കപ്പെടുന്നത്. അതിനാൽ, ബാല്യകാലസഖിയുടെ വായനാനുഭവം കോഗ്നിറ്റീവ് പോയറ്റിക്സും ന്യൂറോ ലിംഗ്വിസ്റ്റിക്സും ചൂണ്ടിക്കാണിക്കുന്നതുപോലെ, വായനക്കാരന്റെ മസ്തിഷ്കത്തിൽ നടക്കുന്ന സജീവമായ അർത്ഥനിർമ്മാണവും അനുഭവപുനർസൃഷ്ടിയുമായി വിലയിരുത്താം.

 

 രൂപകങ്ങളുടെ വായന (Conceptual Metaphor Mapping)

 

ജോർജ് ലക്കോഫ് (George Lakoff) അവതരിപ്പിച്ച രൂപക സിദ്ധാന്തം (Conceptual Metaphor Theory) അനുസരിച്ച്, സാഹിത്യത്തിലെ രൂപകങ്ങൾ അലങ്കാരോപാധികൾ മാത്രമല്ല; മറിച്ച് വായനക്കാരന്റെ മസ്തിഷ്കത്തിൽ പുതിയ ചിന്താഭൂപടങ്ങൾ (mental maps) നിർമ്മിക്കുന്ന അടിസ്ഥാന കോഗ്നിറ്റീവ് ഘടനകളാണ്. മനുഷ്യൻ നേരിടുന്ന സങ്കീർണ്ണമായ മാനസികാവസ്ഥകളും സാമൂഹികാനുഭവങ്ങളും മനസ്സിലാക്കുന്നത് ഇത്തരം രൂപകമാപ്പിംഗുകളിലൂടെയാണ്. അതിനാൽ, ഒരു സാഹിത്യകൃതിയിലെ രൂപകങ്ങൾ വായനക്കാരന്റെ അർത്ഥഗ്രഹണരീതിയെയും ചിന്താസരണിയെയും ആന്തരികമായി രൂപപ്പെടുത്തുന്നു.

ബാല്യകാലസഖിയിൽ ലക്കോഫ് നിർദേശിച്ച “അവസ്ഥകൾ പാത്രങ്ങളാണ്” (States are Containers) എന്ന കോഗ്നിറ്റീവ് രൂപകത്തിന്റെ പ്രവർത്തനം വ്യക്തമായി കാണാം. മജീദും സുഹറയും അനുഭവിക്കുന്ന നിസ്സഹായത, ദാരിദ്ര്യം, സാമൂഹിക നിയന്ത്രണങ്ങൾ എന്നിവ വായനക്കാരൻ ഗ്രഹിക്കുന്നത് ‘അകപ്പെട്ട അവസ്ഥ’, ‘കുരുങ്ങിയ ജീവിതവ്യവസ്ഥ’, ‘പുറത്തേക്കുള്ള വഴിയില്ലായ്മ’ തുടങ്ങിയ പാത്രാത്മക ബിംബങ്ങളിലൂടെയാണ്. ഇതുവഴി, കഥാപാത്രങ്ങളുടെ മാനസികാവസ്ഥകൾ ആന്തരിക അനുഭവങ്ങളായി മാത്രം അല്ല, മറിച്ച് അതിനുള്ളിൽ കുടുങ്ങിക്കിടക്കേണ്ടി വരുന്ന ഒരു ഭൗതിക ഇടമായി വായനക്കാരന്റെ മനസ്സിനെ രൂപപ്പെടുത്തുന്നു

ഇത്തരം രൂപകമാപ്പിംഗുകൾ വായനക്കാരന്റെ കോഗ്നിറ്റീവ് ഫ്രെയിമുകളെ (cognitive frames) സജീവമാക്കുകയും, കഥാപാത്രങ്ങളോടുള്ള അനുഭാവം കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുന്നു. ഭാഷയിൽ നേരിട്ട് പറയപ്പെടാത്ത വികാരങ്ങളും സാമൂഹിക പ്രതിസന്ധികളും രൂപകങ്ങളിലൂടെ വ്യക്തമായ മാനസിക ഘടനകളായി മസ്തിഷ്കത്തിൽ രൂപപ്പെടുന്നതാണ് ഇവിടെ നടക്കുന്നത്. ഇതിന്റെ ഫലമായി, വായനക്കാരൻ കഥാപാത്രങ്ങളുടെ അവസ്ഥയെ ബൗദ്ധികമായി മാത്രമല്ല, അനുഭവപരമായും ഉൾക്കൊള്ളുന്നു.

