top of page

മുസിരിസ് ചരിത്രം : ജൂതമലയാള പെൺപാട്ടുകളിലെ പള്ളിപ്പാട്ടുകളെ അടിസ്ഥാനമാക്കി ഒരു പഠനം.

  • Mar 12
  • 8 min read

Updated: 2 days ago

ദീപ്തി  കെ. എച്ച്.

പ്രബന്ധസംഗ്രഹം

പ്രാചീന ഇന്ത്യയിലെ ഏറെ പഴക്കംചെന്ന തുറമുഖപട്ടണങ്ങളിൽ ഒന്നായിരുന്ന മുസിരിസിന്റെ പരിണാമചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണ് ജൂതന്മാർക്കുണ്ടായിരുന്നത്. പ്രാചീന മുസിരിസിന്റെ ചുറ്റുവട്ടത്താണ് പിൽക്കാലത്ത് ജൂതകോളനികൾ നിലനിന്നിരുന്നത്. കൊളോണിയൽകാലത്ത് കറുത്ത ജൂതന്മാർ എന്നും വെളുത്ത ജൂതന്മാർ എന്നും പ്രാദേശികമായി തരംതിരിക്കെപ്പെട്ടിരുന്ന ജൂതരിൽ പരദേശികളല്ലാത്ത ജൂതർ ‘മലബാറി ജൂതന്മാർ‘, ‘കൊച്ചിനി ജൂതന്മാർ‘ എന്നിങ്ങനെ അറിയപ്പെട്ടു. കേരളീയ ജൂതസ്ത്രീകൾ പാടിയിരുന്ന ഹീബ്രുവും മലയാളവും കലർന്ന പാട്ടുകളാണ് പെൺപാട്ടുകളായി അറിയപ്പെട്ടത്. ‘കോല’ എന്ന പേരിൽ നോട്ട് ബുക്കുകളിലായി രേഖപ്പെടുത്തിയിരുന്ന കൈയ്യഴുത്തുപ്രതികൾ പറവൂർ, ചേന്ദമംഗലം, മാള, കൊച്ചി തുടങ്ങിയിടങ്ങളിലെ ജൂതസ്ത്രീകളുടെ കയ്യിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. ഹീബ്രുവും മലയാളവും കലർന്ന ജൂതരുടെ പെൺപാട്ടുകളിൽ കല്യാണപാട്ടുകൾ, പള്ളിപ്പാട്ടുകൾ, ആരാധനപ്പാട്ടുകൾ, കളിപ്പാട്ടുകൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്. ഇവയിൽ യാചനാരൂപത്തിലും, സ്തുതിപ്പുകളുടെ രൂപത്തിലും ഭക്തിയുടെ പാരമ്യത്തിലുമാണ് പള്ളിപ്പാട്ടുകൾ രചിച്ചിട്ടുള്ളത്. 

താക്കോൽ വാക്കുകൾ

മുസിരിസ്,നിന്ന്കളി,കോല,സിനഗോഗ്,ഷിംഗ്ലി,പള്ളിമേട,റബ്ബാൻ, പരദേശി

 

പ്രാചീന ഇന്ത്യയിലെത്തന്നെ ഏറെ പഴക്കംചെന്ന തുറമുഖപട്ടണങ്ങളിൽ ഒന്നായിരുന്നു മുസിരിസ്. ചേരനഗരമായിരുന്ന ഇന്നത്തെ കൊടുങ്ങല്ലാണ് മുസരീസ് എന്നായിരുന്നു പുരാവസ്തുഗവേഷകർ അടുത്തകാലംവരെ കരുതിയിരുന്നത്. എന്നാൽ പിന്നീട് നടന്ന ഖനനങ്ങളും പഠനങ്ങളും തെളിയിക്കുന്നത് മുസരീസ് വടക്കൻ പറവൂരിനടുത്തുള്ള പട്ടണം എന്ന പ്രദേശമാണെന്നാണ്. പിന്നീട് തുറമുഖപ്രദേശങ്ങളോടുചേർന്ന് വിശാലമായ പ്രദേശത്ത് പരന്നുകിടക്കുന്ന പട്ടണങ്ങളുടെ സാംസ്കാരികസഞ്ചയമാണ് മുസരീസ് എന്ന വാദവും ഉയർന്നു. ചേര-പാണ്ഡ്യ രാജാക്കന്മാരുടെ കാലത്താണ് മുസരീസ് പ്രബലമായ വാണിജ്യകേന്ദ്രമായി വികസിച്ചത്. വിഭജിച്ചൊഴുകുക എന്നർത്ഥമുള്ള ‘മുസിരി’ എന്ന തമിഴ് വാക്കിൽനിന്നാണ് മുസിരീസ് എന്ന വാക്ക് ഉരിത്തിരിഞ്ഞത്. കേരളത്തിന്റെ ചരിത്രത്തിൽ മുസിരിസിന്റെ സാമൂഹികപ്രാധാന്യത്തെ വിലയിരുത്തുമ്പോൾ മാറ്റിനിർത്താനാവാത്ത പ്രബല വിഭാഗമാണ് ജൂതൻമാർ. ക്രിസ്തുവർഷം ആയിരമാണ്ടിൽ, ജൂതപ്രമാണിയായ ജോസഫ് റബ്ബാന് ഭാസ്കര രവിവർമ്മൻ നിരവധി അവകാശങ്ങളും പദവികളും നൽകുന്നതിന് ജൂതശാസനം തെളിവുനൽകുന്നുണ്ട്. “മുയിരിക്കോട് (മുസിരിസ്) ഇരുന്നരുളിയ ഭാസ്കരരവിവർമൻ, ജൂതപ്രമാണിയായ ജോസഫ് റബ്ബാന് അഞ്ചുവണ്ണവും എഴുപത്തിരണ്ട് പദവികളും നൽകുന്ന രേഖയാണിത്. പകൽവിളക്ക്, പാവാട, പല്ലക്ക്, കാഹളം, തോരണം തുടങ്ങിയ പദവികളിൽ അതിൽപ്പെടുന്നു” എന്ന് അജു.കെ. നാരായണൻ കേരളത്തിലെ ജൂതർ വേരുകൾ, വഴികൾ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നു (2015:14).

