top of page

വേലിയേറ്റവെള്ളപ്പൊക്കവും സ്ത്രീ അതിജീവനവും – ‘ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ’ എന്ന ഡോക്യുമെന്ററിയുടെ വിശകലനം

  • Mar 16
  • 6 min read

Updated: 2 days ago

സാന്ദ്രലക്ഷ്മി ആർ.

പ്രബന്ധസംഗ്രഹം

                                        കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട നയങ്ങളും ഇടപെടലുകളും വലിയതോതിലുള്ള ലിംഗപദവീപരമായ വേർതിരിവുകൾ നിറഞ്ഞതാണ്. ഇവ സൂക്ഷ്മതലത്തിലുള്ള ലിംഗാധിഷ്ഠിത ആഘാതങ്ങളെയും പ്രാദേശിക വിജ്ഞാനശേഖരങ്ങളെയും അവഗണിക്കുന്നു. എറണാകുളം ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ ആഘാതം പരിഹരിക്കാനായുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനായി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്(TISS) നടത്തുന്ന പഠന പ്രോജക്റ്റിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട 'ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ' (2023) എന്ന ഡോക്യുമെന്ററിയെ മുൻനിർത്തിയുള്ള പഠനമാണിത്. കാലാവസ്ഥാവ്യതിയാനത്തെ കേവലം സാങ്കേതികമായി മാത്രം സമീപിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, പാരിസ്ഥിതിക പ്രതിസന്ധികളിലെ ലിംഗനീതിയെയും അതിജീവനത്തെയും ഡോക്യുമെന്ററിയുടെ കാഴ്ചപ്പാടിലൂടെ ഇവിടെ വിശകലനം ചെയ്യുന്നു. സ്ത്രീകളുടെ കലാപരമായ ഇടപെടലുകളും അനുഭവങ്ങളുമടക്കം അറിവുൽപ്പാദിപ്പിക്കുന്ന സജീവ വിഷയങ്ങളായി അവതരിപ്പിക്കുന്നതിൽ സംവിധായികയുടെ ദൃശ്യബോധം നിർണായകമാണ്. പല രീതികളിലുള്ള  പ്രായോഗിക ജ്ഞാനത്തിലൂടെ പുതിയ അറിവുൽപ്പാദിപ്പിക്കുന്നവരായി സ്ത്രീകളെ ഈ ഡോക്യുമെന്ററിയിൽ അടയാളപ്പെടുത്തുന്നത് വഴി കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ ലിംഗനീതിയിലധിഷ്ഠിതമായ സമീപനം അനിവാര്യമാണെന്നും ഈ പ്രബന്ധം വാദിക്കുന്നു.

താക്കോൽ വാക്കുകൾ 

കാലാവസ്ഥാവ്യതിയാനം, വേലിയേറ്റ വെള്ളപ്പൊക്കം, ഫെമിനിസ്റ്റ് പൊളിറ്റിക്കൽ ഇക്കോളജി, ഡോക്യുമെന്ററി,ലിംഗനീതി                                     കാലാവസ്ഥാവ്യതിയാനമെന്നത് ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന പാരിസ്ഥിതിക പ്രതിഭാസമെന്നതിലുപരി, അതിൽ ബഹുതലത്തിലുള്ള രാഷ്ട്രീയവും സാമൂഹികവുമായ വിവേചനങ്ങളുമുൾക്കൊള്ളുന്നു. നിലവിലെ കാലാവസ്ഥാനയരൂപീകരണങ്ങൾ പലപ്പോഴും സാങ്കേതികതയ്ക്ക് മുൻഗണന നൽകുകയും, പാരിസ്ഥിതികാഘാതങ്ങളിലെ ലിംഗപരമായ വ്യത്യാസങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. കാലാവസ്ഥാവ്യതിയാനം സ്ത്രീകളുടെ നിത്യജീവിതത്തെയും തൊഴിലുകളെയും എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നത് വലിയ രീതിയിൽ അദൃശ്യമാക്കപ്പെട്ടിരിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയിലെ തീരദേശ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് ശ്രീമതി. ബിന്ദു സാജൻ സംവിധാനം ചെയ്ത 'ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ' (2023) എന്ന ഡോക്യുമെന്ററി പ്രസക്തമാകുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ (TISS)സിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഡോക്യുമെന്ററി രൂപപ്പെടുന്നത്.

