ഭഗവദ് ഗീതയിലെ പ്രായോഗിക നീതിപാഠങ്ങള്‍
- Mar 15
- 5 min read
Updated: 2d
ഡോ. രഞ്ജിത് കെ.കെ.

സംഗ്രഹം
മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന് അനിവാര്യമായ ശാശ്വതമൂല്യങ്ങളെ ഭഗവദ് ഗീതയെ അടിസ്ഥാനമാക്കി അവതരിപ്പിക്കുകയാണ് ഈ ലേഖനത്തില്‍. ലോകസംഗ്രഹത്തെ ലക്ഷ്യമാക്കി അനന്തബോധത്തിലേക്കുള്ള വ്യക്തിബോധത്തിന്‍റെ നിലയ്ക്കാത്ത വികാസം ആരംഭിക്കുന്നത്, വ്യക്തി നിഷ്ഠകള്‍ പ്രപഞ്ചസംഗ്രഹത്തെ ലക്ഷ്യമാക്കി നിര്‍വ്വഹിക്കുമ്പോളാണെന്ന് ലേഖനം വിലയിരുത്തുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിലേക്കായി മാത്രം ചുരുക്കാതെ സകല ജീവാജീവങ്ങളിലും ധാര്‍മ്മികതയെ വ്യാപിപ്പിക്കുക എന്നതാണ് വ്യക്തിധര്‍മ്മമെന്ന് ലേഖനം അടിവരയിടുന്നു.
താക്കോല്‍ വാക്കുകള്‍
വ്യഷ്ടി, സമഷ്ടി, അമാനവികത, ലോകസംഗ്രഹം, തത്ത്വമസി, തിതിക്ഷ, സമത്വം
ആമുഖം
ഭഗവദ് ഗീതയില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ട പാഠങ്ങള്‍ നിരവധിയാണ്. ഭാരതീയ ദര്‍ശനത്തെ അതിന്‍റെ ഉത്തുംഗങ്ങളില്‍ എത്തിച്ചതില്‍ ഭഗവദ്ഗീത പ്രധാന സ്ഥാനം വഹിക്കുന്നു. പല ആശയങ്ങളും തെറ്റായ രീതിയില്‍ പ്രയോഗിച്ചുകൊണ്ടാണ് ജീവിതത്തെ നാം മുന്നോട്ടു കൊണ്ടുപോകുന്നത്. ഉദാഹരണത്തിന് നമ്മുടെ കര്‍മ്മങ്ങളെ പരിശോധിച്ചാല്‍, കര്‍മ്മനിര്‍വ്വഹണത്തിന്‍റെ പ്രേരണ എന്നത് പലപ്പോഴും സ്വാര്‍ത്ഥമോഹങ്ങളായിരിക്കും. എന്നാല്‍ ഗീത പറയുന്നു, യജ്ഞഭാവേന ആയിരിക്കണം കര്‍മ്മം നിര്‍വ്വഹിക്കേണ്ടതെന്ന്. അതായത് കര്‍മ്മഫലത്തെ സമൂഹത്തിന്‍റെ ഉന്നമനത്തിനായി ത്യജിക്കണം. ഭഗവദ് ഗീതയിലെ ആശയങ്ങള്‍ ഇന്നും ലോകമനസ്സിനെ മുന്നോട്ടു നയിക്കുന്നു. ഇവിടെ ഗീതയില്‍ നിന്നുള്ള ചില പ്രധാനപ്പെട്ട ആശയങ്ങള്‍ പങ്കുവെക്കുകയാണ്. വ്യഷ്ടി - സമഷ്ടി സങ്കലനം സാധ്യമാകുന്ന തെങ്ങനെയെന്നുള്ള പരിശോധനയാണ് ഈ ലേഖനം.