ജൂതശാസനം ജൂതജീവിതങ്ങളിലേക്ക് വെളിച്ചംവീശുന്ന പ്രധാനഉപാദാനരേഖയാണ്. പ്രാചീനമുസിരിസിന്റെ ചുറ്റുവട്ടത്താണ് പിൽക്കാലത്ത് ജൂതകോളനികൾ രൂപപ്പെട്ടുവന്നിട്ടുള്ളത്. ജൂതന്മാർക്കിടയിലെ പള്ളിപ്പാട്ടുകളുടെ സവിശേഷതകൾ വിശകലനം ചെയ്താൽ അക്കാലത്തെ പ്രധാനതുറമുഖമായിട്ടുള്ള മുസരീസിന്റെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രവസ്തുതകൾ തെളിഞ്ഞുകിട്ടും. ആദ്യം കൊടുങ്ങല്ലൂരിൽ നിലയുറപ്പിച്ചിരുന്ന ജൂതന്മാർ പിന്നീട് പറവൂർ, ചേന്ദമംഗലം, മാള തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറിത്താമസിച്ചു. വ്യാപാരസംബന്ധമായ ചില പ്രാദേശിക തർക്കങ്ങളും, പോർത്തുഗീസ് ആക്രമണവുമാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നത്. പ്രധാനമായി പുഴകളോടുചേർന്ന ഇടങ്ങളിലാണ് ജൂതർ അക്കാലത്ത് കൂടുതലായി താമസമുറപ്പിച്ചത്. ചേന്ദമംഗലം സിനഗോഗ് പുഴയ്ക്കടുത്തായി സ്ഥിതി ചെയ്യുന്നു. പറവൂർ നഗരത്തിലെ പ്രധാന അങ്ങാടികൾക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന പറവൂർ സിനഗോഗിൽ നിന്നും നദീമുഖത്തേക്ക് അധികം ദൂരമില്ല. കൊളോണിയൽ കാലത്ത് കറുത്ത ജൂതന്മാർ എന്നും വെളുത്ത ജൂതന്മാർ എന്നും പ്രാദേശികമായി അറിയപ്പെട്ടിരുന്ന ജൂതരിൽ പരദേശികളല്ലാത്ത ജൂതർ ‘മലബാറി ജൂതന്മാർ’ , ‘കൊച്ചിനി ജൂതന്മാർ’ എന്നിങ്ങനെ അറിയപ്പെട്ടു. 1948-ൽ കേരളത്തിലെ ജൂതർ ഇസായേലിലേക്ക് കുടിയേറ്റം തുടങ്ങുന്ന ഘട്ടത്തിൽ കൊച്ചിയിലെ ജൂതത്തെരുവിൽ വടക്കേ അറ്റത്തായി പരദേശിപ്പള്ളി, തെക്കുതെക്കുംഭാഗം പള്ളി, എറണാകുളത്ത് ജൂതത്തെരുവിൽ തെക്കുംഭാഗം പള്ളി, കടവുംഭാഗം പള്ളി, ചേന്ദമംഗലം, മാള, പറവൂർപ്പള്ളി തുടങ്ങിയ പള്ളികളാണ് പ്രധാനമായും ഉണ്ടായിരുന്നത്. വൈലോപ്പിള്ളിയുടെ ‘കേരളത്തിലെ യഹൂദർ ഇസ്രായേലിലേക്ക്’ എന്ന കവിതയിൽ ‘കേരളത്തിന്റെ സാംസ്കാരിക സമന്വയം കൂടുതൽ ഹൃദ്യവും സ്പഷ്ടവുമായിരിരുന്നെന്ന്’ കാർക്കുഴലിയുടെ അവതാരികയിൽ ഡോ. സ്കറിയ സക്കറിയ രേഖപ്പെടുത്തുന്നുണ്ട് (2019-അവതാരിക).

ജൂത മലയാള പെൺപാട്ടുകൾ

നാട്ടറിവ് പാട്ടുകൾ എന്ന പുസ്തകത്തിലെ കൃഷിപ്പാട്ടുകൾ എന്ന ലേഖനത്തിൽ ഡോ. കെ. പി ദിലീപ്കുമാർ സൂചിപ്പിക്കുന്നതുപോലെ ഏതൊരു ജനവിഭാഗത്തിന്റെയും സാംസ്കാരികത്തനിമയുടെ സ്ഫുരണമാണ് അവർക്കിടയിൽ നിലനിൽക്കുന്ന നാടൻപാട്ടുകൾ. “ഒരു ജനതയുടെ സംസ്കാരികപശ്ചാത്തലവും, മാനസികവും കായികവുമായ വികാസപരിണാമങ്ങളും ജീവിതചിന്തകളുടെ സവിശേഷസ്വഭാവവും മനസിലാക്കാനുതകുന്ന ചരിത്രസൂചകങ്ങളിൽ പ്രധാനമാണ് നാടൻ പാട്ടുകൾ” (2008: 25). ഇത്തരത്തിൽ കേരളത്തിലെ ജൂതസ്ത്രീകൾക്കിടയിൽ നിലനിന്നിരുന്ന അവരുടെ നാടൻപ്പാട്ടുകളാണ് പെൺപാട്ടുകൾ. ഹീബ്രുവും മലയാളവും കൂട്ടിക്കലർത്തി തനതായ രീതിയിൽ അവർ ചിട്ടപ്പെടുത്തിയ പാട്ടുകളാണ് പെൺപാട്ടുകൾ. മലയാളി ജൂതസ്ത്രീകളുടെ കൈവശം സൂക്ഷിച്ചിച്ചിരുന്ന കൈയ്യെഴുത്തുപ്രതികളിൽ നിന്നാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പെൺപാട്ടുകൾ കണ്ടെടുക്കുന്നത്. “സംസ്കാരവും പാരമ്പര്യവും തനിമയും പ്രകാശിപ്പിക്കുന്നത് നാടോടിപ്പാട്ടിലും നാടോടി കവിതയിലുമാണ്” (2008: 07) എന്ന് നാടൻപാട്ടുകൾ മലയാളത്തിൽ എന്ന കൃതിയിൽ ഡോ. എം. വി വിഷ്ണുനമ്പൂതിരി സൂചിപ്പിക്കുന്നതുപോലെ മലയാളപെൺപാട്ടുകൾ ജൂതപാരമ്പര്യത്തിന്റെ തനിമയെ പ്രകാശിപ്പിക്കുന്നവയാണ്. ജൂതന്മാരുടെ ജീവിതത്തെക്കുറിച്ചും, സംസ്കാരത്തക്കുറിച്ചും ഹീബ്രുമലയാളത്തിൽ എഴുതപ്പെട്ട ഈ പാട്ടുകൾ ജൂതന്മാരുടെ വിശേഷദിവസങ്ങളിൽ ജൂതസ്ത്രീകൾ ഒന്നിച്ചുചേർന്ന് പാടിയിരുന്നു. കൂടാതെ ജൂതന്മാർക്കിടയിൽ നിലനിന്നിരുന്ന നിന്ന്കളി, കൈകൊട്ടിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങളിലും ഉപയോഗിച്ചിരുന്നതായി ആവേദകരായ പറവൂർ മാഞ്ഞാലിയിലുള്ള നെഹമിയ എബ്രഹാമും ഭാര്യ റൂബിയും ഓർക്കുന്നു. ‘കോല’ എന്ന പേരിൽ നോട്ട് ബുക്കുകളിലായി രേഖപ്പെടുത്തിയിരുന്ന കൈയ്യഴുത്തുപ്രതികൾ പറവൂർ, ചേന്ദമംഗലം, മാള, കൊച്ചി തുടങ്ങിയിടങ്ങളിലെ ജൂതസ്ത്രീകളുടെ കയ്യിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. ഹീബ്രുമലയാളവും, കൊച്ചി-പറവൂർ ദേശങ്ങളിൽ നിലവിലിരുന്ന ഭാഷാഭേദവും കലർന്ന പെൺപാട്ടുകൾ മുസരീസിന്റെ ചരിത്രവസ്തുതകൾ ഉൾക്കൊള്ളുന്നതിനോടൊപ്പം കേരളത്തിലെ ജൂതന്മാരുടെ ചരിത്രത്തെക്കുറിച്ചും അവരുടെ സാമൂഹികജീവിതത്തെക്കുറിച്ചും, സാംസ്കാരികതനിമയെ സംബന്ധിച്ചും കൂടുതൽ തെളിവുകൾ നൽകുന്നവയാണ്. ‘കാർക്കുഴലി-യെഫേഫിയ്യ’ എന്ന പേരിൽ 2005-ലാണ് ജൂതപ്പാട്ടുകളുടെ ആദ്യസമാഹാരം പ്രസിദ്ധീകരിക്കുന്നത്. പി. എം ജ്യുസെ, ബാർബറാ ജോൺസൺ, ഷേർലി ഇസൻബർഗ് എന്നീ ആദ്യകാല ഗവേഷകൻമാരുടെ ശ്രമഫലമായാണ് 2005-ൽ ജറുസലേമിൽ ‘കാർക്കുഴലി-യെഫേഫിയ്യ’ പ്രസിദ്ധീകരിക്കപ്പെടുന്നത്. 2019-ൽ ഡോ. സ്കറിയ സക്കറിയ കാർക്കുഴലി എന്ന പേരിൽ ജൂതമലയാള പെൺപാട്ടുകളുടെ സമ്പാദനം നടത്തി. തലമുറകളായി കൈമാറിവന്ന പാട്ടുകളെ റൂബി ദാനിയേൽ എന്ന കൊച്ചി സ്വദേശിയായ ജൂതവനിത Ruby of cochin, An Indian Jewish woman Remembers എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ജൂതമലയാള പെൺപാട്ടുകളിലെ പള്ളിപ്പാട്ടുകൾ