വേലിയേറ്റ വെള്ളപ്പൊക്കവും കൊച്ചിയിലെ തീരദേശ ജീവിതവും

                                           സൂര്യന്റെയും ചന്ദ്രന്റെയും ഗുരുത്വാകർഷണഫലമായി കടൽനിരപ്പ് സ്വാഭാവികമായും ഉയരുന്ന സമയമാണ് വേലിയേറ്റം. ഉയർന്ന വേലിയേറ്റമുണ്ടാകുമ്പോൾ തീരപ്രദേശത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ താൽക്കാലികമായി വെള്ളം കയറുന്നതിനെയാണ് വേലിയേറ്റ വെള്ളപ്പൊക്കം (Tidal flood) എന്ന് വിളിക്കുന്നത്. പ്രാദേശിക ഘടകങ്ങളോടൊപ്പം സമുദ്രനിരപ്പുയരുന്നതും ഇതിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. ആഗോളതാപനം മൂലം മഞ്ഞുപാളികൾ ഉരുകുന്നതാണ് സമുദ്രനിരപ്പുയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിന് ഇത് വലിയൊരു വെല്ലുവിളിയാണ്. കാലാവസ്ഥ ആഘാതസാധ്യത സൂചിക (Climate vulnerability index) പ്രകാരം കേരളത്തിലെ ഒൻപത്‌ തീരദേശ ജില്ലകളെയാണിത് കൂടുതൽ ബാധിക്കുന്നത്.  തീരത്തിന് സമാന്തരമായി കിടക്കുന്ന കായലുകൾക്കും കനാലുകൾക്കും  പ്രസിദ്ധമാണ് കൊച്ചി. കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന പുഴമുഖങ്ങളും കായലുകളുമുള്ളതിനാൽ, വേലിയേറ്റവും വേലിയിറക്കവും ഇവിടുത്തെ ജനങ്ങളുടെ ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇതുമൂലം അഴികളിലൂടെയും പൊഴികളിലൂടെയും വെള്ളം കായലിലേക്ക് കടക്കുകയും അത് ജലനിരപ്പുയരുന്നതിന് കാരണമാകുകയും ചെയ്യുന്നു.ഇത് താഴ്ന്ന പ്രദേശത്തുള്ള വീടുകളിലേക്ക് കയറി ജനജീവിതം ദു:സഹമാക്കുന്നതിലൂടെ, കൊച്ചിയിലെ തീരദേശവാസികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു കാലാവസ്ഥാ പ്രതിസന്ധിയായി വേലിയേറ്റ വെള്ളപ്പൊക്കം മാറിയിരിക്കുകയാണ്.

മുമ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഈ പ്രതിഭാസം, ഇന്ന് ഈ പ്രദേശങ്ങളിൽ വർഷം മുഴുവൻ നിലനിൽക്കുന്ന വെള്ളക്കെട്ടായി മാറിയിരിക്കുന്നു. കൊച്ചി വില്ലിംഗ്ടൺ ഐലൻഡിലെ ടൈഡൽ ഗേജ് സ്റ്റേഷനിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, കഴിഞ്ഞ വർഷത്തേക്കാൾ ഭയാനകമായിരുന്നു ഈ വർഷത്തെ വേലിയേറ്റം. 2011 – 2022 കാലഘട്ടത്തിൽ 1.5 മീറ്ററിന് മുകളിൽ വേലിയേറ്റമുണ്ടായത് വെറും 11 ദിവസങ്ങൾ മാത്രമാണെങ്കിൽ 2025 ൽ  ഇത് 23 തവണയായി ഉയർന്നു. ഏകദേശം ഇരുപതിനായിരത്തോളം വീടുകൾ വെള്ളപ്പൊക്കത്തിന്റെ ഭീഷണിയിലാണ്. അതിനോടൊപ്പം ഉപജീവനമാർഗ്ഗങ്ങൾ ഇല്ലാതാകുകയും രോഗങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നതോടെ പലരും വീടുകളുപേക്ഷിച്ച് പോകുന്നു. ഈ പശ്ചാത്തലത്തിലാണ് വിപണി കേന്ദ്രീകൃതമായ പരിഹാരങ്ങൾക്ക് ബദലായി അടിസ്ഥാനതലത്തിലെ ഡാറ്റാ ശേഖരണത്തിനും പുതിയ പരിഹാരമാർഗ്ഗങ്ങളിലേക്കെത്തി ചേരുന്നതിനുമായി   സ്ത്രീകളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്ന ഒരു പദ്ധതി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആവിഷ്കരിച്ചത്. ഫെമിനിസ്റ്റ് പൊളിറ്റിക്കൽ ഇക്കോളജിയുടെ കാഴ്ചപ്പാട്