 

സാംസ്കാരിക സ്മൃതി (Cultural Memory)

 

ഈ കോഗ്നിറ്റീവ് പ്രക്രിയകൾ വ്യക്തിഗത വായനാനുഭവത്തിൽ മാത്രം പരിമിതമല്ല; അവ ഒരു സമൂഹത്തിന്റെ സാംസ്കാരിക സ്മൃതിയെയും (cultural memory) ദീർഘകാലത്ത് രൂപപ്പെടുത്തുന്നു. ഇന്ദുലേഖ പോലെ തന്നെ ബാല്യകാലസഖിയും മലയാളിയുടെ സാമൂഹിക–സാംസ്കാരിക ബോധത്തെ ആഴത്തിൽ സ്വാധീനിച്ച ഒരു നിർണായക കൃതിയായി നിലകൊള്ളുന്നു. മരുമക്കത്തായം പോലുള്ള പാരമ്പര്യ സാമൂഹികക്രമങ്ങളിൽ നിന്ന് ആധുനിക വ്യക്തിത്വത്തിലേക്കുള്ള മാറ്റം, ഈ കൃതികളിലെ നറേറ്റീവ് രൂപകങ്ങളും ആശയമാപ്പിംഗുകളും വഴി വായനക്കാരന്റെ ചിന്താസരണിയിൽ എങ്ങനെ പതിഞ്ഞുവെന്നത് കോഗ്നിറ്റീവ് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള കൃതികൾ സൃഷ്ടിക്കുന്ന രൂപകങ്ങളും നറേറ്റീവ് ഘടനകളും ചേർന്നാണ് ഒരു സമൂഹത്തിന്റെ ചരിത്രബോധവും സാമൂഹിക ഓർമ്മയും ക്രമേണ രൂപപ്പെടുന്നത്. അതിനാൽ, ബാല്യകാലസഖിയിലെ രൂപകങ്ങളുടെ വായന വ്യക്തിഗത അർത്ഥനിർമ്മാണത്തിന്റെ തലത്തിൽ മാത്രമല്ല, മലയാളിയുടെ സമാഹാരിക സാംസ്കാരിക സ്മൃതിയുടെ കോഗ്നിറ്റീവ് ഘടനകൾ മനസ്സിലാക്കുന്നതിനും നിർണായകമാണ്.

 

നാഡീശാസ്ത്രപരമായ കാഴ്ചപ്പാടുകൾ (Neuroscientific Perspectives)

 

മനുഷ്യൻ ഭാഷ വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന പ്രക്രിയയിൽ മസ്തിഷ്കം എങ്ങനെ പ്രതികരിക്കുന്നു എന്നത് മനസ്സിലാക്കുന്നതിൽ നാഡീശാസ്ത്രപരമായ പഠനങ്ങൾ നിർണായക പങ്കുവഹിക്കുന്നു. പ്രത്യേകിച്ച് മലയാളം പോലുള്ള ഭാഷകളിലെ ‘അനുഭവ ക്രിയകൾ’ -

ഉദാഹരണത്തിന് അനുഭവിക്കുക, തോന്നുക, വേദനിക്കുക, സ്നേഹിക്കുക തുടങ്ങിയവ — വായിക്കുമ്പോൾ വായനക്കാരന്റെ മസ്തിഷ്കത്തിൽ ഉണ്ടാകുന്ന നാഡീപ്രവർത്തനങ്ങൾ N400 പോലുള്ള ഇലക്ട്രോഫിസിയോളജിക്കൽ സിഗ്നലുകളിലൂടെ പഠിക്കപ്പെട്ടിട്ടുണ്ട്. വാക്യത്തിലെ അർത്ഥസംബന്ധമായ ഏകോപനമോ വ്യത്യാസമോ മസ്തിഷ്കം എത്ര വേഗത്തിൽ തിരിച്ചറിയുന്നു എന്നതിന്റെ സൂചനകളാണ് ഇത്തരം സിഗ്നലുകൾ നൽകുന്നത്.