ഹീബ്രുവും മലയാളവും കലർന്ന ജൂതരുടെ പെൺപാട്ടുകളിൽ കല്യാണപ്പാട്ടുകൾ, പള്ളിപ്പാട്ടുകൾ, ആരാധനപ്പാട്ടുകൾ, കളിപ്പാട്ടുകൾ തുടങ്ങിയവയാണുള്ളത്. പല പാട്ടുകൾക്കും പ്രാദേശികതയ്ക്ക് അനുസരിച്ച് പാഠഭേദങ്ങൾ കാണാം. വാമൊഴിവഴക്കങ്ങളും പാട്ടുകളെ ഏറെ സ്വാധീനിക്കുന്നുണ്ട്. സംഭാഷണരീതിയിലാണ് ചില പാട്ടുകൾ രചിക്കപ്പെട്ടിട്ടുള്ളത്. പള്ളിപ്പാട്ടുകളിൽ ജൂതജനതകൾക്കിടയിൽ നിലനിന്ന സാമൂഹികബന്ധങ്ങളും, പരദേശികളുമായി നടത്തിയിട്ടുള്ള വിനിമയങ്ങളും, സാമുദായികവിശദീകരങ്ങളും, പള്ളിനിർമ്മാണത്തെ സംബന്ധിച്ച വിവരങ്ങളുമാണ് ഉള്ളടങ്ങിയിരിക്കുന്നത്. ഭക്തിയുടെയും വൈകാരികതയുടെയും സമ്മിശ്രഭാവം പള്ളിപ്പാട്ടുകളിൽ കാണാം. “കേരളത്തിലെ ജൂതരുടെ ജീവിതം ആരാധനാലയമായ പള്ളിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. നൂറ്റാണ്ടുകളോളം ഒറ്റപ്പെട്ട് കഴിഞ്ഞിട്ടും, ജൂതവിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്താൻ കഴിഞ്ഞത് സിനഗോഗിനോടുള്ള അടുപ്പവും അവിടുത്തെ സജീവമായ പ്രവർത്തനങ്ങളും കൊണ്ടാണെന്ന് ഇന്നും ജൂതർ വിശ്വസിക്കുന്നു “( ലൂക്കാസ്: 1980). ജൂതപ്പാട്ടുകൾ ഷിങ്ലി പാരമ്പര്യം പിന്തുടരുന്നവയാണ്. കൊടുങ്ങല്ലൂരാണ് ‘ഷിംഗ്ലി’ എന്ന് മലയാളിജൂതന്മാർക്കിടയിൽ അറിയപ്പെടുന്നത്. ജൂതന്മാരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഇടമാണ് പള്ളി. പറുപള്ളിയുടെ പാട്ട്, തെക്കുംപാകത്ത പള്ളീടെ പാട്ട്, മാളപള്ളീടെ പാട്ട്, കടകമ്പാകത്ത പള്ളിപ്പാട്ട്, തെക്കുംഭാഗം പള്ളിപ്പാട്ട്, പരദേശി പള്ളീടപ്പാട്ട്, പരദേശി പള്ളിയെടുത്ത പാട്ട് എന്നിവ പള്ളിപ്പാട്ടുകൾക്ക് ചില ഉദാഹരണങ്ങളാണ്. യാചനാരൂപത്തിലും, സ്തുതിപ്പുകളുടെ രൂപത്തിലും ഭക്തിയുടെ പാരമ്യത്തിലുമാണ് പല പാട്ടുകളും രചിച്ചിട്ടുള്ളത്.

“തമ്പുരാൻ മൊയിമ്പു തൊണയായിരിക്കേണം” എന്ന പൊതുവായ ആരംഭരീതി മിക്കപാട്ടുകളിലും കാണാം. പള്ളിപ്പാട്ടുകളിലല്ലാതെ സാറ ഉമ്മാടെ പാട്ട്, റിബുഹ ഉമ്മാടെ പാട്ട്, കൂനായ മലയുടെ പാട്ട് എന്നിവയിലും സമാനപ്രയോഗങ്ങൾ കാണാം. “തമ്പിരാൻ മുയിമ്പു തൊണയായിരിക്കുന്നു” (സാറ ഉമ്മാടെ പാട്ട് ) , “തമ്പുരാമുയിമ്പ തൊണെ ആയിരിക്കണം” (കൂനായ മലയുടെ പാട്ട്). തുടങ്ങിയ പ്രയോഗഭേദങ്ങൾ പാട്ടുകളിൽ കാണുന്നുണ്ട്. കാലഭേദം, ദേശഭേദം എന്നിവ കൊണ്ടുണ്ടായ മാറ്റങ്ങളായിരിക്കാം അതിനു പ്രധാനകാരണമായിത്തീർന്നത്. കൊച്ചി, എറണാകുളം, മാള, പറവൂർ എന്നിവിടങ്ങളിൽനിന്നായാണ് പാട്ടുകൾ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. പറവൂർഭാഷാഭാഷാഭേദവും കൊച്ചിഭാഷാദേദവും തമ്മിൽ തനതായ ചില വ്യത്യാസങ്ങളുണ്ട്.

