top of page

കർമ്മ - ഫല സിദ്ധാന്തത്തിൻ്റെ ദാർശനികവും സാഹിത്യപരവുമായ വിശകലനം: ഭഗവത് ഗീതയിലെ കർമ്മചിന്തയും മേരിബനീജ്ഞയുടെ വിതച്ചാൽ കൊയ്യാം എന്ന കവിതയും ഒരു താരതമ്യപഠനം

  • 6d
  • 4 min read

Updated: 2d

ഡോ. അമ്പിളി എസ്.

പ്രബന്ധസംഗ്രഹം

                        മനുഷ്യജീവിതത്തിൻ്റെ അർത്ഥവും ഗതിയും നിർണ്ണയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളിൽ‍ ഒന്നാണ് കർമ്മഫലസിദ്ധാന്തം. മനുഷ്യന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും വാക്കും ചിന്തയും അവൻ്റെ ജീവിതത്തെ ആഴത്തിൽ‍ സ്വാധീനിക്കുകയും അവൻ്റെ ജീവിതമൂല്യങ്ങളിൽ‍ അവ ദർശിക്കുവാനും സാധിക്കും. അവനവനൻ്റെ പ്രവൃത്തിയുടെ ഫലം നേരിട്ടോ വൈകിയോ അവനിലേയ്ക്ക് തന്നെ തിരികെ എത്തുന്നു എന്ന ബോധമാണ് ഇന്ത്യൻ  ദാർശനിക പാരമ്പര്യത്തിൻ്റെ‍ അടിസ്ഥാനഘടകം. അതേസമയം ആധുനിക മലയാള സാഹിത്യത്തിൽ‍ മനുഷ്യ ജീവിതത്തിൻ്റെ നൈതിക പ്രതിസന്ധികളും സാമൂഹിക ഉത്തരവാദിത്വങ്ങളും കവിതയിലൂടെ ആവിഷ്ക്കരിച്ച കവയത്രിയാണ് മേരി ബനീജ്ഞ. അവരുടെ 'വിതച്ചാല്‍ കൊയ്യാം' എന്ന കവിത മനുഷ്യന്‍ സമൂഹത്തിൽ‍ വിതയ്ക്കുന്ന നീതിയും അനീതിയും അവനിലേയ്ക്ക് തന്നെ തിരികെ എത്തിചേരും എന്ന് ലളിതവും ശക്തവുമായ കാവ്യഭാഷയില്‍ അവതരിപ്പിക്കുന്നു. ഈ പഠനം മേരി ബനീജ്ഞയുടെ 'വിതച്ചാല്‍ കൊയ്യാം' എന്ന കവിതയും ഭഗവദ്ഗീതയിലെ കർമ്മഫല ദർശനവും തമ്മിലുള്ള ഒരു താരതമ്യ പഠനമാണ്. ഇതില്‍ ആശയപരമായ സാമ്യതകളും വ്യത്യാസങ്ങളും വിശകലനം ചെയ്യുന്നു. സാഹിത്യവും ദർശനവും രണ്ട് വ്യത്യസ്ത മാധ്യമമാണെങ്കിൽ‍ പോലും മനുഷ്യജീവിതത്തിൻ്റെ നൈതിക അർത്ഥം വിശദീകരിക്കുന്നതിനായി ഇവ തമ്മിലുള്ള ആന്തരികബന്ധം കണ്ടെത്തുക എന്നതാണ് ഈ ലേഖനത്തിൻ്റെ ലക്ഷ്യം.

സൂചികാപദം :           കർമ്മം, ഫലം, വിതച്ചതു കൊയ്യും, ജീവിതമൂല്യം

 