                                      1990-കളിലാണ് ‘പൊളിറ്റിക്കൽ ഇക്കോളജി’യുടെ ഒരു ഉപവിഭാഗമായി ഫെമിനിസ്റ്റ് പൊളിറ്റിക്കൽ ഇക്കോളജി ഉയർന്നുവന്നത്. ലിംഗഭേദവും വികസനവും (Gender and Development) സംബന്ധിച്ച പഠനങ്ങളിൽ നിന്നാണ് ഇത് രൂപപ്പെട്ടത്. പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിലെ ലിംഗപരമായ വശങ്ങളും അവയുടെ സ്ത്രീപക്ഷതല ഇടപെടലുകളും ഫെമിനിസ്റ്റ് പൊളിറ്റിക്കൽ ഇക്കോളജിയുടെ പരിധിയിൽ വരുന്നു. കാലാവസ്ഥാസുരക്ഷയെ സംബന്ധിച്ച നിലവിലെ ചർച്ചകൾ ഭൂരിഭാഗവും പുരുഷകേന്ദ്രീകൃതമായ ആഗോള ശാസ്ത്രീയ കാഴ്ചപ്പാടുകളിൽ അധിഷ്ഠിതമാണ്. അത് സ്ത്രീകളുടെ ദൈനംദിന ജീവിതാനുഭവങ്ങളിൽ നിന്നും അവർ ആർജ്ജിച്ചെടുത്ത പ്രായോഗികമായ അറിവുകളിൽ നിന്നും രൂപപ്പെടുന്ന ജ്ഞാനത്തെ പരിഗണിക്കുന്നില്ല. വികസനത്തെ ചോദ്യം ചെയ്യേണ്ടതും ചർച്ച ചെയ്യേണ്ടതും വികസനത്തിന്റെ തുരുത്തുകളിൽ നിൽക്കുന്ന ദുർബല വിഭാഗങ്ങളാണ്. വേലിയേറ്റ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് അവരുടെ ജീവിതാനുഭവത്തിലൂടെ ഈ പ്രശ്നത്തിന് വ്യത്യസ്ത സമീപന രീതികളിലൂടെ ഉത്തരങ്ങൾ കണ്ടെത്താനാകുന്നു.  കാലാവസ്ഥാ വ്യതിയാനത്തെ കേവലമൊരു സാങ്കേതിക പ്രശ്നമായി മാത്രം കാണുന്ന രീതിയെ സ്ത്രീപക്ഷ ജ്ഞാനോദയങ്ങൾ ശക്തമായി ചോദ്യം ചെയ്യുന്നു. അതിന്റെ നേർസാക്ഷ്യമാണ് ശ്രീമതി. ബിന്ദു സാജൻ സംവിധാനം ചെയ്ത  'ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ' (2023) എന്ന ഡോക്യുമെന്ററി.

ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ — ഒരു അവലോകനം

                                        എം. എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ, ഇക്വിനോക്ട് (EQUINOCT), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എന്നീ സ്ഥാപനങ്ങളുടെ  സംയുക്ത സഹായത്തോടെ തയ്യാറാക്കിയ 'ജലജീവിതം: സ്ത്രീസാക്ഷ്യങ്ങൾ'  എന്ന ഡോക്യുമെന്ററി, കലാപരമായ ഇടപെടൽ എന്നതിലുപരി മുഖ്യധാര മാധ്യമങ്ങൾ സ്ഥിരമായി അവഗണിച്ച സമൂഹങ്ങൾക്ക് ഡിജിറ്റൽ ദൃശ്യത നൽകുന്ന വേദി കൂടിയായി മാറുന്നു. ഈ ഡോക്യുമെന്ററി വെറും സംഭവങ്ങളുടെ രേഖപ്പെടുത്തൽ മാത്രമല്ല; മറിച്ച് എറണാകുളത്തെ തീരദേശ മേഖലയിലുള്ള പരിസ്ഥിതിയുടെ അനിശ്ചിതത്വം, ജനങ്ങളുടെ ജീവിതാനുഭവങ്ങൾ, ലിംഗാധിഷ്ഠിതമായ ദുരിതങ്ങൾ, സ്ഥാപനങ്ങളുടെ ഇടപെടൽ എന്നിവയെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുന്ന ഒരു സാംസ്കാരികപാഠമായി പ്രവർത്തിക്കുന്നു. ദുരിതങ്ങളുടെ ദൃശ്യാവിഷ്കാരം, അനുഭവസാക്ഷ്യങ്ങൾ, ജനങ്ങളുടെ സാമൂഹികമായ ഇടപെടലുകൾ എന്നിവ ഉപയോഗിച്ച് ദൈനംദിന ദുരിതങ്ങളെ പ്രതിരോധത്തിന്റെ സൗന്ദര്യശാസ്ത്രത്തിലേക്ക് പരിവർത്തിപ്പിക്കുന്ന കലയുടെ സാധ്യതയെ ഇവിടെ പ്രയോജനപ്പെടുത്തുന്നു. വെള്ളപ്പൊക്കഭൂമികളും അസ്ഥിരമായ വാസസ്ഥലങ്ങളും ചിത്രീകരിക്കുന്നത് പശ്ചാത്തലമെന്നതിലുപരി മനുഷ്യരുടെ നിസ്സഹായതയെയും സാമൂഹ്യജീവിതത്തെയും രൂപപ്പെടുത്തുന്ന സജീവ ഘടകങ്ങളായാണ്.ദുരന്താവസ്ഥയുടെ ദൃശ്യാവിഷ്കാരത്തിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് ഈ ഡോക്യുമെന്ററിയുടെ സവിശേഷത. വേലിയേറ്റ വെള്ളപ്പൊക്കത്തിന് പിന്നിലെ കാരണങ്ങൾ, നിലവിലെ സാഹചര്യം, അതിന്റെ സാമൂഹ്യ–രാഷ്ട്രീയ പശ്ചാത്തലം എന്നിവ വിശദീകരിക്കുന്ന സ്ഥാപനപരമായ അറിവിന്റെ ശബ്ദങ്ങളും ഇതിൽ പ്രധാനമായി ഉൾപ്പെടുന്നു.  ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഡോ. മഞ്ജുള ഭാരതി (പ്രൊഫസ്സർ, സ്കൂൾ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ്, TISS Mumbai), ഡോ. കെ. ജി ശ്രീജ (റീസേർച്ച് ഡയറക്ടർ, EQUINOCT), ഡോ. സി. ജി. മധുസൂദനൻ  ( ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, EQUINOCT), ഡോ. സി ജയരാമൻ (മാനേജിംഗ് ഡയറക്ടർ,EQUINOCT) തുടങ്ങിയവർ ഈ പ്രതിസന്ധിയുടെ ഘടനാപരമായ കാരണങ്ങൾ, പദ്ധതിയുടെ ആശയം, ലക്ഷ്യങ്ങൾ, ഇടപെടലുകൾ തുടങ്ങിയവ വിശദീകരിക്കുന്നതിലൂടെ ഡോക്യുമെന്ററി ഒരു ബോധവത്കരണപ്രവർത്തനം കൂടിയായി ഇടപെടുന്നു. ദുരന്തത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും വിശദീകരിക്കുന്ന ഈ ഭാഗങ്ങൾ, തുടർന്ന് കാണിക്കുന്ന ദൃശ്യങ്ങളോട് ചേർന്നുനിൽക്കുന്നതിനാൽ ഡോക്യുമെന്ററിയുടെ രാഷ്ട്രീയ–അക്കാദമിക് വിശ്വാസ്യതയും വർധിക്കുന്നു. ഇത്തരത്തിലുള്ള ആദ്യഭാഗത്തിൽ നിന്ന് ഡോക്യുമെന്ററി വികസിക്കുന്നത് സ്ത്രീകളുടെ സാമൂഹ്യാധിഷ്ഠിതമായ ഇടപെടലുകളുടെ ദൃശ്യവൽക്കരണത്തിലേക്കാണ്.ഡോക്യുമെന്ററി പഠനത്തിൽ പൗള റാബിനോവിറ്റ്‌സിന്റെ “gendered looking” (ലിംഗാധിഷ്ഠിതമായ കാഴ്ച) എന്ന ആശയത്തിലൂടെ ദൃശ്യമാധ്യമങ്ങളിലെ പ്രതിനിധാനങ്ങൾ, ക്യാമറയുടെ നോട്ടം, ഡോക്യുമെന്ററിയുടെ രാഷ്ട്രീയം എന്നിവയെ വിമർശനാത്മകമായി വിശകലനം ചെയ്യാനാകുന്നു. റാബിനോവിറ്റ്‌സിന്റെ ‘They Must Be Represented: The Politics of Documentary’ (1994) എന്ന പുസ്തകത്തിൽ, ഡോക്യുമെന്ററിയെ ഒരു ‘നരവംശശാസ്ത്ര പ്രക്രിയ’ (ethnographic process) യായി കാണുന്നു. റാബിനോവിറ്റ്‌സ് മുന്നോട്ടുവെക്കുന്ന സങ്കൽപ്പത്തിലൂടെ നോക്കുമ്പോൾ, ഈ ഡോക്യുമെന്ററി ഒരു ഫെമിനിസ്റ്റ് മാതൃകയാണെന്ന് പറയാൻ കഴിയും. ഇത് പരമ്പരാഗത ലിംഗപദവീപരമായ നോട്ടത്തെ (Traditional gendered vision) ചോദ്യം ചെയ്യുന്നു.