പറുപ്പള്ളിയുടെ പാട്ട് ജൂതന്മാരുടെ പള്ളിപ്പാട്ടുകളിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന പാട്ടാണ്. എന്നാൽ ഈ പാട്ട് അപൂർണ്ണവും ക്ലേശകരവും ആണെന്നാണ് ഡോ. സ്കറിയ സക്കറിയ കാർക്കുഴലിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പലവരികളും നഷ്ടപ്പെട്ട രീതിയിലാണ് പാട്ട് കണ്ടെടുക്കപ്പെട്ടിരിക്കുന്നത്. ഒട്ടുമിക്ക പാട്ടുകളും “പെരിയോനെ തൊണെ ആവണെ “ എന്ന ആമുഖ പ്രാർഥനയോടെയാണ് തുടങ്ങുന്നത്. മാളപ്പള്ളിയുടെ പാട്ടിൽ അത്, “പെരിയവന്റെ തുണ “ എന്നായി മാറുന്നുണ്ട്. പ്രാദേശികഭേദമോ, കാലഗണനയോ പാട്ടുകളെ സ്വാധീനിച്ചിരിക്കാം. പ്രാദേശികഭേദങ്ങൾ പ്രത്യേകിച്ച് പറവൂർ, കൊടുങ്ങല്ലൂർ ഭാഷാഭേദങ്ങൾ പാട്ടുകളിൽ ധാരാളമായി കടന്നുവരുന്നുണ്ട്. സാറാ ഉമ്മയുടെ പാട്ടിൽ ‘‘അപ്പോൾ ചിരിച്ചു” എന്നതിന് “അപ്പ ചിരിച്ച് “ എന്ന് പറയുന്നുണ്ട്. ഇന്നും ഈ പ്രദേശങ്ങളിലെ സംസാരഭാഷയിൽ ഈ പ്രയോഗം കാണാം. “കനകനല്ല മെകിച്ച പറുപള്ളി” എന്നതിൽ വടക്കൻ പറവൂരിനെയാണ് ‘പറു’എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. പ്രാദേശികമായി പറവൂർ എന്നത് ലോപിച്ച് ‘പറൂര്’ എന്നാണ് ഇന്നും ഉപയോഗിക്കുന്നത്. പള്ളി പണിയുന്നതിനെ സംബന്ധിച്ച വിവരങ്ങൾ പാട്ടിൽനിന്നും ലഭിക്കുന്നുണ്ട്. മുസരീസിലെ കച്ചവടബന്ധങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ജൂതസംസ്കാരത്തിന്റെ ഭാഷാപരമായ അവശേഷിപ്പുകൾ ഇക്കാലത്തും നിലനിൽക്കുന്നതിന്റെ ഉദാഹരണമായി ഈ സ്ഥലനാമത്തെ ചൂണ്ടിക്കാണിക്കാവുന്നതാണ്. “ചെരനാൽ പള്ളിമടങ്ങളും പണിഞ്ഞു” ചേരരാജാവിനാൽ പള്ളിമേടകൾ പണിതു എന്നായിരിക്കാം ഇവിടെ അർത്ഥമാക്കിയിരിക്കുന്നത്. പള്ളി പണിയുവാനായി ഭാസ്കരരവിവർമൻ ജോസഫ് റബ്ബാന് നൽകിയ അവകാശങ്ങളെയായിരിക്കാം ഈ പാട്ടിൽ സൂചനയായി നൽകിയിട്ടുള്ളത്. “പാട്ടിയപണി തീർത്ത അവര ഓടും ഇട്ടു” പട്ടികയുടെ പണിയും തീർത്ത് ഓടുവിരിച്ചു എന്ന് സൂചകം. ക്രിസ്തുവർഷം ആയിരാമാണ്ടിൽ നിലവിലിരുന്ന സാമൂഹികാധികാരങ്ങളും നടപടിക്രമങ്ങളും ഈ പാട്ടുകളിൽ ഉൾക്കൊള്ളുന്നു. ചേരരാജാക്കന്മാരുടെ കാലത്ത് കേരളത്തിലെ മറ്റു മതവിഭാഗക്കാർക്കിടയിലും ഇത്തരത്തിലുള്ള നടപടിക്രമങ്ങളായിരിക്കാം നിലവിലിരുന്നത്. ചരിത്രപരമായ തെളിവുകളുടെ അഭാവംമൂലമാണ് അത് തിരിച്ചറിയാതെപോയത്. പള്ളിപ്പാട്ടുകൾ അതിനാൽത്തന്നെ സമകാലികപ്രസക്തമാണ്.

ഈ പാട്ടിലെ പ്രധാനഭാഗം പറവൂർപ്പള്ളി പോർത്തുഗീസുകാർ ആക്രമിക്കുന്നതാണ്. “കൂട്ടം ഇട്ടു പൊറത്തിക്കര വന്നു ഇറങ്ങി” കൂട്ടമായി പോർത്തുഗീസുകാർ വന്ന് ഇറങ്ങി എന്നു പറയുമ്പോൾ പതിനേഴാം നൂറ്റാണ്ടിലോ പിൽക്കാലത്തോ രചിച്ച പാട്ടാണ് ഇതെന്ന് അനുമാനിക്കാവുന്നതാണ്. ജൂതപ്പള്ളി കണ്ട് അസൂയ തോന്നിയ പോർത്തുഗീസുകാർ “ഇത്ര നല്ല പള്ളി ജൂതന്മാരിക്ക ഒണ്ടൊമെ” എന്ന് പറയുന്നുണ്ട്. അതായത് അക്കാലത്തെ സാംസ്കാരികകേന്ദ്രങ്ങളെല്ലാം പ്രബലരായ നാട്ടുരാജ്യങ്ങൾ കൈവശപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇത്തരം കടന്നുകയറ്റങ്ങളും അക്രമണങ്ങളും ആ കാലത്ത് നിരന്തരം നടന്നതായി പാട്ടുകൾ വ്യക്തമാക്കുന്നു. ഈ പാട്ടിൽ സൂചിപ്പിച്ചിട്ടുള്ള ‘ജൂതന്മാരിക്ക’ എന്ന പ്രയോഗവുമായി സാമ്യമുള്ള നിരവിധി പ്രയോഗങ്ങൾ ഇക്കാലത്തും പറവൂർനിവാസികൾക്കിടയിലുണ്ട്. ഉദാ:-അവൻമാരിക്കട-അവൻമാരുടെ, അവരിക്കട-അവരുടെ. പറുപ്പള്ളിയുടെ പാട്ടിൽ ‘ഇവരിക്ക’ എന്ന പദം ‘ ഇവരുടെ’ എന്നതിന് പകരമായി ഉപയോഗിച്ചിട്ടുണ്ട്. ഇവരിക്കട /ഇവരിക്കടെ എന്ന പ്രയോഗങ്ങൾ ഇന്നും പറവൂരിൽ പ്രചാരത്തിലുണ്ട്. പോർത്തുഗീസുകാർ വള്ളത്തിലാണ് വന്നിറങ്ങിയത് എന്ന് പാട്ടിൽ സൂചിപ്പിക്കുന്നുണ്ട്. അങ്ങാടികളുടെ സമീപത്തായി സ്ഥിതിചെയ്യുന്ന സിനഗോഗിൽനിന്നും പറവൂർ പുഴയിലേക്ക് അധികം ദൂരമില്ല. കച്ചവടത്തിനായി അക്കാലത്ത് ജലഗതാഗതം വളരെധികം ഉപയോഗിച്ചിരിക്കാം. “ഓടിചെന്നു തോണി കലെറും നേരം ഞായന്മ ഒള്ള വളർക്കാരൻ ചൊദിച്ചു” എന്ന ഭാഗത്ത് പട്ടാളക്കാർ വഞ്ചിയിൽ കയറാൻ കയറാൻ നേരം ന്യായബോധമുള്ള വള്ളക്കാരൻ അവരെ ചോദ്യം ചെയ്യുന്നു എന്ന് പറയുന്നതിൽനിന്നും പോർത്തുഗീസുകാർ വള്ളത്തിലാണ് വന്നിറങ്ങിയത് എന്നതിന്റെ സൂചന ലഭിക്കുന്നു. ചരിത്രത്തെ സംബന്ധിച്ച വലിയ തെളിവുകളാണ് ഈ പാട്ടിലുള്ളത്. മുസരീസിന്റെ ചരിത്രം കാലത്തെ അതിജീവിച്ച് നിലകൊള്ളുന്നത് ഒരു കാലത്ത് അത് കേരളത്തിലെ ഏറെ പ്രസിദ്ധമായ വ്യാപാരകേന്ദ്രമായിരുന്നു എന്നതിലാണ്. അതിനാൽത്തന്നെ കച്ചവടത്തിനായി അവിടെ വന്നെത്തിയ അന്യനാട്ടുകാരും, മറ്റ് രാജ്യക്കാരുമെല്ലാം അങ്ങാടികൾ കീഴടക്കാൻ ശ്രമങ്ങൾ നടത്തിയിരിക്കാം. പോർച്ചുഗീസുകാർ ഇവിടെ അധികാരം സ്ഥാപിച്ചതിന്റെ ചരിത്രപരമായ തെളിവുകളാണ് പെൺപ്പാട്ടുകൾ മുന്നോട്ടുവെയ്ക്കുന്നത്. വ്യാപാരവും വിപണിബന്ധങ്ങളുമാണ് മറ്റു രാജ്യക്കാരെ മുസരീസിലേക്ക് ആകർഷിച്ച ഘടകങ്ങളിൽ പ്രധാനമെന്ന് പാട്ടുകൾ വ്യക്തമാക്കുന്നു. പോർത്തുഗീസ് ആക്രമണത്തിൽ പള്ളിക്ക് നാശനഷ്ടങ്ങൾ സംഭവിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ‘പറുപ്പള്ളി‘യുടെ പാട്ടിൽ നിന്നും ലഭിക്കുന്നു. “നൊക്കി ഒരിവെടി വച്ചപ്പ ഒളിവിലൊള്ള വെളക്ക അതിൽ ഒന്നു ഒടിഞ്ഞു” പട്ടാളക്കാർ വെടിവെച്ചതിനെത്തുടർന്ന് വെള്ളിവിളക്കിൽ ഒന്ന് ഒടിഞ്ഞു എന്ന് സൂചിപ്പിക്കുന്നു. ‘വച്ചപ്പ’, ‘ഒളിവിലൊള്ള’ തുടങ്ങിയ ഭാഷാപ്രയോഗങ്ങൾ ഇന്നും പറവൂർ ഭാഷാദേദത്തിന്റെ ഭാഗമാണ്.