ആമുഖം

                        മനുഷ്യജീവിതത്തിൻ്റെ നൈതികഘടനയെ വളരെ ശക്തവും ലളിതവുമായി അവതരിപ്പിക്കുന്ന ഒരു കവിതയാണ് മേരി ബനീജ്ഞയുടെ 'വിതച്ചാല്‍ കൊയ്യും'. ഈ കവിത ശാശ്വതസത്യത്തെ അതിൻ്റെ മാനവികഭാഷയിൽ അവതരിപ്പിക്കുന്നു. ഈ കവിതയെ ആഴത്തില്‍ ദർശിച്ചാൽ‍ നമുക്ക് മനസിലാക്കുവാൻ‍ സാധിക്കുന്നത് ഈ കവിത ദാർശനിക ദർശനങ്ങളുടെ ഒരു പ്രതിഫലനമായി തോന്നും. ഭഗവത്ഗീതയിലെ കർമ്മഫല സിദ്ധാന്തവുമായി വളരെയധികം സാമ്യപ്പെട്ടിരിക്കുന്നു. ദർശനവും കവിതയും രണ്ട് വ്യത്യസ്ത തലങ്ങളാണെങ്കിൽ പോലും മനുഷ്യൻ്റെ പ്രവൃത്തിയും ആ പ്രവൃത്തിയുടെ ഫലവും എന്ന ഒരേ ആശയത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നതായി നമുക്ക് കാണാൻ സാധിക്കുന്നത്. നല്ല പ്രവൃത്തികൾ ചെയ്താൽ കർമ്മഫലം നല്ലതായിരിക്കും. ചീത്ത പ്രവൃത്തികൾക്ക് ഫലം ഒരിക്കലും നല്ലതായിരിക്കുകയില്ല.

                        ഇന്ത്യൻ‍ ദർശനത്തിലെ പ്രധാന ആശയങ്ങളിലൊന്നാണ് കർമ്മം. ഉപനിഷത്തുകളിലും, ഭഗവത്ഗീതയിലും കർമ്മം എന്ന ആശയം വെറും ഒരു ശാരീരിക പ്രവൃത്തി മാത്രമല്ല മാനസികചിന്തയും (പ്രവർത്തിയും) കൂടിയാണ്.  ഭഗവത്ഗീതയുടെ അടിസ്ഥാന ആശയം നിലകൊള്ളുന്നത് കർമ്മം എന്ന സിദ്ധാന്തത്തിൽ ആണ്. മനുഷ്യന്‍ ലോകത്തിൽ നിർജീവനായ ഒരു സാക്ഷിയല്ല. അവന്‍ ഒരിക്കലും പ്രവൃത്തിമേഖലയിൽ ഏർപ്പെടാതെ ഇരിക്കുന്നില്ല. ശാരീരികമായി പ്രവർത്തിയിൽ ഏർപ്പെട്ടിലെങ്കിലും മാനസികമായെങ്കിലും അവന്‍ പ്രവർത്തനം നടത്തുന്നു. ആയതിനാൽ മനുഷ്യന്‍ നിരന്തരം പ്രവർത്തനമണ്ഡലങ്ങളിൽ ഏർപ്പെടുന്ന ഒരു ജീവിയാണ്. ഈ പ്രവർത്തനങ്ങളാണ് അവൻ്റെ വ്യക്തിത്വം, സ്വഭാവം, ഭാവി എന്നിവയെ രൂപപ്പെടുത്തുന്നത്.

 

 

ഗീതയുടെ പ്രസിദ്ധമായ ശ്ലോകമാണ്

                        "കർമണ്യേ വാധികാരസ്തേ മാ

                        മാ കർമ്മഫല ഹേതുര്‍ഭുർമാതേ

                        സംഗോസ്ത്വ കർ'മ്മണി

                        ഫലേഷു കദാചന"     (ഗീത. 2.49)

                        ഈ ശ്ലോകത്തിൽ വിവരിക്കുന്നത് മനുഷ്യന് കർമ്മം ചെയ്യാനുള്ള അവകാശം മാത്രമേയുള്ളൂ എന്നും ആ കർമ്മത്തിൻ്റെ ഫലം ആഗ്രഹിക്കാൻ അവകാശമില്ലെന്നും രേഖപ്പെടുത്തുന്നു. എന്നാൽ ഇതിനെ ഫലനിഷേധനമായി കാണാൻ സാധിക്കുകയില്ല; ഗീതഫലത്തെ നിഷേധിക്കുന്നില്ല. എന്നാൽ ഫലത്തോടുള്ള നമ്മുടെ ആസക്തിയെയാണ് വിമർശിക്കുന്നത്. കർമ്മം വിത്ത് ആണെങ്കിൽ, ഫലം വിളവ് ആണ്. വിത്തില്ലാതെ വിളവുണ്ടാകില്ല. പക്ഷേ വിളവിനു വേണ്ടി മാത്രം വിത്ത് വിതയ്ക്കുമ്പോൾ കർമ്മം എന്ന ആശയം അർത്ഥശൂന്യമായി മാറുന്നു. അവനവന്‍ തൻ്റെ കർമ്മം ചെയ്യുക, ഫലം ആഗ്രഹിക്കരുത്. ഇങ്ങനെ ഫലം ഇച്ഛിക്കാതെ ചെയ്യുന്ന കർമ്മത്തെ ഭഗവത്ഗീതയിൽ  നിഷ്കാമകർമ്മ എന്ന പേരിൽ  അറിയപ്പെടുന്നു.