ډ അമാനവികതയെ പ്രാപിക്കരുത് (2.3)
അമാനവികത സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്കും വിഘടനവാദത്തിനും പ്രധാന കാരണമാണ്. മുഴുവന്‍ സമൂഹത്തിന്‍റേയും സമഗ്രത ദര്‍ശിക്കുന്നതും, ചരാചരങ്ങളെ മുഴുവനും ആശ്ലേഷിക്കുന്നതും, സമഷ്ടിയുടെ നേര്‍ക്കുള്ള അനീതികളെ ചെറുക്കുന്നതും മാനവികതയാണ്. അമാനവികത സാമൂഹിക സമരസതയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്. അമാനവികത യുടെ മറ്റൊരു പ്രധാന കാരണം സാമൂഹിക സുസ്ഥിരതയുടെ സ്തംഭങ്ങളായ മൂല്യങ്ങളുടെ ആചരണമില്ലായ്മയാണ്. വ്യത്യസ്ത മതജാതി വര്‍ഗ്ഗ തൊഴില്‍ വിഭാഗത്തിലുള്ള ജനതയെ സമവായത്തില്‍ നിലനിര്‍ത്തുന്നത് മൂല്യങ്ങളാണ്. മനുഷ്യവംശം തമ്മില്‍ കലഹിക്കുന്നതിനും ചരാചരങ്ങളോടുള്ള അസഹിഷ്ണുതയ്ക്കും ഹിംസാത്മകതയ്ക്കും കാരണമാകുന്നതും മൂല്യാചരണത്തിന്‍റെ നിഷേധമാണ്.
മനുഷ്യനെ മാത്രമല്ല, മനുഷ്യേതരജാലങ്ങളെയും കരുതുന്നിടത്താണ് ഓരോ മാനവനും മാനവികതയുടെ ഭാഗമാകുന്നത്. മുഴുവന്‍ ചരാചരങ്ങളുടെയും ക്ഷേമം ഉറപ്പാക്കുക എന്നതാണ് മാനവികതയുടെ ധര്‍മ്മം.
ഓരോ വ്യക്തിയുടെയും ധര്‍മ്മബോധം അവന്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും ഗ്രൂപ്പിനുള്ളില്‍ - വര്‍ഗ്ഗം, ജാതി, തൊഴില്‍ വിഭാഗങ്ങള്‍ - മാത്രമായി ചുരുങ്ങുന്നു. ഒരാളുടെ സന്തോഷം മറ്റൊരാളുടെ കടമയല്ലാതാകുന്ന മനുഷ്യത്വത്തിന്‍റെ ധാര്‍മ്മിക നിശ്ചലത, വരും തലമുറയുമായുള്ള പാരസ്പരികതയ്ക്കും സുസ്ഥിരതയ്ക്കും വിഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്നുള്ള യുദ്ധങ്ങളില്‍ നിന്നും ആഗോളമാനവികതയുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് മനസ്സിലാക്കാം. ഇവിടെയാണ് ‘അമാനവികതയെ പ്രാപിക്കരുത് എന്ന ഗീതാഹ്വാനത്തിന്‍റെ പ്രസക്തി. സമഷ്ടിയുടെ ഋതത്തെ ഇല്ലാതാക്കുന്ന വികര്‍മ്മങ്ങള്‍ക്കെതിരെയുള്ള ധാര്‍മ്മിക പക്ഷത്തിന്‍റെ പ്രതികരണങ്ങള്‍ മാനവികതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. അതുകൊണ്ട് ഹൃദയദൗര്‍ബല്യത്തെ സൃഷ്ടിക്കുന്നതും, അനുയോജ്യമല്ലാത്തതും, കാര്യക്ഷമതയെ മന്ദീഭവിപ്പിക്കുന്നതും, വ്യഷ്ടി-സമഷ്ടിയുടെ അപകീര്‍ത്തിക്ക് കാരണമാകുന്നതുമായ അമാനവികതയെ വ്യക്തിത്വ വിശേഷമാക്കാന്‍ അനുവദിക്കരുത്’.
പാരസ്പര്യബന്ധം ശീലിക്കുക (3.11)
ഈ പ്രപഞ്ചമെന്നത് പരസ്പരബന്ധിതമായ വ്യവസ്ഥയാണ്. അവിടെ ജീവാജീവജാലങ്ങള്‍ പരസ്പരമാശ്രയിച്ച് സ്വന്തം നിലനില്‍പ്പിനെ ഊര്‍ജ്ജ്വസ്വലമാക്കുന്നു. മനുഷ്യര്‍ ഈ സഹകരണ ശക്തിക്ക് പ്രാധാന്യം നല്‍കാതിരിക്കുമ്പോള്‍ അവന്‍റെ നിലനില്‍പ്പ് അപകടത്തിലായി തുടങ്ങുന്നു. അതിനാല്‍ തന്നെയും പരസ്പരമാശ്രയത്തിന്‍റെ മൂല്യം നാം സമാചരിക്കേണ്ടതുണ്ട്. പാരസ്പര്യബന്ധത്തെ സംബന്ധിച്ച് ഭഗവദ് ഗീത നല്‍കുന്ന ഒരു ഉറപ്പ് ഉണ്ട്. ‘പരസ്പരം പോഷിപ്പിച്ചുകൊണ്ട് ശ്രേയസ്സും സമൃദ്ധിയും നേടുക എന്ന്.
