top of page

ജാതി / മതം / വംശ- വർണം / വർഗം / ലിംഗപദവി എന്നിവയെ മുൻനിർത്തി സവർണ്ണ കേന്ദ്രിത പാരമ്പര്യ നിർമിതിയാണ് മലയാള സിനിമയിലെ പ്രതിനിധാനത്തിന്റെ രാഷ്ട്രീയം

  • 3 days ago
  • 8 min read

സംഭാഷണം: രാജേഷ് കെ. എരുമേലി

തയ്യാറാക്കിയത്: ശരണ്യ യു, ചിന്ത .എസ് .ധരൻ

 

പത്രപ്രവർത്തകൻ,  ഗവേഷകൻ, അധ്യാപകൻ.

പുരസ്കാരങ്ങൾ: ടെലിവിഷൻ ഗ്രന്ഥത്തിന് സംസ്ഥാന ടെലിവിഷൻ പുരസ്കാരം, ചലച്ചിത്ര പഠനത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം, മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന് രണ്ട് തവണ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം, കേരള മീഡിയാ അക്കാദമി ഫെലോഷിപ്പ്, സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മികച്ച റിപ്പോർട്ടിംഗ് പുരസ്കാരം, മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിന് ദ്യുതി അക്ഷര പുരസ്കാരം, പത്രപ്രവർത്തന രംഗത്തെ മികവിന് ഡോ.ബി.ആർ.അംബേദ്കർ ഹൈയസ്റ്റ് എക്സലന്സ് അവാർഡ്, ജി.രാജേഷ് കുമാർ സ്മാരക ചലച്ചിത്ര പഠന ഫെലോഷിപ്പ്. സംസ്ഥാന സർക്കാർ നൽകുന്ന അംബേദ്കർ മാധ്യമ അവാർഡ്. ജൂറി അംഗമായി രണ്ടു തവണ പ്രവര്ത്തിച്ചിട്ടുണ്ട്. സിനിമാ പാരഡിസോ ക്ലബ് ചലച്ചിത്ര അവാർഡ് ജൂറി അംഗമായിരുന്നു.

 

കൃതികൾ: പാട്ടും പറച്ചിലും ബഹുസ്വരതയുടെ പ്രതിരോധങ്ങൾ, മനുഷ്യാനന്തരതയും ആത്മരതിയും, കവിത വഴി മൊഴി വർത്തമാനം, അരിക് പെണ്ണുടൽ ക്വിർ മനുഷ്യർ മലയാള സിനിമയുടെ ഇടങ്ങൾ, ആണത്തത്തിന്‍റെ അതിര് കടക്കുന്ന പെണ്ണുങ്ങൾ, കോവിഡ് കാലം കൊവിഡനന്തരം പരിസ്ഥിതി സൂക്ഷ്മരാഷ്ട്രീയം സംസ്കാരം, അനുരാഗം പ്രണയ കവിതകൾ, ടെലിവിഷൻ കാഴ്ചയും നിർമ്മിതിയും, സത്യാനന്തരകാലത്തെ മാധ്യമ നിർമ്മിതികൾ,  ഉടയുന്ന താരശരീരങ്ങൾ കുതറുന്ന കറുത്ത ശരീരങ്ങൾ, രോഗാതുരരായ ആണുങ്ങൾ, കാഴ്ചയുടെ അപരലോകങ്ങൾ, പത്രവും പത്രപ്രവർത്തനവും, ജ്യോതിറാഫൂലെ, പണ്ഡിറ്റ് കറുപ്പൻ, ദലിത് ചരിത്രം സംസ്കാരം സാഹിത്യം. 

സ്വപ്നാടകനായ ജീനിയസ്, കേരളം നടന്ന വഴികൾ, ജാതി ചോദിക്കരുത്, കേരള നവോത്ഥാനം അയ്യങ്കാളി വില്ലുവണ്ടി സമരം, അംബേദ്കർ ജാതി ഫാസിസം ഭരണകൂടം, പൗരത്വം ദേശീയത മതേതരത്വം, ചുവപ്പും നീലയും കൈകോർക്കുമ്പോൾ, മാർക്സ് അംബേദ്കർ വായനകൾ പുനര്വായനകൾ, വെള്ളക്കടലാമാകാശത്തിൽ, ഘടികാരം കുരീപ്പുഴ പതിപ്പ് (എഡിറ്റർ).

പാട്ടും പറച്ചിലും ബഹുസ്വരതയുടെ പ്രതിരോധങ്ങൾ, മനുഷ്യാനന്തരതയും ആത്മരതിയും, ഇന്ത്യൻ നവോത്ഥാന നായകർ, സാഹിത്യവും നവോത്ഥാനവും, നിലമ്പൂർ ആയിഷ: ജീവിതത്തിനും അരങ്ങിനുമിടയിൽ, വേലുക്കുട്ടി അരയൻ, ഡോ.പല്പ്പു, സൗന്ദര്യശാസ്ത്രം ചരിത്രവും വികാസവും, പാട്ടും മൂളി വന്നു, ഉള്ളംകാല് മുതൽ ഉച്ചിവരെ, യേശു വിമോചകനും രക്തസാക്ഷിയും, സ്വത്വം വർഗ്ഗം മൃദുഹിന്ദുത്വം, മഹാനടൻ, മാറുന്ന കാലം മാറുന്ന കവിത, മാർക്സ്@200 ചരിത്രം സിദ്ധാന്തം രാഷ്ട്രീയം. തിരിച്ചറിയേണ്ട വരികൾ, പുതുകവിത വായന വിചാരം രാഷ്ട്രീയം, യുക്തിവാദം ചോദ്യോത്തരങ്ങൾ, ഒരുനാൾ ഞാൻ ഉയിർത്തെഴുന്നേല്ക്കും, അരികുകൾ അതിരുകൾ സംസ്കാരത്തിന്‍റെ ബദൽ പാഠങ്ങൾ, ദേശീയ വിദ്യാഭ്യാസ നയം മറയ്ക്കപ്പെടുന്ന മായ്ക്കപ്പെടുന്ന അറിവിടങ്ങൾ, പുതുപാഠങ്ങൾ (സഹ എഴുത്ത്/സഹ എഡിറ്റർ).



1. ദലിത്, ആദിവാസി സമൂഹങ്ങളുടെ ജീവിതത്തെയും അനുഭവങ്ങളെയും ആവിഷ്ക്കരിക്കുന്ന സിനിമകളെക്കുറിച്ചുള്ള അഭിപ്രായമെന്താണ്?