                        വിതച്ചതു കൊയ്യും എന്ന ആശയം മേരി ബനീജ്ഞയുടെ കവിതയിൽ കൃഷി എന്ന മാധ്യമത്തിലൂടെ ശക്തമായി അവതരിപ്പിക്കുന്നു. ഇതിൽ ഉപയോഗിച്ച പദങ്ങളായ മണ്ണ്, വിത്ത്, മഴ, വിളവ് എന്നിവ കവിതയിൽ വെറും പ്രകൃതി ഘടകങ്ങൾ മാത്രമല്ല, അവ മനുഷ്യൻ്റെ ചിന്തയുടെയും, പ്രവൃത്തിയുടെയും പ്രതീകങ്ങളാണ്. മനുഷ്യന്‍ തൻ്റെ ജീവിതത്തിൽ ചെയ്യുന്ന ചെറിയ നല്ല പ്രവൃത്തികൾ പലപ്പോഴും കാലക്രമേണ വലിയ ഫലങ്ങളായി മാറുന്നു എന്ന് ഈ കവിത പലവട്ടം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇവിടെ കവിത ഒരു നൈതിക ഉപദേശമായി പ്രതിനിധാനം ചെയ്യുന്നു. എന്നാൽ ഇവ ആശയ അവതരണമായോ, ഉപദേശത്തിൻ്റെ രൂപ കാഠിന്യമില്ലാതെ, മനുഷ്യൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണ് വ്യന്യസിച്ചിരിക്കുന്നത്. "നീ വിതച്ചതല്ലാതെ മറ്റൊന്നും നിനക്ക് കൊയ്യാനാകില്ല". മനുഷ്യജീവിതത്തിൽ സംഭവിക്കുന്ന സുഖവും ദുഃഖവും യാദൃശ്ചികമല്ലെന്നും അവ ഓരോന്നും മനുഷ്യന്‍ തന്നെ വിതച്ച പ്രവൃത്തികളുടെ ഫലമാണെന്നും കവിത രേഖപ്പെടുത്തുന്നു.

                        ഗീതയും കവിതയും തമ്മിലുള്ള പ്രധാന സാദൃശ്യം 'കാരണം - ഫലം' എന്ന ദാർശനികസിദ്ധാന്തത്തിലാണ്. ഗീതയിൽ കർമ്മഫലം പ്രകൃതി നിയമം പോലെയാണ്. "ആവശ്യമായി തന്നെ ഫലം ഉണ്ടാകും" എന്ന ആശയം ഗീതയിൽ ആവർത്തിച്ചു വരുന്നു.

                        "നഹി കശ്ചിത് ക്ഷണമപി

                        ജാതു തിഷ്ഠത്യ കർമകൃത്   (ഭഗവത്ഗീത 3.5)