1)പാരസ്പര്യബന്ധമെന്ന ആശയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന യുക്തി എന്തെന്നാല്‍, ഒരു വ്യക്തി അല്ലങ്കില്‍ ചരാചരങ്ങള്‍ അതിന്‍റെ അസ്ഥിത്വത്തിന്‍റെ ക്ഷേമം പൂര്‍ണ്ണമാക്കുന്നത് മറ്റൊന്നിന്‍റെ നിലനില്‍പ്പിനെ ആശ്രയിച്ച് മാത്രമാണ്.
പ്രകൃതിയുമായുള്ള മനുഷ്യന്‍റെ ബന്ധം പലപ്പോഴും അവന്‍റെ സ്വാര്‍ത്ഥതാല്പര്യങ്ങ ളെയും, വ്യക്തിപരമായ ആവശ്യങ്ങളേയും ആഗ്രഹങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ്. അതിന്‍റെ സ്ഥാനത്ത് ധാര്‍മ്മിക ബോധത്തിന്‍റെ ബഹുമാനമാണ് പ്രകൃതിയോടുണ്ടാകേണ്ടതെന്ന് ഗീത ഓര്‍മ്മിപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍ പ്രകൃതിയുടെ വൈശിഷ്ട്യത്തിലും സമൃദ്ധിയിലും കനിവിലും നിലനില്‍പ്പിനെ പലവിധത്തില്‍ ആസ്വദിക്കുന്ന മനുഷ്യര്‍, പ്രകൃതിയാല്‍ നല്‍കപ്പെട്ട വസ്തുക്കളെ പ്രകൃതിക്ക് തിരിച്ചുകൊടുക്കാതെ ആസ്വദിക്കുന്നത് പരോപകാര നീതിശാസ്ത്രത്തിന്‍റെ ലംഘനമാണ്. അങ്ങനെയുള്ളവരെ മോഷ്ടാക്കള്‍ എന്നാണ് ഭഗവദ് ഗീത വിളിക്കുന്നത്.
2) ഗീത അവതരിപ്പിക്കുന്ന പാരസ്പര്യബന്ധം ധാര്‍മ്മിക വ്യാപനത്താല്‍ കേന്ദ്രീകൃതമായ നിയതകര്‍മ്മമാണ്.
അമേരിക്കന്‍ ബയോളജിസ്റ്റും പരിസ്ഥിതി ചിന്തകനുമായ ബാരി കമോണര്‍ ഈ പാരസ്പര്യ സിദ്ധാന്തത്തിന് പ്രാധാന്യം നല്‍കുന്നതായി കാണാം. ‘എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു’ എന്ന് അദ്ദേഹം പറയുന്നു.
3 ) പരിസ്ഥിതി വിജ്ഞാനത്തിന്‍റെ ആദ്യ തത്ത്വ സംഹിതയാണ് ഈ പാരസ്പര്യ ബന്ധം.
വ്യക്തി സ്വന്തം ആന്തരിക സത്തയെ സാക്ഷാത്ക്കരിക്കുമ്പോള്‍ ചുറ്റിലുമുള്ള സകല പ്രപഞ്ചത്തോടും അവന് സമത്വബോധം ഉദിക്കുന്നു. അവിടെ നിന്നാണ് പാരസ്പര്യ മൂല്യം ഉദ്ഭവിക്കുന്നത്. സുഖമായാലും ദുഃഖമായാലും സ്വയം അനുഭവപ്പെടുന്നതു പോലെയാണ് എല്ലാവര്‍ക്കുമെന്ന് ഒരു വ്യക്തി അനുഭവിക്കാന്‍ തുടങ്ങുന്നിടത്ത് പരസ്പരാശ്രയത്വം അതിന്‍റെ ഉദാത്തതലത്തില്‍ എത്തിച്ചേരുന്നു എന്ന് ഗീത ധ്യാനയോഗത്തില്‍ പറയുന്നുണ്ട്.