       പ്രതിനിധാനം എന്നത് ചരിത്രപരതയോട് ചേർന്ന് നില്ക്കുന്ന ഒന്നാണ്. ഈ പദം യാഥാർത്ഥ്യത്തെ/സത്യത്തെ/ജീവിതത്തെ കലയിലൂടെ ആവിഷ്കരിക്കാനുള്ള മാനുഷിക ശ്രമങ്ങളെ അടയാളപ്പെടുത്തുന്നു. ഈ അർത്ഥത്തിൽ മലയാള സിനിമയിൽ നാളിതുവരെ അടയാളപ്പെട്ട പ്രതിനിധാനങ്ങൾ ആരുടെതായിരുന്നു എന്ന ചോദ്യത്തിൽ നിന്നാണ് ഇതിന് ഉത്തരം തേടേണ്ടത്. കീഴാള സമൂഹങ്ങൾ, ആദിവാസികൾ, സ്ത്രീകൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, മറ്റ് പാർശ്വവത്കൃത സമൂഹങ്ങൾ എല്ലാം പ്രതിനിധാനപരമായി അടയാളപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ എന്ന ചോദ്യം ഉത്തരാധുനികതയിലാണ് ഉയർന്നു വന്നത്. ഇത് കീഴാള സ്വത്വപരതയോട് ചേർന്നു നില്ക്കുന്നുണ്ടോ എന്ന അന്വേഷണവും പ്രസക്തമാകുന്നത് അടുത്ത കാലത്താണ്.

ജനപ്രിയ സംസ്കാരം മുന്നോട്ടുവെയ്ക്കുന്ന/വെച്ച പ്രതിനിധാന സ്വഭാവം സവർണ്ണ കേന്ദ്രിത യുക്തിയുടേതാണ്. ഇവിടെ പ്രതിനിധാനത്തിന്‍റെ രാഷ്ട്രീയം എന്നത് പൊതു ബോധത്തിന്‍റേതാണ്. ജാതി/മതം/വംശ/വർണ്ണം,വർഗ്ഗം/ലിംഗപദവി എന്നിവയെ മുന്നിൻനിർത്തി സവർണ്ണ കേന്ദ്രിത പാരമ്പര്യ നിർമ്മിതിയാണ് മലയാള സിനിമയിൽ പ്രതിനിധാനത്തിന്‍റെ രാഷ്ട്രീയം ഉയർത്തിയത്. അതിന് സവരണവിഭാഗം ഉത്തമരും കീഴാളർ അധമരുമാണെന്ന പൊതു പ്രതിനിധാന ബോധ്യത്തെ നിർമ്മിച്ചെടുത്തു.

രണ്ടായിരത്തിന് ശേഷമുള്ള മലയാള സിനിമ അതുവരെ നിലനിന്ന കാഴ്ചയുടെ ലോകത്തെ നിരവധി പുതുക്കലുകൾക്ക് വിധേയമാക്കുന്നുണ്ട്. ദലിത് ഉടലിന്‍റെ പ്രതിനാധാനം എന്ന അർത്ഥത്തിൽ വിഗതകുമാരനിലൂടെ(1928) റോസിയാണ് ആദ്യമായി മലയാളസിനിയിലെത്തുന്നത്. എന്നാൽ ആ സിനിമയുടെ പ്രമേയ പരിസരം കീഴാള ഇടങ്ങളുടേതായിരുന്നില്ല.  തുടർന്ന് ദലിത് ജീവിതം സിനിമയിൽ അടയാളപ്പെടുന്നത്(വിമർശനങ്ങൾ നിലനില്ക്കെ) അമ്പതുകളുടെ മധ്യത്തോടെയാണ്. അതായത്

നീലക്കുയിൽ(1954) വരുന്നതോടെ ദലിത് സ്ത്രീ ജീവിതം കർതൃത്വപരമായി അടയാളപ്പെട്ടു.

ഫ്യൂഡലിസത്തിൽ നിന്നും മുതലാളിത്വത്തിലേയ്ക്ക് പരിവർത്തനപ്പെടുമ്പോഴും കുടുംബഘടന ജാതി-സമ്പന്ന സമവാക്യങ്ങളാൽ തന്നെയാണ് കെട്ടിയുയർത്തപ്പെടുന്നത്. ‘ജീവിതനൗക’യിൽ നായികയുടെ ജാതി സ്വത്വം പലപ്പോഴും അവളെ അസ്വസ്ഥയാക്കുന്നുണ്ട്.

നീലക്കുയിലിനുശേഷം കേരളത്തിലെ ദലിത് സമൂഹങ്ങളെ കർത്യത്വപരമായി അടയാളപ്പെടുത്തിയ ആദ്യ സിനിമ ‘രണ്ടിടങ്ങഴി’(1958) ആണ്. അതിഭാവുകത്വവും നാടകീയതയും നിറഞ്ഞ കഥകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് സിനിമ ചുവടുവയ്ക്കുന്നു എന്നതിന്‍റെ തെളിവായിരുന്നു ഈ സിനിമ. ‘മുടിയനായ പുത്രൻ’(1961), ‘കലക്ടർ മാലതി’(1967), ‘ഓടയിൽ നിന്ന്’(1965) തുടങ്ങിയ സിനിമകളിലും ദലിത് കഥാപാത്രങ്ങൾ കടന്നു വരുന്നുണ്ട്. എണ്പതുകളിലും തൊണ്ണൂറുകളിലും സിനിമ കൂടുതൽ ജനപ്രിയമാകുന്നുണ്ടെങ്കിലും കീഴാള ജീവിതങ്ങളെ കാര്യമായി പരിഗണിക്കുന്ന ആവിഷ്കാരങ്ങൾ ഉണ്ടാകുന്നില്ല.

രണ്ടായിരത്തോടെ മലയാളസിനിമ വള്ളുവനാട്ടിൽ നിന്നും ഇടുക്കിയിലേയ്ക്കും കൊച്ചിയിലേയ്ക്കും മാറുന്നുണ്ട്. ഭാഷയിലും ദേശാവിഷ്കാരത്തിലും വലിയ പരിവർത്തനങ്ങളാണ് സംഭവിക്കുന്നത്. ദലിത് ജീവിതങ്ങളെ അതത് സമൂഹത്തിലെ മനുഷ്യർ തന്നെ ആവിഷ്കരിക്കുന്നതിന് തുടക്കമാകുന്നത് ഈ കാലഘട്ടത്തിലാണ്. ഇത് മാറ്റത്തിന് കാരണമായി. ‘കമ്മട്ടിപ്പാട’വും ‘നായാട്ടും’ ഉൾപ്പെടെ നിരവധി സിനിമകൾ ഈ കാലയളവിൽ ദലിത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും കർതൃത്വപരമായി മാറുന്നത് ‘പുഴു’വിലൂടെയാണ്. മുഖ്യധാരാ സമൂഹത്തിന്‍റെ പീഡനമേറ്റുവാങ്ങുന്ന, കഥാപാത്രമാണ് ‘കരുമാടിക്കുട്ട’നിലൂടെ(2001) കലാഭവൻ മണി അവതരിപ്പിക്കുന്നതെങ്കിലും ഇതൊരു ചുവടുവയ്പ്പായിരുന്നു. തുടർന്ന് ദലിത് ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന നിരവധി സിനിമകളുണ്ടാകുന്നുണ്ട്. ദലിത് ക്രിസ്ത്യൻ കുടുംബത്തെ സാമൂഹിക മുഖ്യധാരയുടെ ഭാഗമാക്കാൻ ശ്രമിക്കുന്ന  ‘അച്ഛനുറങ്ങാത്തവീട്’ (2006), ‘തകരച്ചെണ്ട’(2007) ‘ലൈറ്റ്’(2011), ‘ചായില്യം’(2012), ‘കരി’(2014), ‘ബോധി’(2025), ‘ചിതറിയവർ’(2004),’പപ്പലിയോബുദ്ധ’(2013),

’ഒഴിവുദിവസത്തെ കളി’(2015), ‘ആറടി’(2016), ‘മാൻ ഹോൾ’ (2016), തുടങ്ങിയവ ഇക്കാലത്തെ സവിശേഷമായ ദലിത് ആഖ്യാനങ്ങളാണ്.