                        ഒരു നിമിഷംപോലും കർമ്മമില്ലാതെ മനുഷ്യന് നിലനില്ക്കാൻ‍ കഴിയില്ല. അതുപോലെ തന്നെ കർമ്മഫലത്തിൽ നിന്നും ഒഴിഞ്ഞുമാറാനും കഴിയില്ല. മേരി ബനീ ജ്ഞയുടെ കവിത ഈ സത്യത്തെ ഉപദേശമായി അല്ല മറിച്ച് അനുഭവമായി അവതരിപ്പിക്കുന്നു. ഈ കവിത വായിക്കുന്ന മനുഷ്യന്‍ തൻ്റെ ജീവിതത്തിലേയ്ക്ക് ഈ ആശയത്തെ ബന്ധിപ്പിക്കുന്നു. മനുഷ്യന്‍ ചെയ്യുന്ന കർമ്മങ്ങൾ അതിൻ്റെ ഫലങ്ങൾ എന്നിവ അവൻ്റെ ജന്മ ജന്മാന്തരങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. മേരി ബനീജ്ഞയുടെ കവിത ഈ ആശയത്തെ ഭൂമിയോടും, കൃഷിയോടും ബന്ധിപ്പിച്ച് ദൃശ്യവല്ക്കരിക്കുന്നു. നാം ഒരിക്കൽ വിതച്ച വിത്ത് മണ്ണിൽ എത്രകാലം ഒളിച്ചിരുന്നാലും, അതിൻ്റെ വളർച്ച നമുക്ക് തടയാൻ സാധിക്കുകയില്ല. അത് സാഹചര്യം അനുകൂലമാകുമ്പോൾ നാമ്പെടുത്ത് പുറത്തുവരിക തന്നെ ചെയ്യും. ഇതുപോലെ നമ്മുടെ പ്രവൃത്തിയുടെ ഫലം ഇന്ന് അല്ലെങ്കില്‍ നാളെ നാം അനുഭവിച്ചേ മതിയാകൂ. അവ നമ്മെ തേടി വരും എന്ന സന്ദേശം കവിത നല്കുന്നു. അതുപോലെ മനുഷ്യന്‍ മറക്കാൻ ശ്രമിക്കുന്ന പ്രവൃത്തികൾ ഒരിക്കൽ ഫലമായി തിരിച്ചുവരും. മനുഷ്യന്‍ ചെയ്യുന്ന പ്രവൃത്തികൾ നല്ല പ്രവൃത്തി ആണെങ്കിൽ എങ്കിൽ നല്ല ഫലവും ചീത്ത പ്രവൃത്തികൾക്ക് ചീത്ത ഫലവും ലഭ്യമാകുന്നു എന്നതാണ് സത്യം.

 

                        "യഥാ കർമ്മ കുരുതേ തഥാ ഭവതി"

                                                                        (ബൃഹദാരണ്യക ഉപനിഷത്ത് 4.4.5)

                        "നിതാന്ത നിസ്തുലദാനം - മതല്ലോ

                        നമ്മുടെ യാഥാർത്ഥ്യം"                               (വിതച്ചാല്‍ കൊയ്യാം)

                        ഗീതയിലെ മറ്റൊരു അതിപ്രധാന ദാർശനിക ആശയമാണ് ഗുണത്രയം. സത്ത്വം, രജസ്സ്, തമസ്സ്. മനുഷ്യന്‍ ചെയ്യുന്ന കർമ്മത്തിൻ്റെ സ്വഭാവം ഈ ഗുണങ്ങളെ ആശ്രയിച്ചിരിക്കുന്നു.

                        "സത്ത്വാത്സഞ്ജായതേ ജ്ഞാനം

                        രജസോ ലോഭ ഏവ ച

                        പ്രമാഭമോ ഹൗ തമസോ

                        ഭവതോജ്ഞാനമേവ ച"                                 (ഭഗവത്ഗീത 14.17)

ഇവിടെ സത്ത്വഗുണം ശുദ്ധിയെയും ജ്ഞാനത്തെയും സൂചിപ്പിക്കുന്നു. രജോഗുണം ആസക്തിയുടെയും, പ്രവർത്തനത്തിൻ്റെയും പ്രതീകമാണ്. തമോഗുണം അജ്ഞാനത്തിൻ്റെയും അലസതയുടെയും പ്രതീകമാണ്. മേരിബനീജ്ഞയുടെ കവിതയിൽ കാണുന്ന പച്ചപ്പും വിളവുമെല്ലാം സത്ത്വഗുണത്തിൻ്റെ പ്രതീകങ്ങളായി ഉപമിക്കാം. അതേ സമയം വരൾച്ചയും നാശവും തമോഗുണത്തിൻ്റെ പ്രതീകമായി കരുതുന്നു. മനുഷ്യന്‍ ഏത് ഗുണത്തില്‍ നിന്നാണ് കര്‍മ്മം ചെയ്യുന്നത് എന്ന സാഹചര്യം ആണ് അവന്‍ കൊയ്യുന്ന വിളവിനെ നിർണ്ണയിക്കുന്നത്.