4 )സ്നേഹം, കരുണ, പരിചരണം തുടങ്ങിയ മൂല്യങ്ങളൊക്കെ ആ തലത്തിന്‍റെ വ്യാവഹാരിക രൂപങ്ങളാണ്.
ഭഗവദ് ഗീതയിലെ ഈ പാരസ്പര്യ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് നോര്‍വീജിയന്‍ പരിസ്ഥിതി ദാര്‍ശനികനായ ആര്‍നി നെസ്സ) “ഡീപ് ഇക്കോളജി” എന്ന പരിസ്ഥിതി ദര്‍ശന ശാഖ രൂപീകരിച്ചത്. ഒരു ആവാസവ്യവസ്ഥയില്‍ ചരാചരങ്ങളൊക്കെയും പരസ്പര സഹകരണത്തോടെയാണ് നിലനില്‍ക്കുന്നത്. നമ്മുടെ അസ്ഥിത്വത്തെ അതിന്‍റെ എല്ലാ ചേരുവകളോടും കൂടി നിലനിര്‍ത്താന്‍ പ്രകൃതിയിലെ ഓരോ ഘടകവും നമുക്ക് നല്‍കുന്ന സേവനമൂല്യത്തെ (ടലൃ്ശരല ഢമഹൗല) സംബന്ധിച്ചുള്ള അവബോധമാണ് ഓരോ വ്യക്തിക്കും ഉണ്ടാകേണ്ടത്. ചരാചരങ്ങള്‍ മനുഷ്യവംശത്തിന് നല്‍കുന്ന സേവനമൂല്യത്തെക്കുറിച്ചുള്ള അജ്ഞത, ഓരോ മനുഷ്യന്‍റെയും നിലനില്‍പ്പിനെ സാരമായി ബാധിക്കുന്നു. ഹെയ്സന്‍ ബര്‍ഗ് പറയുന്നുണ്ട്, പ്രകൃതിയുടെ ചിത്രമല്ല നമുക്ക് വേണ്ടത്, പ്രകൃതിയോട് നമുക്കുള്ള ബന്ധത്തിന്‍റെ ചിത്രമാണ് വേണ്ടതെന്ന്.
5 ) ഈ പ്രപഞ്ചം പോഷിപ്പിക്കപ്പെടുന്നത് മറ്റുള്ളവരുടെ ഉന്നമനത്തെ ലക്ഷ്യമാക്കി നാം നമ്മുടെ ഓരോ കര്‍മ്മങ്ങളും നിര്‍വ്വഹിക്കുമ്പോഴാണ്. സ്വന്തം അയല്‍പക്കവുമായി (വീട്, തൊഴിലിടങ്ങള്‍, വിനോദ സ്ഥലങ്ങള്‍, രാജ്യങ്ങള്‍) സഹകരണ മനോഭാവമില്ലാത്തവരും സ്വന്തം ഭൂമിക്ക് തിരിച്ച് ഒന്നും നല്‍കാതെ ഭൂമിയെ ഊഷരമാക്കുന്ന വരും അവരുടെ നിലനില്‍പ്പിന്‍റെ സ്വത്വത്തെ തന്നെയാണ് ഇല്ലാതാക്കുന്നത്. ആധുനിക പരിസ്ഥിതി ശാസ്ത്രത്തിലെ ട്യിലൃഴശാെ എന്ന ആശയവും മുന്നോട്ടുവെയ്ക്കുന്നത് പാരസ്പരിക ബന്ധത്തിന്‍റെ ഫലമെന്നത് വ്യതിരിക്തയുടെ ഫലത്തെക്കാളും വര്‍ദ്ധിച്ചതാണെന്നാണ്.