അനുഭവ ക്രിയകൾ വായിക്കുമ്പോൾ, വായനക്കാരൻ ഒരു പ്രവർത്തനം മാത്രമല്ല, ഒരു അന്തരാനുഭവം തന്നെ ഗ്രഹിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഇത്തരം ക്രിയകൾ മസ്തിഷ്കത്തിലെ അർത്ഥസംസ്‌കരണ മേഖലകളോടൊപ്പം വികാരസംസ്‌കരണവുമായി ബന്ധപ്പെട്ട നാഡീകേന്ദ്രങ്ങളെയും സജീവമാക്കുന്നു. ഇതുവഴി സാഹിത്യവായന ഒരു ബൗദ്ധിക പ്രവർത്തനമായി മാത്രം അല്ല, മറിച്ച് നാഡീപരവും വൈകാരികവുമായ ഒരുമിച്ചുള്ള പ്രക്രിയയായി മാറുന്നു.

ഇതോടൊപ്പം, മലയാളത്തിൽ മസ്തിഷ്കവും സർഗ്ഗാത്മകതയും തമ്മിലുള്ള ബന്ധത്തെ ദാർശനികമായും ശാസ്ത്രീയമായും പരിശോധിച്ച പഠനങ്ങളും ശ്രദ്ധേയമാണ്. ഡോ. കെ. രാജശേഖരൻ നായരുടെ ‘ഞാൻ എന്ന ഭാവം’ പോലുള്ള കൃതികൾ, ‘സ്വയം’ (self), ബോധം, ഭാഷ, സർഗ്ഗാത്മകത എന്നിവ തമ്മിലുള്ള അന്തർബന്ധങ്ങളെ വിശദമായി വിശകലനം ചെയ്യുന്നു. വ്യക്തിയുടെ ‘ഞാൻ’ എന്ന ബോധം എങ്ങനെ ഭാഷയിലൂടെ രൂപപ്പെടുന്നു, അത് മസ്തിഷ്കത്തിലെ ബോധപ്രവർത്തനങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടു നിലകൊള്ളുന്നു എന്നതിനെക്കുറിച്ചുള്ള ഈ പഠനങ്ങൾ ന്യൂറോ–കോഗ്നിറ്റീവ് സാഹിത്യവിശകലനത്തിന് ശക്തമായ സിദ്ധാന്തപരമായ അടിത്തറ നൽകുന്നു.

 

​ഉപസംഹാരം

 

​ന്യൂറോ ലിംഗ്വിസ്റ്റിക്സും കോഗ്നിറ്റീവ് പോയറ്റിക്സും മലയാള സാഹിത്യപഠനത്തിന് പുതിയൊരു ശാസ്ത്രീയ തലം നൽകുന്നു. ബാല്യകാലസഖി പോലുള്ള കൃതികൾ വായനക്കാരന്റെ മസ്തിഷ്കത്തിൽ കേവലം കഥകളായല്ല, മറിച്ച് അതീതീവ്രമായ അനുഭവങ്ങളായാണ് അടയാളപ്പെടുത്തപ്പെടുന്നത്. ബഷീർ തന്റെ ലളിതമായ ഭാഷയിലൂടെ സൃഷ്ടിക്കുന്ന സൗന്ദര്യശാസ്ത്രത്തെ നാഡീശാസ്ത്രപരമായ അടിത്തറയിൽ നിന്ന് മനസ്സിലാക്കാൻ ഇത്തരം പഠനങ്ങൾ സഹായിക്കുന്നു. ഭാവിയിൽ ലാർജ് ലാംഗ്വേജ് മോഡലുകളുടെയും (LLM) മസ്തിഷ്ക ചിത്രീകരണ സാങ്കേതികവിദ്യകളുടെയും സഹായത്തോടെ മസ്തിഷ്കം എങ്ങനെയാണ് മലയാളത്തിലെ സങ്കീർണ്ണമായ വ്യാകരണവും രൂപകങ്ങളും കൈകാര്യം ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും.