                        "അകം തെളിഞ്ഞു കൊടുക്കുന്നവനെ

                        സ്നേഹിച്ചീടുന്നു

                        ജഗത് പിതാവെന്നുള്ളൊരു സംഗതി,

                        ഏവരുമോർക്കേണം"                                   (വിതച്ചാല്‍ കൊയ്യാം)

ഇവിടെ കൃഷി എന്നത് മനുഷ്യജീവിതത്തെയും വിളവ് എന്നത് അവന്‍ പ്രവൃത്തിയിലൂടെ സ്വായക്തമാക്കിയ ജീവിതമൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.

                        ഗീതയുടെ ദർശനം മനുഷ്യനെ വിധിയുടെ വിധേയത്വത്തിൽ നിർത്തുന്നില്ല. മറിച്ച് അവനെ സ്വാതന്ത്ര്യമുള്ള ഒരാളായി ഉയർത്തുന്നു.

                        "ഉദ്ധരേദാത്മനാത്മാനം

                        നാډാനമസസാഭയേത്"                        (ഭഗവത്ഗീത 6.5)

                        "പവിത്ര ലിഖിതം പറയുന്നിങ്ങനെ

                        കേൾക്കുക സോദര ഞാ

                        നുയർത്തി നിന്നെ ശ്ശ്താമദീയം

                        നിന്നില്‍ കാണിപ്പാന്‍"                              (വിതച്ചാല്‍ കൊയ്യാം)

മനുഷ്യന്‍ സ്വയം അവനെ തന്നെ ഉയർത്തണം എന്ന ആശയത്തെ പ്രതിനിധാനം ചെയ്യുന്നു. മേരി ബനീജ്ഞയുടെ കവിതയിൽ ഇതേ ആശയം സൂക്ഷ്മമായി പ്രതിഫലിക്കുന്നു. ജീവിത കൃഷിയുടെ കർഷകന്‍ മനുഷ്യന്‍ തന്നെയാണ്. അവന്‍ മണ്ണിനെ എങ്ങനെ തയ്യാറാക്കുന്നു, എന്ത് വിത്താണ് വിതയ്ക്കുന്നത്, എത്ര ശ്രദ്ധയോടെയാണ് അവയെ പരിപാലിക്കുന്നത് ഇതെല്ലാം അവൻ്റെ ഉത്തരവാദിത്വമാണ്. ഈ ഘടകങ്ങൾ എല്ലാം വിളവിനെ സ്വാധീനിക്കുന്നു. ആയതിൽ എന്തെല്ലാം തിരഞ്ഞെടുക്കണമെന്നും ഏത് രീതിയിൽ പ്രവർത്തനം കാഴ്ച വയ്ക്കണം എന്ന് അവന് സ്വയം തീരുമാനിക്കാം.

                        "കുറച്ചുമാത്രം വിത്തു വിതച്ചാല്‍

                        കൊയ്ത്തു കുറവാവും

                        നിറഞ്ഞ കൈയൊടു വാരിവിതച്ചാല്‍

                        കൊയ്യാമതുപോലെ"                                 (വിതച്ചാൽ‍ കൊയ്യും)

                        കവിതയിലെ മറ്റൊരു ആശയം മനുഷ്യൻ്റെ ഉത്തരവാദിത്വബോധമാണ് ജീവിതത്തിലെ പരാജയങ്ങളോ വേദനകളോ വിധിയുടെ പേരിൽമാറ്റി വയ്ക്കാൻ സാധിക്കില്ല. പകരം മനുഷ്യന്‍ അവൻ്റെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞു നോക്കുകയും തൻ്റെ പ്രവൃത്തികൾ വിലയിരുത്തുകയും വേണം എന്ന് കവിത പറയുന്നു. കവിത ഒരു മുന്നറിയിപ്പ് ആണ് നല്കുന്നത്. നീ വിതയ്ക്കുന്നതിൽ സൂക്ഷിക്കണം എന്ന നിശ്ശബ്ദ മുന്നറിയിപ്പ് നല്കുന്നു. ഇത് ഒരു ഭീഷണിപ്പെടുത്തൽ ആയി വരുന്നില്ല. അതുവഴി മനുഷ്യനെ കൂടുതൽ  ഉത്തരവാദിത്വമുള്ള വ്യക്തിയാക്കാൻ സാധിക്കാം.