‘ തനിയ്ക്കുവേണ്ടി മാത്രം പാചകം ചെയ്യരുത് (3.13)
തനിക്ക് വേണ്ടി മാത്രം പാചകം ചെയ്യാതെ മറ്റുള്ളവര്‍ക്ക് കൂടി കരുതണമെന്നാണ് ഭഗവദ് ഗീത അറിയിക്കുന്നത്. ‘ത്യജിച്ചതിന് ശേഷം ഭുജിക്കുക’ എന്നതാണ് ഗീതയുടെ മുന്നറിയിപ്പ്. നമുക്ക് ലഭിക്കുന്നതൊക്കെയും മറ്റുള്ളവര്‍ക്കു കൂടി പങ്കുവെയ്ക്കുമ്പോള്‍ മനസ്സ് അതിന്‍റെ എല്ലാ പരിമിതികളേയും ലംഘിച്ച് ആത്മസ്ഥാനത്തേയ്ക്ക് വികസിക്കുകയാണ്. അടുത്ത് നില്‍ക്കുന്നവരെക്കൂടി കരുതണമെന്നുള്ള ഈ ആഹ്വാനം, പലവിധത്താല്‍ മലിനീകരിക്കപ്പെട്ടു പോകുന്ന മനുഷ്യമനസ്സിന് ലഭിക്കാവുന്ന ഒരു ഊര്‍ജ്ജമാണ്. തേന ത്യക്തേന ഭുഞ്ജിഥാ എന്ന ഈ ജീവിതശൈലി ഈശാവാസ്യ ഋഷിയും പങ്കുവെച്ചിട്ടുള്ളതാണ്.
6 ) സ്വന്തം കര്‍മ്മത്തിന്‍റെയും മികവിന്‍റേയും ശ്രേഷ്ഠതയുടേയും ഒരു ഭാഗം സമഷ്ടിക്കായി സമര്‍പ്പിച്ചതിന് ശേഷം മാത്രമാണ് വ്യക്തി സ്വന്തം ജീവിത വ്യവഹാരത്തെ പോഷിപ്പിക്കേണ്ടതെന്നാണ് ഭഗവദ് ഗീതയുടെ സന്ദേശം. യാതൊരു വിഭജന ചിന്തയുമില്ലാതെ ചരാചര പ്രപഞ്ചം മുഴുവനും നമ്മുടെ കരുതലിന്‍റെ ധാര്‍മ്മികത വ്യാപിപ്പിക്കണം എന്നുള്ള സാമൂഹ്യദര്‍ശനമാണ് ഗീതയുടേത്. പരസ്പരം പങ്കുവെക്കാതെ തനിക്ക് മാത്രമായി പാചകം ചെയ്യുന്നവര്‍, സ്വന്തം വിശപ്പിന് മാത്രം പ്രാധാന്യം കൊടുക്കുന്നവര്‍ വ്യക്തിബോധത്തില്‍ നിന്നും സാമൂഹ്യബോധത്തിലേക്ക് പരിണമിക്കേണ്ടതുണ്ട്. വിഭവങ്ങള്‍ പാഴാക്കരുതെന്ന മുന്നറിയിപ്പ് കൂടിയാണ് ഇതുള്‍ക്കൊള്ളുന്നത്. പരിഗ്രഹത്തില്‍ നിന്നും അപരിഗ്രഹത്തിലേക്കും, സ്തേയത്തില്‍ നിന്നും ആസ്തേയത്തിലേക്കും, മമത്വബോധത്തില്‍ നിന്നും ഇദം ന മമയിലേക്കും ജീവിത മണ്ഡലത്തെ ആനയിക്കുന്ന നിവൃത്തിദര്‍ശനമാണ് ഈ ആഹ്വാനത്തിലൂടെ ഭഗവദ് ഗീത തയ്യാറാക്കിയി രിക്കുന്നത്.