 

​കുറിപ്പ്

 

​1.N400: 

ഭാഷാപരമായ അർത്ഥവ്യതിയാനങ്ങൾ ഗ്രഹിക്കുമ്പോൾ മസ്തിഷ്കം പുറപ്പെടുവിക്കുന്ന ഒരു വൈദ്യുത തരംഗമാണിത്.

​2.അഫാസിയ (Aphasia): മസ്തിഷ്കത്തിലെ തകരാറുകൾ മൂലം ഭാഷ ഉപയോഗിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥ. മലയാളം സംസാരിക്കുന്ന അഫാസിയ രോഗികളിലെ ഭാഷാപരമായ മാറ്റങ്ങളെക്കുറിച്ച് നിംഹാൻസ് (NIMHANS), സി.യു.കെ (CUK) തുടങ്ങിയ സ്ഥാപനങ്ങളിൽ പഠനങ്ങൾ നടക്കുന്നുണ്ട്.

 

​ഗ്രന്ഥസൂചി

 

​ഗിരീഷ്, പി.എം. (2017). An Introduction to Cognitive Linguistics in Malayalam. കേരള സാഹിത്യ അക്കാദമി.

​ഗിരീഷ്, പി.എം. (2016). George Lakoff: Bhaashayute Raashtirya Manasu. ചിന്ത പബ്ലിഷേഴ്സ്.

​രാജശേഖരൻ നായർ, കെ. (2024). ഞാൻ എന്ന ഭാവം. ഡി.സി. ബുക്സ്.

​Girish, P.M. (2008). Text and Reading: Exercises in Hermeneutics. Language in India.

​Lakoff, G., & Johnson, M. (1980). Metaphors We Live By. University of Chicago Press.

​Aphasia in South Asian Languages (ASAL) Project Reports.

​MalUpama: Identification of Similes in Malayalam Research.

ചിന്ത എസ് ധരൻ

ഗവേഷക, മലയാള വിഭാഗം

സർക്കാർ വനിതാ കോളെജ്, തിരുവനന്തപുരം

Ph:9497364132

 
 
 

Related Posts

ജ്ഞാനപ്പാനയുടെ ഹിന്ദി വിവർത്തനം - ഡിജിറ്റൽ പ്രസാധനത്തിന്റെ വെളിച്ചത്തിൽ ഒരു വിമർശനാത്മകപഠനം

ഡോ. ഐശ്വര്യ പി. അസിസ്റ്റന്റ് പ്രൊഫസർ, ഭാഷാശാസ്ത്രസ്കൂൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല     പ്രബന്ധസംഗ്രഹം വിവർത്തനകൃതികളും ഇ-പബ്ലിഷിംഗുമായി ബന്ധപ്പെട്ട് വരുന്ന സങ്കീർണതകളെയും വെല്ലുവിളികളെയും മലയാളഭ

 
 
 
ക്വീർ സമൂഹവും മലയാള സിനിമയും

ശ്രീലക്ഷ്മി എസ് പ്രബന്ധ സംഗ്രഹം          മുഖ്യധാരയിൽ നിന്ന് ഒരുകാലത്ത് സമൂഹം അകറ്റി നിർത്തിയിരുന്ന വിഭാഗമാണ് ക്വീർ. ചേർത്ത് പിടിക്കലുകളുടെ പുതിയ കാലത്ത് സാഹിത്യത്തിലും കലയിലും അവർക്ക് അനുകൂലമായ നിലപാട

 
 
 
ഗോത്രഭാഷയുടെ സാമൂഹികഭാഷാസ്വഭാവം: മലവേട്ടുവഗോത്രത്തെ ആസ്പദമാക്കിയുള്ള പഠനം

കാവ്യ കണ്ണൻ    പ്രബന്ധ സംഗ്രഹം             സമൂഹവും ഭാഷയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഭാഷയുടെ സഹായത്താൽ സമൂഹത്തെയും സംസ്കാരത്തെയും പഠിക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ ഭാഷയ്ക്കും സമൂഹത്തിനും തമ്മിലുള്ള

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. എം. രാമചന്ദ്രൻ പിള്ള

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page