വെള്ളപ്പൊക്കത്തിനെതിരെയുള്ള വിപണി കേന്ദ്രിതമായ പരിഹാരമാർഗ്ഗങ്ങൾക്ക് ബദലായി സ്ത്രീകളെ നേതൃനിരയിലേക്ക് കൊണ്ടുവന്ന് പരിഹാര മാർഗ്ഗനിർദേശങ്ങൾ രൂപപ്പെടുത്തുന്ന പദ്ധതികളാണ് തുടർന്ന് ഡോക്യുമെന്ററിയിലുള്ളത്. കുടുംബശ്രീയുടെ കൂടി സഹായത്തോടെയുള്ള കമ്മ്യൂണിറ്റി വീഡിയോ നിർമ്മാണം, കമ്മ്യൂണിറ്റി തീയേറ്റർ, കമ്മ്യൂണിറ്റി മാപ്പിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ സ്ത്രീജീവിതങ്ങളുടെ ദൃശ്യതയുടെയും ആത്മവിശ്വാസരൂപീകരണത്തിന്റെയും രാഷ്ട്രീയ പ്രക്രിയയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്.

 

പ്രതിരോധത്തിന്റെ ദൃശ്യവൽക്കരണം.

കമ്മ്യൂണിറ്റി വീഡിയോ നിർമ്മാണത്തിലൂടെ മൊബൈൽഫോൺ ഉപയോഗിച്ച് സ്ത്രീകൾ തങ്ങളുടെ പ്രദേശത്തിലെ പ്രശ്നങ്ങൾ ഹ്രസ്വചിത്രങ്ങളായി  പകർത്തുന്നു.  ഡോക്യുമെന്ററിയുടെ നിർമ്മാതാവാണ് പ്രമേയമാകുന്ന വിഷയങ്ങളുടെ (Subjects) പ്രതിനിധാനത്തെ നിർണ്ണയിക്കുന്നത്. ഇവിടെ, ബിന്ദു സാജൻ പുറത്തുനിന്നുള്ള ആഖ്യാതാവാകുന്നതിന് (External narrator) പകരം കുടുംബശ്രീയുടെ ഭാഗമായി പരിശീലനം  ലഭിച്ച സ്ത്രീകൾ (കമ്മ്യൂണിറ്റി വീഡിയോ വോളന്റിയർമാർ)  അനുഭവതീവ്രത ചോർന്നു പോകാതെ സ്വന്തമായി ചിത്രീകരിച്ച ഈ വീഡിയോകൾ തന്നെ  ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തുന്നു. ഇവിടെ നോട്ടം സ്ത്രീകളുടേതാണ്, അവർ സ്വന്തം കഥകൾ പുരുഷാധിപത്യ നോട്ടങ്ങളില്ലാതെ (Patriarchal gaze) ആഖ്യാനം ചെയ്യുന്നു. ഇത് സ്ത്രീസ്വത്വത്തെ ശാക്തീകരിക്കുന്നതാണ്. ഉദാ: മാഷ എന്ന സ്ത്രീ നിർമ്മിച്ച വീഡിയോയിലെ, വെള്ളം കയറിയ വീട്ടുപരിസരത്ത് നടത്തുന്ന തന്റെ ചെരുപ്പിനായുള്ള തിരച്ചിൽ അവരുടെ ദൈനംദിന ദുരിതങ്ങളുടെ തികച്ചും വ്യക്തിപരമായ തലത്തിലുള്ള ചിത്രീകരണമാണ്. ഇത് റാബിനോവിറ്റ്‌സ് വിഭാവനം ചെയ്തതുപോലെ, വിഷയങ്ങളെ (Subjects) നിഷ്ക്രിയമായ വസ്തു (Passive object)വെന്നതിൽ നിന്ന് സജീവ സൃഷ്ടികർത്താക്കളായി (Active creators) മാറ്റുന്നു.  ക്യാമറ ആരുടെ കൈയിലാണോ, കഥയും അവരുടെ നിയന്ത്രണത്തിലാണ്. ഇവിടെ ആ അധികാരം സ്ത്രീകൾ സ്വന്തമാക്കുന്നതാണ് കമ്മ്യൂണിറ്റി വീഡിയോ നിർമ്മാണത്തിലൂടെയുള്ള ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഈ ഡോക്യുമെന്ററിയിലെ കമ്മ്യൂണിറ്റി വീഡിയോ നിർമ്മാണത്തിന്റെ അടയാളപെടുത്തൽ, സാങ്കേതിക പരിശീലനമോ സാഹചര്യത്തിന്റെ രേഖപ്പെടുത്തലോ മാത്രമല്ല ദൃശ്യനിർമ്മിതിയുടെ അധികാരം പ്രാദേശിക സമൂഹങ്ങളിലേക്കും പ്രത്യേകിച്ച് സ്ത്രീകളിലേക്കും കൈമാറുന്ന ഒരു രാഷ്ട്രീയ ഇടപെടലിന്റെ അടയാളപ്പെടുത്തലാണ്.