ദലിതരെപ്പോലെ ആദിവാസി സമൂഹങ്ങളെയും സ്റ്റീരിയോ ടൈപ്പാക്കി മാറ്റുന്ന പ്രവണതയാണ് രണ്ടായിരം വരെ മലയാള സിനിമ തുടർന്നു വന്നത്. ആദിവാസിളെന്നാൽ വനത്തിൽ മാത്രം കഴിയേണ്ടവരാണെന്ന പൊതുബോധത്തെയാണ് ഒട്ടുമിക്ക സിനിമകളും ഉല്പാദിപ്പിച്ചത്. മലയാളത്തിലെ ആദ്യത്തെ വനചിത്രമാണ് ജി.വിശ്വനാഥൻ സംവിധാനം ചെയ്ത ‘വനമാല’. ഈ സിനിമയിൽ  ആദിവാസി സമൂഹങ്ങളെ കഥാപാത്രങ്ങളായി അവതരിപ്പിച്ചത് മറ്റിതര സമൂഹങ്ങളായിരുന്നു. ആദിവാസികളെപ്പോലെ വേഷം കെട്ടിയാണ് അവർ അഭിനയിച്ചത്. തുടർന്ന് കുറെകാലം കാട് പശ്ചാത്തലമാകുന്ന സിനിമകളിലെല്ലാം വനമാലയിലെ താരങ്ങളുടെ വസ്ത്രധാരണ രീതിയാണ് ഉപയോഗിച്ചത്. താരങ്ങൾ അഭിനയിച്ചതാണെങ്കിലും ഗോത്ര സമൂഹത്തിന്‍റെ തനിമയെ ഇകഴ്ത്തുന്നതും അപരിഷ്കൃതർ എന്ന ലേബല് നല്കുന്ന സിനിമകളുമാണ് പിന്നീട് വരുന്നത്. 'നെല്ല്', 'അഥര്വം', 'കാട്ടുചെമ്പകം', ‘പൊന്നി'എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ്. ആദിവാസി ജീവിതത്തിന്‍റെ യഥാർത്ഥ ആവിഷ്കാരം എന്ന അവകാശത്തിലെത്തിയ 'ബാംബു ബോയ്സ്'(2002) തദ്ദേശീയ സമൂഹത്തിനെ അപരിഷ്കൃതരായി ചിത്രീകരിക്കുന്നതായിരുന്നു. ‘ഫോട്ടോഗ്രാഫർ’(2006), ‘സാൾട്ട് ആന്‍റ് പെപ്പർ’(2011) എന്നീ സിനിമകളും ആദിവാസി ജീവിതത്തെ കാല്പനികവത്കരിക്കുകയായിരുന്നു. വയനാട്ടിലെ ആദിവാസി സമൂഹമായ കാട്ടുനായ്ക്കരുടെ ജീവിതം പറയുന്ന സിനിമയാണ് 'ഗുഡ'( 1998). കുറിച്യരുടെ പൂർവ്വികരെക്കുറിച്ചുള്ള സിനിമയാണ്  'നെഗലുകൾ’'(2016). ‘കാട് പൂക്കുന്ന നേരം’(2016) എന്ന സിനിമയിൽ ആദിവാസി കുട്ടികളെ ചിത്രീകരിക്കുന്നത് അവർ സ്കൂളില് പഠിക്കുന്നതായാണ്. ആദിവാസി സമൂഹത്തിന്‍റെ സാമൂഹികമായ വികാസത്തെയാണ് ഈ സിനിമ അഡ്രസ് ചെയ്യുന്നത്. ആദിവാസി ജീവിതത്തിന്‍റെ തീഷ്ണാനുഭവത്തെ ആവിഷ്കരിക്കുന്ന മറ്റൊരു സിനിമയാണ് ഷെരീഫ് ഈസ സംവിധാനം ചെയ്ത കാന്തൻ : ദ ലവർ ഓഫ് കളർ’(2018). കർഷക ആത്മഹത്യ, പരിസ്ഥിതി പ്രശ്നങ്ങള് എന്നിവയാണ് ഇത് പ്രധാനമായും ചർച്ച ചെയ്യുന്നത്. സ്വത്വത്തെ സംബന്ധിച്ച സന്ദിഗ്ധതകളെ അവതരിപ്പിക്കുന്ന സിനിമയാണ് ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത 'ഉടലാഴം' (2018), ‘തന്തപ്പേര്’(2025) എന്നിവ.

ആദിവാസി സമൂഹങ്ങളെ മുൻ നിർത്തിയിറങ്ങുന്ന സിനിമകളിലെല്ലാം അവരെ മാവോയിസ്റ്റുകളാക്കുന്ന ഭരണകൂട രീതിയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ഉണ്ട'(2019)യിൽ ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പോലിസുകാരിൽ ഒരാൾ ഗോത്ര സമൂഹത്തിൽ നിന്നുള്ളയാളാണ്.

ഗോത്ര സമൂഹത്തിന്‍റെ സമകാലിക ജീവിതത്തെയാണ് സോഹൻ സീനുലാൽ സംവിധാനം ചെയ്ത 'ഭാരത സർക്കസ്'?(2023) അവതരിപ്പിക്കുന്നത്. ജാതിയിൽ നിന്നും മലയാളി സമൂഹം ഇനിയും മാറുന്നില്ല എന്നതിന്‍റെ തെളിവാണ് ഈ സിനിമ. സമീപ കാലത്തു പുറത്തു വരുന്ന സിനിമകൾ ആദിവാസി ജീവിതങ്ങളോട് അടുത്തു നില്ക്കുന്നവയാണ്.


2.രാഷ്ട്രീയ ശരിയിടത്തിലെ മലയാള സിനിമ എന്നൊരു ലേഖനം താങ്കൾ എഴുതിയിരുന്നല്ലോ. ഇതിനു പിന്നിലെ കാരണമെന്താണ്?