                        വിതച്ചാൽ കൊയ്യാം എന്ന കവിത വ്യക്തിഗതജീവിതത്തിൽ മാത്രം ഒതുങ്ങുന്നില്ല. സാമൂഹികതലത്തിലും ഇതിൻ്റെ സന്ദേശം ബാധകമാണ്. സമൂഹം എന്താണ് വിതയ്ക്കുന്നത് അതാണ് ഭാവിയിൽ കൊയ്യുന്നത് എന്ന പരോക്ഷചിന്തയും ഇതിൽ ഒളിഞ്ഞുകിടപ്പുണ്ട്. അനീതി, അസമത്വം, അക്രമം എന്നിവ വളർത്തുന്ന സമൂഹം അതിൻ്റെ ഫലവും അനുഭവിക്കേണ്ടി വരും. എന്നാൽ നീതിയും, സഹവർത്തിത്വവും വളർത്തുന്ന സമൂഹം സമാധാനത്തിലേയ്ക്ക് നീങ്ങും.

                        ആധുനിക സമൂഹജീവിതത്തിൽ‍ വിതച്ചതു കൊയ്യും എന്ന ആശയം വളരെയധികം പ്രസക്തമാണ്. ഉപഭോഗവാദവും സ്വാർത്ഥതയും വർദ്ധിക്കുന്ന ഈ ലോകത്ത് മനുഷ്യൻ‍ തൻ്റെ പ്രവൃത്തികളുടെ ഫലങ്ങളെ മറക്കുന്നു. ഭഗവത്ഗീത ഒരു ദാർശനികമായ മുന്നറിയിപ്പ് നല്കുമ്പോൾ മേരി ബനീജ്ഞയുടെ കവിത വികാരാത്മകമായി മനുഷ്യൻ്റെ മനസ്സിനെ ആഴത്തിൽ സ്വാധീനിക്കുന്നു. നാം നന്മ വിതച്ചാൽ നന്മയും അധർമ്മം വിതച്ചാൽ ദുഃഖവും ലഭിക്കും. ഇത് ദൈവത്തിന്‍റെ ശിക്ഷയല്ല മറിച്ച് ബ്രഹ്മാണ്ഡത്തിൻ്റെ നൈതിക ക്രമമാണ്.

 

ഉപസംഹാരം

                        മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഒരിക്കൽ അവനിലേയ്ക്ക് തന്നെ തിരിച്ചു വരും. ഇത് ദൈവശിക്ഷയായോ, ഭാഗ്യവിപരീതമായോ അല്ല. ഇത് തികച്ചും ജീവിതത്തിൻ്റെ സ്വാഭാവിക നിയമമാണ്. മേരി ബനീജ്ഞയുടെ കവിതയിൽ 'വിത്ത്' എന്നത് വാക്ക്, പ്രവൃത്തി, നിലപാട്, നിസ്സംഗത, അനീതിയോടുള്ള മൗനം എന്നിവയെ സൂചിപ്പിക്കുന്നു. 'കൊയ്ത്ത്' എന്നത് വേദന, സന്തോഷം, പശ്ചാത്താപം, സമാധാനം, പ്രതിഫലം എന്നിവയെ സൂചിപ്പിക്കുന്നു.