കാർക്കുഴലിയിലെ (2019) പഠനത്തിൽ ഡോ.സ്കറിയ സക്കറിയ പറവൂർ സിനഗോഗിന്റെ പ്രാധാന്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതിസമ്പന്നരും പ്രബലരുമായ ധാരാളം ജൂത കുടുംബങ്ങൾ അക്കാലത്ത് പറവൂരിൽ താമസിച്ചിരുന്നു. “പഴയ കൊച്ചിരാജ്യത്തിനു പുറത്ത് തിരുവിതാംകൂറിൽ സജീവമായി നിലനിന്നിരുന്ന പള്ളിയാണ് പറവൂർ. അതിപ്രാചീനകാലം മുതൽ മുസിരിസിന്റെ പ്രാന്തപ്രദേശം എന്ന എന്ന നിലയിൽ പറവൂരിന് പ്രാധാനമുണ്ടായിരുന്നു”(2019:159). 1901-ലെ സെൻസസ് പ്രകാരം 1288 ജൂതരാണ് കേരളത്തിൽ ഉണ്ടായിരുന്നത്. 1995-ൽ സി. എം. ഐ പുരോഹിതനായ ജോസഫ് ജെ പാലക്കൽ നടത്തിയ പഠനപ്രകാരം പറവൂരിലും സമീപപ്രദേശത്തുമായി ഇരുപത്തിമൂന്ന് ജൂതർ മാത്രമാണ് നിലവിലുണ്ടായിരുന്നത്. 2025-ൽ അത് നാമാവശേഷമായി വിരലിലെണ്ണാവുന്നവർ മാത്രമായി ചുരുങ്ങി. കാലങ്ങളായി പറവൂർച്ചന്തയിൽ പ്രത്യേകരീതിയിലുള്ള മത്സ്യവിൽപ്പന, മാംസവില്പന, മുട്ടക്കച്ചവടം, തയ്യൽ, കൃഷി തുടങ്ങിയ ജീവിതോപാധികളുമായി ജൂതർ താമസിച്ചു വന്നിരുന്നു. അങ്ങാടികൾക്ക് ചുറ്റുമായി പ്രത്യേകതരം വാസ്തുശൈലിയിൽ നിർമ്മിച്ച ഓടുമേഞ്ഞ ധാരാളം വീടുകൾ ഇന്നും ഒഴിഞ്ഞുകിടക്കുന്നുണ്ട്.

 

ഇസ്രായേലിലെ നെമാതിമിലുള്ള ആവേദകനായ മലയാളിജൂതൻ മെനഹം പാലിനോട് സംസാരിച്ചതനുസരിച്ച് തട്ടുങ്കൽ, തക്കൂതം, പള്ളിവാതുക്കൽ, കടവിൽ തുടങ്ങിയ ജൂതത്തറവാടുകൾ വടക്കൻപറവൂരിലെ പ്രബലരും അതിസമ്പന്നരുമായിരുന്ന ജൂതകുടുംബങ്ങളായിരുന്നു. പറവൂർച്ചന്തയിൽനിന്ന് അധികം ദൂരത്തല്ലാതെ സ്ഥിതിചെയ്യുന്ന തട്ടുകടവ് ഒരു പക്ഷേ ‘തട്ടുങ്കൽക്കടവ്’ ആയിരിക്കാം. ജൂതന്മാരും പ്രദേശവാസികളും തമ്മിലുണ്ടായ പ്രധാന സംഭവമായിരുന്നു ‘സാറാക്കേസ്’. അതിസമ്പന്നയായ തട്ടുങ്കൽ സാറയെന്ന ജൂതസ്ത്രീയോട് കൊച്ചിയിലെ ജൂതന്മാരോട് ചേർന്ന് അക്രമം അഴിച്ചുവിട്ട ജൂതന്മാർക്കെതിരെ, സാറയ്ക്ക് അഭയം കൊടുത്തുകൊണ്ട് ഒരു നാട് മുഴുവൻ പൊരുതിനിന്ന കഥ പ്രാദേശികമായുള്ള അന്വേഷണത്തിൽ പലരും ഓർത്തുവെയ്ക്കുന്നതായി കണ്ടു. അധികാരത്തിനും സമ്പത്തിനുംവേണ്ടി നിരവധി അക്രമണങ്ങൾ സാമൂഹികനീതിയില്ലാതെ അധികാരവർഗ്ഗം നടത്തിയിരുന്നതിന് തെളിവായി ഈ സാമൂഹികവിഷയത്തെ ചൂണ്ടിക്കാണിക്കാവുന്നതാണ്. മുസരീസിന്റെ സാംസ്കാരികചരിത്രം അധികാരത്തിനും സമ്പത്തിനുമെതിരായ ചെറുത്തുനിൽപ്പുകളുടെ ചരിത്രംകൂടിയാണെന്ന് ഇത്തരം സാമൂഹികപ്രശ്നങ്ങൾ തെളിയിക്കുന്നുണ്ട്.