 

     രാഷ്ട്രീയശരി (ജീഹശശേരമഹ ഇീൃൃലരിലേൈ) എന്ന സംജ്ഞ ഉത്തരാധുനിക കാലത്ത് രൂപപ്പെട്ട ഒന്നാണ്. ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലുമെന്ന പോലെ സിനിമയിലും രാഷ്ട്രീയ ശരിയെ മുന്നിർത്തിയുള്ള വിശകലനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ശാസ്ത്രം, രാഷ്ട്രീയം, സാമൂഹികം, സാഹിത്യം, സംസ്കാരം, പരിസ്ഥിതി തുടങ്ങിയ വിവിധ മണ്ഡലങ്ങളിൽ  ഈ കാഴ്ചപ്പാടിന്‍റെ സാന്നിധ്യം സജീവമായിരിക്കുകയാണ്. ഒരു വാക്ക് പ്രയോഗിക്കുമ്പോൾ പോലും അത് രാഷ്ട്രീയ ശരിയാൽ

പരിശോധിക്കപ്പെടുന്നുണ്ട്. സിനിമയിൽ ദലിത്, ആദിവാസി, മറ്റ് പാർശ്വവൽകൃതർ, സ്ത്രീകൾ, ക്വിർ, ഡിസെബിലിറ്റി സമൂഹങ്ങളെ മുൻ നിർത്തിയാണ് ഈ പദാവലി ചർച്ച ചെയ്യാറുള്ളത്. സൗന്ദര്യത്തെ മുൻനിർത്തിയുള്ള ആലോചനകളിൽ ബോഡി ഷെയ്മിംഗ് പോലുള്ള സംഗതികൾ ഉയർന്നു വന്നത് രാഷ്ട്രീയ ശരിയിടത്തിനുള്ളിൽ നിന്നാണ്. ഈ ആശയത്തെ അടിസ്ഥാനമാക്കി മലയാള സിനിമയുടെ ചരിത്രം വിശകലനം ചെയ്താൽ ഒട്ടുമിക്ക ചലച്ചിത്രങ്ങളും രൂഷ വിമർശനത്തിന് ഇരയാകും. എന്നാൽ ആദ്യകാല സിനിമകളിൽ പോലും ഈ ആശയത്താൽ ഇപ്പോൾ വിചാരണ ചെയ്യപ്പെടുന്നുണ്ട്. സിനിമകളിലെ ഓരോരോ ദൃശ്യങ്ങളും ഡയലോഗുകളും ഇന്ന് രാഷ്ട്രീയശരികളെ മുൻനിർത്തി മാത്രമേ വിലയിരുത്താനാകു. സമൂഹത്തിൽ എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്, അഭിപ്രായമുണ്ട് എന്ന ബോധ്യം അസ്വാതന്ത്ര്യത്തിൽ ജീവിക്കുന്ന സമൂഹം തിരിച്ചറിഞ്ഞതോടെ ആർക്കും മറ്റൊരാളുടെ മുകളിൽ ആധിപത്യം സ്ഥാപിക്കാനാകില്ല എന്നതിലേക്കുള്ള മാറ്റത്തിന് തുടക്കമായി. മലയാള സിനിമയിലും അതിന്‍റെ പ്രതിഫലനങ്ങളാണ് ഇന്ന് കാണാനാകുന്നത്. 


3.ഭരണഘടനാ ദിനമായ നവംബര് 26 കഴിഞ്ഞു  പോയല്ലോ. ഈ അവസരത്തിൽ  അതിന്‍റെ ശില്പിയായ അംബേദ്കറിനെക്കുറിച്ച് പറയാമോ? അംബേദ്കറിന്‍റെ വിപരീതമല്ല ഗാന്ധി എന്നു പറയാനുണ്ടായ കാരണം കൂടി വ്യക്തമാക്കാമോ?

 

      ഒരിക്കലും അംബേദ്കറിന്‍റെ വിപരീതമല്ല ഗാന്ധി. വ്യത്യസ്തമായ സാമൂഹിക മണ്ഡലങ്ങളിൽ നിന്നുകൊണ്ട്  ഇന്ത്യയുടെ ഭാവിയെ സ്വപ്നം കണ്ടവരാണിവർ. ബുദ്ധനുശേഷം ഇന്ത്യ കണ്ട മഹാനായ ചിന്തകനായിരുന്നു ഡോ.ബി.ആർ.അംബേദ്കർ. ഇന്ത്യൻ സമൂഹത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും അതിന് അനുസൃതമായ രീതിയിൽ ഒരു ഭരണഘടനയെ നിർമ്മിച്ചെടുക്കാൻ പ്രധാന പങ്ക് വഹിച്ച വ്യക്തിയുമാണ് അംബേദ്കർ. ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങളെ തരണം ചെയ്താണ് അംബേദ്കർ ലോകം അറിയപ്പെടുന്ന വ്യക്തിയായി മാറിയത്. ഇന്ത്യയിൽ നിലിനിന്നിരുന്ന ജാതിവ്യവസ്ഥ മനുഷ്യനെ വേർതിരിക്കുന്ന മുഖ്യമായ ഘടകമാണെന്ന് തന്‍റെ ജീവിതാനുഭവങ്ങളിൽ നിന്നു തന്നെ അംബേദ്കർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു ജാതിവ്യവസ്ഥയ്ക്കെതിരായ നിലപാട് എക്കാലവും അംബേദ്കർ  സ്വീകരിച്ചിരുന്നു. ആധുനിക ഇന്ത്യയെ നിർമ്മിച്ചെടുക്കുന്നതിൽ ജാതിപരമായ വേർതിരിവുകൾ തടസമാകും എന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിന് പ്രേരകമായത്. ഗാന്ധിയെയും അംബേദ്കറെയും വിമർശനപരമായി പഠിക്കേണ്ട കാലഘട്ടമാണിത്.


4. The cell and the Soul: A Prison Memoir, Mother Mary Comes To Me എന്നീ പുസ്തകങ്ങൾ നല്കിയ വായനാനുഭവത്തെക്കുറിച്ച് പറയാമോ?

 

    2026 ൽവായിച്ചവയിൽ ഏറ്റവും സ്വാധീനിച്ച പുസ്തകങ്ങളാണിത്. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ദീർഘകാലം ജയിലിൽ കിടന്ന ആനന്ദ് തെല്തുംദേയുടെ ജയിലനുഭങ്ങളാണ് ദ സെല് ആന്‍റ് ദ സോള് എ പ്രിസണ് മെമ്മറർ. അംബേദ്കറെക്കുറുച്ച് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുള്ളയാളാണ് തെല്തുംദേ. ലോകം അറിയപ്പെടുന്ന എഴുത്തുകാരിയായ അരുന്ധതിറോയിയുടെ ആത്മകഥയാണ് മദര് മേരി കംസ് ടു മീ. തന്‍റെ നാടിനെക്കുറിച്ചും അവിടുത്തെ സാമൂഹിക അനുഭവങ്ങളെക്കുറിച്ചും എത്തിച്ചേര്ന്ന വഴികളെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ അരുന്ധതി റോയ് എഴുതുന്നത്. 


5.സിനിമയിലെ ഭരതൻ ടച്ച് എന്നൊരു പ്രയോഗം തന്നെ ഉണ്ടായിരുന്നല്ലോ. ഭരതൻ, പത്മരാജൻ, ലോഹിതദാസ് എന്നിവരുടെ സിനിമകളെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം?