                        ഈ കവിത വ്യക്തിയെ മാത്രം അല്ല ഒരു സമൂഹത്തെ മുഴുവൻ അഭിസംബോധന ചെയ്യുന്നു. ഒരാളുടെ തെറ്റായ പ്രവൃത്തി സമൂഹത്തിലാകെ ദുരന്തമായി മാറുമെന്നും, നډയുടെ വിത്തുകൾ സമൂഹത്തെ സമാധാനത്തിലേയ്ക്ക് നയിക്കുമെന്നു കവിത സമർത്ഥിക്കുന്നു. മനുഷ്യൻ തന്നെയാണ് അവൻ്റെ ജീവിതത്തിൻ്റെ ശില്പി. ഗീത ആത്മാവിനെ മോക്ഷത്തിലേയ്ക്ക് നയിക്കുമ്പോൾ‍ കവിത മനുഷ്യനെ അവൻ്റെ സമൂഹത്തോടുള്ള ഉത്തരവാദിത്തത്വം ഓർമ്മിപ്പിക്കുന്ന ഗീത ദാർശനികമാണ്. എന്നാല്‍ കവിത കാവ്യാത്മകവും സമകാലികവുമാണ്.

                        ഭഗവദ്ഗീതയും കവിതയും തമ്മിലുള്ള മറ്റൊരു പ്രധാനബന്ധം  ധർമ്മം എന്ന ആശയമാണ്. ധർമ്മം ഗീതയിൽ സാമൂഹികവും വ്യക്തിപരവുമായ ഉത്തരവാദിത്വമാണ്. ധർമ്മപഥത്തിൽ നിന്നുള്ള കർമ്മങ്ങൾ മാത്രമേ മോക്ഷത്തിലേക്കുള്ള  വഴി തെളിയിക്കുകയുള്ളൂ. മേരി ബനീജ്ഞയുടെ കവിതയിൽ ധർമ്മം ഒരു നിയമമായി അല്ല മറിച്ച് ജീവിതത്തിൻ്റെ സ്വാഭാവികതാളമായി വിവരിക്കുന്നു. ശരിയായി വിതക്കുന്നവൻ ശരിയായി കൊയ്യും ഇത് ഒരു ശിക്ഷാവിധിയല്ല മറിച്ച് ഒരു ജീവിതസത്യമാണ്.

അവസാനമായി പറയുമ്പോൾ ഭഗവദ്ഗീതയും മേരി ബനീജ്ഞയുടെ 'വിതച്ചാൽ‍ കൊയ്യാം' എന്ന കവിതയും രണ്ട് കാലഘട്ടങ്ങളെയും രണ്ട് ആവിഷ്ക്കാര മാധ്യമങ്ങളെയും പ്രതിനിധീകരിക്കുന്നു.  എന്നാൽപോലും അവ ഒരേ ദാർശനിക സത്യത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. ഗീത ചിന്തയിലൂടെ നമ്മെ ബോധവാന്മാരാക്കുന്നു. കവിത അനുഭവത്തിലൂടെ നമ്മെ മാറ്റുന്നു. രണ്ടും ചേർന്ന് മനുഷ്യനു നല്കുന്ന സന്ദേശം വളരെ ലളിതവും ശക്തവുമാണ്. അത് ജീവിതത്തിൽ നീ എന്ത് വിതയ്ക്കുന്നുവോ അതു തന്നെയാണ് നീ അനിവാര്യമായി കൊയ്ത് എടുക്കുന്നത്, ഇതാണ് ജീവിതസത്യം.

 

 

 

REFERENCES

 

•           Baneeja, M. Vithachal Koyyam [Poem].

•           Chinmayananda, S. (2002). The holy Geeta. Central Chinmaya Mission Trust.

•           Dasgupta, S. N. (1951). A History of Indian philosophy (Vol. 1). Cambridge University Press.

•           Guru, S. N. (2010). Atmopadesa Satakam (Trans. Nataraja Guru). D. K. Printworld.

•           Olivelle, P. (1998). The early Upanisads : Annotated text and translation. Oxford University Press.

•           Radhakrishnan, S. (1951). Indian philosophy (Vols. 1–2). George Allen & Unwin.

•           Sankara. (1994). Bhagavad Gita with Sankara Bhasya (Trans. S. S. Radhakrishnan). Harper Collins.

 

 

ഡോ. അമ്പിളി. എസ്

അസോസിയേറ്റ് പ്രൊഫസർ

ഫിലോസഫിവിഭാഗം

യൂണിവേഴ്സിറ്റി കോളേജ്

തിരുവനന്തപുരം

ഫോൺ‍ : 9895636275

മെയിൽ‍ :  മായശഹശാീീി@ൃലറശളളാമശഹ.രീാ

 

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്




സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page