‘ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കുക, (3.20)
ലോകസംഗ്രഹം മുന്‍നിര്‍ത്തിയുള്ള കര്‍മ്മങ്ങള്‍ക്കായിരിക്കണം പ്രാമുഖ്യമെന്ന് ഗീത പറയുന്നു. ഒരു പ്രവൃത്തിയില്‍ അനേകം നന്മകള്‍ ഉള്‍ക്കൊള്ളുമ്പോള്‍ ആ പ്രവൃത്തി ലോകത്തെ മുഴുവനും പരസ്പരം യോജിപ്പിക്കുന്നു. ഉദാഹരണത്തിന്,ഒരു മരം നടുന്നത് പക്ഷി മൃഗാദികള്‍ക്കും, മനുഷ്യരുടെ തലമുറകള്‍ തമ്മിലുള്ള നിലനില്‍പ്പിനും ഗുണകരമാണ്. എവിടെയെങ്കിലും ഒരു പ്ലാസ്റ്റിക്ക് കത്തിക്കുന്നത് ലോകത്തെ മുഴുവനും ബാധിക്കുന്നതാണെന്നുള്ള ബട്ടര്‍ഫ്ളൈ എഫക്റ്റ് സിദ്ധാന്തവും ഛാന്ദോഗ്യ ഉപനിഷത്തിലെ തത്ത്വമസിയും ഒരേ അര്‍ത്ഥവ്യാപ്തിയാണ് ഉള്‍ക്കൊള്ളുന്നത്. ഒരു വ്യക്തിയില്‍ നിന്നും വളരെയേറെ ദൂരം വ്യാപിച്ചുകിടക്കുന്ന സര്‍വ്വ പ്രപഞ്ചത്തിലും ആ വ്യക്തിയുടെ ഒരു ചെറിയ പ്രവൃത്തിയുടെ ഫലം പോലും അലയടിച്ചു ചെല്ലുന്നു.
‘അത് നീയാകുന്നു ‘(തത്ത്വമസി) എന്ന് ഉദ്ദാലക മഹര്‍ഷി പറയുമ്പോള്‍ നിന്നില്‍ നിന്നും ഭിന്നമായി യാതൊന്നും നിലനില്‍ക്കുന്നില്ല എന്നാണര്‍ത്ഥം. ‘സൂത്രേ മണിഗണ ഇവ’ എന്ന് ഗീതയിലും പറയുന്നു. ലോകം മുഴുവനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും യാതൊന്നും തന്നെ ആ സമഗ്രതയില്‍ നിന്നും പുറത്താക്കപ്പെടുകയോ ഒറ്റപ്പെട്ടു നില്‍ക്കുകയോ ചെയ്യുന്നില്ല എന്നുമാണര്‍ത്ഥം.
ഈ ദൃശ്യപ്രപഞ്ചമെല്ലാം നീയാകുമ്പോള്‍, നിന്‍റെ സത്പ്രവൃത്തികള്‍ എപ്രകാരമാണോ, ഏകാല്മ മാനവസ്ഥിതിക്ക് സഹായകമാകുന്നത്, അതുപോലെതന്നെ നിന്‍റെ ദുര്‍നടപടികളും ലോകവ്യവസ്ഥയെ താളം തെറ്റിക്കുന്നു എന്നൊരര്‍ത്ഥം കൂടി തത്ത്വമസി പങ്കുവെക്കുന്നതായി സ്വാമി രംഗനാഥാനന്ദ അദ്ദേഹത്തിന്‍റെ ഗീതാഭാഷ്യത്തില്‍ വിവരിക്കുന്നുണ്ട്.
ഓരോ വ്യക്തിയും സ്വന്തം നിയതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് ലോകത്തിന്‍റെ സമസ്ഥിതിയെ ശക്തിപ്പെടുത്തുന്നു. ആ കര്‍മ്മങ്ങള്‍ യജ്ഞഭാവത്തോടുകൂടി നിര്‍വ്വഹിക്കുന്നിടത്ത് വ്യക്തി സ്വതന്ത്രനായി തുടങ്ങുന്നു. ചെയ്യുന്ന ഏത് കര്‍മ്മവും ഞാനാണ് ചെയ്യുന്നതെന്ന കര്‍തൃത്വഭാവമില്ലാതെയും, ആ കര്‍മ്മത്തില്‍ നിന്നും ലഭിക്കുന്ന ഫലങ്ങളുടെ ഒരു പങ്ക് സമൂഹത്തിനായി അര്‍പ്പിക്കണമെന്ന ബോധതലത്തോടെയും പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ സ്വന്തം ജൈവഘടനയുടെ ചട്ടക്കൂടില്‍ നിന്നും ബോധത്തിന്‍റെ അനന്തമണ്ഡലങ്ങ ളിലേക്ക് വ്യക്തി വികസിക്കാന്‍ തുടങ്ങുന്നു.