 

  മലയാള സിനിമയിൽ മൗലികതയെ ഉറപ്പിച്ച ചലച്ചിത്രകാരന്മാരാണ് ഇവർ മൂവരും. കൊമേഴ്സൽ, ആർട്ട് എന്ന ധാരയിൽ നിന്നും വ്യത്യസ്തമായി

മധ്യവർത്തിനിലപാട് സ്വീകരിച്ചവരാണിവർ. പൂർണ്ണമായും കച്ചവട സിനിമ എന്ന ആശയത്തിൽ സിനിമയെ സമീപിച്ചവർ ബോക്സ് ഓഫീസിൽ പൈസ വാരി കൂട്ടിയപ്പോൾ ആർട്ടിന്റെ പാതയിലൂടെ പോയവർ അന്താരാഷ്ട്ര മേളകളിൽ തങ്ങളുടെ ചലച്ചിത്രങ്ങളെ എത്തിക്കാനുള്ള ശ്രമം നടത്തി. ഇതിനു രണ്ടിനുമിടയിൽ അതായത് കലാമൂല്യവും ഒപ്പം പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യുന്ന സിനിമകളാണ് ഭരതൻ, പത്മരാജൻ, ലോഹിതദാസ് എന്നിവർ സംവിധാനം ചെയ്തത്. സാമൂഹിക ചുറ്റുപാടുകളെ ആവിഷ്കരിക്കുമ്പോൾ അക്കാലത്തെ കുടുംബ, പ്രണയ ബന്ധങ്ങളെ യഥാതഥമായി സമീപിക്കാനാണ് ഇവർ ശ്രമിച്ചത്. പ്രണയത്തിൽ ശരീരത്തിന്‍റെ സാധ്യതകളെ തുറന്നിടാൻ മടി കാണിക്കാത്തവരായിരുന്നു ഇവർ. ദൃശ്യവത്കരണത്തിൽ നാളതുവരെ ഇല്ലാതിരുന്ന ചാരുത സൃഷ്ടിക്കാൻ കഴിഞ്ഞതാണ് ഭരതനെപ്പോലുള്ളവരുടെ പ്രത്യേകത. അതാണ് ഭരതൻ ടച്ചായി മാറുന്നത്. മലയാളിയുടെ മധ്യവർഗ്ഗ കാമനകളെ ആഴത്തിൽ ആവിഷ്കരിക്കാൻ കഴിഞ്ഞവരാണ് എന്ന വിമർശനവും ഇവരെക്കുറിച്ചുണ്ട്. ഇതും പരിശോധിക്കേണ്ടതുണ്ട്.


6.കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുമുള്ള വിലയിരുത്തലെന്താണ്?

 

  കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടേതുമാണ്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളുമായി ചേർത്തു വായിക്കുമ്പോൾ ജനാധിപത്യ അവകാശങ്ങൾക്ക് വലിയ പരിക്കില്ലാതെ പോകാൻ സാധിക്കുന്നുണ്ട്. നവോത്ഥാനന്തര കേരളത്തിലെ രാഷ്ട്രീയത്തിൽ ചില വെല്ലുവിളികളുമുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വോട്ട് മാത്രം ലക്ഷ്യമാക്കുന്നതിലേയ്ക്ക് മാറുന്ന പ്രവണത രാഷ്ട്രീയത്തിന്‍റെ മൂല്യം കുറയ്ക്കാന് കാരണമാകുന്നുണ്ട്. പുതു തലമുറയ്ക്ക് രാഷ്ട്രീയമുണ്ട്. അവർ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമാകുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഇപ്പോൾ കേരളത്തിൻ്റെ മതനിരപേക്ഷ മനസിന് ചില  വിള്ളലുകൾ വീഴുന്നുണ്ട്.


7.അനന്ത് മഹാദേവൻ സംവിധാനം ചെയ്ത ഫൂലെ എന്ന സിനിമയ്ക്കെതിരെ ചില ജാതിഭ്രാന്തന്മാർ നടത്തിയ പ്രതിഷേധങ്ങളുടെ ഫലമായി റിലീസിംഗ് തീയതി വരെ മാറ്റിയിരുന്നല്ലോ. ഇതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ് ?

 

   ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ സാഹചര്യം ആവിഷ്കാര സ്വാതന്ത്ര്യത്തിന് മുകളിൽ പലതരം അടിച്ചമർത്തലുകളും നടത്തുന്നുണ്ട്. ഭരണകൂടത്തിന് അനുകൂലമല്ലാത്ത ആവിഷ്കാരങ്ങളുടെ മുകളിൽ സെൻസറിംഗിലൂടെയും നിരോധനങ്ങളിലൂടെയും അവർ ഇടപെടൽ നടത്തുകയാണ്. അതിനിടയിൽ തങ്ങൾക്ക് ഭരണകൂടം പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. കലാവിഷ്കാരങ്ങൾക്ക് ഏർപ്പെടുത്തുന്ന

 വിലക്കുകളെ പ്രതിരോധിക്കേണ്ടതുണ്ട്. 


8.സത്യാനന്തരകാലത്തെ മാധ്യമനിർമ്മിതിയെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം?

 