മാളപ്പള്ളിയുടെ പാട്ട്

“അപ്പ പറയുന്നു കൊടുങ്ങളൂർ തമ്പുരാൻ എല്ലാഗുലമെന്റെ നാട്ടിലും ഉണ്ടെന്നു,

 ജൂതർഗുലമെന്റെ നാട്ടിലുമുല്ലെന്നു നിങ്ങൾ പത്തുകൂടി ഇവിടെ ഉറക്കേണം…”

മറ്റു പള്ളിപ്പാട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ മാളപ്പള്ളിയുടെ പാട്ട് ലളിതമായ ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. അവസാനം പണികഴിപ്പിച്ച പള്ളി മാളപ്പള്ളിയാണ്. എല്ലാവിധത്തിലുള്ള മനുഷ്യരും (വിവിധ ജാതി-മത വിഭാഗത്തിൽ പെട്ടവർ) തന്റെ നാട്ടിൽ ഉണ്ടെന്നും, ജൂതവിഭാഗം കൂടി നാട്ടിൽ വേണമെന്ന കൊടുങ്ങല്ലൂർ തമ്പുരാന്റെ പ്രത്യേക അഭ്യർത്ഥനയിൽ അദ്ദേഹം മാളപ്പള്ളി പണിയാനള്ള സ്ഥലം നൽകിയെന്നും പാട്ടിൽ സൂചിപ്പിക്കുന്നു. യോസഫ് റബ്ബാനും വാല്യക്കാരും നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും തമ്പുരാന്റെ അനുവാദം വാങ്ങുന്നുണ്ട്. ‘ആറ്റങ്ങാട്ട് തമ്പുരാൻ മരവും പിടിച്ചുതെ’ ആലങ്ങാട് തമ്പുരാനെയായിരിക്കണം സൂചിപ്പിച്ചിരിക്കുന്നത്. “അയമ്പിള്ളി ആശാരിയും വന്നങ്ങു പണിതുടങ്ങി മേൽക്കട്ടിയും നെലാനും അതും പണിതീർന്നു” അയ്യമ്പിള്ളി ആശാരി എന്നാണ് പാട്ടിൽ സൂചിപ്പിക്കുന്നത്. വൈപ്പിൻദ്വീപിലുള്ള സ്ഥലമാണ് അയ്യമ്പിള്ളി. മുസരീസിന്റെ ചരിത്രപരമായ വസ്തുതകളിൽനിന്ന് മാറി സാമൂഹികമായ ഉന്നമനം നേടിയെടുത്ത ജൂതന്മാരുടെ സാമൂഹികസാഹചര്യങ്ങളാണ് മാളപ്പാട്ടിൽ വിവരിച്ചിട്ടുള്ളത്. പാട്ടിന്റെ പ്രമേയവും ആഖ്യാനരീതിയും മറ്റ് പാട്ടുകളിൽനിന്ന് വ്യത്യസ്തമായാണ് മാളപ്പാട്ടിൽ ആവിഷ്കരിച്ചിരിക്കുന്നത്. അക്കാര്യം സ്കറിയ സക്കറിയ അദ്ദേഹത്തിന്റെ പഠനത്തിൽ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. “മാളപ്പള്ളിപ്പാട്ട് പൊതുപ്രവണതകൾ വിട്ട് റബ്ബാനെ നായകനാക്കിയിരിക്കുന്നു. ജൂതശാസനത്തിന്റെ കാലം എ. ഡി 1000 എന്നു എം. ജി. എസ്‌ നാരായണൻ സ്ഥാപിച്ചിട്ടുണ്ട്. മാള പള്ളിക്ക് എ ഡി 1597 മുതലുള്ള ചരിത്രമേ ലഭിച്ചിട്ടുള്ളൂ. ഇങ്ങനെയെല്ലാം ആലോചിക്കുമ്പോൾ ഫോക് ലോർ സംക്രമണത്തിന്റെ പടവുകൾ വിവരിക്കാൻ മാളപ്പള്ളിപ്പാട്ട് ഫലപ്രദമായി ഉപയോഗിക്കാം എന്ന് തോന്നുന്നു” (2019:179). റബ്ബാനെ നായകനാക്കിയ ഈ പാട്ട് ജൂതശാസനത്തിന്റെ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. കൊടുങ്ങല്ലൂർത്തമ്പുരാനും റബ്ബാനും തമ്മിലുള്ള സംഭാഷണരൂപത്തിലാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൊടത്തുതേ, പിടിച്ചുതെ, അറീച്ചുതെ, വന്തുതെ പോലെയുള്ള പ്രാചീന ഭാഷാപ്രയോഗങ്ങളിലാണ് മിക്ക വരികളും അവസാനിക്കുന്നത്. സാമൂഹികമായി അധികാരം നേടിയ ജൂതജനവിഭാഗങ്ങളുടെ ജീവിതാനുഭവങ്ങളും സാംസ്കാരികബോധ്യങ്ങളുമാണ് മാളപ്പാട്ടിൽ ആവിഷ്കരിക്കപ്പെടുന്നത്.

ഒരെടം

തത്തയെ അഭിസംബോധന ചെയ്യുന്ന ധാരാളം ജൂതപ്പാട്ടുകൾ ഉണ്ട്. അതിൽ ഒന്നാണ് ഒരെടം. പരദേശി ജൂതരുടെ നോട്ടുബുക്കിൽനിന്നാണ് ഈ പാട്ട് കണ്ടെത്തിയത്. കിളിയെ അഭിസംബോധന ചെയ്യുന്ന പാട്ടിൽ നഗരവർണ കാണാം. “ചിത്തെരാ മണിമാടം അ കൊതയാ നഗരി ചെമ്മെ പൊയി അടയാളം അവർ കണ്ടട്ടാറിഞ്ഞു.” വഞ്ചി നഗരത്തിന്റെ വർണ്ണനയാണ് ഇതിൽ വർണിച്ചിട്ടുള്ളത്.  ഒരു ഇടം / ഒരെടം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് വഞ്ചി നഗരത്തെയാണ്. വസ്തുതകൾ പങ്കുവെയ്ക്കുന്ന പുരുഷന്മാരെക്കുറിച്ചും, കണക്കപ്പിള്ളമാരെക്കുറിച്ചും, പട്ടന്മാരെക്കുറിച്ചും, കൊമ്പും കുഴലും കണ്ടതിനെക്കുറിച്ചും പാട്ടിൽ വിവരിക്കുന്നുണ്ട്. “കോത നഗരിയാണ് ഇടം, വഞ്ചിയും, കോതയും കൊടുങ്ങല്ലൂരും ജൂതസ്മരണയിൽ ഐതിഹ്യമാനങ്ങളുള്ള ഇടങ്ങളാണ്” (2019:134) എന്ന് സ്കറിയ സക്കറിയ അഭിപ്രായപ്പെടുന്നു. സങ്കീർണ്ണവും, ക്ലേശകരവുമായ ഭാഷയിലാണ് ഒരെടം പാട്ട് രചിച്ചിരിക്കുന്നത്. മിക്ക വരിയുടെ അവസാനവും ‘ഒരെടം’ എന്ന് ആവർത്തിക്കുന്നത് പാട്ടിന് താളാത്മകത നൽകുന്നുണ്ട്.