വേലിയേറ്റ വെള്ളപ്പൊക്കം അനുഭവിക്കുന്ന വലിയ വിഭാഗത്തിന്റെ വിഷയത്തെ, അതിൽ ഉൾപ്പെടുന്ന ജനങ്ങൾ തന്നെ കലയിലൂടെ പുറത്തേക്ക് കൊണ്ടുവരുന്നു എന്ന സവിശേഷതയാണ് കമ്മ്യൂണിറ്റി തീയേറ്ററിലുള്ളത്. ചെവിട്ടോർമ്മ’ (Chevittorma) എന്ന പേരിൽ  ജനങ്ങൾ അവരുടെ ചരിത്രവും അനുഭവങ്ങളും നാടകത്തിലൂടെ ആവിഷ്കരിക്കുന്നു. ഡോ. ശ്രീജിത്ത് രമണൻ നേതൃത്വം നൽകുന്ന ഈ പ്രവർത്തനം സാമ്പ്രദായികമായ പരിശീലനരീതികളിലൂടെ കടന്നു പോകുന്നില്ല. നാടകത്തിന്റെ ഭാഷ രൂപപ്പെട്ട് വരുന്നത് ജനങ്ങളുടെയിടയിൽ നിന്ന് തന്നെയാണ്. ഇതൊരു സാമൂഹ്യനുഭവമായി മാറുന്നതുകൊണ്ടുതന്നെ കമ്മ്യൂണിറ്റി തീയേറ്റർ വ്യക്തിഗത ശാക്തീകരണമെന്നതിലുപരി ഒരു കൂട്ടായ ശാക്തീകരണപ്രക്രിയ കൂടിയായി മാറുന്നുണ്ട്.  ഡോക്യുമെന്ററിയിൽ വിലാസിനി എന്ന സ്ത്രീ ജീവിതത്തിലാദ്യമായി കമ്മ്യൂണിറ്റി തിയേറ്ററിലൂടെ വേദിയിലെത്തിയ അനുഭവം പറയുന്നുണ്ട്. ഇവിടെ വേദി അധികാരബോധവും ആത്മവിശ്വാസവും പുനർനിർമ്മിക്കപ്പെടുന്ന ഒരു സാമൂഹിക ഇടമായി രൂപാന്തരപ്പെടുന്നു. കല  സാധാരണക്കാരായ സ്ത്രീകൾക്ക് ദൃശ്യത നൽകി, അവരുടെ ശബ്ദങ്ങൾ പൊതുമധ്യത്തിലേക്കെത്തിക്കുന്ന ശക്തമായ വിമോചനോപാധിയായി പ്രവർത്തിക്കുന്നുവെന്നതാണ് ഈ ഡോക്യുമെന്ററി വ്യക്തമായി അടയാളപ്പെടുത്തുന്നത്.

സ്ത്രീകൾക്ക് പരിശീലനം നൽകി  വെള്ളപ്പൊക്ക ബാധിതമേഖലകളെ സൂക്ഷ്മതലത്തിൽ അവർ തന്നെ  ഭൂപടത്തിൽ രേഖപ്പെടുത്തുന്ന പ്രവർത്തനമാണ് കമ്മ്യൂണിറ്റി മാപ്പിംഗ്.