  വ്യാജവാർത്തയെ വിനിമയം ചെയ്യുകയും അതിലൂടെ സമ്മിതി/നിർമ്മിതി സാധ്യമാക്കുകയും ചെയ്യുക എന്നത് സത്യാനന്തരകാല(പോസ്റ്റ് ട്രൂത്ത്) മാധ്യമങ്ങളുടെ പൊതുസ്വഭാവമാണ്. സത്യത്തെ മറച്ചു പിടിച്ച് അസത്യത്തെ മുൻനിർത്തി വ്യാഖ്യാനിക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. വിവരസാങ്കേതിക യുഗത്തിൽ യുക്തിക്ക് പകരം വിശ്വാസത്തെ ഉറപ്പിച്ചെടുക്കാൻ മാധ്യമങ്ങളിലൂടെ സാധിക്കുന്നു. കോവിഡനന്തരം മറ്റൊരു ലോക ക്രമത്തെയാണ് മാധ്യമങ്ങൾ അഭിമുഖീകരിക്കുന്നത്. കോവിഡ് കാലത്ത് വസ്തുതകളെ അവതരിപ്പിക്കുന്നതിന് പകരം ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന തരത്തിൽ മാധ്യമ ധാർമികതയുടെ ഭരണകൂടവും ചങ്ങാത്ത മുതലാളിത്തവും ചേർന്ന് നിർമ്മിക്കുന്ന സാംസ്കാരിക അധിനിവേശത്തിന്‍റെ ഭാഗമായി കാണേണ്ടതുണ്ട്. മുതലാളിത്ത യുക്തികൾ ലോക സമ്പദ്ഘടനയെ തകർച്ചയിലേക്ക് നയിക്കുന്ന സന്ദർഭത്തിലാണ് കോവിഡ് പ്രത്യക്ഷപ്പെടുന്നത്. ഈ വൈറസിന്‍റെ വരവ് ലോകത്തെ രണ്ടായി പകുത്തു. മുമ്പും പ്രകൃതി/ മനുഷ്യ നിർമ്മിതി ദുരന്തങ്ങളെ മുൻനിർത്തി ഇത്തരത്തിൽ ലോകത്തെ വിശകലനം ചെയ്യാറുണ്ടെങ്കിലും കോവിഡ് നാളിതുവരെയുള്ള എല്ലാ നിർവ്വചനങ്ങളെയും പുതുക്കുന്നതിന് കാരണമായി. മുതലാളിത്ത വ്യവസ്ഥയോട് ചേർന്നു നില്ക്കുന്ന മാധ്യമ വിശകലനങ്ങൾ ചോദ്യം ചെയ്യപ്പെടാൻ കോവിഡ് കാലം സാധ്യതയൊരുക്കി. തകർന്ന സമ്പദ്ഘടനയെ എങ്ങനെ മറികടക്കാം എന്ന ചർച്ചയിൽ മാധ്യമങ്ങള്ക്ക് നിലപാടുകൾ മുന്നോട്ട് വെയ്ക്കാൻ കഴിയാതിരുന്നത് അവരുടെ ആശയ ദാരിദ്രത്തെയാണ് സൂചിപ്പിക്കുന്നത്. ലളിതയുക്തികൾ കൊണ്ട് നിർമ്മിച്ചെടുത്ത വ്യാജ ആശയങ്ങള് കോവിഡനന്തരം തള്ളിക്കളഞ്ഞത് ജനങ്ങളാണ്. ലോകം സാമൂഹിക, സാംസ്കാരിക ജീവിതത്തെ പുനർ നിർമ്മിക്കുമ്പോൾ അതിൽ ഒരു പങ്കുമില്ലാതെ പഴഞ്ചൻ വാദമുഖങ്ങളുമായി മാധ്യമങ്ങൾ ഇപ്പോഴും അവരുടെ യാത്ര തുടരുകയാണ്. കോവിഡ് പോലുള്ള മഹാമാരികൾ എങ്ങനെയാണ് ലോകത്ത് പ്രത്യക്ഷപ്പെട്ടതെന്നും അതിന് അനുബന്ധമായ ഘടകങ്ങൾ എന്തൊക്കെയെന്നും ആഴത്തിൽ പരിശോധിക്കാത്ത മാധ്യമങ്ങൾ അതിഭാവുകത്വത്തിലും അതി വൈകാരികതയിലും തങ്ങളുടെ നിലപാടുകൾ ഉറപ്പിച്ചു നിർത്തി.

 

9. 90കളിലെ സിനിമകളെക്കുറിച്ചും പുതുതലമുറ സിനിമകളെക്കുറിച്ചും പറയാമോ?

 

 ആഗോളീകരണത്തിന്‍റെ കമ്പോളയുക്തികളും ഫ്യൂഡൽ മൂല്യങ്ങളെ പൊതു സംസ്കാരമാക്കുന്നതിന്‍റെ ഭാഗമായി ആക്രോശിക്കുന്ന പുരുഷ കഥാപാത്രങ്ങളുമുണ്ടാകുന്നത് തൊണ്ണൂറുകളിലാണ്. അക്കാലത്തെ നായകന്മാർ അശ്ലീലം നിറഞ്ഞ സംഭാഷണങ്ങളിലൂടെ സ്ത്രീകളോട് അപമര്യാദയായി പെറുമാറുന്നവരായിരുന്നു. കീഴാള, സ്ത്രീ വിരുദ്ധതയും തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ സ്ഥാപി ക്കുന്നതുമായിരുന്നു ഇത്തരം സിനിമകൾ. ‘ഭൂമിയിലെ രാജാക്കന്മാർ’, ‘ധ്രുവം’, ‘താണ്ഡവം’, ‘ആര്യന്’, ‘ആറാംതമ്പുരാൻ’, ‘ദേവാസുരം’, ‘പ്രജാപതി’, ‘വല്യേട്ടൻ’, ‘അശ്വാരൂഡൻ’ ഇവയെല്ലാം ഉദാഹരണങ്ങളാണ്. പുരോഗമന രാഷ്ട്രീയത്തെ സ്വീകരിച്ച കേരളംപോലും യാഥാസ്ഥിതികത്വത്തിലേയ്ക്ക് തലകുത്തി വീഴുന്ന കാഴ്ചയാണ് ഇക്കാലത്ത് കാണുന്നത്. അനന്തരകാലത്ത് രൂപപ്പെട്ട സവർണ്ണ ദേശീയതയുടെ ആശങ്കയാണ് ആര്യൻ പോലുള്ള സിനിമകൾ പങ്കുവെച്ചത്. സവർണ്ണ മധ്യവർഗ്ഗ പുരുഷ മൂല്യനിര ർമ്മിതി, ബാബറി മസ്ജിദിന്‍റെ തകർച്ച, ജനപ്രിയ സിനിമയുടെ അരാഷ്ട്രീയവത്കരണം തുടങ്ങിയ സംഭവങ്ങൾ തുടർന്ന്  രണ്ടായിരം വരെയുള്ള സിനിമകളിൽ അതുപോലെ നിലനില്ക്കുന്നതായി കാണാനാകും.

ന്യൂജനറേഷൻ എന്ന് വ്യവഹരിക്കപ്പെടുന്ന സിനിമയുടെ കാലം ആരംഭിക്കുന്നത് 2004 ൽ ജയരാജ്  സംവിധാനം ചെയ്ത ‘ഫോർ ദ പീപ്പിൾ’ എന്ന സിനമയോടെയാണ്. ചിലര് ശ്യാമപ്രസാദിന്‍റെ ‘ഋതു’ ആണെന്ന് വാദിക്കുന്നുണ്ട്. ‘ഫോർ ദ പീപ്പിൾ’ എന്ന സിനിമ അതു വരെ നിലനിന്ന സിനിമകളുടെ കാഴ്ചകളെ അട്ടിമറിക്കുന്നുണ്ട്. ഒരു വ്യക്തി അല്ലെങ്കില് കുറച്ച് ഗ്രൂപ്പുകൾ ചേർന്ന്സാമൂഹിക മാറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്ന കഥ പറയുന്ന ചിത്രമാണ് ‘ഫോർ ദ പീപ്പിൾ’.

      ന്യൂജനറേഷൻ സിനിമ കാഴ്ചയിലും അവതരണത്തിലും വിരുദ്ധോക്തികളെ പേറുന്നുണ്ട്. എന്നാൽ അതിനുള്ളിലെ സൂക്ഷ്മമായ അരാഷ്ട്രീയത കാണാതെയും പോകകരുത്. കാരണം നമുക്കൊരു ഭൂതകാലമുണ്ടെന്നും അത് ആത്മാഭിമാനത്തിനും അതിജീവനത്തിനുമായി ഒരു ജനത നടത്തിയ ചരിത്രം കൂടി നിർമ്മിച്ചിട്ടുണ്ട് എന്ന കാര്യം ന്യൂജനറേഷൻ സിനിമ അറിഞ്ഞോ അറിയാതെയോ വിസ്മരിക്കുന്നുണ്ട്. എന്നാൽ ജന്മിമാരുടെയും ജാതിമേന്മ അഭിമാനം പറയുന്നവരെയും പുനർസൃഷ്ടിക്കുന്ന താരനായകത്വം തകർന്നു എന്നതാണ് പുതിയ സിനിമയുടെ പ്രത്യേകത. എന്നാൽ സാമ്രാജ്യത്വ/മുതലാളിത്ത/വരേണ്യതയെ ഈ നവതരംഗസിനിമകൾ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതിന്‍റെ സൂക്ഷ്മ പരിശോധന അനിവാര്യമാണ്.