മോശെ മൊതലിയാരു

‘മോശ’ എന്ന മതപുരോഹിതനെക്കുറിച്ചുള്ള പാട്ടാണിത്. “ചിങ്കിലി ദെശത്താ ചെലല്ലാ കണ്ടട്ടങ്ങു ഒർത്തും ഒർത്തുമില്ല കൊതനകരില്ല കൊപ്പ എല്ലാ കണ്ടു നെരന്നുമില്ല” ഇവിടെ ‘ചിങ്കിലി’ ദേശം എന്നതുകൊണ്ട് ഷിങ്ങ്ലി എന്നാണ് ഉദ്ദേശിക്കുന്നത്. കൊടുങ്ങല്ലൂരിനെ ഷിങ്ങ്ലി എന്നാണ് ജൂതപ്പാട്ടുകളിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. തെങ്ങിനകത്ത് പൊത്തിലിരുന്ന തത്തക്കിളിയെക്കൊണ്ട് കഥ പറയിക്കുന്ന രീതിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മിക്കപാട്ടിലും തത്ത ഒരു പ്രധാന കഥാപാത്രമാണ്. കിളഇപ്പാട്ടുപ്രസ്ഥാനത്തെയാവാം ഈ രീതി അനുവർത്തിക്കുന്നത്. തത്തയെ അഭിസംബോധന ചെയ്യുന്ന താരതമ്യേന ഹ്രസ്വമായ ഈ പാട്ടിൽ കോതവർമ്മ കഥാപാത്രമായി കടന്നുവരുന്നുണ്ട്. “എഴുതിയ ഓല ചുറ്റി അടച്ചു താത്ത മലക്കുതേക്ക എതമൊള്ള ഓല കൊതവർമ്മന്നനൊടു അല്ലലു ഒണർത്തിക്കുന്നു”  എ.ഡി. 1000-ൽ ചേരരാജാവായ രവിവർമ്മ ചെപ്പേടു നൽകുമ്പോൾ വേണാട്ടിലെ കോതവർതന മാർത്താണ്ഡൻ (ഗോവർധനമാർത്താണ്ഡൻ) സന്നിഹിതനാണെന്ന് ഡോ. സ്കറിയ സക്കറിയ രേഖപ്പെടുത്തുന്നുണ്ട്. മുസരീസിന്റെ ചരിത്രപരിണാമത്തിൽ ജൂതജനതയുടെ സാംസ്കാരികചേതനയിൽ കോതവർമ്മയും കടന്നുവരുന്നതിൽ അത്ഭുതപ്പെടാനില്ല. ജാതി-മത ഭേദമില്ലാതെ കൂടിക്കലർന്നു ജീവിച്ച ഒരു സാമൂഹികവ്യവസ്ഥിതിയുടെ സാംസ്കാരികമായ അടയാളപ്പെടുത്തലുകളാണ് ജൂതപെൺപാട്ടുകളിൽ സവിശേഷമായി കാണുന്നത്. അതാവട്ടെ മുസരീസിന്റെ ചരിത്രത്തോളം പഴക്കമുള്ളതും അക്കാലത്തെ വ്യാപാരബന്ധങ്ങളുമായി ഇഴുകിച്ചേർന്ന് പരിണമിച്ചുള്ളതുമാകുന്നു.   


ഉപസംഹാരം.

⮚     കേരളത്തിന്റെ സാംസ്കാരികചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരിടമാണ് മുസരീസ്. ചേരരാജാക്കന്മാരുടെ പ്രധാന തുറമുഖനഗരങ്ങളിലൊന്നായിരുന്ന മുസരീസ് അക്കാലത്തെ പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു. മറ്റുള്ള ജനവിഭാഗങ്ങളെപ്പോലെ ജൂതന്മാരും അക്കാലത്ത് പ്രബലവിഭാഗമായിരുന്നെന്ന് ആയിരാമാണ്ടിൽ (എ.ഡി. 1000) ചേരരാജാവ് ജോസഫ് റബ്ബാന് നൽകിയ ജൂതശാസനം വെളിപ്പെടുത്തുന്നു. മുസരീസിന്റെ സാമൂഹികപരിണാമത്തോടൊപ്പം വളർന്നുവികസിച്ച ജൂതജനവിഭാഗത്തിന്റെ പലവിധത്തിലുള്ള അവശേഷിപ്പുകൾ ഇക്കാലത്തും വടക്കൻ പറവൂരിന്റെ ചുറ്റുവട്ടത്തുമായി കാണാൻ സാധിക്കും. ജൂതവിഭാഗങ്ങൾക്കിടയിൽ പ്രചരിച്ചിട്ടുള്ള പലവിധത്തിലുള്ള പെൺപ്പാട്ടുകളിൽ സാംസ്കാരികവും സാമൂഹികവുമായ  വസ്തുതകളും അവർക്കിടയിലെ ജീവിതാവിഷ്കാരങ്ങളും സവിശേഷമായി പ്രതിബാധിച്ചിരിക്കുന്നു.

⮚     ഹീബ്രുവും മലയാളവും കൂട്ടിക്കലർത്തി തനതായ രീതിയിൽ ജൂതന്മാർ ചിട്ടപ്പെടുത്തിയ പെൺപാട്ടുകൾ മലയാളികളായ ജൂതസ്ത്രീകളുടെ കൈവശം സൂക്ഷിച്ചിച്ചിരുന്ന കൈയ്യെഴുത്തുപ്രതികളിൽനിന്നാണ് കണ്ടെടുത്തിട്ടുള്ളത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പെൺപാട്ടുകൾ ചരിത്രപരമായ വസ്തുതകൾ ഉള്ളടങ്ങുന്ന അമൂല്യ രേഖകളാണ്.

⮚     ജൂതപെൺപാട്ടുകളെ കല്യാണപ്പാട്ടുകൾ, പള്ളിപ്പാട്ടുകൾ, ആരാധനപ്പാട്ടുകൾ, കളിപ്പാട്ടുകൾ എന്നിങ്ങനെ തരംതിരിക്കാമെങ്കിലും ജൂതജനതകൾക്കിടയിൽ നിലനിന്ന സാമൂഹികബന്ധങ്ങളും, പരദേശികളുമായി നടത്തിയിട്ടുള്ള വിനിമയങ്ങളും, സാമുദായികവിശദീകരങ്ങളും, പള്ളിനിർമ്മാണത്തെ സംബന്ധിച്ച വിവരങ്ങളുമെല്ലാം പള്ളിപ്പാട്ടുകളിൽ ഉള്ളടങ്ങിയതിനാൽ അവ സാമൂഹികപ്രസക്തമാണ്. ഭക്തിയുടെയും വൈകാരികതയുടെയും സമ്മിശ്രഭാവം ഈ പാട്ടുകളിൽ കാണാമെന്നതിനാൽ ജൂതവിഭാഗത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ജീവിതാനുഭവങ്ങളും ചരിത്രവസ്തുതകളും തെളിഞ്ഞുനിൽക്കുന്നത് പള്ളിപ്പാട്ടുകളിലാണ്.