7) ‘സമത്വബുദ്ധി പരിശീലിക്കുക’ (2.48)
ജീവിതത്തില്‍ ഏറ്റവും ആവശ്യമായ നൈപുണ്യമാണ് മനസിന്‍റെ യഥാര്‍ത്ഥ നിര്‍വ്വഹണം. മനസിനെ ആരോഗ്യപരമായി കൈകാര്യം ചെയ്യുന്നത് വ്യക്തിയെ സമനിലയില്‍ തുടരാന്‍ സഹായിക്കുന്നു. ജയപരാജയങ്ങള്‍, ലാഭ നഷ്ടങ്ങള്‍, അംഗീകാര-അവഗണനകള്‍, നിന്ദാസ്തുതികള്‍ എന്നിവയാല്‍ ഓരോ ദിവസവും വ്യക്തിയുടെ ജീവിതം സങ്കീര്‍ണ്ണമാണ്. ഇവയെല്ലാം വന്നുപോയുമിരിക്കുന്നവയാണെന്ന് സാംഖ്യയോഗം പറയുന്നു. ഇതിനുള്ള പരിഹാരമായി തിതിക്ഷയെ ഗീത മുന്നോട്ടുവെയ്ക്കുന്നു.
8) ജീവിതത്തില്‍ എന്നും അഭ്യസിക്കേണ്ട ഒരു മൂല്യമായി തിതിക്ഷയെ ശങ്കരാചാര്യരും പറയുന്നുണ്ട്.
9 ) ദുഃഖിക്കരുത് എന്ന് ഭഗവദ് ഗീത ആവര്‍ത്തിച്ചു പറയുന്നു. ഇന്ദ്രിയങ്ങളേക്കാളും ശക്തി വിശേഷമുള്ളത് മനസ്സിനും, മനസ്സിനുപരിയായി ബുദ്ധിക്കും, ബുദ്ധിയേക്കാള്‍ ശക്തി ആന്തരിക ശക്തിയായ ആത്മചൈതന്യത്തിനുമാണെന്ന് ഗീത സ്ഥാപിക്കുന്നു. അതിനാല്‍തന്നെയും ആ ശക്തിവിശേഷത്തെ നിര്‍ജീവമാക്കാന്‍ പ്രപഞ്ചശക്തികള്‍ക്കോ മറ്റാര്‍ക്കും തന്നെയോ സാധ്യമല്ലെന്ന് ഗീത വ്യക്തമാക്കുന്നു.
10) നിന്‍റെ ബന്ധുവും ശത്രുവും നീതന്നെയാണെന്നുള്ള അറിയിപ്പ് കൂടി ഗീത നല്‍കുന്നു. അതിനാല്‍ ആദ്യം അറിയേണ്ടത് ഈ ശക്തികേന്ദ്രത്തെയാണ്. സ്ഥലസമയബന്ധനങ്ങളില്‍ ചുരുങ്ങി നില്‍ക്കുന്ന ജൈവികരൂപമായി സ്വയം അടയാളപ്പെടു ത്താതെ, പ്രപഞ്ചചേതനയുടെ ഒരു ഭാഗമാണ് ഞാന്‍ എന്ന് സ്വയം അറിയുന്നത് വ്യക്തിയുടെ വീര്യത്തെ അനന്തമാക്കുന്നു. ബോധതലത്തിന്‍റെ കുതിച്ചുചാട്ടമാണിത്.
സമഭാവനയില്‍ വര്‍ത്തിക്കാന്‍ മനസ്സിനെ അഭ്യാസം ചെയ്യിപ്പിക്കുക എന്നത് ജീവിതത്തിലെ ദ്വന്ദ്വങ്ങളെ (ജയപരാജയങ്ങള്‍, ലാഭനഷ്ടങ്ങള്‍....) നേരിടാനുള്ള അനുയോജ്യമായ മാര്‍ഗ്ഗമാണെന്ന് ഗീത പറയുന്നു. സുഖദുഃഖങ്ങളെ ഒരുപോലെ കരുതുന്നവനേയും, ശാന്തനുമായവനേയും ഈ ദ്വന്ദ്വങ്ങള്‍ ക്ഷോഭിപ്പിക്കുന്നില്ല. സ്വധര്‍മ്മാചരണ ത്തിന്‍റെ ഭാഗമായ ജയപരാജയങ്ങളെയും, സുഖ-ദുഃഖങ്ങളേയും സമഭാവനയോടെ കാണാന്‍ ശീലിക്കുമ്പോഴാണ് വ്യക്തി കൂടുതല്‍ അനുകരണീയനാകുന്നത്. മനസ്സിന്‍റെ സഹജമായ ഈ അവസ്ഥയെ യോഗം എന്നാണ് ഗീത വിശേഷിപ്പിക്കുന്നത്.