       നായക സങ്കല്പ്പങ്ങളിലെ ഏകാധിപത്യകാഴ്ചകളെ പുതിയ സിനിമ നിരാകരിക്കുന്നുണ്ടെങ്കിലും മുതലാളിത്ത ജീർണ്ണതയിൽ സംഭവിക്കുന്ന പ്രണയത്തിന്‍റെയും ലൈംഗികതയുടെയും കാഴ്ചകളെ പ്രേക്ഷന്‍റെ അബോധത്തിലേക്ക് ഇത് യാഥാർത്ഥ്യം എന്ന നിലയിൽ സന്നിവേശിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട് ഇത്തരം സിനിമകൾ ഒരു പരിധിവരെ ഹിംസയെയും രതിയെയും സമാന അവസ്ഥയാക്കിമാറ്റുന്ന അരാഷട്രീയ ജല്പ്പനങ്ങൾ നവസിനിമയുടെ പ്രശ്നമായി കാണേണ്ടതുണ്ട്.

     ദൃശ്യവല്ക്കരണം, സംഭാഷണം, ശബ്ദമിശ്രണം, സന്നിവേശം എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികതയിലും പാരമ്പര്യത്തിന്‍റെ നടത്തത്തിൽ നിന്നും ന്യൂജനറേഷൻ സിനിമ വഴിമാറുന്നുണ്ട്. സാങ്കതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം ബദൽ അന്വേഷണത്തിന്‍റെ സാധ്യതയും ഈ സിനിമകൾ തുറന്നിടുന്നുണ്ട് എന്നത് തള്ളിക്കളയാനാവില്ല.

      ഒരേ സമയം യാഥാസ്ഥിതിക നിലപാടിനെ സ്വീകരിച്ചുകൊണ്ടിരിക്കുകയും ലിബറൽ ചിന്താധാരകളെ ഒളിഞ്ഞ് പിമ്പറ്റുകയും ചെയ്യുന്ന നവ സാമൂഹിക ജീവിതത്തിൽ  പ്രണയം, ലൈംഗികത, കുടുംബം, സദചാരം, കന്യകാത്വം തുടങ്ങിയ ജീവിതാവസ്ഥകളെ മറ്റൊരു തരത്തിൽ സംവാദമാക്കുകയാണ് ന്യൂജനറേഷൻ സിനിമ. പഴയകാല സിനിമകളിൽ നെടുനീളൻ ഡെയലോഗുകളും കൂടുതൽ സമയം നീണ്ടുനില്ക്കുന്ന ബലാത്സംഗ സീനുകളും അരങ്ങുവാണെങ്കില് ഇപ്പോൾ അത്തരം അരോചകസീനുകളൾ കുറയുന്നുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ സംവാദമണ്ഡലങ്ങളെ പുതുസിനിമ അഭിസംബോധന ചെയ്യുന്നുണ്ട്. ഇതുതന്നെയാണ് ന്യൂജനറേഷൻ സിനിമയുടെ വിജയവും പരാജയവും.


10.നവോത്ഥാന നായകന്മാരായ അയ്യങ്കാളി, ശ്രീനാരായണഗുരു എന്നിവരുടെ പ്രവർത്തനങ്ങളെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തുമ്പോഴുള്ള വിലയിരുത്തലെന്താണ്?

 

   കേരള നവോത്ഥാനത്തെ സമരോത്സുകമാക്കിയ മഹാന്മാരാണ് നാരായണഗുരുവും അയ്യങ്കാളിയും. ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച് ആധുനിക കേരളത്തെ നിർമ്മിക്കാനാണ് ഇരുവരും ശ്രമിച്ചത്. സ്ത്രീ മുന്നേറ്റങ്ങളിൽ നിന്നും ആരംഭിക്കുന്ന നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ് ഇവരുടെ പ്രവർത്തനങ്ങൾ. ജാതിക്കെതിരായി നിലപാട് സ്വീകരിച്ചതിന്‍റെ ഉദാഹരണങ്ങളാണ് അരുവിപ്പുറം പ്രതിഷ്ഠയും വില്ലുവണ്ടി യാത്രയും. കേരള നവോത്ഥാത്തെ പ്രോജ്വലമാക്കിയ രണ്ട് സംഭവങ്ങളായിരുന്നു ഇവ. ഇവര് രണ്ടുപേരും പ്രവർത്തിച്ച പ്രസ്ഥാനങ്ങൾ ജാതിവിരുദ്ധവും മനുഷ്യത്വത്തെ അംഗീകരിക്കുന്നതുമായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇരുവരെയും ജാതിപ്രസ്ഥാനങ്ങളിലേയ്ക്ക് ചുരുക്കുന്നത് അവരോട് ചെയ്യുന്ന ക്രൂരതയാണ്.


11. മലയാളസാഹിത്യചരിത്രം എം.കെ.സാനുവിനെ നിരൂപകനെന്നതിനേക്കാൾ കൂടുതൽ അടയാളപ്പെടുത്തുക ജീവചരിത്രകാരൻ എന്ന നിലയിലായിരിക്കും. എന്നു പറയാനുണ്ടായ കാരണം?

 

  മലയാള സാഹിത്യ ചരിത്രം സാനുവിനെ നിരൂപകനെന്നതിനേക്കാൾ  കൂടുതൽ അടയാളപ്പെടുത്തുക ജീവചരിത്രകാരൻ എന്ന നിലയിലായിരിക്കും. നിരൂപണത്തിലെന്നപോലെ ജീവചരിത്രമെഴുത്തിനെക്കുറിച്ചും സാനുവിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. 'ദേശകാലാനുസൃതമായ പശ്ചാത്തലത്തിന് ജീവചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്' എന്നാണ് അദ്ദേഹം പറയുന്നത്. കേരള നവോത്ഥാനത്തെ പ്രശ്നവത്കരിക്കുന്നതാണ് സാനുവിന്‍റെ ജീവചരിത്രങ്ങൾ. സംഭവങ്ങൾ വിവരിക്കുന്ന കേവല ജീവചരിത്രങ്ങൾ എന്നതിനപ്പുറം ഓരോ വ്യക്തിയുടെയും ജീവിതത്തിലേയ്ക്ക് ആഴത്തിൽ ഇറങ്ങുന്നതും അവരുടെ ഇടപെടലുകളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതും അന്നത്തെ സാമൂഹിക ജീവിതത്തെ വിശകലനം ചെയ്യുന്നതുമായ എഴുത്തു രീതിയാണ് സാനുവിന്‍റേത്. 