ചുറ്റുവട്ടത്തുള്ള വീടുകൾ, തോടുകൾ, വെള്ളപ്പൊക്കമുണ്ടാകുന്ന വഴികൾ, വെള്ളം കെട്ടിനിൽക്കുന്ന ഉൾപ്രദേശങ്ങൾ, ശുചിത്വ പ്രശ്നമുള്ള ഇടങ്ങൾ തുടങ്ങിയ വിവരങ്ങൾ സ്ത്രീകളുടെ അനുഭവങ്ങളിൽ നിന്ന് തന്നെ മാപ്പുകളിൽ അടയാളപ്പെടുത്തപ്പെടുന്നു. അയൽക്കൂട്ടതലത്തിൽ നിന്ന് വാർഡ് തലത്തിലേക്കും അവിടെനിന്ന് ജില്ലാതലത്തിലേക്കുമെത്തുന്ന വിവരങ്ങളെ ക്രോഡീകരിച്ചു കൊണ്ടാണ് മാപ്പ് നിർമ്മാണം നടക്കുന്നത്. വ്യക്ത്യനുഭവങ്ങളെയും അറിവുകളെയും പൊതുനയചർച്ചയുടെ ഭാഗമാക്കി മാറ്റുന്ന ഒരു ജനാധിപത്യപരമായ ഇടപെടലാണിത്. ഇതിലൂടെ സ്ത്രീകൾ സഹായം സ്വീകരിക്കുന്നവരായി മാത്രം നിലനിൽക്കാതെ, ദുരന്തനിവാരണ ആസൂത്രണത്തിലെ സജീവ പങ്കാളികളായി മാറുന്നു.

 

അറിവ്,ലിംഗനീതി,പരിവർത്തനം

വെള്ളപ്പൊക്കവും വേലിയേറ്റവും പോലുള്ള ദുരന്തങ്ങൾക്ക് ശേഷം വീടുകൾ ശുചീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം കൂടുതലായും സ്ത്രീകളുടെ മേൽ തന്നെ പതിയുന്നയൊന്നാണ്. വെള്ളം, വേലിയേറ്റം, താമസം മാറാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവ സ്ത്രീകളെ ലിംഗാധിഷ്ഠിതമായി (Gender-wise) ബാധിക്കുന്നു. ഡോക്യുമെന്ററിയുടെ അവസാന ഭാഗത്തിൽ, ഒരു സ്ത്രീ തന്നെ ഈ ഉത്തരവാദിത്തം പുരുഷന്മാരും സമമായി ഏറ്റെടുക്കേണ്ടതുണ്ടെന്ന് തുറന്നുപറയുന്നത് വലിയ മാറ്റമാണ്. ഇത് സ്ത്രീകളുടെ പരിചരണ-പുനരധിവാസ പ്രവർത്തനങ്ങൾ  സ്വാഭാവികമായുള്ളതാണെന്ന ധാരണയെ ചോദ്യം ചെയ്യുകയും, ദുരന്താനന്തര പുനർനിർമ്മാണത്തെ ഒരു കൂട്ടായ പ്രവർത്തനമായി പുനർചിന്തിക്കാനുള്ള സാധ്യത തുറക്കുകയും ചെയ്യുന്നു.

ലിംഗപദവിയും കാലാവസ്ഥാ വ്യതിയാനവും ചരിത്രപരമായും സാമൂഹികമായും അസമത്വങ്ങൾ നിറഞ്ഞതാണ്. ലിംഗനീതിയിലധിഷ്ഠിതമായ ഒരു ജ്ഞാനശേഖരം സഹ-പഠനത്തിലൂടെയും സഹ-നിർമ്മാണത്തിലൂടെയും രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ട്. മേൽപ്പറഞ്ഞ പ്രവർത്തങ്ങളിലൂടെ ഇവിടെ സ്ത്രീകൾ അറിവുല്പാദിപ്പിക്കുന്നവരായി മാറുന്നു. അനുഭവങ്ങളെ അറിവാക്കി മാറ്റുന്ന ഒരു രാഷ്ട്രീയ–സാമൂഹ്യപ്രക്രിയയാണിത്. ഇത് നയരൂപീകരണത്തിൽ സ്ത്രീകളുടെ അനുഭവങ്ങൾക്ക് രാഷ്ട്രീയ അംഗീകാരം ലഭിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. ഇതിലൂടെ സ്ത്രീകൾ അന്തസ്സുള്ള പൗരകളായും മാറ്റത്തിന്റെ വക്താക്കളായും മാറുന്നു.