ഉപസംഹാരം
‘സമലോഷ്ടാശ്മ കാഞ്ചന ‘എന്നൊരു പ്രഖ്യാപനം ഭഗവദ്ഗീത നടത്തുന്നുണ്ട്. കല്ലിനേയും മണ്‍കട്ടയേയും സ്വര്‍ണ്ണത്തേയും തുല്യമായി കരുതുന്നവര്‍ സമത്വബുദ്ധിയുള്ളവരാണ്. നമ്മുടെ ശേഷിയെ വികസിപ്പിക്കുവാന്‍ ധ്യാനയോഗത്തില്‍ ഒമ്പതാം ശ്ലോകത്തില്‍ ഗീതാകാരന്‍ പറയുന്നു. സുഹൃത്തുക്കള്‍, ശത്രുക്കള്‍, ഉദാസീനന്മാര്‍, ദ്വേഷിക്കുന്നവര്‍, ബന്ധുക്കള്‍ എന്നിവരെയെല്ലാം സമബുദ്ധിയോടെ സമീപിക്കേണ്ടതാണെന്ന് ഗീത ഉദ്ഘോഷിക്കുന്നു. ഏകാത്മചിത്തവും ഏകാത്മ മാനവികതയും വികസിപ്പിക്കുവാന്‍ ഈ പരിശീലനത്തിലൂടെ സാധ്യമാകുന്നു. അറിവുള്ളവരിലും, പശുവിലും, ആനയിലും, നായയിലും, ചണ്ഡാളനിലും, സമദൃഷ്ടികളായിരിക്കണമെന്ന് ഗീത പറയുന്നു. സമത്വബുദ്ധിയുടെ ഏറ്റവും ഉയര്‍ന്ന രൂപത്തെയാണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത്. ഇതിന്‍റെ അഭ്യാസാചരണത്തില്‍ കൂടി ജീവിതത്തെ ഓരോ ദിവസവും ആസ്വാദ്യകരമാക്കാന്‍ സാധിക്കുന്നു. ചോദ്യം ഇതാണ്: പ്രിയമായതിനെ നേടുമ്പോള്‍ സന്തോഷിക്കാതിരിക്കാനും അപ്രിയമായതിനെ പ്രാപിക്കുമ്പോള്‍ ദുഃഖിക്കാതിരിക്കാനും സാധിക്കുന്നുണ്ടോ?
ഗ്രന്ഥസൂചി
1. ഭഗവദ് ഗീത 3.11
2. ഭഗവദ് ഗീത 3.12
3. ഇീാാീിലൃ, ആമൃൃ്യ. ഠവല ഇഹീശെിഴ ഇശൃരഹല : ചമൗൃല, ങമിറ മിറ ഠലരവിീഹീഴ്യ, ഞമിറീാ ഒീൗലെ കിര, 1971.
4. ഭഗവദ് ഗീത 6.32
5. ഒലശലെിയലൃഴ, ണമൃിലൃ, ഠവല ഞലുൃലലെിമേശേീി ീള ചമൗൃലേ ശി ഇീിലോുീൃമൃ്യ ജവ്യശെരെ, ചലം ഥീൃസ, ജൃമലഴലൃ ജൗയഹശരമശേീിെ, 1972.
6. ഈശാവാസ്യ ഉപനിഷത്ത്, 1
7. ഭഗവദ് ഗീത 7.7
8. ഭഗവദ് ഗീത 2.14
9. വിവേക ചൂഡാമണി, 25
10. ഭഗവദ് ഗീത 2.23
ഡോ. രഞ്ജിത്.കെ.കെ.
രാജ്യസഭാ ഫെലോഷിപ്പ് സ്കോളര്‍
കൊച്ചാംതേരില്‍ വീട്, കൈനടി.പി.ഒ.,
പയറ്റുപാക്ക. ആലപ്പുഴ ജില്ല.




Comments