ജീവചരിത്രം എഴുത്തിനെക്കുറിച്ച് തന്‍റെ ആത്മകഥയായ കർമഗതിയിൽ(2010) സാനു എഴുതുന്നു: 'സാധാരണക്കാരായ നമുക്ക് ഒരിക്കലും സാധിക്കാത്ത രീതിയിൽ ജീവിതം ലോകക്ഷേമത്തിനുവേണ്ടി മാത്രമായി സമർപ്പിക്കുന്ന പുണ്യാത്മാക്കളെ, സാർഫൈകവൃത്തികളിലേർപ്പെടുന്നതിനിടയിലും നാം അവരെ ദർശിക്കുവാൻ വെമ്പല്കൊള്ളുന്നു. അവരെ ദൈവദൂതന്മാരായി പൂജിക്കാനും. അങ്ങനെ പൂജിക്കുന്നതിൽ നിന്നു കിട്ടുന്ന ആശ്വാസവും സുഖവും തേടിയാണ്  ഞാൻ ജീവചരിത്ര രചനയിലേയ്ക്ക് തിരിഞ്ഞത്. ബോധപൂർവ്വം അങ്ങനെ തിരിഞ്ഞതല്ല'.


12. ആദില, നൂറ, ജാന്മണി തുടങ്ങിയവരെ നോർമലൈസ് ചെയ്യാനെന്ന വ്യാജേന ബിഗ്ബോസ് പോലുള്ള ടി.വി ഷോകളിൽ കൊണ്ടുവന്ന് ആഘോഷിക്കുന്നതിനു പിന്നിലെ മന:ശാസ്ത്രം എന്താണ്?

 

 എല് ജി ബി ടി ക്വിര് പ്ലസ് സമൂഹങ്ങളില്നിന്നുമുള്ളവര ഇത്തരം ടി വി ഷോകളിൽ തെരഞ്ഞെടുക്കുന്നത് ചാനലിന്‍റെ റേറ്റിംഗ് കൂട്ടുന്നതിനാണ്. ചാനലോ, പ്രേക്ഷക സമൂഹമോ പൂർണ്ണമായും ഇവരുടെ രാഷ്ട്രീയത്തോട് യോജിക്കുന്നവരായിരിക്കില്ല. ബിഗ്ബോസിൽ തന്നെ ഇവരോട് പെരുമാറുന്നത് കണ്ടാൽ ഇത് തിരിച്ചറിയാനാകും. കളിയാക്കൽ പോലുള്ള ചില സംഭാഷങ്ങൾ അതിന് ഉദാഹരണമാണ്. ബോഡി ഷെയ്മിംഗാണ് അതില് പ്രധാനം. ഇത്തരം പ്രവണതകൾ നമ്മുടെ സമൂഹം ഇന്നും ഇത്തരം മാറ്റങ്ങളെ അംഗീകരിക്കുന്നില്ല എന്നതാണ്.


13. ആണ്,പെണ്ണ് എന്നുള്ള വേർതിരിവ് പോലെ ട്രാൻസ്, ക്വീർ  തുടങ്ങിയ  പദങ്ങൾക്ക് കൃത്യമായ ഒരു മലയാളപദം ഇത് വരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല.. താങ്കളുടെ കാഴ്ചപ്പാടില് അങ്ങനൊരു പദം എന്തായിരിക്കും? എന്ത് കൊണ്ട് നിർദ്ദേശിക്കുന്നു?

 

   സ്ത്രീ/പുരുഷൻ എന്ന ദ്വന്ദ്വ വിശകലനത്തിന് അപ്പുറം സ്ത്രീ/പുരുഷൻ/ട്രാൻസ്ജെൻഡേഴ്സ് (ട്രാന്സ്ജെന്‍റര്,ട്രാൻസ് മാൻ,

ട്രാൻസ്വുമൻ, ബൈസെക്ഷ്വൽ, ഇന്‍റർ സെക്സ്) എന്നിങ്ങനെ പ്രതിനിധാനങ്ങൾ മാറുന്ന സവിശേഷ സന്ദർഭമാണിത്. ഇന്ന് എല് ജി ബി ടി ക്വിർ പ്ലസ് എന്നാണ് പറയുന്നത്. ഇതിന് അനുയോജ്യമായ മലയാള പദം രൂപപ്പെട്ടിട്ടില്ല. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പൊതു ഇടത്തിൽ നിന്നും അത്തരമൊരു തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. കൃതൃമായ മലയാള പദം ഇപ്പോൾ ഉദ്ദേശിക്കാൻ കഴിയുന്നില്ല. ഭാവിയില് സാധിച്ചേക്കാം.


14.പ്രണയകവിതകൾ എന്നൊരു പുസ്തകം എഴുതിയിട്ടുണ്ടല്ലോ. പ്രണയത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?

 

 വാക്കുകളാല് നിര്വചിക്കാനാകാത്ത/പൂരിപ്പിക്കാനാകാത്ത അനുഭവമാണ് പ്രണയത്തിന്‍റേത്. ഉപാധികളില്ലാത്ത പറക്കലാണത്. പരസ്പരമറിയുന്നതിന്‍റെ അനക്കങ്ങളാണ് പ്രണയത്തെ സാന്ദ്രമാക്കുന്നത്. സ്നേഹവും കരുതലും വിശ്വാസവുമാണ് പ്രണയത്തെ നൂറ്റാണ്ടുകളായി കൈപിടിച്ചു നടത്തുന്നത്. ദേശ, കാല, ഋതുക്കളാൽ മായ്ക്കപ്പെടാത്ത ഒന്നാണത്. പ്രണയമില്ലാത്തവരായി ലോകത്ത് ആരുമുണ്ടാകില്ല. പ്രണയം മനസും ശരീരവും ചേരുന്ന അനുഭൂതിയുടെ സ്നിഗ്ധനിമിഷങ്ങളാണ്. നിത്യപ്രണയത്തെ സാധ്യമാക്കുക എന്നത് ജീവിതത്തെ പോസിറ്റീവായി സമീപിക്കുക എന്നതാണ്. പ്രണയമില്ലാതായാൽ ലോകം അവസാനിക്കും.

പ്രണയത്തെക്കുറിച്ച് എഴുതുന്നവർ ധാരാളം. എത്ര നിര്വചിച്ചാലും വ്യാഖ്യാനിച്ചാലും പ്രണയം അനുഭവിക്കൽ തന്നെയാണ്. എല്ലാത്തരം ബന്ധനങ്ങളിൽ നിന്നുമുള്ള വിമോചനം പ്രണയത്തിലൂടെ സാധിക്കും. ഓരോരുത്തവരുടെയും പ്രണയദിനം അവരുടേത് മാത്രമാണ്. ഏതെങ്കിലും നിമിഷത്തിലേക്കോ സന്ദർഭത്തിലേക്കോ മാത്രമായി അതിനെ ചുരുക്കാനാകില്ല.



 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്




സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page