⮚     പറുപ്പള്ളിപ്പാട്ട് ജൂതന്മാർക്കിടയിലുള്ള പള്ളിപ്പാട്ടുകളിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ചേരരാജാവ് പള്ളികെട്ടാൻ സ്ഥലം നൽകുന്നതും, ജൂതപ്രമാണികൾ വ്യാപാരബന്ധങ്ങളിൽ ഇടപെടുന്നതും, പോർച്ചുഗീസുകാർ പള്ളി ആക്രമിക്കുന്നതുമായ ചരിത്രപരമായ നിരവധി തെളിവുകൾ ഈ പാട്ടിൽ ഉൾക്കൊള്ളുന്നു. 

⮚     മാളപ്പള്ളിപ്പാട്ടിൽ കൊടുങ്ങല്ലൂർ രാജാവുമായി നിലനിന്നിരുന്ന ചരിത്രപരമായ ബന്ധങ്ങളും അതിന്റെ തുടർച്ചയായി മാളപ്പള്ളി നിർമ്മിക്കാൻ രാജാവു സമ്മതം നൽകിയിരിക്കുന്നതും പ്രതിബാധിച്ചിരിക്കുന്നു. അക്കാലത്തെ സാമൂഹ്യജീവിതത്തിലെ മതേതരബോധ്യങ്ങളുടെയും മൂല്യങ്ങളുടെയും തെളിവുകൾ ഈ പാട്ടിൽനിന്ന് ലഭിക്കുന്നു.

⮚     പള്ളിപ്പാട്ടുകളിൽനിന്ന് കണ്ടെത്തിയ ഒരേടം എന്ന പാട്ട് വഞ്ചിനഗരത്തെ വർണിക്കുന്ന ചരിത്രയാഥാർത്ഥ്യത്തെ സൂചിപ്പിക്കുന്ന പാട്ടുകളിലൊന്നാണ്. അതുപോലെ മോശ മൊതലിയാര് എന്ന പാട്ട് മോശയെന്ന മതപുരോഹിതനെക്കറിച്ചുള്ള പാട്ടാണ്. കോതവർമ്മ പ്രധാന കഥാപാത്രമായി വരുന്ന ഈ പാട്ടിൽ തത്ത ഒരു പ്രധാന കഥാപാത്രമാണ്. കിളിപ്പാട്ടുപ്രസ്ഥാനവുമായി ബന്ധപ്പെട്ട് നിലവിലിരുന്ന സാംസ്കാരികപശ്ചാത്തലത്തിന്റെ തുടർച്ചയെന്നോണം ജൂതന്മാർക്കിടയിലേക്ക് കടന്നുവന്നതാവാം ഇത്തരത്തിൽ കിളിയെ കൊണ്ട് കഥ പറയിക്കുന്നരീതി.

⮚     കേരളത്തിന്റെ സാംസ്കാരികജീവിതത്തിന്റെയും സാമൂഹികപരിണാമത്തിന്റെയും ജൂതന്മാരുടെ ജീവിതാനുഭവങ്ങളുടെയും ചരിത്രപരമായ വാണിജ്യവിനിമയങ്ങളുടെയുമെല്ലാം നേർസാക്ഷ്യങ്ങളും അനുഭൂതികളും ചരിത്രയാഥാർത്ഥ്യങ്ങളുമെല്ലാം പള്ളിപ്പാട്ടുകളിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ കേരളത്തിന്റെ സാംസ്കാരികപരിണാമത്തിൽ ഒഴിച്ചുനിർത്താനാവാത്ത ചരിത്രരേഖകളായി പെൺപ്പാട്ടുകൾ മാറുന്നു.  


തുടർപഠനസാധ്യതകൾ

ചരിത്രപരതയും നാടോടിവഴക്കവും, സാംസ്കാരികത്തനിമയും ഇഴചേർന്ന ജൂതമലയാള പെൺപാട്ടുകൾ ചരിത്രപരമായും സാമൂഹികമായും നിരവധി പഠനസാധ്യതകൾ മുന്നോട്ടുവെയ്ക്കുന്ന വിഷയമേഖലയാണ്. പാട്ടുകളിലെ പെൺകർതൃത്വം, ജൂതസംസ്കാരം, വ്യാപാരബന്ധങ്ങൾ, നാടോടിവിജ്ഞാനീയം, ഭാഷാഭേദം തുടങ്ങിയ വിവിധ സാംസ്കാരികഘടകങ്ങളെ ഇനിയും  പഠനങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്. തീവ്രമായ വൈകാരികഭാവങ്ങൾ, ആത്മീയത, പെണ്ണറിവുകൾ, കൂട്ടായ്മബോധം എന്നിവ പെൺപാട്ടുകളിൽ കാണാം. അവയും പഠനത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്. ജൂതന്മാർക്കിടയിൽപോലും മറഞ്ഞുപോയ ഈ പാട്ടുശേഖരം ഇക്കാലത്തും അപൂർണമായി തുടരുന്നു.    

 

സഹായകഗ്രന്ഥങ്ങൾ

1.     സ്കറിയ, സക്കറിയ., 2019: കാർക്കുഴലി. കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

2.     അജു നാരായണൻ, കെ., 2015: കേരളത്തിലെ ജൂതർ വേരുകൾ വഴികൾ. കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

3.     രാഘവവാരിയർ, എം. ആർ., 2013: കൊടുങ്ങല്ലൂർ ചരിത്രകാഴ്ചകൾ. കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

4.     രാജഗോപാലൻ, സി. ആർ., 2008: നാട്ടറിവ് പാട്ടുകൾ. ഡി സി ബുക്സ്, കോട്ടയം.

5.     ലൂക്കാസ്, പി. യു., 1980: പുരാതനപ്പാട്ടുകൾ. ജ്യോതി ബുക്ക്‌ ഹൗസ്, കോട്ടയം.

6.     വിഷ്ണുനാരായണൻ, എം. വി., 2008: നാടൻപാട്ടുകൾ മലയാളത്തിൽ. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

7.     ശ്രീധരമേനോൻ, വൈലോപ്പിള്ളി.,2001: വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ, കറന്റ് ബുക്സ്, തൃശ്ശൂർ.

8.     Palackkal, Joseph. J., 1995: songs and Traditions of jews in kerala. kochi. Christian musicological society of India.


ആവേദകർ

1.     നെഹമിയ ഏബ്രഹാം, നിരണ്യ ഗാർഡൻസ്, മാഞ്ഞാലി, നോർത്ത് പറവൂർ

2.     റൂബി നെഹമിയ, നിരണ്യ ഗാർഡൻസ്, മാഞ്ഞാലി, നോർത്ത് പറവൂർ

3.     പി. എം. മെനഹം പാൽ, പള്ളിവാതുക്കൽ, ഇസ്രായേൽ

ദീപ്തി  കെ. എച്ച്.

രണ്ടാം വർഷം, മലയാളം ബി. എഡ്

പാട്രിയാർക്ക് ഇഗ്‌നേഷ്യസ് സഖാ ഫസ്റ്റ് ട്രെയിനിങ് കോളേജ്

മലേക്കുരിശ്, പുത്തൻകുരിശ് എറണാകുളം

ഫോൺഃ 9061606800

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്




സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page