                                           ഗവേഷണം, കല, സാമൂഹ്യപ്രവർത്തനം, സ്ത്രീശക്തീകരണം എന്നിവയൊരുമിച്ച് ചേരുന്ന ഇടപെടൽ എന്ന നിലയിൽ, ഈ ഡോക്യുമെന്ററി ആരോഗ്യ–മാനവിക പഠനങ്ങളിലും ഫെമിനിസ്റ്റ് പരിസ്ഥിതി ചിന്തകളിലും ഗൗരവമുള്ള ഇടം നേടുന്നു. പ്രായോഗിക ജ്ഞാനത്തിലൂടെ പുതിയ അറിവുൽപ്പാദിപ്പിക്കുന്നവരായി സ്ത്രീകളെ ഈ ഡോക്യുമെന്ററിയിൽ അടയാളപ്പെടുത്തുന്നത് വഴി കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ ലിംഗനീതിയിലധിഷ്ഠിതമായ സമീപനം അനിവാര്യമാണെന്നും വ്യക്തമാകുന്നു. ഡോക്യുമെന്ററിയിൽ ദൃശ്യമായ സ്ത്രീകളുടെ ആത്മവിശ്വാസത്തിലുള്ള മാറ്റങ്ങൾ, ശബ്ദത്തിലും ശരീരഭാഷയിലും സാമൂഹിക സ്ഥാനത്തിലും സംഭവിക്കുന്ന പരിവർത്തനം തുടങ്ങിയവ കലാപരമായ ഇടപെടലുകൾക്ക് സാമൂഹ്യപരിവർത്തനം സൃഷ്ടിക്കാനാകുമെന്നതിന്റെ തെളിവാണ്.

 

ഗ്രന്ഥസൂചി

Elmhirst, R. Feminist Political Ecology. In The Routledge Handbook of Political Ecology; Perreault, T.; Bridge, G.; McCarthy, J., Eds.; Routledge: London, UK, 2015; pp. 519–530.

 

Rabinowitz, P. They Must Be Represented: The Politics of Documentary; Verso: London, UK, 1994.

 

ഗവേഷണ പ്രബന്ധങ്ങൾ

Leach, M. Earth Mother Myths and Other Ecofeminist Fables: How a Strategic Notion Rose and Fell. Development and Change 2007, 38, 67–85. https://doi.org/10.1111/j.1467-7660.2007.00403.x

 

MacGregor, S. Gender and Climate Change: From Impacts to Discourses. Journal of the Indian Ocean Region 2010, 6, 223–238. https://doi.org/10.1080/19480881.2010.536669

 

Manjula Bharathi, M. Towards Gender-Responsive Interventions in Climate Change-Induced High-Tide Flooding in Coastal Regions of Kerala. Impact and Policy Research Review 2024, 3(1), 8–14. https://iprr.impriindia.com/towards-gender-responsive-interventions-in-climate-change-induced-high-tide-flooding-in-coastal-regions-of-kerala/

 

ഓൺലൈൻ സ്രോതസ്സുകൾ

Arundathi, A.R. Women, Tides and the Mobile Camera. The New Indian Express, 20 June 2023. Available online: https://www.newindianexpress.com/cities/kochi/2023/Jun/20/women-tides-and-the-mobile-camera-2586579.html

 

Arathi, M.R. Mapping Tidal Floods: How Women in Coastal Kochi Villages Are Building Climate Resilience. Behanbox, 20 June 2025. Available online: https://behanbox.com/2025/06/20/mapping-tidal-floods-how-women-in-coastal-kochi-villages-are-building-climate-resilience/

 

ദൃശ്യപാഠങ്ങൾ

Sajan B., Director. Jalajeevitham: Sthree Sakshyangal; Documentary Film; YouTube, 2023. Available online: https://youtu.be/aCRjKyitfK4 

സാന്ദ്രലക്ഷ്മി ആർ

ഗവേഷക, മലയാളവിഭാഗം

കാര്യവട്ടം ക്യാമ്പസ് ,കേരള സർവകലാശാല 

സാന്ദ്രലക്ഷ്മി ആർ

ഗവേഷക, മലയാളവിഭാഗം

കാര്യവട്ടം ക്യാമ്പസ് ,കേരള സർവകലാശാല

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്




സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page